01 June Thursday

'ലോകകപ്പ് കാണാന്‍ റഷ്യയ്‌‌‌ക്ക് വിട്ടാലോ'; മൂവര്‍ സംഘത്തിന്റെ ഒരുവര്‍ഷം നീണ്ട സ്വപ്‌നത്തിന്റെ കഥ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

കൊച്ചി > ഏതൊരു ഫുട്‌ബോള്‍ പ്രേമിയുടെയും സ്വപ്‌നമാണ് ലോകകപ്പ് നേരിട്ടുകാണുകയെന്നത്. പലരും പലവട്ടം പദ്ധതികളിടും,പക്ഷേ അവസാനം പാളിപ്പോകുകയും ചെയ്യും. ഇവിടെ 2015ല്‍ മൂന്ന് സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കുന്നതിനിടയില്‍ വെറുതേ വന്നുവീണതും, 2016ല്‍ സീരിയസായി ചിന്തിച്ചുതുടങ്ങിയതും ഇതു തന്നെയാണ്. ഒടുവില്‍ ഒരുവര്‍ഷം നീണ്ട തയ്യാറെടുപ്പിനൊടുവില്‍ 2017 ആഗസ്റ്റില്‍ ഇവര്‍ റഷ്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തു.

തൃശൂര്‍ കുന്ദംകുളം സ്വദേശികളായ സഫീര്‍, ആസിഫ്, ഇവരുടെ സഹപാഠിയായ കോഴിക്കോട് മുക്കം സ്വദേശി നവീന്‍ എന്നിവരാണ് റഷ്യയിലേക്ക് പറക്കുന്നത്. എട്ട് വര്‍ഷമായി ദുബായില്‍ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുകയയാണ് സഫീര്‍. ആസിഫ് ദുബായില്‍ തന്നെ ലീഗല്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയിലും നവീന്‍ ബാംഗ്ലൂരില്‍ ഐടി കമ്പനിയിലും ജോലി ചെയ്യുകയാണ്.

ലോകകപ്പ് യാത്ര എന്ന ആശയം ആദ്യം മുന്നോട്ട് വെച്ചത് നവീനാണ്. പത്ത് ദിവസത്തെ യാത്രയില്‍ മൂന്ന് ദിവസത്തെ മാച്ചുകള്‍ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുനന്ത്. ഏതൊരു ഫുട്‌ബോള്‍ ആരാധകനും തികഞ്ഞ സാമ്പത്തിക അച്ചടക്കത്തോടെ അത്യാവശ്യം റിസര്‍ച്ച് ചെയ്‌‌താല്‍ ലോകകപ്പ് നേരിട്ടുകാണുക എന്ന ആഗ്രഹം സഫലമാക്കാമൈന്ന് തെളിയിക്കുകയാണ് ഈ സുഹൃത്തുക്കള്‍.

ലോകകപ്പ് യാത്രയുടെ നാള്‍വഴികളെക്കുറിച്ച് സഫീര്‍ എഴുതിയ കുറിപ്പ് ചുവടെ

അൽഹംദുലില്ലാ, God blessed us with three FIFA world cup tickets 

2015ലെ വെക്കേഷൻ, ബാംഗളുരു കറക്കത്തിനിടയിൽ  നവീന്‍ ചുമ്മാതെന്ന പോലെ മുന്നിലേക്കെടുത്തിട്ട ഒരു ചോദ്യം - "വേൾഡ് കപ്പ് കാണാൻ റഷ്യയിലേക്ക് വിട്ടാലോ?". ഉള്ളിൽ ചിരിയാണ് വന്നതെങ്കിലും "നോക്കാം" എന്ന മറുപടിയിൽ ആ ചർച്ച അവിടെ അവസാനിപ്പിച്ചു. മനുഷ്യൻ ഉള്ളതെല്ലാം നുള്ളിപെറുക്കി പോരാഞ്ഞ് ലോണും എടുത്ത് ഒരു ചെറിയ കച്ചോടത്തിൽ ഇറങ്ങി അടിക്കളസം വരെ കീറിയിരിക്കുന്ന സമയമാണ്. കാൽപന്ത് കളിയോടുള്ള ആഗ്രഹമൊക്കെ നുരഞ്ഞ് പൊന്തി വന്നെങ്കിലും യോഗമുണ്ടെങ്കിൽ 2022ല് ഖത്തറിൽ പോയി കാണാമെന്ന് സ്വയം പറഞ്ഞ് ആശ്വസിപ്പിച്ച് ആ വിഷയം അപ്പാടെ മറന്നു.

