26 April Friday

മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജ്‌ വയനാടിന്റെ സമഗ്ര ഭാവിവികസന രേഖ

വെബ് ഡെസ്‌ക്‌Updated: Saturday Feb 13, 2021

രാഷ്ട്രീയമായ താല്‍പ്പര്യത്തോടെ അവഗണിക്കേണ്ടതോ അന്ധമായി നിരാകരിക്കേണ്ടതോ അല്ല വയനാട് പാക്കേജ്. വയനാടിന്റെ സമഗ്ര ഭാവിവികസന രേഖയെന്ന നിലയില്‍ വയനാട് പാക്കേജില്‍ വളരെ സജീവമായ ചര്‍ച്ചകളും സംവാദങ്ങളും ഉയര്‍ന്നുവരേണ്ടതുണ്ട്. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് വയനാടിന്റെ സമഗ്രമേഖലകളെയും വികാസത്തിന്റെ വഴിയിലേയ്ക്ക് കൈപിടിച്ചു നടത്താന്‍ ശേഷിയുള്ള തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളുമാണ് വയനാട് പാക്കേജില്‍ അടങ്ങിയിരിക്കുന്നത്...മാധ്യമപ്രവർത്തകനായ ദിപിൻ മാനന്തവാടി ഫേസ്‌ബുക്കിൽഎഴുതിയ കുറിപ്പ്‌

വയനാട് ജില്ലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട നിരവധി അനുഭവങ്ങള്‍ മുന്‍ മാനന്തവാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.എം.ശ്രീധരന്‍ മാസ്റ്ററും എടവക മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പരേതനായ ഇ.എം.ശങ്കരന്‍ മാസ്റ്ററും പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. സരിത ബാബുവേട്ടന്റെ സ്റ്റുഡിയോയില്‍ വച്ചായിരുന്നു പലപ്പോഴായി വീണുകിട്ടിയ അസുലഭമുഹൂര്‍ത്തങ്ങളില്‍ ശങ്കരന്‍മാഷ് ഇത്തരം അനുഭവങ്ങള്‍ പങ്കുവച്ചിരുന്നത്. വയനാട്ടിലെ പുരോഗമനപ്രസ്ഥാനങ്ങളുടെ ചരിത്രവും ഇതിനൊപ്പം പറഞ്ഞുപോയിരുന്നു. വടക്കേ വയനാടിന് പ്രിയങ്കരരായ രണ്ട് ഇ.എം.എസുമാര്‍ പറഞ്ഞ വയനാട് രൂപീകരണത്തിന്റെ അനുഭവസാക്ഷ്യങ്ങള്‍ വരുന്നകാലത്തേയ്ക്ക് രേഖപ്പെടുത്തി സൂക്ഷിക്കേണ്ടവയാണ്. വയനാട് രൂപപ്പെട്ടതിന്റെ നാള്‍വഴികള്‍ പരിശോധിക്കപ്പെടേണ്ട ദശാസന്ധിയിലാണ് നാം എത്തിനില്‍ക്കുന്നത്.

