01 December Friday

"ആശുപത്രിയിൽ രക്തം മാത്രമല്ല, നാട്ടിലെ സാധാരണ മനുഷ്യർക്ക് വേണ്ടി ഓടി നടക്കും; അവരെ സഖാവേ എന്നാവില്ല, മക്കളെ എന്നാവും വിളിക്കുക'

വെബ് ഡെസ്‌ക്‌Updated: Tuesday Sep 1, 2020

"സഖാവേ കേൾക്കാൻ നിൽക്കുന്നില്ല. ഇന്നലെ പോയ ആശുപത്രി കേസ് , നാളെയാണ് ഡിസ്ചാർജ് ആവുന്നെ. അവർക്ക് ഒരു വണ്ടി ഏർപ്പാട് ചെയ്യണം. പാർട്ടി കുടുംബം അല്ല. എന്നാലും കുറച്ചു ബുദ്ധിമുട്ടിൽ ഉള്ള കുടുംബമാണ്. ഒരു വണ്ടി കിട്ടിയാൽ ഞാൻ തന്നെ പോയി വിളിക്കാം എന്നു വിചാരിക്കുവാ. ഒന്ന് തപ്പട്ടെ'. എൻ നൗഫലിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.

പൗരത്വ നിയമത്തിന് എതിരെ ഡി വൈ എഫ് ഐ സംസ്‌ഥാനം ഒട്ടുക്കെ പ്രതിഷേധ സമരങ്ങൾ നടത്തുന്ന സമയം. തിരുവനന്തപുരം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അൻസാരി സഖാവ് വിളിച്ച്‌, ജില്ലയുടെ ഉൾ പ്രദേശത്തെ ഒരു മേഖലയിലെ പരിപാടിയിൽ സംസാരിക്കാൻ ഏല്പിച്ചു. ബസ് അപൂർവം ആയ സ്ഥലത്തേക്ക് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ വന്ന് പ്രദേശത്തെ സഖാക്കൾ കൊണ്ട് പോകും.

തിരുവനന്തപുരത്ത് നിന്ന് ബസ് കേറിയപ്പോഴേ, മേഖല സെക്രട്ടറി വിളിച്ചു. നെയ്യാറ്റിനക്കരയിൽ എത്തുമ്പോഴേക്ക് വന്നു വിളിക്കാൻ ആളെത്തും എന്ന് ഓർമിപ്പിച്ചു. ഇടയ്ക്ക് വിളിച്ചു തിരക്കി, എവിടെ എത്തിയെന്ന്. നെയ്യാറ്റിൻകര എത്തിയപ്പോ മേഖല കമ്മിറ്റി അംഗം കാത്തു നിൽക്കുന്നു. ബൈക്കിൽ ഞങ്ങൾ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് തിരിച്ചു.

"പണി സ്ഥലത്തു നിന്ന് നേരെ വന്നതാ ഞാൻ. താമസിച്ചോ സഖാവേ' എന്നു ചോദിച്ചു ചിരിച്ചും കൊണ്ട് പുള്ളി കാല പഴക്കം ചെന്ന ഹീറോ ബൈക്ക് സ്റ്റാർട്ട് ചെയ്‌തു.

പോകും വഴിക്ക്, പരിചയപ്പെട്ടു. പുള്ളി ജീവിതം പറഞ്ഞു. ഞാൻ കേട്ടു.

വർഷങ്ങളായി സംഘടനാ പ്രവർത്തനമുണ്ട്. സ്‌കൂളിൽ പടിക്കുമ്പോ എസ് എഫ് ഐ കാരനായി തുടങ്ങിയതാണ്. പിന്നെ ഡി വൈ എഫ് ഐ ആയി. വീട്ടിലെ ബുദ്ധിമുട്ട് കാരണം പഠനം കഴിഞ്ഞ് ഗൾഫിൽ പോയി. ആപ്പഴും മനസ്സ് നാട്ടിൽ തന്നെ. പ്രദേശത്തെ സഖാക്കൾ നാട്ടിലെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ആരുടെ എങ്കിലും കേസ് വന്നാൽ വിളിക്കും. അപ്പോ ശെരിക്കും സന്തോഷമാണ്. ആളായി കൂടെ നിൽക്കാൻ പറ്റിയിലെങ്കിലും സംഘടനയ്‌ക്ക് ഒപ്പം മറ്റൊരു വിധത്തിൽ പ്രവർത്തിക്കാൻ ഉള്ള അവസരമാണ് ഗൾഫിൽ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ചെറിയ പണത്തിന്റെ ഒരു ഭാഗം നാട്ടിലെ സംഘടനാ പ്രവർത്തനത്തിന് കൂട്ട് ചേർക്കുമ്പോൾ.

