26 April Friday

പീടിക പൂട്ടുക തന്നെയാണ്

എ കെ രമേഷ്Updated: Friday Aug 26, 2016

ബെക്‌സ്‌ലീ ഹീത്ത് ടൗണ്‍ സെന്ററിലെ പബ്ലിക്ക് ലൈബ്രറി ഒരൊന്നൊന്നര ഗ്രന്ഥാലയമാണ്. ആരെയും പിടിച്ചിരുത്തി വായിപ്പിച്ചു കളയും. അത്രക്ക് ആകര്‍ഷകം.വൈവിധ്യപൂര്‍ണം. മള്‍ട്ടി വിഷ്വല്‍ സങ്കേതങ്ങളും!

കുറേ ദിവസത്തെ പരിചയത്തിന്റെ പിന്‍ബലത്തില്‍ കൗണ്ടറിലെ മദാമ്മയോട് വെറുതെ ചോദിച്ചു: ഒരംഗത്വത്തിന് വകുപ്പുണ്ടോ?

വൈ നോട്ട് എന്നു മറുപടി. ഉടനെത്തന്നെ ഒരു ഫോം എടുത്തു നീട്ടി.


'അതിന് ഞാന്‍ ഇവിടുത്തുകാരനല്ല. മകനാണിവിടെ'.
ഫോമിലെ ഒരു ഭാഗം ചൂണ്ടിക്കാട്ടി അവനെക്കൊണ്ട് ഒപ്പിടുവിച്ചുകൊണ്ടുവരാന്‍ പറഞ്ഞു.

പിറ്റേന്ന് മെംബറായി. എത്ര കാശാണെന്ന് ഞാന്‍ .മറുപടി ഒരു പുഞ്ചിരി. ഒന്നും വേണ്ട. ഇപ്പോള്‍ ഒരു പുസ്തകമെടുത്തോളൂ. കാര്‍ഡ് വീട്ടിലേക്കയക്കും.അതുമായി വന്നാല്‍ 11 എണ്ണം കൂടിയെടുക്കാം. അല്‍ഭുതപരതന്ത്രന്‍ എന്നു തന്നെയല്ലേ ആ വാക്ക്; ഞാനതായിപ്പോയി.

ഇപ്പോള്‍ ഞാന്‍ മിക്ക ദിവസവും എന്റെ ലൈബ്രറിയില്‍ പോകും. പുസ്തകമെടുക്കും;ഇരുന്നു വായിക്കും, വേണ്ടവ വീട്ടിലേക്കു.മെടുക്കും.

ഇന്നും പതിവുപോലെ വായനശാലയില്‍ വന്നപ്പോഴാണ് നേരെ മുന്നിലെ വലിയ മാള്‍ ശ്രദ്ധിച്ചത്.BHS സ്റ്റോഴ്സ് എന്ന വലിയ മാള്‍. മുന്നില്‍ വലിയ ബോര്‍ഡുകള്‍. 'കട കാലിയാക്കല്‍ പാതി വില'

എനിക്കൊന്നും വാങ്ങാനുണ്ടായിരുന്നില്ല. എന്നിട്ടും അറിയാതെ അങ്ങോട്ട് നീങ്ങിപ്പോയി. പരസ്യങ്ങളില്‍ ആകൃഷ്ടനായിട്ടല്ല.

മൂന്നാം ക്ലാസ്സിലെ കണക്കില്‍ ഹെലന്‍ ടീച്ചര്‍ പഠിപ്പിച്ചത് മനസ്സിലുണ്ടല്ലോ. ആദ്യ ദിവസത്തെ കണക്ക് 2 രൂപ വിലയുള്ള 4 റാത്തല്‍ പഞ്ചസാരയും 3 രൂപ വിലയുള്ള 5റാത്തല്‍ പഞ്ചാരയും കൂട്ടിക്കലര്‍ത്തി റാത്തലിന് 3 രൂപ വില വെച്ച് വിറ്റാല്‍ കിട്ടുന്ന ലാഭത്തിന്റെതായിരുന്നു.പിന്നെയാണ് 100 രൂവിലയുള്ള സാധനം 20 ശതമാനം വില കൂട്ടിയിട്ട് 10 ശതമാനം ഡി സ്കൗണ്ടനുവദിച്ചാല്‍ കിട്ടുന്ന ലാഭത്തിന്റെ കണക്ക്. അതു മനസ്സിലുള്ളതുകൊണ്ട് ഇമ്മാതിരി പരസ്യങ്ങളില്‍ ഞാന്‍ പെടാറില്ല

