19 April Friday

വഖഫ്-ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍: ലീഗ് കുപ്രചരണത്തിന് മറുപടിയുമായി കെ ടി ജലീല്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 14, 2021

വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുസ്ലിം ലീഗ്. സര്‍ക്കാര്‍ തീരുമാനത്തിന്റെ പേരില്‍ അസത്യവും തെറ്റിധരിപ്പിക്കുന്നതുമായ പ്രചരണവും ലീഗ് നടത്തുന്നുണ്ട്. 'മുസ്ലിംകളെ തകര്‍ക്കാന്‍ എകെജി സെന്ററില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നു' എന്നാണ് ലീഗ് പ്രചരണം. വഖഫ് നിയമനത്തെക്കുറിച്ചും ലീഗിന്റെ കുപ്രചരണം തുറന്നുകാട്ടിയും ഡോ.കെ ടി ജലീല്‍ എഴുതിയ കുറിപ്പ് ചുവടെ. 

ജനങ്ങളെ വിഡ്ഢികളാക്കരുത്

1) വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ PSC ക്ക് വിട്ടത് പോലെ ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ PSC ക്ക് വിടാത്തത് എന്ത്‌കൊണ്ടാണെന്നാണ് ചിലരുടെ ഹിമാലയന്‍ ചോദ്യം.

ഉത്തരം ലളിതമാണ്. ഹൈന്ദവ സമുദായത്തിലെ നിലവില്‍ ജോലി  സംവരണമുള്ള വിഭാഗങ്ങള്‍ക്കും ജോലി സംവരണമില്ലാത്ത മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും നിശ്ചിത ശതമാനം ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സംവരണം ചെയ്തിട്ടുണ്ട്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് നിശ്ചയിച്ചിട്ടുള്ള നിശ്ചിത ശതമാനം സംവരണ രീതി PSC യില്‍ നിലവിലില്ലാത്തതിനാല്‍ ഇത്തരം നിയമനങ്ങള്‍ PSC യിലൂടെ പ്രായോഗികമാക്കാന്‍ കഴിയില്ല. അത് കൊണ്ടാണ് ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ PSC ക്ക് വിടാന്‍ സാധിക്കാത്തത്. എന്നാല്‍ മുസ്ലിങ്ങളില്‍ ജാതി സമ്പ്രദായം ഇല്ലാത്തത് കൊണ്ടുതന്നെ PSC യിലൂടെ മുസ്ലിം സമുദായത്തില്‍ പെട്ട ഒരാളെ നിയമിക്കുന്നതിന് യാതൊരു പ്രയാസവുമില്ല.

2) രണ്ടാമത്തെ ചോദ്യം മുസ്ലിങ്ങളിലെ വിശ്വാസികളായവരെ നിയമിക്കാന്‍ PSC നിയമനം തടസ്സമാകും എന്നുള്ളതാണ്.

വിശ്വാസം സ്ഥായിയായി നില്‍ക്കുന്ന ഒന്നല്ല. സങ്കോചവികാസങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് വിശ്വാസമെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. വഖഫ് ബോര്‍ഡില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിലൂടെയുള്ള നിയമനത്തില്‍ മുസ്ലിങ്ങളിലെ വിശ്വാസിയേയും അവിശ്വാസിയേയും വേര്‍തിരിച്ചറിയാന്‍ സ്വീകരിക്കുന്ന അളവുകോല്‍ എന്താണ്? അതിന് പ്രത്യേക യന്ത്രം ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ലെന്നിരിക്കെ വഖഫ് ബോര്‍ഡ് ഇക്കാലമത്രയും സ്വീകരിച്ച 'മാപിനി' ഏതാണെന്നറിയാന്‍ ജനങ്ങള്‍ക്ക് കൗതുകം തോന്നുക സ്വാഭാവികം. ഇനി അങ്ങിനെ ഒരു യന്ത്രത്തിന്റെ സഹായത്താല്‍ വിശ്വാസിയെന്ന് കണ്ടെത്തി ഒരാളെ നിയമിച്ചു എന്നുതന്നെ വെക്കുക. കുറച്ച് കഴിഞ്ഞ് അയാള്‍ അവിശ്വാസിയായാല്‍ അവരെ വഖഫ് ബോര്‍ഡില്‍ നിന്ന് പിരിച്ചുവിടാന്‍ നിലവില്‍ വല്ല നിയമവുമുണ്ടോ?

കമ്യൂണിസ്റ്റുകാരുടെയും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും ദേശക്കൂറളക്കാര്‍ 'കൂറോമീറ്ററു'മായി നടന്ന സംഘപരിവാറുകാരെ കുറിച്ച് പരിഹാസ രൂപേണ പലരും പണ്ട് പറഞ്ഞു കേട്ടിരുന്നു. മുസ്ലിം സംഘികളുടെ കയ്യില്‍ തങ്ങള്‍ക്കിടയിലെ വിശ്വാസികളെയും അവിശ്വാസികളെയും വിവേചിച്ചറിയാന്‍ പര്യാപ്തമായ വല്ല 'വിശ്വാസോമീറ്ററും' ഉണ്ടോ? ഉണ്ടെങ്കില്‍ അതെടുത്ത് അവനവനു നേരെ ഒന്ന് പിടിച്ച് നോക്കിയാല്‍ എത്ര നന്നായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top