26 April Friday

എന്തിനാണ് ആര്‍എസ്എസിന് സഹകരണസംഘങ്ങളോട് തീര്‍ത്താല്‍ തീരാത്ത കലി? കാരണം ഇതാണ്

ദീപക് ശങ്കരനാരായണന്‍Updated: Sunday Nov 13, 2016
എന്താണ് സഹകരണബാങ്കുകളുമായുള്ള ആര്‍എസ്എസിന്റെ പ്രശ്നം? എന്തിനാണ് സഹകരണസംഘങ്ങളോട് തീര്‍ത്താല്‍ തീരാത്ത കലി? ഒന്നേകാല്‍ ലക്ഷം കോടി രൂപ എഴുതിത്തള്ളിയ രാജ്യത്തെ ബാങ്കുകള്‍ക്കില്ലാത്ത കുഴപ്പം എങ്ങിനെയാണ് സഹകരണബാങ്കുകള്‍ക്ക് മാത്രമാകുന്നത്?

ഹിന്ദുക്കളായ പലിശക്കാര്‍ ഏതാണ്ട് മുഴുവന്‍ ആര്‍ എസ് എസ്സുകാരായ കേരളത്തില്‍ എങ്ങനെയാണ് ആര്‍ എസ് എസ്സിന് സഹകരണബാങ്കുകള്‍ ഇത്രയും വലിയ ധാര്‍മ്മികവിഷയമാകുന്നത്? പ്രത്യേകിച്ചും ആര്‍ എസ് എസ്സുകാര്‍ പലിശക്ക് കൊടുക്കുന്ന പണി നിര്‍ത്തിയാല്‍ തീരും കേരളത്തിലെ നല്ലൊരു ശതമാനം മാഫിയ എന്നിരിക്കെ.

തീര്‍ച്ചയായും അതില്‍ പ്രകടമായ കാരണം ഇടതുപക്ഷത്തിന്റെ കൂടെ നില്‍ക്കുന്ന മനുഷ്യരുടെ അദ്ധ്വാനഫലമാണ് ഒട്ടുമുക്കാലും സഹകരണ പ്രസ്ഥാനങ്ങള്‍ എന്നതാണ്. വല്ലവന്റെയും അദ്ധ്വാനത്തിനുമേല്‍ കൊള്ളിവക്കല്‍ ചിരപുരാതനകാലം മുതലേ ജാതിഹിന്ദുക്കള്‍ക്ക് ഹരവുമാണ്. കുടിലുകത്തിക്കലായിരുന്നല്ലോ കൈവന്ന കല. അതല്ലാതെ?

ശകലം പിന്നിലേക്ക് പോകണം ഉത്തരത്തിന്.

നവോത്ഥാന കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രക്രിയയായിരുന്നു ഭൂപരിഷ്കരണം. അത് സവര്‍ണ്ണരെ ബാധിച്ചത് നഷ്ടപ്പെട്ട ഭൂമിയിലും ഉപരിയായി നഷ്ടപ്പെട്ട ഹെജമണിക് പൊസിഷനായിട്ടായിരുന്നു. മനുഷ്യരുടെ മുകളില്‍ ഉണ്ടായിരുന്ന അപരിമിതമായ പ്രത്യക്ഷാധികാരം അതോടെ എന്നെന്നേക്കുമായി നഷ്ടെപ്പെട്ടു. പുരകത്തിക്കലും കുടിയൊഴിപ്പിക്കലും എണ്ണിയാല്‍ തീരാത്ത മറ്റ് ജന്മി ക്രൂരതകളും ചരിത്രമായി.

പാടത്തെ ചെളിയിലെ ചാളകള്‍ പത്ത് സെന്റ് കുടികിടപ്പില്‍ പറമ്പില്‍ ഒറ്റമുറിവീടുകളും പറമ്പിന്‍ മൂലയിലെ ഒറ്റമുറി കൂരകള്‍ ഓടോ ഓലയോ മേഞ്ഞ കൊച്ചുവീടുകളും ആയി. സൈക്കിളിന്റെ കാരിയറില്‍ കൈക്കോട്ട് വച്ചുകെട്ടി രാവിലെ കുളിച്ച് വൃത്തിയുള്ള വസ്ത്രമുടുത്ത് അഭിമാനത്തോടെ തൊഴിലിന് പോകുന്ന, തന്റെ തൊഴിലുടമയോട് ഒരു മടിയുമില്ലാതെ രാഷ്ട്രീയം സംസാരിക്കുകയും വിയോജിക്കുകയും ചെയ്യുന്ന, കര്‍ഷകത്തൊഴിലാളികളേയും വാക്കൈ പൊത്തി മറഞ്ഞുനിന്നിരുന്ന അവസ്ഥയില്‍ നിന്ന് ആരുടെയും മുന്നില്‍ തലകുനിക്കാതെ തന്റെ പഴയ പാട്ടഭൂമിയില്‍ പകലന്തിയോളം അദ്ധ്വാനിക്കുന്ന ചെറുകിട കൃഷിക്കാരെയും ഭൂപരിഷ്കരണം സൃഷ്ടിച്ചു.

