18 April Thursday

മലപ്പുറത്ത് ജനിച്ച് വളര്‍ന്നൊരു പെണ്ണിന് പറയാനുള്ളത്...

ഡോ. ഷിംന അസീസ്Updated: Tuesday May 30, 2017

ഡോ . ഷിംന അസീസ്‌

ഡോ . ഷിംന അസീസ്‌

3550 ചതുരശ്ര കിലോമീറ്ററാണ് ഞങ്ങളുടെ ജില്ലയുടെ വിസ്തീര്‍ണം. അതായത്, സാമാന്യം മോശമില്ലാത്തൊരു ദൂരം ഞങ്ങളുടെ ജില്ലയുടെ രണ്ടറ്റങ്ങള്‍ തമ്മിലുണ്ട്. 70% ജനങ്ങളും മുസ്ലിങ്ങളാണ്. എന്നാലും ഞങ്ങള്‍ക്ക് പൊതുവായി അവകാശപ്പെടാനുള്ള ചിലതുണ്ട്. അല്ല, വര്‍ഗീയതയല്ല എഴുതാന്‍ പോകുന്നത്, അതിനൊട്ട് താല്‍പര്യവുമില്ല.

ഞങ്ങളുടെ ലോകത്ത് പുറമെയുള്ളവര്‍ക്ക് ഊഹിക്കാന്‍ കഴിയാത്ത സ്നേഹവും സാഹോദര്യവും ഐക്യവുമുണ്ട്. ഹൃദയം കൊണ്ട് ചിന്തിക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങളുടെ അയല്‍വാസിയും സുഹൃത്തും അരവിന്ദേട്ടന്റെ മോനാണോ അബ്ദുല്ലക്കാന്റെ മോനാണോ എന്ന് നോക്കി സ്നേഹിക്കാന്‍ പാരമ്പര്യമായി ഞങ്ങള്‍ പഠിച്ചിട്ടില്ല. വരും തലമുറകളെ ഞങ്ങളൊട്ട് പഠിപ്പിക്കുകയുമില്ല.

അത് കൊണ്ടാണ് 99% മുസ്ലിങ്ങളുള്ള കൊടിഞ്ഞിയില്‍, ഇസ്ലാമിലേക്ക് വന്ന ഫൈസലിനെ കൊന്നിട്ട് ഇസ്ലാം മതവിശ്വാസികളും പൂക്കോട്ടുംപാടത്ത് വിഗ്രഹം മോഷ്ടിച്ചിട്ടും ക്ഷേത്രാങ്കണം മുഴുവന്‍ വൃത്തികേടാക്കിയിട്ടിട്ടും ഞങ്ങളുടെ ഹിന്ദു സഹോദരങ്ങളും സംയമനം പാലിച്ചത്. അത് പുറമെയുള്ള ചിലര്‍ക്ക് രസിക്കുന്നില്ലെന്നറിയാം. അതാണ് എന്തിനും ഏതിനും മലപ്പുറത്തെ കരുവാക്കുന്നത്.

'കേരളത്തിലെ കാശ്മീര്‍' എന്നൊക്കെ ഞങ്ങളുടെ നാടിനെ പറയുന്നവര്‍ ഒരു വിഷുവിനോ ഈദിനോ ഇങ്ങ് വരിക. സുഹൃത്തേ, അപ്പുറത്തെ വീട്ടിലുള്ള അന്യമതസ്ഥന്‍ വരാതെ ഞങ്ങളുടെ ഇലയില്‍/പാത്രത്തില്‍ ചോറു വീഴില്ല. റംസാന്‍ നോമ്പ് തീരുമ്പോള്‍ നാല് പാടുമുള്ള അയല്‍പക്കക്കാര്‍ പലവിധം വെച്ചുണ്ടാക്കി കൊടുത്തിട്ട് കൊളസ്ട്രോള്‍ കൂടുന്ന അന്യമതസ്ഥരെ കണ്ടിട്ടുണ്ടോ? മലപ്പുറത്തേക്ക് സ്വാഗതം.

പിന്നെ, ഈ എതിര്‍ക്കുന്ന, ദുഷ്പ്രചരണം നടത്തുന്ന നിങ്ങള്‍ വന്നാലും ഞങ്ങള്‍ വെച്ച് വിളമ്പും. ഇനി നിങ്ങള്‍ സസ്യഭുക്കാണെന്ന് പറഞ്ഞ് നോക്ക്, നിങ്ങള്‍ ഞങ്ങളുടെ അതിഥിയാണെങ്കില്‍ റംസാന്‍ നോമ്പെടുത്ത് നിങ്ങള്‍ക്ക് മാത്രമായി പച്ചക്കറി വെച്ച് വിളമ്പും ഞങ്ങള്‍ മലപ്പുറത്തെ പെണ്ണുങ്ങള്‍. അതിനുള്ള ഉള്ളീം തക്കാളീം വാങ്ങാന്‍ കടം വാങ്ങിയ കാശാണെങ്കിലും എടുക്കും ഞങ്ങടെ ആണുങ്ങള്‍. സംശയമുണ്ടെങ്കില്‍ വന്ന് നോക്ക്.