വർഷമൊന്ന് കഴിഞ്ഞു കാണും. ലോണിനു പുറമെ കടവും കയറി, ജോലി വിഷയവും എല്ലാം കൊണ്ട് സാമ്പത്തിക പരാധീനത ഉപരിതലത്തിൽ എത്തിനിൽക്കുന്ന സമയമായിരുന്നു. നവീനാണെങ്കിൽ സ്കൈപ്പോട് സ്കൈപ്പ്. എന്തിനോ വേണ്ടിയെന്ന പോലെ ആ സാമ്പാർ വീണ്ടും ഒരു കാര്യവുമില്ലാതെ തിളച്ചു പൊങ്ങി. മനസ്സമാധാനം മൊത്തത്തിൽ ഓഫായിരുന്ന ആ സമയം ചിന്തിക്കാൻ മറ്റൊരു വിഷയം കിട്ടിയപ്പോൾ ചർച്ച സജീവമായി നിലനിർത്തി. ഗഹനമായ റിസർച്ച് തന്നെ നടത്തി. ഫിഫയുടെ സൈറ്റും ബ്ലോഗും അരിച്ച് പെറുക്കി. റഷ്യൻ ജ്യോഗ്രഫിയും ട്രാവൽ ഇൻഫോർമേഷനും സ്റ്റേഡിയങ്ങളുടെ ലൊക്കേഷനുമെല്ലാം മാക്‌സിമം മനസ്സിലാക്കി. ഇനീഷ്യൽ ബഡ്ജറ്റ് തയ്യാറാക്കി, ഏകദേശം 8000 ദിർഹം (1.5 ലക്ഷം ഇന്ത്യൻ രൂപ)!!

ഈ സാമ്പാറിന്റെ തീ കെടുത്തണോ ആളിക്കത്തിക്കണോ എന്നൊരു തീരുമാനത്തിൽ എത്തിക്കാനാകാതെ ഇതികർത്തവ്യാമൂഡനായി ഞാൻ നവീന്റെ സ്കൈപ് ചാറ്റിൽ ഇരുന്ന് വിയർത്തു

സ്വർണത്തിനും കോൺക്രീറ്റിനും വേണ്ടി ഉള്ള സമ്പാദ്യം മൊത്തം ചിലവഴിച്ച് നമ്മുടെ ജീവിതം ഇങ്ങനെ അങ്ങ് തീരും എന്ന് നെടുവീർപ്പിട്ട് ഇരുന്ന് കൊണ്ട് തന്നെ സൈഡിലൂടെ പ്ലാനിങ്ങ് തുടരാൻ തീരുമാനിച്ചു. സന്തതസഹചാരിയായ ആസിഫ് അബൂബക്കറിനോട് മാത്രം പ്ലാൻ പറഞ്ഞു. കേട്ടതും, അവൻ ബാഗുമെടുത്ത് അര മണിക്കൂർ മുന്നേ പുറപ്പെട്ടു. മൂവർ സംഘത്തിൽ നടക്കുമെന്ന് ഒരു ഉറപ്പുമില്ലാത്ത ആ പ്ലാൻ ഉറപ്പിച്ചു.