പക്ഷേ BHS കഴിഞ്ഞ കുറെ ദിവസമായി വലിയ വാര്‍ത്തയായിരുന്നു. പാര്‍ലമെന്റില്‍ ചര്‍ച്ചയായിരുന്നു.കട പൂട്ടുന്നു എന്നതു മാത്രമല്ല. 11000 തൊഴിലാളികള്‍ക്ക് പണിയില്ലാതാവുന്നുവെന്നു മാത്രമല്ല, 22,000 പെന്‍ഷനര്‍ മാരുടെ പെന്‍ഷന്‍ഫണ്ടും നക്കിത്തുടച്ചു പോയിരിക്കുന്നു.

ബ്രിട്ടീഷ് ഹോം സ്റ്റോഴ്സ് 88 വര്‍ഷമായി നടന്നു പോരുന്ന ഒരു കൂറ്റന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയാണ്.കഴിഞ്ഞ വര്‍ഷമാണ് ഡൊമിനിക്ക് ചെപ്പല്‍ എന്ന ആള്‍ അതിന്റെ ഉടമസ്ഥത ഏറ്റെടുക്കുന്നത്. അയാള്‍ക്കത് വിറ്റത് സര്‍ ഫിലിപ്പ് ഗ്രീന്‍. 400 മില്യണ്‍ പൗണ്ടാണ് 201415 കാലത്ത് അയാള്‍ ഡിവിഡന്‍റായി എഴുതിയെടുത്തത്. പക്ഷേ തൊഴിലാളികള്‍ക്ക് കൊടുത്തു തീര്‍ക്കേണ്ട 571 മില്യണ്‍ പൗണ്ട് പെന്‍ഷന്‍ഫണ്ട് അതിനകം ആവിയായിപ്പോയിരുന്നു.

മാത്രവുമല്ല, പുതിയ ഉടമസ്ഥനായ ഡൊമിനിക്ക് ചപ്പലിന് സര്‍ ഫിലിപ്പ് ഗ്രീന്‍ ഈ വ്യാപാര ശൃംഖല ഏല്‍പ്പിച്ചത് വെറും ഒരു പൗണ്ടിനായിരുന്നു. അയാളാകട്ടെ, പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ആളും.

വിഷയം പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റി പരിശോധിച്ച് വളരെ ആസൂത്രിതമായ കൊള്ളയാണ് നടന്നതെന്ന് വിലയിരുത്തി.മുതലാളിത്തത്തിന്റെ അംഗീകരിക്കാനാവാത്ത മുഖമാണ് ഇതെന്നാണ് ഒരു എം.പി. പറഞ്ഞത് .

ഈ വാര്‍ത്തകളാണ് എന്നെ ബി.എച്ച്.എസ്സിലേക്ക് എത്തിച്ചത്. മൂന്നുനിലകളിലായി പ്രവര്‍ത്തിച്ചിരുന്ന സ്റ്റോര്‍ ഒരു നി ല യാ യി ചുരുങ്ങിയിട്ടുണ്ട്. കൗണ്ടറിലുള്ള മൂന്നു നാലു പേര്‍ മാത്രമാണ് ജീവനക്കാരായുള്ളത്.70 ശതമാനം വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ച ബോര്‍ഡുകള്‍.അതിനടുത്ത്, കിട്ടുന്ന തഞ്ചത്തിന് പാതി വിലക്ക് കിട്ടുന്നതും വാങ്ങി കാശ് മുതലാക്കാന്‍ ശ്രമിക്കുന്ന ഒരു പാടാളുകള്‍ .എല്ലാവരും നല്ല അച്ചടക്കത്തോടെ ക്യൂ നില്‍ക്കുന്നു.

