20 April Saturday

മരിച്ചവരെ പിന്നെയും 'ചികിത്സി'യ്ക്കാനാണോ വെന്റിലേറ്റര്‍?...ഡോ.പല്ലവി ഗോപിനാഥന്‍ എഴുതുന്നു

ഡോ. പല്ലവി ഗോപിനാഥന്‍Updated: Tuesday Mar 12, 2019

ഡോ. പല്ലവി ഗോപിനാഥന്‍

ഡോ. പല്ലവി ഗോപിനാഥന്‍

"മരിച്ച ഒരു വ്യക്തിയുടെ ശരീരം ജീവനോടെ നിലനിർത്താനുള്ള ശേഷി വെന്റിലേറ്ററിനില്ല. മരണശേഷം സ്വാഭാവികമായും സംഭവിക്കുന്ന അഴുകൽ പ്രക്രിയ തടയാനുമാവില്ല.''-മരിച്ചവരെ പിന്നെയും 'ചികിത്സിയ്ക്കാന്‍' ആശുപത്രികളും ഡോക്ടര്‍മാരും കണ്ടുപിടിയ്ക്കുന്ന കുറുക്കുവഴിയാണ് വെന്റിലേറ്റര്‍ എന്നതടക്കമുള്ള "വിശ്വാസ'ങ്ങളെപ്പറ്റിയും വെന്റിലേറ്റര്‍ എന്ത് എന്നതിനെപ്പറ്റിയും ഡോ. പല്ലവി ഗോപിനാഥന്‍ എഴുതുന്നു.

1) വെന്റിലേറ്റർ ഒരു ശ്വസനസഹായി മാത്രമാണ്. ശ്വാസം നിലനിർത്താൻ, ക്രമീകരിക്കാൻ ഒരു യന്ത്രം.

2) വെന്റിലേറ്റർ ഘടിപ്പിച്ച ഒരാളിൽ ഹൃദയത്തിന്റെ പ്രവർത്തനം വീണ്ടെടുക്കാൻ ആവാത്ത വിധം നിലച്ചു പോയാൽ, രക്തയോട്ടം നിന്നാൽ മരണം സംഭവിക്കും. വെന്റിലേറ്റർ ശ്വാസം മാത്രമേ നിലനിർത്തൂ.

3) വെന്റിലേറ്റർ ഒരു കട്ടിലോ പെട്ടിയോ അല്ല. ട്യൂബുകളിലൂടെ രോഗിയുടെ ശ്വാസകോശത്തിലേക്ക് ഘടിപ്പിക്കുന്ന ഒരു ശ്വസന യന്ത്രം മാത്രം.

4) ഒരു രോഗിക്ക് വെന്റിലേറ്ററിന്റെ സഹായം വേണമെന്നു തീരുമാനിക്കാൻ പലതരം കാരണങ്ങൾ ഉണ്ട്. ഓരോ തരം രോഗാവസ്ഥകൾ, മറ്റ് അവയവങ്ങളുടെ പ്രവർത്തനം ഒക്കെ അനുസരിച്ച് അതു വ്യത്യാസപ്പെടാം.

5) മെക്കാനിക്കൽ വെന്റിലേഷൻ, അതായത് വെന്റിലേറ്ററിൽ ഘടിപ്പിക്കൽ ഒരു ചികിത്സാ രീതിയാണ്. മറ്റേതു ചികിത്സയും പോലെ, ആ സഹായം ആവശ്യമായ രോഗികളിൽ അത് ഒരു ജീവൻരക്ഷാ ഉപാധി ആണ്.

6) രോഗാവസ്ഥ മെച്ചപ്പെടുന്നതനുസരിച്ച് വെന്റിലേറ്ററിന്റെ സഹായം കുറച്ചു കൊണ്ടുവന്ന് സ്വാഭാവിക ശ്വസനം വീണ്ടെടുക്കുക എന്നതാണ് വെന്റിലേറ്റർ ചികിത്സയുടെ ലക്ഷ്യം.

7) "വെന്റിലേറ്ററിൽ കിടന്നാലൊന്നും പിന്നെ രക്ഷപെടില്ല" എന്ന ധാരണ ശരിയല്ല. മൂർഖൻ പാമ്പിന്റെ വിഷമേറ്റ ഒരാളിൽ, വിഷം ശ്വസനത്തെ ബാധിക്കുന്ന അവസ്ഥയുടെ ചികിത്സ തന്നെ മെക്കാനിക്കൽ വെന്റിലേഷൻ ആണ്. അത്തരം ഒരു രോഗിയിൽ പലപ്പോഴും പൂർണമായ ഒരു തിരിച്ചുവരവിലേക്ക് താങ്ങാവുന്നത് വെന്റിലേറ്ററാണ്.

8 ) "വെന്റിലേറ്ററിൽ ഇട്ടാൽ പിന്നെ ആരും തിരിഞ്ഞു നോക്കില്ല" എന്നു പറയുന്നത് തെറ്റാണ്. വെന്റിലേറ്ററിൽ ഘടിപ്പിച്ച രോഗിയുടെ ചികിത്സയുടെ പ്രധാന ഭാഗം നിരന്തരമായ നഴ്സിംഗ് കെയർ അടക്കമുള്ള വിദഗ്ധ പരിചരണമാണ്.

9) വെന്റിലേറ്ററിൽ ഘടിപ്പിച്ച അവസ്ഥ വളരെ വേദനാജനകമാണെന്ന ആശങ്ക പലർക്കുമുണ്ട്. ശ്വാസത്തിനായി ഘടിപ്പിച്ച ട്യൂബുകൾ കാരണം സംസാരിക്കാൻ സാധിക്കുകയില്ല, ട്യൂബുകൾ കാരണമുള്ള അസ്വസ്ഥതകൾ ഉണ്ടാകാം. പക്ഷേ വെന്റിലേറ്ററിൽ ഉള്ള രോഗിയ്ക്ക് ഇത്തരം അസ്വസ്ഥതകൾ ഒഴിവാക്കാനുള്ള മരുന്നുകൾ ചികിത്സയുടെ ഭാഗമായിത്തന്നെ ലഭിക്കുന്നുണ്ടാവും.

10) അവസാനമായി, മരിച്ച ഒരു വ്യക്തിയുടെ ശരീരം ജീവനോടെ നിലനിർത്താനുള്ള ശേഷി വെന്റിലേറ്ററിനില്ല. മരണശേഷം സ്വാഭാവികമായും സംഭവിക്കുന്ന അഴുകൽ പ്രക്രിയ തടയാനുമാവില്ല.

(സംസ്ഥാന ആരോഗ്യവകുപ്പില്‍ ജൂനിയര്‍ കണ്‍സല്‍ട്ടന്റ് (അനസ്തേഷ്യ) ആണ് ലേഖിക.)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top