വീട് വച്ചു കഴിഞ്ഞപ്പോൾ നാട്ടിലേക്ക് വന്നു. അപ്പോഴാണ് ശ്വാസം നേരെ വീണത്. ദിവസവും ആരെങ്കിലും എന്തെങ്കിലും കുഞ്ഞു കുഞ്ഞു ആവശ്യത്തിനു ഫോണിൽ വിളിക്കുമ്പോ തോന്നുന്ന സന്തോഷം ആണ് ഏറ്റവും വലുത് എന്നു തോന്നും.

ഇടയ്ക്ക് പണി മുടങ്ങും, അത് മാത്രം ആണ് പ്രശനം. ഒന്നോ രണ്ടോ ദിവസം ആണെങ്കിൽ സീനില്ല. അടുപ്പിച്ചു മുടങ്ങിയാൽ വീട് പട്ടിണി ആവും. '

'പാർട്ടിയോ പണിയോ എന്നു ചോദിച്ചാൽ പാർട്ടി കഴിഞ്ഞിട്ടേ പണിയുള്ളൂ.'

പുള്ളി അത് പറഞ്ഞിട്ട് ചിരിച്ചു.

'പണി പണി എന്നു കേൾക്കുമ്പോ വലിയ പണിയാണ് എന്നു സഖാവ് വിചാരിക്കുമോ?'

എന്നോട് ചോദിച്ചു.

ഞാൻ ഇല്ലെന്ന് മുരടനക്കി.

'തട്ടിന്റെ പണിയാണ്. ഇന്ന് ലീവ് ചോദിക്കാൻ പറ്റിയില്ല. ഇന്നലേം ലീവ് ആർന്നു. ഇവിടുന്നു മെഡിക്കൽ കോളേജിൽ ഒരു ആശുത്രി കേസ് ഉണ്ടാരുന്നു.'..

പരിപാടി നടക്കുന്ന സ്‌ഥലമെത്തി.

എന്നെ ഇറക്കിയിട്ട് പുള്ളി പറഞ്ഞു,

"സഖാവേ കേൾക്കാൻ നിൽക്കുന്നില്ല. ഇന്നലെ പോയ ആശുപത്രി കേസ് , നാളെയാണ് ഡിസ്ചാർജ് ആവുന്നെ. അവർക്ക് ഒരു വണ്ടി ഏർപ്പാട് ചെയ്യണം. പാർട്ടി കുടുംബം അല്ല. എന്നാലും കുറച്ചു ബുദ്ധിമുട്ടിൽ ഉള്ള കുടുംബമാണ്. ഒരു വണ്ടി കിട്ടിയാൽ ഞാൻ തന്നെ പോയി വിളിക്കാം എന്നു വിചാരിക്കുവാ. ഒന്ന് തപ്പട്ടെ'.

പഴയ ഹീറോ ബൈക്ക് ഇറ്റ് കിതപ്പോടെ ആ മനുഷ്യനെയും കൊണ്ട് പോകുന്നത് വേദിയിലേക്ക് കേറും വരെ എനിക്ക് കാണാൻ പറ്റുന്നുണ്ട്.

***.

ഇതു പോലെ പതിനായിരക്കണക്കിന് മനുഷ്യരാണ് ഡി വൈ എഫ് ഐയെ ചലിപ്പിക്കുന്നത്. നാട്ടിലെ സാധാരണ മനുഷ്യരുടെ ഫോൺ കൊണ്ടാക്ടിൽ ഇവരുടെ പേരും നമ്പറും ഉറപ്പായും കാണും. ആശുപത്രിയിൽ രക്തം മാത്രമല്ല, ബില്ലടയ്ക്കാനുള്ള പണവും സംഘടിപ്പിക്കാൻ നാട്ടിലെ സാധാരണ മനുഷ്യർക്ക് വേണ്ടി ഇവർ ഓടി നടക്കും.