കോഴിക്കോടിന്റെയും കണ്ണൂരിന്റെയും ആശ്രിതനാട്ടുരാജ്യങ്ങള്‍ എന്ന നിലയില്‍ വികസന വിഷയങ്ങളില്‍ രണ്ടാംകിടക്കാരായിരുന്നു 1980വരെ വടക്ക്-തെക്ക് വയനാട്ടുകാര്‍. അതിനാല്‍ തന്നെ 1980ല്‍ വയനാട് ജില്ല പ്രഖ്യാപിക്കുന്ന സാഹചര്യം താമരശ്ശേരി-കുറ്റ്യാടി-പേരിയ ചുരങ്ങള്‍ക്ക് മുകളില്‍ വികസനത്തിന്റെ പ്രഭാതസൂര്യന്‍ ഉദിക്കുന്നത് പോലെയായിരുന്നു. ചുരത്തിന് മുകളിലുള്ള 2131 ചതുരശ്രകിലോമീറ്റര്‍ ഭൂപ്രദേശത്തെ ഒരു ജില്ലയായി മാറ്റാനുള്ള തീരുമാനം വയനാടിന്റെ അടിസ്ഥാനവികസനത്തിന് ഗതിവേഗം പകര്‍ന്ന തീരുമാനമായിരുന്നു. വയനാടിന്റെ സവിശേഷമായ വികസനചരിത്രം പരിശോധിച്ചാല്‍ ആരോഗ്യ-വിദ്യാഭ്യാസ-പശ്ചാത്തല വികസന മേഖലകളില്‍ അടയാളപ്പെടുത്തപ്പെട്ട നാഴികകല്ലുകളെല്ലാം ഇടതുമുന്നണി സര്‍ക്കാരുകളുടെ സംഭാവനയാണെന്ന് കാണാന്‍ സാധിക്കും. കല്‍പ്പറ്റ, മാനന്തവാടി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച ജനപ്രതിനിധികള്‍ മന്ത്രിസഭകളില്‍ അംഗങ്ങളായിരുന്നപ്പോഴും വയനാടിന്റെ വികസന ചരിത്രത്തില്‍ സ്മരണീയമായൊരു കയ്യൊപ്പ് പതിപ്പിക്കാന്‍ വലതുപക്ഷത്തിന് സാധിച്ചിട്ടുണ്ടോയെന്നതും പരിശോധിക്കാവുന്നതാണ്.

ആഗോളവത്കരണം സമ്മാനിച്ച തുറന്ന കമ്പോളങ്ങളുടെ സാധ്യത ഏറ്റവും പ്രതികൂലമായി ബാധിച്ചത് ഈ നയങ്ങളുടെ സ്വര്‍ഗ്ഗഭൂമിയാകുമെന്ന് വ്യാപാരകരാറുകളുടെ അപ്പോസ്തലന്മാര്‍ പ്രചരിപ്പിച്ച വയനാടായിരുന്നു. വയനാട്ടിലെ ജനങ്ങളെ സാമ്പത്തികമായി ഒരുപരിധിവരെ താങ്ങിനിര്‍ത്തിയിരുന്നത് നാണ്യവിളകളായിരുന്നു. നാണ്യവിളകളുടെ വിലയിടിവും നെല്ല് അടക്കമുള്ള പരമ്പരാഗ കാര്‍ഷിക ഉത്പന്നങ്ങളുടെ കൃഷി ലാഭകരമല്ലാത്തതും വയനാടിന്റെ പ്രതിസന്ധിയുടെ ആഴക്കയത്തിലേയ്ക്ക് തള്ളിയിട്ടിരുന്നു. കര്‍ഷക ആത്മഹത്യകളുടെ ചാവുനിലങ്ങളായി വയനാട് മാറിയിരുന്നൊരുകാലം നമ്മുടെയൊന്നും ഓര്‍മ്മയില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. ഇത്തരം പ്രതിസന്ധികളെയെല്ലാം മറികടന്ന് വയനാടിനെ അതിജീവനത്തിന്റെ വഴിയിലൂടെ നടത്തിക്കാനുള്ള പരിശ്രമങ്ങളെയും നമുക്ക് പൊളിറ്റിക്കലായി തന്നെ ഓഡിറ്റ് ചെയ്യാവുന്നതാണ്.

എന്തായാലും 2018ലെയും 2019ലെയും രണ്ടു പ്രളയങ്ങളും കാര്‍ഷിക-നാണ്യ വിളകളുടെ വിലയിടവും വയനാടിന്റെ ആകാശത്ത് പ്രതിസന്ധിയുടെ കാര്‍മേഘങ്ങള്‍ തീര്‍ത്താണ് ഉരുണ്ടുകൂടിയത്. നെല്ലിന്റെയും കാപ്പിയുടെയും റബ്ബറിന്റെയും താങ്ങുവിലകള്‍ വര്‍ദ്ധിപ്പിക്കാനും കൃഷിയെ കരുതലോടെ ചേര്‍ത്തുപിടിക്കാനും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെ സാധാരണ ജനങ്ങള്‍ വിലയിരുത്തുന്നുണ്ടാവും.

