27 April Saturday

‘അതെ ഞങ്ങൾക്ക്‌ ആർത്തവമുണ്ട്‌.. അത്‌ അശുദ്ധമല്ല; പ്രതിഷേധക്കാർ കാണുന്നുണ്ടല്ലോ അല്ലെ...’ വൈറലായി സോഷ്യൽ മീഡിയ ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 5, 2018

ആര്‍ത്തവം അശുദ്ധമാണെന്ന കോണ്‍ഗ്രസ് ബിജെപി , കോൺഗ്രസ്‌  നേതാക്കളുടെ പ്രസ്താവനയ്ക്ക് എതിരെ സോഷ്യൽ മീഡിയയില്‍ പ്രതിഷേധം ശക്‌തം. ആർത്തവത്തെ കുറിച്ച്‌ തുുറന്നു പറഞ്ഞാണ്‌ സ്‌ത്രീകൾ പ്രതിരോധം തിർക്കുന്നത്‌. #WomenAreNotImpure എന്ന പേരില്‍ നടക്കുന്ന ക്യാമ്പെയിനില്‍ നിരവധി പേരാണ് ഭാഗമാകുന്നത്. അശുദ്ധമായത്‌  ആർത്തവമല്ലെന്നും ആണധികാര മേൽക്കോയ്‌മയാണെന്നും പലരും തുറന്നു പറഞ്ഞു.

ട്വിറ്ററിലും ഫേസ്ബുക്കിലും തങ്ങള്‍ക്ക് ആര്‍ത്തവത്തിന്റെ പേരില്‍ നേരിടേണ്ടി വന്നിട്ടുള്ള അവഗണനകളെ കുറിച്ചും നിരവധി പെണ്‍കുട്ടികള്‍ കുറിച്ചു.  #WomenAreNotImpure  എന്ന പേരില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ഫ്രെയിമും വൈറല്‍ ആവുകയാണ്.

ആര്‍ത്തവം അശുദ്ധിയാണെന്ന്  കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനും  പറഞ്ഞിരുന്നു. സനൊകരനെ പേരെടുത്ത്‌ പരാമൾശിച്ചാണ്‌ പലരും തങ്ങളുടെ  അനുഭവങ്ങൾ പറഞ്ഞിട്ടുള്ളത്‌.



പോസ്റ്റുകളിൽനിന്ന്‌

 
ആർദ്ര വി എസ്‌

'ഛീ!!! നിനക്ക് പീരിയഡ്‌സ് ആണല്ലേ.. ഞാൻ നിന്നെ തൊടരുതായിരുന്നു.. ഇപ്പൊ അശുദ്ധി ആയി ' !!
ഇന്ന് ഒരു കൂട്ടുകാരി പറഞ്ഞതാണ്.

' അശുദ്ധിയുടെ പാഠങ്ങൾ ' ചെറുപ്പം മുതലേ കേട്ട് കേട്ട് അതിനനുസരിച്ച് conditioned ആയ വലിയ വിഭാഗം സ്ത്രീകളും പെൺകുട്ടികളും നമുക്കിടയിലുണ്ട്. ഞാൻ അശുദ്ധയാണെന്ന് സ്ത്രീകൾ സ്വയം പറഞ്ഞ് പഠിച്ചു എന്നല്ല, സ്ത്രിയെ 'purity'യുമായി ചേർത്തുവച്ച അതേ പുരുഷാധിപത്യ സമൂഹം ആർത്തവരക്തം അശുദ്ധമാണെന്ന് പറഞ്ഞ് പഠിപ്പിച്ചു എന്നതു തന്നെയാണ് പറഞ്ഞ് വരുന്നത്.

'ആർത്തവം' എന്ന വാക്ക് പറയുമ്പോൾ അർത്ഥം നിറഞ്ഞ ചിരികൾ മാത്രമായിരുന്നു എന്റെ ഹൈസ്കൂൾ ക്ലാസ്മുറികളിൽ ഞാൻ കേട്ടിരുന്നത്. ഇന്നാട്ടിൽ നടന്ന പാഡ് മാൻ ചലഞ്ച് ഒക്കെ വെറും പ്രഹസനം മാത്രമായിരുന്നു എന്ന് ശബരിമല സ്ത്രീ പ്രവേശന വിധിയോടെ പൂർണമായും വ്യക്തമായിരിക്കുകയാണ്. 'അശുദ്ധിയുടെ പാഠങ്ങൾ' തന്നെയാണ് നാടു വാഴുന്നത് .

ആഷ്‌മി സോമൻ

പെണ്ണാകുക എന്നതിന്റെ ജൈവികമായ ഒരു മാറ്റത്തെ ഞങ്ങള്‍ പെണ്ണുങ്ങള്‍ അഭിമാനമായിട്ട് തന്നെയാണ് കാണുന്നത്... നിങ്ങളീ അശുദ്ധി കൽപ്പിക്കുന്ന ആർത്തവരക്തത്തിൽ നിന്നാണ് നിങ്ങളെപ്പോലുള്ളവർ ജനിക്കുന്നത് എന്ന ബോധ്യം ഉള്ളത് കൊണ്ടാണ് നിങ്ങളുടെ ആർത്തവ വിരുദ്ധ പോസ്റ്റുകൾ കാണുമ്പോൾ പുച്ഛിച്ചു തള്ളാൻ തോന്നുന്നത്..അപ്പോഴുണ്ടാല്ലോ ഈ കോണ്ഗ്രസ്സിന്റെ സുധാകരനെ പോലെ ആർത്തവം അശുദ്ധി ആണെന്നൊക്കെ വന്നു പ്രസംഗിക്കുന്നവർ ഉണ്ടല്ലോ അവരോടൊക്കെ ഞങ്ങൾക്ക് പറയാനുള്ളത് എന്താന്നറിയോ.