അവരെ സഖാവേ എന്നാവില്ല, മക്കളെ, എന്നാവും ആ നാട്ടിലെ മുതിർന്നവർ വിളിക്കുക.

വഴി തർക്കത്തിൽ മധ്യസ്ഥം പറയാൻ അവരോളം സത്യസന്ധർ മറ്റാരുമില്ല ഇന്ന് ഇരു കൂട്ടരും ഉറപ്പിക്കും.

ഇരകൾക്ക് പോലീസ് സ്റ്റേഷനിൽ പോകാൻ, അവരാകും കൂട്ടു പോകുക. നീതി കിട്ടും വരെ അവർ തങ്ങൾക്ക് ഒപ്പം ഉണ്ടാകും എന്ന വിശ്വാസം മുറിവേൽകുന്നവർക്ക് സ്വാഭാവികം ആയി വന്നു ചേരും.

പ്രദേശത്തെ ആശുപത്രിയിൽ ഒരു ആൾ സഹായം വേണ്ടി വന്നാൽ സൂപ്രണ്ട് അവരെയാകും ആദ്യം വിളിക്കുക എന്നത് എന്റെ നേരനുഭവമാണ്.

പതിനായിരം ചോറ് പൊതികൾ മെഡിക്കൽ കൊളേജിലേക്ക് കൊടുക്കാൻ ഊഴം കാത്തിരിക്കന്നവരാകും അവർ.

ഏത് വീടിനു മുന്നിലും വന്ന് '5 പൊതി എഴുതട്ടെ' ? എന്നവർ അവിടുത്തെ അമ്മയോട് ചോദിക്കുമ്പോൾ ' നീ ഇഷ്ടമുള്ളത് എഴുതേടാ, ആസ്പത്രിയിലേക്കല്ലേ, നല്ല കാര്യത്തിനല്ലേ'. എന്ന് ഏതമ്മയും സമ്മത പെടും.

SSLC ക്കോ പ്ലസ് ടു. വിനോ ജയിക്കുന്ന കുഞ്ഞുങ്ങളെ ആദ്യം ചേർത്തു പിടിക്കാനും സമ്മാനം കൊടുക്കാനും ഫ്‌ളക്‌സ് അടിക്കാനും ആദ്യം ഓടിയെത്തുക അവരാകും.

ഓണത്തിനും പ്രളയത്തിനും കൊറോണ കാലത്തും പാവങ്ങൾക്ക് ഭക്ഷ്യ കിറ്റ് കൊടുക്കുംമ്പോൾ ഒരു ബിജെപി കാരന്റെയും എസ് ഡി പി കാരന്റെയും വീട് വിട്ടു പോകില്ല എന്നവർ ഉറപ്പാക്കും. 'പട്ടിണിക്ക് എന്ത് രാഷ്ട്രീയം ? എന്നവർക്ക് മറ്റാരേക്കാളും നന്നായ് അറിയും.

പ്രളയം വന്നാലും കൊറോണ വന്നാലും അവർ ദുരന്തം തൊട്ടവർക്ക് ഒപ്പമുണ്ടാകും. ആക്രി പെറുക്കി പത്തു കോടി മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത വാർത്ത ഒരു പത്രത്തിലും വന്നില്ലെങ്കിലും അവർക്ക് ഒരു ചുക്കുമില്ല. അവർ ആഘോഷിക്കപ്പെടാൻ വേണ്ടിയല്ല ജീവിച്ചത്, ജീവിക്കുന്നത്.

കൊറോണ ബാധിതർ മരിച്ചാൽ അവരെ സംസ്കരിക്കാൻ ഒരു പേടിയും അവർക്കില്ല.

ഒരൊറ്റ ദിവസം കൊണ്ട് ഒരു ഓഡിറ്റോറിയം കൊറന്റൈൻ സെന്റർ ആക്കാൻ അവരെ വിളിച്ചാൽ മതിയെന്ന് പഞ്ചായത്തു പ്രസിഡണ്ട് ആത്മവിശ്വാസപ്പെടും.