വയനാടിന്റെ സംബന്ധിച്ച് സമസ്തമേഖലകളിലും അടിസ്ഥാന-പശ്ചാത്തല വികസനത്തിന്റെ വലിയൊരു മാറ്റം നടന്ന കാലഘട്ടം കൂടിയാണ് കടന്നുപോകുന്നത്. പ്രളയത്തിനും പ്രകൃതിദുരന്തത്തിനും മഹാമാരിക്കും മുന്നില്‍ പകച്ചുനിന്ന ഒരു ജനതയെ സംബന്ധിച്ച് ഒരു ഭരണകൂടം അതിജീവനത്തിന്റെ കൈത്താങ്ങാകുന്നത് എങ്ങനെയെന്ന് തൊട്ടറിഞ്ഞ ഒരുകാലഘട്ടം കൂടിയാണ് കടന്നുപോയത്. സര്‍ക്കാര്‍ ഇടപെടലുകള്‍ ഒരുപരാതിയുമില്ലാത്ത ആഗ്രഹപൂര്‍ത്തീകരണമാകണമെന്നത് തികച്ചും ഉട്ടോപ്യന്‍ സങ്കല്‍പ്പമാണ്. ചെറിയ വീഴചകളും പരാതികളും വിമര്‍ശനങ്ങളുമെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ വയനാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരോക്ഷമോ പ്രത്യക്ഷ്യമോ ആയ സാന്നിധ്യവും കരുതലും താങ്ങലുമായി ഭരണകൂടം മാറിയെന്നത് നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്. വിദ്യാഭ്യാസ-ആരോഗ്യ-പശ്ചാത്തലവികസന മേഖലയില്‍ വയനാട് കൈവരിച്ച മുന്നേറ്റം കണ്ണുതുറന്നു പിടിച്ച് വയനാട്ടിന്റെ തെക്കു-വടക്ക് സഞ്ചരിക്കുന്ന ആര്‍ക്കാണ് അവഗണിക്കാന്‍ സാധിക്കുക.

ഈയൊരു അനുഭവ പരിസരത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് വേണം മുഖ്യമന്ത്രി വയനാടിനായി അവതരിപ്പിച്ച പാക്കേജിനെ വിലയിരുത്താന്‍. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്ന നിലയിലാണ് വയനാട് പാക്കേജ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് വയനാട്ടില്‍ സംഭവിച്ച സമാനതകളില്ലാത്ത വികസനമുന്നേറ്റങ്ങള്‍ തന്നെയാണ് ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്ന വികസനകാഴ്ചപ്പാടുകളുടെ ഗ്യാരണ്ടി. വരാനിരിക്കുന്ന അഞ്ചുവര്‍ഷം കൊണ്ട് വയനാട്ടിലെ സാധാരണക്കാരന്റെ വരുമാനം ഇരട്ടിയാക്കും എന്ന പ്രഖ്യാപനത്തെ വിമര്‍ശന ബുദ്ധിയോടെ സമീപിച്ചാലും അതിനായി മുന്നോട്ടുവച്ചിരിക്കുന്ന ബദല്‍നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തില്‍ പരിഗണിക്കപ്പെടേണ്ടതാണ്. വയനാട് പാക്കേജിനെ രാഷ്ട്രീയമായി വിമര്‍ശിക്കുന്നവര്‍ക്ക് പോലും നിലവില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന നയപരിപാടികളുടെ ഗുണപരമായ മറ്റൊരു ബദല്‍ എന്താണെന്നത് മുന്നോട്ടുവയ്ക്കാന്‍ സാധിക്കുന്നില്ല.