ഞങ്ങൾ പെണ്ണുങ്ങൾ തന്നെയാണ്. ആർത്തവമുള്ള പെണ്ണുങ്ങൾ. ആ ആർത്തവം നിങ്ങൾക്ക് അശുദ്ധി ആയിട്ടൊക്കെ തോന്നുന്നത് തലയിൽ ചാണകം നിറഞ്ഞത് കൊണ്ടാകാം. :)

നിഷ മഞ്ചേഷ്‌

സുധാകരൻ അവർകൾ അറിയുന്നതിന്,
സ്വന്തം വീട്ടിലോ അയൽപ്പക്കങ്ങളിലോ ഏഴാം ക്ലാസ്സിലും എട്ടാം ക്ലാസ്സിലുമൊക്കെ പഠിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ സയൻസ് പുസ്തകം സംഘടിപ്പിച്ചു വായിച്ചാൽ ഇത് കുറച്ചൊക്കെ പരിഹരിക്കാൻ കഴിയും എന്ന കാര്യവും കൂടി അറിയിക്കാൻ ഞാൻ താത്പര്യപ്പെടുന്നു

ഫാത്തിമ്മ സിദ്ദിഖ്‌

വക്ക് ഇത്തിരി പൊട്ടിയ ഒരു സ്റ്റീൽ കിണ്ണം , ഒരു കോപ്പ , അതിൽ വേണം വെളളം കുടിക്കാനും ഊണ് കഴിക്കാനും. തെക്കോറത്തെ ഇറ അലകിൽ ഒരു നൂലെടുത്ത പുല്പായ ചുരുട്ടി വെച്ചിട്ടുണ്ടാവും അതെടുക്കണം,തെക്കോറത്തു തന്നെ പുറത്തേക്കുള്ള വാതിലിന്റെ അറ്റത്തുള്ള ഒഴോറിയിലേക്ക്(ഒഴി മുറി) പൊക്കോണം പിന്നെ ഏഴിന്റെന്ന് പടിപ്പും പായെം മുക്കി കുളിച്ചു കയറും വരെ!

ഊണ് കാലായാൽ വന്നു വിളിക്കും , കിണറ്റിൻ കരയിൽ പൊക്കൂട ... വെള്ളം പോലും തൊട്ടുട ... ചള്ങ്ങിയ ആലുമിനിയ കുടത്തിലോ ഓട്ട ഇട്ട് ഉപേക്ഷിച്ച കലത്തിലോ മുക്കി വെച്ച വെള്ളത്തിൽ നിന്നും പാത്രം മോറി കമഴ്ത്തിയാൽ അതിൽ ചോറ് ഇട്ട് നീക്കി വെച്ചേരും പട്ടിക്ക് പോലും അതിലും ബേദത്തിൽ കിട്ടും... എന്തെങ്കിലും തിന്നു കുടിച്ചിട്ട് കിണ്ണം മോറി കമഴ്ത്തണം.

ഒച്ചക്ക് മിണ്ടരുത് , ഉമ്മറത്തു പോകരുത്... പ്രധാനമായും അടുക്കളെടെ ഏഴയലത്ത് കാണരുത്!!! അശുദ്ധാത്രേ അശുദ്ധം... കോപ്പ്

ഗ്രീഷ്‌മ രാജൻ

പതിവുപോലെ പീരിയഡ്‌സ് ആയി. രാവിലെ മുതലുള്ള വയറുവേദനയും മറ്റും സഹിച്ച് പിടിച്ച് വൈകുന്നേരം ആയപ്പോൾ വീടിന്റെ മുറ്റത്ത് ഉലാത്താൻ ഇറങ്ങിയതാ അപ്പോൾ മലയ്ക്ക് മാല ഇട്ടൊരു ചേട്ടൻ വന്നു. കുടുംബത്തിലെ തന്നെയാ.. ഒന്ന് രണ്ട് കാര്യങ്ങൾ പറഞ്ഞതിന് ശേഷം എന്താ വല്ലാണ്ടിരിക്കുന്നെ എന്ന് ചോദിച്ചു.. വയറുവേദന എന്നെ പറഞ്ഞുള്ളൂ..
തീർന്നു.. നീ പുറത്താണോ.. പറയണ്ടേ.. വീട്ടിൽ തന്നെ കയറില്ലല്ലോ.. അമ്പലത്തിൽ പോവാൻ ഇറങ്ങിയതാ.. ഇനി കുളിച്ചിട്ട് പോണമെന്നും പറഞ്ഞ് മുറ്റത്തെ ബക്കറ്റിലെ വെള്ളത്തിൽ നിന്നും കുറച്ചെടുത്ത് തലയിൽ നാലു തെളി..
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top