(എല്ലാ ഹൈറാര്‍ക്കിയും ഇല്ലാതാക്കുന്ന സമ്പൂര്‍ണ്ണമായ ലെവലിങ് നടത്തിയില്ല എന്നതാണ്‍ ഭൂപരിഷ്കരണം നേരിടുന്ന വിമര്‍ശനം , അത് ശരിയുമാണ്. പക്ഷേ സസ്റ്റെയ്‌നബിളായ മാറ്റം എപ്പോഴും പടിപടിയായി (incremental) ആയി മാത്രം സാധിക്കുന്ന കാര്യമാണ് എന്ന വസ്തുത മനസ്സിലാക്കാതെ ഭൂപരിഷ്കരണത്തെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല, അതിന്റെ തുടര്‍ച്ചകള്‍ ആരായുകയല്ലാതെ).

കിട്ടിയ ഭൂമി ആ മനുഷ്യരുടെ ഏറ്റവും വലിയ മൂലധനമായിരുന്നു. ഒരേ തുണ്ടുഭൂമി പല പണയങ്ങള്‍ക്ക് പല തലമുറകള്‍ ഉപയോഗിച്ചു. ഒരേ ആധാരം പലതവണ പണയത്തിലായി. ഓരോ പണയത്തിലും ഒരു പെണ്‍കുട്ടിയുടെ വിവാഹമോ ആശുപത്രിയില്‍ ഒരു ജീവനോ ഒരു കുട്ടിയുടെ കോളേജ് ഫീസോ വീട്ടിലെ കഷ്ടപ്പാടിന് ഒരറുതിക്ക് മരുഭൂമിയില്‍ കഷ്ടപ്പെടാന്‍ പോകാനുള്ള വിസക്കുള്ള പണമോ ഒക്കെയായി ആ തുണ്ടുഭൂമിയില്ലായിരുന്നുവെങ്കില്‍ അസാദ്ധ്യമാവുമായിരുന്ന അനേകം അതിജീവനങ്ങള്‍ നടന്നു.

പല പണികളുമെടുത്തും പ്രവാസിയായും ഓരോ പണയത്തിനേയും മിക്കവാറും എല്ലാ മനുഷ്യരും അതിജീവിച്ചു, ആധാരം വീണ്ടും അതേ മനുഷ്യരുടെ കൈവശമെത്തി. ഭൂവുടമസ്ഥതയായിരുന്നു, അതെത്ര ചെറുതായിരുന്നെങ്കില്‍ കൂടി, മലയാളിയുടെ അതിജീവനത്തിന്റെ ആണിക്കല്ല്. ഭൂപരിഷ്കരണം നടത്തിയത് വെറുമൊരു ഉടമസ്ഥതാ കൈമാറ്റമായിരുന്നില്ല, സമൂലമായ ഒരു സാംസ്കാരിക ഉഴുതുമറിക്കലായിരുന്നു.

എന്തായിരുന്നു ഈ പ്രക്രിയയുടെ സാമ്പത്തിക നട്ടെല്ല് (Economic Backbone)? എവിടെയായിരുന്നു ഈ ആധാരങ്ങള്‍ പണയത്തിലിരുന്നിരുന്നത്? എവിടെനിന്നായിരുന്നു ഈ വായ്പകള്‍ക്കുള്ള പണം?

സാധാരണഗതിയില്‍ നാട്ടില്‍ ഒരാള്‍ക്ക് ഒരാവശ്യം വന്നാല്‍ ആദ്യം സമൂപിക്കുന്നത് നാട്ടുപ്രമാണിയെയായിരുന്നു. എന്തെങ്കിലും പണയമായി വാങ്ങി അയാളൊരു തുക കൊടുക്കും. പണയവസ്തുവില്‍ അയാള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ അത് പോയെന്ന് കൂട്ടിയാല്‍ മതി. പലിശയോ മുതലോ ഒന്നും തിരിച്ചുചോദിക്കാതെ ഒരു കാലം കഴിഞ്ഞ് പണയം വെച്ചയാള്‍ തിരിച്ചെടുക്കാന്‍ ചെല്ലുമ്പോള്‍ അയാളൊരു കണക്കങ്ങ് ഉണ്ടാക്കിക്കൊടുക്കും. ആ സാധുവിന് അംഗീകരിക്കലല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല. കൈയ്യും വീശി വീട്ടില്‍പ്പോകാം.