വയനാട്ടിലെ പ്രധാനനാണ്യവിളയായ കാപ്പിയുടെ അന്താരാഷ്ട്ര ബ്രാന്‍ഡിംഗ് തന്നെയാണ് വയനാട് പാക്കേജിലെ ശ്രദ്ധേയവും സവിശേഷവുമായ ഭാഗം. 90രൂപ താങ്ങുവില പ്രഖ്യാപിച്ച് സംഭരിക്കുന്ന കാപ്പിയെ അന്താരാഷ്ട്ര ബ്രാന്‍ഡഡ് കാപ്പിപ്പൊടിയായി വിപണിയിലെത്തിക്കുക എന്ന സര്‍ക്കാരിന്റെ ആശയം ചെറുകിട കാപ്പികര്‍ഷകരെ സംബന്ധിച്ച് വലിയ ആശ്വാസമാകുമെന്ന് തീര്‍ച്ചയാണ്. വയനാട്ടില്‍ നിന്നടക്കം സംഭരിക്കുന്ന കാപ്പി ഉപയോഗിച്ച് നെസ്, ബ്രൂ തുടങ്ങിയ വന്‍കിട കമ്പനികള്‍ വിപണയില്‍ വില്‍ക്കുന്ന കാപ്പിപ്പൊടിയുടെ വിലപരിശോധിക്കുമ്പോഴാണ് സര്‍ക്കാര്‍ നീക്കത്തിന്റെ പ്രായോഗികത നമുക്ക് മനസ്സിലാകുന്നത്. കാര്‍ബണ്‍ ന്യൂട്രല്‍ എന്ന പാരിസ്ഥിതിക കാഴ്ചപ്പാടിനെ വയനാടന്‍ കാപ്പിയുടെ ആഗോളതലത്തിലെ ബ്രാന്‍ഡിംഗ് സവിശേഷതയായി ഉയര്‍ത്തിക്കാണിക്കാനുള്ള നീക്കത്തിന് രാഷ്ട്രീയവ്യത്യാസം മറന്ന് വയനാട് ഒരുമിച്ച് നിന്ന് കൈ അടിക്കേണ്ടതാണ്. ഭാവനാത്മകവും ക്രിയാത്മകവും മൗലികവുമായ നിരവധി നിര്‍ദ്ദേശങ്ങളാണ് വയനാടന്‍ കാപ്പിയുടെ അന്താരാഷ്ട്ര ബ്രാന്‍ഡിംഗിനായി സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. രാഷ്ട്രീയ എതിര്‍പ്പിന്റെ പേരില്‍ കണ്ണടച്ച് നിരാകരിക്കേണ്ടതല്ല ഈ നിര്‍ദ്ദേശങ്ങളും ഉള്‍ക്കാഴ്ചകളും. വയനാട്ടിലെ ബഹുജനങ്ങള്‍ വളരെ ഗൗരവത്തില്‍ ചര്‍ച്ചചെയ്യുകയും ഉള്‍ക്കൊള്ളുകയും സാംശീകരിക്കുകയും ചെയ്യേണ്ടതാണ് വയനാട് പാക്കേജിലെ വളരെ കാതലായ ഈ ഭാഗം. കുരുമുളക്, തേയില തുടങ്ങിയ നാണ്യവിളകളുടെയും നെല്ലും, പച്ചക്കറിയും ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകളുടെയും പുനരുദ്ധാരണത്തിനായി ഭാവനാപൂര്‍ണ്ണമായ തീരുമാനങ്ങളാണ് വയനാട് പാക്കേജ് മുന്നോട്ടുവയ്ക്കുന്നത്. വയനാട്ടില്‍ സുലഭമായ ചക്കയെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമാക്കിമാറ്റാനുള്ള നീക്കം ഫലപ്രദവും കാര്യക്ഷമവുമായി നടപ്പിലാക്കിയാൽ വയനാട്ടിലെ ഗ്രാമഗ്രാമാന്തരങ്ങളിലെ സാധാരണ ജനങ്ങളെ സാമ്പത്തിക സ്വാശ്രയത്വത്തിലേയ്ക്ക് നയിക്കാനുള്ള മികച്ചൊരു മുന്നേറ്റമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

