20 April Saturday

ദേശസ്നേഹം തെളിയിക്കാൻ ഒരാൾ അനുഷ്ഠിക്കേണ്ടതെന്ത്?

എ കെ രമേശ്‌Updated: Thursday Oct 6, 2016

 



















10 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കരാറിലാണ് കഴിഞ്ഞ വര്‍ഷം സാക്ഷാല്‍ മോഡി ചൈനയില്‍ ചെന്ന് ഒപ്പ് വെച്ചത്! അത് വേണ്ടെന്നു വെക്കാന്‍ സ്വന്തം പാര്‍ട്ടി നാഷനല്‍ ജനറല്‍ സെക്രട്ടറി പറഞ്ഞാല്‍ മോഡി എങ്ങനെയായിരിക്കും പ്രതികരിച്ചിരിക്കുക?

'യുദ്ധകാലമാവുമ്പോള്‍ സൂക്ഷിച്ചു സംസാരിക്കണം. ശത്രുവിന് ഒരു പഴുതും അനുവദിച്ചുകൂടാ. അതു കൊണ്ട് ചിലപ്പോള്‍ സത്യമാണെന്ന് അറിയുന്ന കാര്യം കൂടി പറഞ്ഞുകൂടാ'

പണ്ട് ഇന്ത്യാചൈനാ യുദ്ധകാലത്ത് മുത്തശ്ശി പറഞ്ഞു കേട്ടതാണ്. അയല്‍പക്കത്താണെങ്കില്‍ പോലീസുകാരനാണ് താമസം. അതു കൊണ്ട് ഇടയ്ക്ക് അവര്‍ വിക്കന്‍ നമ്പൂതിരിയെ ശപിക്കും. പോലീസുകാരന്‍ പോയ്‌ക്ക‌ഴിഞ്ഞുവെന്നുറപ്പായാല്‍ അവര്‍ പറയും: ഇടിത്തീവെട്ടിപ്പൊട്ടെ. ആ നല്ല മനുഷ്യനെ കുറ്റം പറയിച്ചതിന്.' 

മുത്തശ്ശി പഠിപ്പിച്ചത് ഒക്കെ മറന്നതുകൊണ്ടാവാം, പാക്കിസ്ഥാന്‍ ഭീകരരെ പ്രോത്സാഹിപ്പിക്കുന്നതിന് ചൈനക്കിട്ട് കൊട് രണ്ട് കീച്ച് എന്നു പറഞ്ഞു കേട്ടപ്പോള്‍ തോന്നിയത് ഞാനങ്ങ് പറഞ്ഞു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് നിറയെ ആഹ്വാനം. പണ്ട് അമേരിക്ക ഇന്ത്യക്ക് നേരെ ഉപരോധം ഏര്‍പ്പെടുത്തിയുപ്പാള്‍ കണ്ടില്ലല്ലോ ഈ ദേശസ്നേഹം എന്നായിരുന്നു എന്റെ കമന്റ്. ദാണ്ടേ വരുന്നു ചോദ്യശരങ്ങള്‍. എന്‍റെ രാജ്യസ്നേഹം തന്നെയാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇതിലെങ്കിലും തന്റെ രാഷ്ട്രീയക്കണ്ണട ഒഴിവാക്കിക്കൂടെ എന്ന്! എന്റെ പൊന്നു മുത്തശ്ശീ എന്ന് അറിയാതെ വിളിച്ചു പോയി.