രണ്ടാമത്തെ സാദ്ധ്യത വലിയ ബാങ്കുകളാണ്. പ്രിവിലേയ്ജ്ഡായിരുന്ന, വിദ്യാഭ്യാസമുള്ള മക്കളൊക്കെയുള്ള, കൃഷിക്കാരുടെ കാര്യത്തില്‍ ഒരു പരിധി വരെ രാജ്യത്തെ വലിയ ബാങ്കുകളിലെ ശാഖകളിലായിരുന്നിരിക്കണം. കടന്നുവരുന്നവരെ തിരിഞ്ഞുപോലും നോക്കാതെ അതീവഗൗരത്തില്‍ കണക്കെഴുതുന്ന ഗുമസ്തന്മാരും എഴുതിക്കൊടുക്കുന്ന സ്ലിപ്പുകളില്‍ ഒരക്ഷരമെങ്ങാനും തെറ്റുകയോ സ്ഥാനം മാറിപ്പോവുകയോ ചെയ്താല്‍ ചാടിക്കടിക്കുന്ന ടെല്ലര്‍മാരും ടൈയും കെട്ടി ഇന്നത്തെ നിലക്കുള്ള കോമാളിവേഷത്തില്‍ ചില്ലുകൂട്ടിലിരിക്കുന്ന മാനേജര്‍മാരും ഭയപ്പെടുത്തുന്ന നിശ്ശബ്ദതയും ഒക്കെയുള്ള ഇത്തരം ബാങ്കുകള്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് മിക്കവാറും, അന്നും ഇന്നും, അപ്രാപ്ര്യമായിരുന്നു. വായ്പക്ക് ചെല്ലുന്നവരെ നിഷേധാത്മകമായി സമീപിക്കുന്ന ആ ആദ്യത്തെ കടമ്പ മിക്കവാറും മനുഷര്‍ കടക്കില്ല.

ഇത് രണ്ടുമല്ലാതെ മനുഷ്യരുടെ സാദ്ധ്യതയായിരുന്നു സഹകരണ സംഘങ്ങള്‍. ഭൂപരിഷ്കരണത്തിന്റെ സാമ്പത്തിക തുടര്‍ച്ചക്ക് ഇടതുപക്ഷത്തിന്റെ വിഷന്‍. സാധാരണക്കാരായ മനുഷ്യര്‍ മറ്റുവിധത്തില്‍ അസാദ്ധ്യമായത് സാധിപ്പിക്കാനായി ഒത്തുചേര്‍ന്നതിന്റെ ഫലം. പരിചയക്കാരായ മനുഷ്യര്‍ പരിചയക്കാര്‍ക്കുവേണ്ടി പരിചയക്കാരാല്‍ നടത്തുന്ന സ്ഥലങ്ങള്‍. നടന്നോ മിനിമം ബസ് ചാര്‍ജ് ദൂരത്തിലോ പോകാവുന്ന ദൂരങ്ങള്‍. വായ്പെ എന്നത് മാനേജരുടെ ഔദാര്യം എന്നതിനപ്പുറം സഹകാരികളുടെ അവകാശമാണ് സഹകരണസംഘങ്ങളില്‍. ഭൂമി പണയം വെക്കാമെങ്കില്‍ വായ്പ കിട്ടുമെന്നത് ഏതാണ്ട് നൂറു ശതമാനം ഉറപ്പാണ്. ഒരു ഗ്രാം കമ്മലോ പൊട്ടിയ ഒരു വളയോ ഒക്കെ നാണക്കേടില്ലാതെ പോയി പണയം വെച്ച് പശുവിന് തീറ്റ വാങ്ങാം. . പശുക്കുട്ടിയെ വില്‍ക്കുമ്പോള്‍ തിരിച്ചെടുക്കാം. പ്രസവത്തിന് വീട്ടില്‍ വന്ന മകളുടെ മാലയെടുത്ത് പണയം വെച്ച് മകന്റെ ഹോസ്റ്റല്‍ ഫീസടക്കാം.പാലു വിറ്റ് ദിവസക്കുറി വെക്കാം. മകളുടെ‌ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നു വരുമ്പോഴേക്കും മതി, സമയമുണ്ട്.