കൃഷിക്ക് പുറമെ വയനാടിന്റെ വരുമാനസാധ്യതകളില്‍ നിര്‍ണ്ണായകമായ മേഖലയാണ് ടൂറിസം. വയനാടിന്റെ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള ഉത്തരവാദ ടൂറിസത്തിന്റെയും വരുമാനവര്‍ദ്ധനവിന്റെയും സാധ്യതകളാണ് വയനാട് പാക്കേജില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. അടിസ്ഥാന-പശ്ചാത്തല വികസനം വയനാടിന്റെ ടൂറിസം വളര്‍ച്ചയില്‍ നിര്‍ണ്ണായകമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് വയനാട്ടിലെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണവും പുനര്‍നിര്‍മ്മാണവും ശ്രദ്ധേയമായിരുന്നു. രണ്ടു മഹാപ്രളയങ്ങള്‍ സമ്മാനിച്ച നാശനഷ്ടങ്ങളെ മറികടക്കാന്‍ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 225 കോടി രൂപയുടെ റോഡു നിര്‍മ്മാണം വയനാട്ടില്‍ പൂര്‍ത്തീകരിക്കുകയോ നടന്നുവരികയോ ചെയ്യുന്നതായി വയനാട് പാക്കേജില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ജില്ലയില്‍ 286 കോടി രൂപയുടെ റോഡ് നിര്‍മ്മാണമാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിന് പുറമെ ജില്ലയുടെ അടിസ്ഥാന-പശ്ചാത്തല വികസനത്തിന്റെ മുഖച്ഛായ മാറ്റിമറിക്കുന്ന 780 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് കിഫ്ബി മുഖാന്തിരം ജില്ലയില്‍ നടക്കുന്നത്. 114 കോടി രൂപ മുടക്കി നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന മലയോര ഹൈവേ വയനാടിന്റെ ടൂറിസം സാധ്യതകളില്‍ വിപ്ലവകരമായ പരിവര്‍ത്തനം ഉണ്ടാക്കുമെന്നത് ഈ മേഖലയിലുള്ളവര്‍ക്ക് തള്ളിക്കളയാന്‍ സാധിക്കില്ല. തലശ്ശേരി-നിലമ്പൂര്‍ റെയില്‍ പാതയുടെ പഠനം പൂര്‍ത്തിയായി എന്ന ആശാവഹമായ കാര്യവും പാക്കേജ് ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലമ്പൂർ-നഞ്ചന്‍കോട് റെയില്‍വെയുടെ ഡി.പി.ആര്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചതും ശുഭകരമായ നീക്കമാണ്. വയനാടിന്റെ ടൂറിസം മേഖലയെ പ്രത്യക്ഷമായി സ്വാധീനിക്കുന്ന മുന്നേറ്റങ്ങളാണ് ഇവ.