അപ്പോഴാണ് മുത്തശ്ശി സ്വപ്നത്തില്‍ പ്രത്യക്ഷപെട്ട് ഒരു ക്ലൂ തരുന്നത്. എവിടെയാണീ രാജ്യ സ്നേഹത്തിന്റെ ഉറവിടം എന്നു കണ്ടുപിടിയെടാ എന്നും പറഞ്ഞ് ഒരൊറ്റ പ്പോക്ക് . ഞെട്ടിയുണര്‍ന്ന ഞാന്‍ നേരെ ചെന്നത് ട്വിറ്ററില്‍. ട്വിറ്ററാകെ അരിച്ചുപെറുക്കി. ദാണ്ടേ കിടക്കുന്നു, ഒറിജിനല്‍ കഥാകൃത്ത്.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗ്യ (അതോ വര്‍ഗീയ എന്നാണോ ഉച്ചാരണം എന്നറിയില്ല) യാണ് ഉറവിടം. ചൈനീസ് ഉല്‍പ്പന്നം വാങ്ങുന്നത് ഭീകരരാഷ്ട്രത്തെ പ്രോത്സാഹിപ്പിക്കലായിരിക്കും എന്നാണ് മൂപ്പരുടെ ട്വീറ്റ്. അതാണ് മദര്‍ / ഫാദര്‍ ഓഫ് ഓള്‍ ട്വീറ്റ്സ്!

വെടി പൊട്ടിച്ചത് മൂപ്പരാണെങ്കിലും, മോഡി ജി വിളിച്ചു പറഞ്ഞിട്ടാണോ എന്നറിയില്ല വിജയ് വര്‍ഗ്യ നാളുകള്‍ക്കകം ആ ട്വിറ്റ് ഡിലീറ്റ് ചെയ്ത് തന്റെ വാള്‍ നന്നായി വൈറ്റ് വാഷ് ചെയ്തു കളഞ്ഞു.

അന്നു രാത്രിയും മുത്തശ്ശി സ്വപ്നത്തില്‍ . കാര്യം കണ്ണു തുറന്നൊന്ന് നോക്ക് എന്നും പറഞ്ഞ് ഒരു പോക്ക്. എനിക്കുണ്ടോ പിന്നെ ഉറക്കം കിട്ടുന്നു? ഇത്തവണ നോക്കിയത് ഗൂഗിളാണ്. മൂപ്പത്തി തോന്നിപ്പിച്ചതാണെന്ന് അമ്മ! ഗൂഗിള്‍ തുറന്നപ്പോഴല്ലേ കണ്ണ് തുറന്നത്? ട്വിറ്ററിലെ ട്വീറ്റ് അപ്രത്യക്ഷമായതിന്റെ കാരണം അപ്പോഴല്ലേ മനസ്സിലായത്? 10 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കരാറിലാണ് കഴിഞ്ഞ വര്‍ഷം സാക്ഷാല്‍ മോഡി ചൈനയില്‍ ചെന്ന് ഒപ്പ് വെച്ചത് ! അത് വേണ്ടെന്നു വെക്കാന്‍ സ്വന്തം പാര്‍ട്ടി നാഷനല്‍ ജനറല്‍ സെക്രട്ടറി പറഞ്ഞാല്‍ മോഡി എങ്ങനെയായിരിക്കും പ്രതികരിച്ചിരിക്കുക?

ഗൂഗിള്‍ പിന്നെയും തന്നു കുറെക്കൂടി വിവരങ്ങള്‍. ദീപാവലിക്ക് പടക്കം വാങ്ങരുത്; കളിക്കോപ്പ് വാങ്ങരുത് എന്നൊക്കെയായിരുന്നല്ലാേ ബി.ജെ.പി ആര്‍.എസ്.എസ് സംഘപരിവാര്‍ പ്രചാരണം. ഒരു സംഘപരിവാര്‍ ബന്ധവുമില്ലാത്ത നിഷ്കളങ്കനായ ഒരു രാജ്യസ്നേഹി സുഹൃത്താണ് അവരുടെ വാദമുഖങ്ങള്‍ ഉന്നയിച്ച് എന്റെ രാജ്യ സ്നേഹത്തില്‍ സംശയമുന്നയിച്ച ഒരാള്‍!