മലപ്പുറം കോട്ടക്കുന്ന്

മലപ്പുറം കോട്ടക്കുന്ന്



ഇനി ഞങ്ങള്‍ക്ക് വിദ്യാഭ്യാസം കുറവാണെന്ന പ്രചാരണം. 'മാപ്പിള ലഹള' എന്ന് കേട്ടിട്ടുണ്ടോ? 'വാഗണ്‍ ട്രാജഡി' പഠിച്ചിട്ടില്ലേ ചരിത്രത്തില്‍?  'ബ്രിട്ടീഷ്കാരന് കരം കൊടുക്കില്ല' എന്ന് ആക്രോശിച്ച് മേശപ്പുറത്തേക്ക് കസേര എടുത്ത് ആഞ്ഞ് വെച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആണ്‍കുട്ടിയായിരുന്നു- 'ഹിന്ദുക്കളെ ഉപദ്രവിക്കരുത്' എന്നായിരുന്നു ആ സ്വാതന്ത്യ്രസമരസേനാനി മരിക്കുവോളം പറഞ്ഞത്. അത്രക്കായിരുന്നു ശ്രദ്ധ. അതാണ് ഞങ്ങളുടെ പൂര്‍വ്വികചരിത്രം.

ആ മഹാനെ കസേരയില്‍ കെട്ടിയിട്ട് നെഞ്ചിലേക്ക് വെടിയുതിര്‍ത്തു വെള്ളപ്പട്ടാളം, ശരീരം ദഹിപ്പിച്ചു. ഞങ്ങള്‍ക്ക് അവരെ വെറുപ്പായിരുന്നു, അവരുടെ ഭാഷയും. ആ സാമ്രാജ്യത്വവിരോധമാണ് ഇംഗ്ളീഷ് പഠനത്തില്‍ നിന്ന് ഞങ്ങളുടെ മുന്‍തലമുറകളെ അകറ്റിയത്. അവിടെയാണ് ഞങ്ങളുടെ വിദ്യാഭ്യാസക്കുറവ് സംഭവിച്ചത്. ആ കുറവ് ഇപ്പോള്‍ കാറ്റില്‍ പറന്നിരിക്കുന്നു.

അതേ സാമ്രാജ്യത്വവിരോധമാണ് 'അമേരിക്ക നിര്‍മിച്ച രാസവിഷം, ബില്‍ഗേറ്റ്സിന്റെ തറവാട്സ്വത്ത്' എന്നൊക്കെ പറഞ്ഞ് വാക്സിന്‍വിരോധികള്‍ ഇവിടെ വിളയാടാന്‍ കാരണമായത്. ഞങ്ങളുടെ രണ്ട് ആണ്‍കുട്ടികളെ കഴിഞ്ഞ വര്‍ഷം ഡിഫ്തീരിയ എന്ന കൊലപാതകിക്ക് കൊടുക്കേണ്ടി വന്നതും അത് കൊണ്ടാണ്. 'മക്കളെ ഉപദ്രവിക്കുന്ന സാധനം' എന്ന് പറഞ്ഞാല്‍ മലപ്പുറത്തെ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ചോറ് പോലും കൊടുക്കില്ല. അത്രക്കും അതിലേറെയും ഹൃദയം കൊണ്ട് ചിന്തിക്കുന്നവരാണവര്‍. ആ കുറവ് നികത്താനുള്ള ശ്രമങ്ങള്‍ എത്ര വിജയം കണ്ടുവെന്നോ...വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവിഷയങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തുറക്കുന്നുണ്ട് ഈ നാടും നാട്ടുകാരും. തുറന്ന ഹൃദയം എന്നത് എല്ലാവര്‍ക്കും കിട്ടുന്നതല്ല, മലപ്പുറത്തുകാര്‍ക്കതുണ്ട്.

പിന്നെ പെണ്‍വിദ്യാഭ്യാസം..മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഫസ്റ്റ് റാങ്ക് നേടിയ ഹിബ അടക്കം ഞങ്ങളുടെ പെണ്‍കൂട്ടത്തിലുണ്ട്. പഠിപ്പും വിവരവുമുള്ളവരാണ് ഞങ്ങള്‍ മലപ്പുറത്തെ പെണ്ണുങ്ങള്‍. അതേ, പെണ്ണുങ്ങള്‍.

ഞങ്ങളില്‍ പര്‍ദ്ദയിടുന്നവരുണ്ടാകാം. അത് പാരതന്ത്യ്രമാണെന്ന് ധരിക്കുന്നവള്‍ക്ക് തോന്നാത്തിടത്തോളം ആരും വ്യാകുലപ്പെടേണ്ടതില്ല. അത് ഞങ്ങളുടെ സ്വകാര്യത. ഞങ്ങള്‍ക്ക് അത് കൊണ്ട് ബുദ്ധിമുട്ടില്ലെന്നേ...

ഇതൊരു ഇരുള്‍മുറിയൊന്നുമല്ല. ഇവിടത്തെ വെളിച്ചം തന്നെയാണ് ചിലരെ അസ്വസ്ഥരാക്കുന്നതെന്നുമറിയാം. അത്രയെളുപ്പമൊന്നും തകരുന്നതല്ല ഞങ്ങളുടെ ചങ്കായ ഈ നാട്... ഇത് മലപ്പുറമാണ്, മതം എന്ന മദം ഇവിടെ അങ്ങനെയൊന്നും പൊട്ടിപ്പുറപ്പെടില്ല. പിന്നെ, ഞങ്ങളുടേത് മാത്രമായ പ്രത്യേകതകളും പുറമേയുള്ളവര്‍ക്ക് 'അയ്യോ കഷ്ടം' എന്ന് തോന്നുന്നതുമൊന്നും ഞങ്ങളെയൊട്ട് ബാധിക്കുന്നുമില്ല.

ഞങ്ങളുടെ ആതിഥ്യം സ്വീകരിച്ചു കഴിഞ്ഞല്ലോ..ചെന്നാട്ടെ.    

സ്നേഹപൂര്‍വ്വം,
ഡോ. ഷിംന അസീസ്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top