ആരോഗ്യമേഖലയില്‍ ചരിത്രത്തിലില്ലാത്ത സവിശേഷമായ പരിഗണനയാണ് ഈ സര്‍ക്കാര്‍ വയനാടിന് നല്‍കിയതെന്ന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സമ്മതിക്കേണ്ട വസ്തുതയാണ്. ഏറ്റവും ഒടുവില്‍ വയനാട്ടുകാരുടെ ദീര്‍ഘകാല ആവശ്യമായ വയനാട് മെഡിക്കല്‍ കോളേജ് പ്രാവര്‍ത്തികമാക്കുമെന്ന ഉറപ്പും സര്‍ക്കാരിന് നല്‍കാന്‍ സാധിച്ചിട്ടുണ്ട്. 150ഓളം തസ്തികകള്‍ സൃഷ്ടിച്ച് ഈ അധ്യയനവര്‍ഷം തന്നെ മെഡിക്കല്‍ കോളേജ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആരംഭിക്കുമെന്ന് ഉറപ്പാക്കപ്പെട്ടിരിക്കുകയാണ്. ഇതിന് പുറമെ പുതിയ മെഡിക്കല്‍ കോളേജിന്റെ ഭാഗമായി അരിവാള്‍ രോഗം അടക്കമുള്ള ജനിതക രോഗങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നതിനായുള്ള ഹീമോ ഗ്ലോബിനോപ്പതി റിസര്‍ച്ച് & കെയര്‍ സെന്റര്‍ സ്ഥാപിക്കുമെന്ന തീരുമാനവും ശ്രദ്ധേയമാണ്. ജില്ലയിലെ താലൂക്ക് ആശുപത്രികളുടെ നവീകരണത്തിനായി 100 കോടി രൂപവകയിരുത്തുമെന്ന നിലപാടും എടുത്ത് പറയേണ്ടതാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സമാനതകളില്ലാത്ത മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. ജില്ലയിലെ പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങളെ പുതിയ കോഴ്‌സുകളും മെച്ചപ്പെട്ട സൗകര്യങ്ങളും ഏര്‍പ്പെടുത്തി നവീകരിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ അഞ്ചുവര്‍ത്തെ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധിക്കപ്പെടേണ്ടത്. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് വയനാടിന്റെ വിദ്യാഭ്യാസമേഖല മികവിന്റെ ഉയരങ്ങള്‍ കീഴടക്കുമെന്ന ശുഭപ്രതീക്ഷയാണ് വയനാട് പാക്കേജ് പങ്കുവയ്ക്കുന്നത്. പഴശ്ശി ട്രൈബല്‍ കോളേജ് ആരംഭിക്കുമെന്ന പ്രഖ്യാപനം ഏറെ പ്രശംസനീയമാണ്. മാനന്തവാടിയിലെ പി.കെ.കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ സമ്പൂര്‍ണ്ണ വികസനമെന്ന ആശയമാണ് പാക്കേജ് പങ്കുവയ്ക്കുന്നത്. നിലവിലെ സര്‍ക്കാര്‍ തുടക്കം കുറിച്ച് പൂര്‍ത്തിയാക്കിയ കാളന്‍ കോളേജിന്റെ സ്വന്തം കെട്ടിടത്തെ രണ്ടുനിലകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് വിപുലീകരിക്കുമെന്ന വാഗ്ദാനം ഒരുതരത്തിലും അവിശ്വസിക്കേണ്ടതില്ല.

ആദിവാസി വികസനത്തില്‍ കൂടുതല്‍ ക്രിയാത്മകമായ സമീപനം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയാണ് വയനാട് പാക്കേജ് മുന്നോട്ടുവയ്ക്കുന്നത്. സ്വന്തമായി ഭൂമിയും പാര്‍പ്പിടവുമെന്ന ആദിവാസി ജനതയുടെ വികസനത്തിനൊപ്പം അവരുടെ സാമ്പത്തിക സ്വാശ്രയത്വത്തെയും അഭിസംബോധന ചെയ്യുമെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ജോലി ചെയ്യുന്നതിനും വരുമാനം ആര്‍ജ്ജിക്കുന്നതിനും മാര്‍ഗ്ഗമില്ലാത്ത കുടുംബങ്ങള്‍ക്ക് ഇന്‍കം ട്രാന്‍സ്ഫറായി മാസം തോറും സഹായം ലഭ്യമാക്കുമെന്ന സമീപനം ശ്ലാഘനീയമാണ്. ആദിവാസി ഊരുകളില്‍ റേഷന്‍വിതരണം ചൂഷണരഹിതമായി നടക്കുമെന്ന് ഉറപ്പാക്കുന്ന തീരുമാനത്തിനും കൈയ്യടിക്കേണ്ടതുണ്ട്. ആദിവാസി ഊരുകളില്‍ അവരുടെ സ്വാശ്രയസംഘങ്ങള്‍ക്ക് റേഷന്‍ കടകള്‍ അനുവദിക്കുമെന്ന തീരുമാനം ഏറെ സ്വീകാര്യമാണ്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ പരമ്പരാഗത ധാന്യവിളകള്‍ കൃഷിചെയ്യിച്ച് സംഭരിക്കാനുള്ള നീക്കവും പ്രശംസനീയമാണ്.