കണക്കുകളാകെ അരിച്ചുപെറുക്കി നോക്കി. നാം ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് എന്തെല്ലാം? ഏതെല്ലാം വേണ്ടെന്നു വെക്കാം? വേണ്ടെന്നുവെച്ചാല്‍ നമുക്ക് വല്ല നഷ്ടവും വരുമോ? ചൈന പാഠം പഠിച്ച് നമ്മള്‍ പറയും പടി പെരുമാറാന്‍ തുടങ്ങുമോ? ഇക്കാര്യങ്ങളല്ലെ രാജ്യസ്നേഹമുള്ള ആരും അന്വേഷിക്കുക? ഞാനും അത്രയേ ചെയ്തുള്ളൂ. അപ്പോഴേക്ക് എനിക്ക് ബോദ്ധ്യമായി, എന്തേ ട്വീറ്റ് ഡിലീറ്റായി എന്ന്! ബോറടിക്കുന്നില്ലെങ്കില്‍ ഈ കണക്കൊന്ന് നോക്കൂ. ചൈനയില്‍ നിന്നുള്ള ഇറക്കുമതിയുടെ 32.02 ശതമാനവും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളാണ്. പടക്കമല്ല, കളക്കോപ്പുമല്ല. ഇലക്ട്രോണിക് ഉല്‍പ്പന്നം ബഹിഷ്കരിക്കാന്‍ പറയാന്‍ RSS ന് കഴിയില്ലല്ലോ. പിന്നെ വരുന്നത് 17.1 ശതമാനമുള്ള ന്യൂക്ലിയാര്‍ റിയാക്ടറാണ്. പടക്കമല്ല റിയാക്ടര്‍. അതിന്റെ പെട്ടി പൊട്ടിക്കേണ്ട എന്നു വെക്കാനും തിരിച്ചയക്കാനും സംഘപരിവാര്‍ വിചാരിച്ചാല്‍ ആവില്ലല്ലോ. അടുത്തത് ഇറക്കുമതിയുടെ 9.83 ശതമാനം വരുന്ന ഓര്‍ഗാനിക് കെമിക്കല്‍സ്. ആവുമോ നമുക്കവ വേണ്ടെന്നു വെക്കാന്‍?പിന്നെ വരുന്നത് ഇരുമ്പുരുക്കാണ്. 3.82 ശതമാനം. പിന്നെയാണ് പ്ലാസ്റ്റിക്ക് സാമഗ്രികള്‍. 2.74 ശതമാനം.

വേറൊരു പ്രധാന ഇറക്കുമതിയുണ്ട്. വേണ്ടെന്നു വെക്കാന്‍ മോഡിയുടെ ഉറ്റ സുഹൃത്ത് സണ്‍ ഫാര്‍മാ ഉടമ സമ്മതിക്കുമോ? നമ്മുടെ ഫാര്‍മസ്യൂട്ടിക്കല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്ന അസംസ്‌കൃത സാധനങ്ങളുടെ 90 ശതമാനം സപ്ളൈ ചെയ്യുന്നത് ചൈനയാണ്. മറ്റാര്‍ക്കും മത്സരിക്കാനാവാത്ത വിലക്ക്. വേണ്ടെന്നു വെക്കണോ നാം? അതൊക്കെ പോകട്ടെ. നമ്മുടെ മാര്‍ക്കറ്റില്‍ ഏറെ ഡിമാണ്ടുള്ള ആപ്പിള്‍ ഫോണുകളുടെ നിര്‍മ്മാണ ഹബ്ബ് ചൈനയാണ്.

ഇതൊക്കെ വേണ്ടെന്നു വെക്കാന്‍ പറയാനാവില്ല എന്നറിയാവുന്നതുകൊണ്ടാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുടെ ട്വീറ്റ് ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമായത്!

ആകയാല്‍ കാള പെറ്റെന്നു കേള്‍ക്കേണ്ട താമസം, കയറെടുക്കുന്നതില്‍ തെറ്റില്ല; ആ തിരക്കില്‍ രാജ്യസ്നേഹത്തിന്റെ അളവെടുക്കാന്‍ ആ കയറെടുക്കരുത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top