നവീന്‍, സഫീര്‍, ആസിഫ്‌

നവീന്‍, സഫീര്‍, ആസിഫ്‌

പ്രോപ്പർ പ്ലാനിങ്ങും കൈ മെയ് മറന്ന് റഷ്യൻ സഹായവും വന്ന് ചേർന്നപ്പോൾ പിന്നീടങ്ങോട്ട് കാര്യങ്ങൾ ഞങ്ങൾ കരുതിയതിലും എത്രയോ എളുപ്പമായി നീങ്ങി. 10 ദിവസത്തെ യാത്ര പ്ലാൻ ചെയ്‌തു. അതിനിടയിൽ 3 ദിവസത്തെ കളികൾ 3 വ്യത്യസ്ഥ സ്റ്റേഡിയങ്ങളിൽ നിന്നു തന്നെ കാണാനാണു പ്ലാൻ.

ക്വാളിഫിക്കേഷൻ റൗണ്ട് തീരുമാനമാകുന്നതിനു മുന്നേ തന്നെ ടിക്കറ്റ് വില്പനയുടെ ആദ്യ സെഷൻ തുടങ്ങിയിരുന്നു. അതായത് ഏത് കളിയായിരിക്കും എന്ന് അറിയാതെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണം. മൂന്നും കല്പിച്ച് ഞങ്ങൾ മൂന്ന് പേരും കൂടി മൂന്ന് കളികൾക്കുള്ള ടിക്കറ്റ് ആദ്യ സെഷനിൽ തന്നെ ബുക്ക് ചെയ്‌ത് വെച്ചു. രണ്ട് ലീഗ് മാച്ചുകളും ഒരു നോക്കൗട്ട് മാച്ചുമാണ് ഞങ്ങൾ ബുക്ക് ചെയ്‌തത്.

ഫിഫ അലോട്ട് ചെയ്‌തതിനേക്കാൾ കൂടുതൽ ബുക്കിങ്ങ് വരുകയാണെങ്കിൽ പിന്നെ നറുക്കെടുത്താണ് ടിക്കറ്റ് കൺഫർമേഷൻ നൽകുക. ഒന്നര മില്ല്യണു മുകളിൽ ആയിരുന്നു ആദ്യ സെയിൽസ് പിരീഡിലെ ബുക്കിങ്ങ്. ഒടുവിൽ, ഇമെയിൽ വന്നു ചേർന്നു.

"God blessed us with three FIFA world cup tickets"  

ആദ്യ ചിലവ്: ടിക്കറ്റ് ഒന്നിന് 105 ഡോളർ (7000 INR).

ഞങ്ങടെ ടിക്കറ്റിനു വന്നു ചേർന്ന കളികൾ:
ബെൽജിയം vs ടുണീഷ്യ
അർജന്റീന vs നൈജീരിയ (ഇത് ഞാൻ ബുക്ക് ചെയ്തതാണെന്ന് പ്രത്യേകം എഴുതേണ്ടല്ലോ)

സ്‌പെയിൻ or പോർടുഗൽ മാച്ച് ( നോക്കൗട്ട് റൗണ്ട് )

സെക്കൻഡ് സെയിൽസ് പിരീഡിൽ ഒരു ബ്രസീൽ മാച്ചിന്റെ ടിക്കറ്റിനു കൂടി ശ്രമിച്ചെങ്കിലും കിട്ടിയില്ല. എല്ലാം വിറ്റ് പോയിരുന്നു. അത് നുമ്മ ഫാൻ ഫെസ്റ്റിൽ വെച്ച് കാണും.

ടിക്കറ്റ് ഓക്കെ ആയതും അടുത്ത സ്റ്റെപ് ടിക്കറ്റ് നമ്പർ വെച്ച് ഫാൻ ഐഡിക്ക് അപേക്ഷിക്കലായിരുന്നു. ഈ സുന റഷ്യ ഫ്രീയായി അയച്ചു തരുന്നതാണ്. ഇത് കൊണ്ട് ഉണ്ടായ ഗുണങ്ങൾ ചില്ലറയല്ല. ഫാൻ ഐഡി ഉള്ളവർക്ക് റഷ്യയിലേക്ക് വിസ ഫ്രീയാക്കി. ആദ്യ റഷ്യൻ സഹായം, പക്ഷേ ഇതൊക്കെ ചെർർത്..