പത്തുശതമാനം പലിശക്ക് മുഖ്യധാരാ ബാങ്കുകള്‍ വായ്പ കൊടുക്കുമ്പോള്‍ പതിനഞ്ചോ പതിനാറോ ഒക്കെ എന്ന കണക്കിന് പലിശ കൂടുതലായിട്ടും എന്തുകൊണ്ടാണ് സാമാന്യമനുഷ്യര്‍ സഹകരണബാങ്കുകളെ ആശ്രയിക്കുന്നത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ - പ്രാപ്യത. (Accessibility). അതല്ലെങ്കില്‍ വട്ടിപ്പലിശക്ക് കടം കൊടുക്കുന്നവരില്‍നിന്ന് അറുപതു മുതല്‍ നീറ്റിയിരുപത് ശതമാനം വരെ പലിശക്ക് പണം വാങ്ങി മുടിയുകയേ സാധാരണക്കാര്‍ക്ക് സാധിക്കൂ.

സഹകരണബാങ്കുകള്‍ മറ്റേത് ബിസിനസ് സ്ഥാപനത്തിനേയും പോലെ തങ്ങളുടെ കസ്റ്റമറുടെ താല്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുണ്ടാവാം, സമ്പൂര്‍ണ്ണമായ നൈതികത ഫെയര്‍ കോംപറ്റീഷന്‍ ഭരണകൂടം ഉറപ്പുവരുത്തുന്ന സാഹചര്യത്തില്‍ മാത്രം സാധിക്കുന്നതാണ്.

ആര്‍ എസ് എസ്സിന്റെ പ്രശ്നം കേരളനവോത്ഥാനത്തിന്റെ സാമ്പത്തികനട്ടെല്ല് സഹകരണസംഘങ്ങളായിരുന്നു, ഇപ്പോഴും ആണ്, എന്നതാണ്. പ്രശ്നം നൈതികതയുടേതല്ല, നഷ്ടപ്പെട്ട മേല്‍ക്കൈയുടേതാണ്.

സഹകരണബാങ്കുകള്‍ ഇല്ലായിരുന്നെങ്കില്‍ ഭൂപരിഷ്കരണത്തിന്റെ അന്തഃസത്ത പണ്ടേ കേരളത്തിന് കൈമോശം വന്നേനെ, മനുഷ്യരുടെ കൈവശമിരിക്കുന്ന നല്ലൊരു വിഭാഗം തുണ്ടുഭൂമികള്‍ പണയാധാരങ്ങളായി പഴയ ജന്മിമാരുടെ കൈവശം തിരിച്ചെത്തിയേനെ. അത്തരമൊരു നഷ്ടത്തിന്റെ ഗുണഭോക്താക്കളാവേണ്ടിയിരുന്നവരുടെ വിലാപമാണ് ആര്‍ എസ് എസ്സിന്റെ സഹകരണവെറി.

ദുരുപയോഗമൊന്നുമല്ല ആര്‍ എസ് എസിന്റെ പ്രശ്നം, നവോത്ഥാനവിരുദ്ധതയാണ്. പ്രശ്നം നഷ്ടപ്പെട്ട ഹെജമണിയുടേതാണ്, അവര്‍ അവകാശപ്പെടുന്ന നൈതികത തീര്‍ത്തും കപടമാണ്. പോരാത്തതിന് തങ്ങളുടെ പലിശബിസിനസ്സിന്റെ ഏറ്റവും വലിയ കടമ്പ സഹകരണബാങ്കുകളുമാണ്.

അതിര്‍ത്തിയില്‍ ധീരജവാന്മാര്‍ കാവല്‍ നില്‍ക്കുമ്പോള്‍ സഹകാരികള്‍ അരിയും തുണിയും വാങ്ങാനും ഭര്‍ത്താവിനെ ചികിത്സിക്കാനും മക്കളെ കോളേജിലൊക്കെ പഠിപ്പിക്കാനും വിവാഹം നടത്താനുമൊക്കെ പാടുണ്ടോ?! രാജ്യത്തിനുവേണ്ടി സഹകരണബാങ്കുകള്‍ പൂട്ടൂ. എന്നിട്ടാ ആധാരങ്ങള്‍ ഞങ്ങളെ ഏല്‍പ്പിക്കൂ!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top