19 April Friday

വനിതാമതില്‍ ചരിത്രമെന്ന് ലോകമാധ്യമങ്ങളും; വാര്‍ത്ത നല്‍കിയത് വലിയ പ്രാധാന്യത്തോടെ

സ്വന്തം ലേഖകന്‍Updated: Wednesday Jan 2, 2019

മലപ്പുറം > വനിതാ മതിലിനെ പൊളിക്കാന്‍  കുതന്ത്രവാര്‍ത്തകള്‍ ചമച്ച മാധ്യമങ്ങളെല്ലാം ഒടുവില്‍ സമ്മതിച്ചു, ഇത് വന്‍മതില്‍. കുടുംബശ്രീയുടെയും പെന്‍ഷന്റെയും പേരില്‍ നുണക്കഥകളുമായി മതിലിനെതിരെ തുടര്‍ച്ചയായി വാര്‍ത്ത നിരത്തിയവരാണ് മതിലുയുര്‍ന്നപ്പോള്‍ കണ്ണുതുറന്നത്. സമൂഹമാധ്യമങ്ങള്‍മുതല്‍ അന്താരാഷ്ട്ര വാര്‍ത്താപത്രങ്ങള്‍വരെ കേരളത്തിലുയര്‍ന്ന സ്ത്രീമുന്നേറ്റത്തെ ചരിത്രസംഭവമെന്ന് രേഖപ്പെടുത്തി.

ഇന്ത്യന്‍ വനിതകള്‍ 620 കിലോമീറ്റര്‍ സമത്വമതില്‍ തീര്‍ത്തെന്നാണ് ബിബിസി റിപ്പോര്‍ട്ട്. ക്ഷേത്രവിലക്ക് നീക്കാന്‍ 620 കിലോമീറ്റര്‍ മതിലെന്ന് ഇംഗ്ലണ്ടിലെ വിഖ്യാതമായ 'ദി ഗാര്‍ഡിയന്‍'. പതിനായിരങ്ങള്‍ കേരളത്തില്‍ വനിതാ മതില്‍ തീര്‍ത്തതായി 'അല്‍-ജസീറ'യും വാര്‍ത്ത നല്‍കി. ദേശീയമാധ്യമങ്ങളിലും വന്‍ പ്രാധാന്യത്തോടെ വനിതാ മതില്‍ സ്ഥാനംപടിച്ചു. മതില്‍പൊളിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത മലയാളത്തിലെ വലതുപക്ഷ വാര്‍ത്താ ചാനലുകള്‍ വന്‍മതിലെന്ന്  വിശേഷിപ്പിച്ചതിനുപിന്നാലെയാണ് അച്ചടിമാധ്യമങ്ങളും മതിലിനെ വാഴ്ത്തി  ബുധനാഴ്ച വാര്‍ത്തകള്‍ നല്‍കിയത്.

ദേശീയ പത്രങ്ങളായ ദി ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാന്‍ ക്രോണിക്കിള്‍ എന്നിവയും സ്ത്രീകളുടെ ചരിത്ര സൃഷ്ടിയെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ വന്‍മതിലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ വാര്‍ത്ത. ലിംഗസമത്വത്തിനായി വനിതാനിര എന്ന് ഹിന്ദുവും പ്രാധാന്യത്തോടെ റിപ്പോര്‍ട്ടുചെയ്തു. ലിംഗനീതിക്കും മതിനിരപേക്ഷതക്കുമായി  കേരളത്തിന്റെ  വന്‍മതിലെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത. കടലാസു പുലികള്‍ക്കുമേല്‍ ഗോപുരമായി സ്ത്രീമതില്‍  എന്നാണ് കൊല്‍ക്കത്തയില്‍നിന്നുള്ള ദി ടെലഗ്രാഫ് റിപ്പോര്‍ട്ടുചെയ്തത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top