2017 ആഗസ്റ്റ്:
ഓരോ ദിവസത്തെ യാത്രയും താമസവും അത്യാവശ്യത്തിലധികം സമയം ഇരുന്നാലോചിച്ച് തീരുമാനിച്ചുറപ്പിച്ചു. അതനുസരിച്ച് 10 ദിവസത്തെയും താമസം 3 സിറ്റികളിലായി ബുക്ക് ചെയ്തു. ആവറേജ് 2000 - 4000 രൂപ നിരക്കിൽ റൂമുകൾ ബുക്ക് ചെയ്തു. ഇവന്റ് അടുക്കും തോറും റേറ്റ് കുത്തനെ കൂടികൊണ്ടിരുന്നു. ഇപ്പോൾ നോക്കുമ്പോൾ പൊന്നും വിലയാണ് ഡോർമിറ്ററികളിൽ പോലും കാണിക്കുന്നത്. ഹോട്ടൽ ഉടമകളുടെ റിവ്യൂസ് പ്രത്യേകം ചെക്ക് ചെയ്തിരുന്നു. അവസാന ദിവസങ്ങളിൽ ബുക്കിങ്ങ് കാൻസൽ ചെയ്ത ഹിസ്റ്ററിയുള്ള എല്ലാം തന്നെ പാടേ ഒഴിവാക്കി. നല്ല കടത്തിണ്ണ നാട്ടിൽ കിട്ടും. വെറുതെ മോസ്കോയിൽ പോയി കടത്തിണ്ണയിൽ കിടക്കേണ്ടല്ലോ

വിമാന ടിക്കറ്റ് - റഷ്യയിലേക്ക് വലിയ ടിക്കറ്റ് റേറ്റ് ആയിരിക്കും എന്നൊക്കെ ആയിരുന്നു ആദ്യം ധാരണ. എന്നാൽ കൊച്ചിയിൽ പോയി വരുന്ന ചിലവേ മോസ്കോയിലേക്കും ഉള്ളൂ.

ദുബായ് - മോസ്കോ - ദുബായ് = 1500 ദിർഹം (27,500 രൂപ)

മോസ്കോ - സെന്റ് പീറ്റേർസ്ബർഗ് - കസാൻ ഈ മൂന്ന് സിറ്റികളാണ് ഞങ്ങളുടെ പ്ലാനിലുള്ളത്. ആവറേജ് 80 - 100 ഡോളർ ട്രെയിൻ ടിക്കറ്റ് ചിലവുണ്ട് സിറ്റികൾക്കിടയിലുള്ള യാത്രക്ക്. മിനിമം 4 ടിക്കറ്റെങ്കിലും ബുക്ക് ചെയ്യണമായിരുന്നു. ഉടനെ വന്നു അടുത്ത റഷ്യൻ സഹായം: ഫാൻ ഐഡി ഉള്ളവർക്ക് യാത്ര ചെയ്യാൻ വേണ്ടി കളിയോടടുത്ത ദിവസങ്ങളിൽ സിറ്റികൾക്കിടയിൽ ഫ്രീ ട്രെയിനുകൾ ഇറക്കുന്നു. ഫിഫാ സൈറ്റിൽ പോസ്റ്റ് വരുന്നതിനു മുന്നേ നമ്മളിവിടെ ബുക്കിങ്ങ് ഫിനിഷ് ചെയ്തു എന്ന് പറഞ്ഞാൽ മതിയല്ലോ. ഒരാൾക്ക് ഇരുപതിനായിരം രൂപയോളം ആ വകുപ്പിൽ തന്നെ ചിലവ് കുറഞ്ഞ് കിട്ടി.