കുറച്ചു നേരം വെറുതെ ചുറ്റിക്കറങ്ങി നോക്കി .ശ്മശാനത്തിലെ സ്മാരകശിലകള്‍ പോലെ കുറേ കാലി റെയ്ക്കുകള്‍.ആ വലിയ ഹാളിന്റെ നാലിലൊരു ഭാഗത്തേ സാധനങ്ങളുള്ളൂ. ദിവസം കഴിയുന്തോറും ഡിസ്കൗണ്ട് കൂടും എന്നാണ് ഒരു വൃദ്ധ,80 ലേറെ വയസ്സുണ്ടവര്‍ക്ക്, പറഞ്ഞത്. ചാവുന്നതിന് മുമ്പ് കിട്ടുന്ന ഡിസ്കൗണ്ട് നോക്കി വന്നതാണ് ' ചാകുവാന്‍ ടിക്കറ്റെടുത്തൊരാക്കാരണോ''ത്തി.

കൗണ്ടറിലെ തിരക്കൊഴിഞ്ഞപ്പോള്‍ ഞാനാ ചെറുപ്പക്കാരന്റെ നെയിം ബോഡ് വായിച്ചെടുത്തു. ഹെന്‍റി. 30ലേറെയില്ല പ്രായം.സൗമ്യന്‍. സുമുഖന്‍.പക്ഷെ നേരിയ ഒരു വിഷാദച്ഛായ വായിച്ചെടുക്കാം ആ മുഖത്തു നിന്നും.,

തിരക്കൊഴിഞ്ഞോ എന്ന ആമുഖത്തോടെ യാണ് ഞാനവനെ സമീപിച്ചത്. അവനറിയാം ഒരാഴ്ച കൂടിയേ ഉള്ളൂ തൊഴില്‍ .ഇന്ത്യയില്‍ നിന്നാണെന്നും യൂനിയന്‍ പ്രവര്‍ത്തകനാണെന്നും പറഞ്ഞപ്പോള്‍ അവന്‍ ഒന്നുകൂടി റിസപ്റ്റീവായി .

എന്തു പറ്റി നിങ്ങളുടെ പെന്‍ഷന്‍ ഫണ്ടിന്? ഒരു നെടുവീര്‍പ്പായിരുന്നു മറുപടി.

സര്‍ ഫിലിപ്പ് ഗ്രീന്‍ തട്ടിച്ചതാണെന്നു് അറിയാമോ എന്നായി ഞാന്‍. അവനതറിയാം. പക്ഷേ സമ്മതിച്ചു തരാന്‍ വിഷമം.

ഫിലിപ്പ് ഗ്രീന്‍, സീരിയസ് ഫ്രോഡ് ഓഫീസിന്റെ നിരീക്ഷണത്തിലാണെന്നറിയാമോ എന്നു ചോദിച്ചപ്പോള്‍ വിനയപൂര്‍വം ഒരു പുഞ്ചിരി.

.യു.കെയില്‍ നിന്ന് മുങ്ങിയ ആള്‍ സ്വന്തം ഉല്ലാസക്കപ്പലില്‍ ഊരു ചുറ്റുകയാണ് എന്ന വിവരം ഹെന്‍റിക്കറിയാത്തതല്ല.അയാളുടെ ' സര്‍' പദവി പിന്‍വലിക്കുന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടുന്നതു അറിയാത്തവരില്ലല്ലോ.

വീണ്ടും ക്യൂ രൂപപ്പെടുന്നു. സഹായിക്കാനാണെങ്കില്‍ വേറെയാരുമില്ല .എന്നൊടുള്ള സംസാരം തുടരണമെന്നുമുണ്ട്. അവന്റെ നിസ്സഹായത മനസ്സിലാക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു: വീണ്ടും കാണാം

അവന്‍ നീട്ടിയ കൈക്ക് വല്ലാത്ത ഒരാര്‍ദ്രത .
Unacceptable face of capitalism ത്തെപ്പറ്റി ആ എം.പി. പറഞ്ഞതിലായിരുന്നു എന്റെ മനസ്സ്. ആക്സറ്റബിള്‍ ഫെയ്സ് ഏതാണ്? എത്ര പേരുടെ പിരിച്ചുവിടല്‍? എത്ര പെന്‍ഷന്‍ നിഷേധം? എത്ര ആത്മഹത്യ?

അവനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സെപ്റ്റംബര്‍ 2 ആയിരുന്നു മനസ്സില്‍.

(ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും എഴുത്തുകാരനുമാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top