ജലസേചനം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ മേഖലകളിലും മുന്നേറ്റമുണ്ടാക്കാനുള്ള ഭാവനാത്മകവും ക്രിയാത്മകവുമായ നിര്‍ദ്ദേശങ്ങള്‍ വയനാട് പാക്കേജ് മുന്നോട്ടുവയ്ക്കുന്നുണ്ട്. കുടുംബശ്രീ മേഖലയെ പരിഗണിക്കാനുള്ള നിര്‍ദ്ദേശങ്ങളും സ്വാഗതാര്‍ഹമാണ്. വനസംരക്ഷണത്തിന്റെ ആശയങ്ങള്‍ പാരിസ്ഥിതിക സൗഹാര്‍ദ്ദപരമായി പാക്കേജില്‍ മുന്നോട്ടുവച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസക്തിയെ അടിവരയിട്ടുകൊണ്ടുള്ള കാഴ്ചപ്പാടുകളും പാക്കേജ് ഉറപ്പുനല്‍കുന്നുണ്ട്.

രാഷ്ട്രീയമായ താല്‍പ്പര്യത്തോടെ അവഗണിക്കേണ്ടതോ അന്ധമായി നിരാകരിക്കേണ്ടതോ അല്ല വയനാട് പാക്കേജ്. വയനാടിന്റെ സമഗ്ര ഭാവിവികസന രേഖയെന്ന നിലയില്‍ വയനാട് പാക്കേജില്‍ വളരെ സജീവമായ ചര്‍ച്ചകളും സംവാദങ്ങളും ഉയര്‍ന്നുവരേണ്ടതുണ്ട്. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് വയനാടിന്റെ സമഗ്രമേഖലകളെയും വികാസത്തിന്റെ വഴിയിലേയ്ക്ക് കൈപിടിച്ചു നടത്താന്‍ ശേഷിയുള്ള തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളുമാണ് വയനാട് പാക്കേജില്‍ അടങ്ങിയിരിക്കുന്നത്. ഇവയെല്ലാം തിരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്ന വിമര്‍ശനം ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം വയനാട്ടില്‍ സംഭവിച്ച വികസനമുന്നേറ്റം തന്നെയാണ് വയനാട് പാക്കേജ് നടപ്പിലാക്കപ്പെടുമെന്നതിന്റെ ഉറപ്പായി മനസ്സിലാക്കേണ്ടത്. വിമര്‍ശനം ഉന്നയിക്കുന്നവര്‍ കേവലമായ വാചാടോപം തീര്‍ക്കാതെ നിലവിലെ നിർദ്ദേശങ്ങൾക്ക് പകരമായ പ്രായോഗികമായ ബദല്‍ നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാണിച്ച് വയനാട് പാക്കേജിന്റെ അപ്രായോഗികതകളെക്കുറിച്ച് സംവദിക്കുകയാണ് വേണ്ടത്.

 

വയനാട് ജില്ലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട നിരവധി അനുഭവങ്ങള്‍ മുന്‍ മാനന്തവാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.എം.ശ്രീധരന്‍...

Posted by Dipin Mananthavady on Friday, 12 February 2021

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top