ഫ്രീ കിട്ടാൻ ഒരു നിവർത്തിയും ഇല്ലെന്ന് ഉറപ്പായപ്പോൾ പെൻഡിങ്ങ് ഉണ്ടായിരുന്നു ഒരു ടിക്കറ്റ് ഞങ്ങൾ കാശ് കൊടുത്ത് എടുത്തു

ഒരു വിധം തയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞ് ഇപ്പോൾ നടു നിവർത്തി ഇരുന്ന് ട്രിപ്പിന്റെ ആകെ ചിലവ് ഒന്ന് കണക്ക് കൂട്ടി നോക്കുമ്പോൾ മാക്സിമം ഒരു 4000 - 4500 ദിർഹം ചിലവ് വരും. വല്ലപ്പോഴുമൊക്കെ നമ്മുടെ ആഗ്രഹപ്രകാരവും ജീവിക്കണ്ടേന്ന്. സമ്പാദിച്ച് സമ്പാദിച്ച് സ്വരുക്കൂട്ടി വെച്ച് ഒരു കാര്യവും നടക്കാൻ പോകുന്നില്ല. ഇതും ക്രെഡിറ്റ് കാർഡ് ഉപയോഗപ്പെടുത്തിയും കടം വാങ്ങിയുമൊക്കെ തന്നെയാണ് മുന്നോട്ട് കൊണ്ട് പോയത്. അല്ലെങ്കിൽ തന്നെ എല്ലാം നമ്മുടെ സൗകര്യത്തിനു മുറയ്ക്ക് നടക്കുവാണെങ്കിൽ പിന്നെ, അതിനിത്രേം രസമുണ്ടാകില്ലെന്നാണ് 

ഇന്നലെ കൊറിയർ ആയി മാച്ച് ടിക്കറ്റ് എത്തി 

മാച്ച് ടിക്കറ്റുകള്‍

മാച്ച് ടിക്കറ്റുകള്‍

വേറെ ദുരന്തങ്ങൾ ഒന്നും ഇടക്ക് വന്ന് കയറിയില്ലെങ്കിൽ യാത്രക്കുള്ള ഫൈനൽ കൺഫർമേഷൻ കിട്ടിയെന്ന്

തികഞ്ഞ സാമ്പത്തിക അച്ചടക്കത്തോടെ അത്യാവശ്യം റിസർച്ച് ചെയ്ത് പ്ലാൻ ചെയ്താൽ ഫിഫ വേൾഡ് കപ്പ് കാണാൻ ഏതൊരു രാജ്യത്തേക്കും പോകുക എന്നത് അത്ര വലിയ ബുദ്ധിമുട്ടുള്ള സംഭവമൊന്നുമല്ല എന്ന് ഇപ്പോൾ മനസ്സിലായി 
വടിവേലു പറഞ്ഞതേ എനിക്കും പറയാനുള്ളൂ "എന്ത ഒരു വിഷയത്തെയും പ്ലാൻ പണ്ണി പണ്ണണം, ഹോകേ?"

വാൽകഷണം: ലാൽ ജോസും കൂട്ടരും യാത്രക്കിടയിൽ വെച്ച് തെറ്റിപ്പിരിഞ്ഞ് കൂട്ടത്തിലൊരാൾ ഒറ്റക്ക് ബസ് കയറി വേറെ പോയതും ലാൽ ജോസ് കാറിലിരുന്ന് ചങ്ക് പൊട്ടി കരഞ്ഞതുമെല്ലാം വായിച്ച് കുറെ ചിരിച്ചതാണ്. ഞങ്ങൾ 3 പേർക്കിടയിൽ എന്തെങ്കിലും വിഷയമുണ്ടായാൽ രണ്ട് പേരിൽ ആരെ ബസ് കയറ്റി വിടണം എന്ന കാര്യത്തിൽ എനിക്കിത് വരെ ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. ലാൽ ജോസിനെ പോലെ കരയാൻ ഞാൻ പ്രാക്‌ടീസ് തുടങ്ങി കഴിഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top