ഏത് കൊറന്റൈൻ കേന്ദ്രത്തിലും മാസങ്ങൾ വീട്ടിൽ പോകാതെ കൂട്ടിരിക്കാൻ അവർക്ക് ഒരു ബുദ്ധിമുട്ടുമില്ല.

അവരിൽ നല്ല പങ്കും കമ്മ്യുണിസ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ടാകണം എന്നില്ല. 'മൂലധനത്തിന്റെ' ഒരു കോപ്പി വാങ്ങി വായിച്ചത് അവർ ഇനിയും വായിച്ചു തുടങ്ങിയിട്ട് ഉണ്ടാകണം എന്നു പോലുമില്ല. പക്ഷെ, അവർക്ക് ഏത് ബുദ്ധിജീവിയെക്കാളും നന്നായി മാർക്സിയൻ ദർശനം വഴങ്ങും. അവർക്ക് അത് പ്രയോഗമാണ്. അവർക്ക് അത് അവരുടെ ജീവിതത്തിന്റെ സാരമാണ്.

അവർ ഒരിക്കൽ പോലും എകെജി സെൻറർ നകത്ത് കയറിയിട്ടുണ്ടാവില്ല.

അവർ ഏത് അനീതിക്കും നേരെ സമരം ചെയ്യും. പോലീസിന്റെ തല്ലു കൊള്ളും. ജയിലിൽ കിടക്കും. എന്നാലും പുറത്തിറങ്ങി പിന്നെയും സമരം ചെയ്യും. അവർ ജീവിതത്തിൽ ഒരിക്കലും ഒരു അനീതിക്കും നേരെ മാപ്പ് പറഞ്ഞ് സ്വന്തം ജീവിതം പുളകപ്പെടുത്തില്ല.

നോക്ക്, അവരിൽ നല്ല പങ്കും കൂലി പണിക്കാരാവും. പെട്രോൾ അടിക്കാൻ പാട് പ്പെടുന്നവരാകും.കുഞ്ഞു മകൻ പറഞ്ഞ സമ്മാനം വാങ്ങാൻ പണമില്ലാത്തതിനാൽ രാത്രി വൈകി, കുഞ്ഞുറങ്ങിയ ശേഷം വീട്ടിൽ വന്നു കയറുന്നവരാകും.

അവർ ഒരു സ്‌ഥാന മാനവും പ്രതീക്ഷിച്ചു പൊതുപ്രവർത്തനം തുടങ്ങിയരാവില്ല. രാഷ്ട്രീയ പ്രവർത്തനം കൊണ്ട് അവർക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുണ്ടാകു. എന്നാലും അതൊന്നും അവർ നഷ്ടമായി എണ്ണുകയെ ഇല്ല.

ആയതിനാൽ, പ്രിയ മിഥിലാജ്, പ്രിയ ഹക്ക് മുഹമ്മദ്, എന്റെ പ്രിയ സഖാക്കളെ, നിങ്ങളെ ഒരിക്കലും കണ്ടിട്ടില്ല എങ്കിലും നിങ്ങളെ എനിക്ക് അറിയാം. നിങ്ങളുടെ ജീവിതം നന്നായി അറിയാം.

ഒരു മാധ്യമ പൊന്നു തമ്പുരാന്റെയും രാത്രി ചർച്ചയിൽ നിങ്ങളുടെ കൊലപാതകം ചർച്ചയാവില്ല. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കണ്ണീര് ഒരു വലതു പക്ഷ ക്യാമറയ്ക്കും സൂം ചെയ്യാൻ തോന്നില്ല. നിങ്ങളെ കൊന്നു കളഞ്ഞവരുടെ രാഷ്ട്രീയം പോലും കേരളത്തിന്റെ 'നിഷ്പക്ഷ' മാധ്യമ സിംഹങ്ങൾക്ക് പ്രധാനമാകില്ല. .ഒരു രാഷ്ട്രീയ നിരീക്ഷകനും നിങ്ങളുടെ മരണത്തെ പ്രതി കൊലയാളി രാഷ്ട്രീയത്തെ പറ്റി ഓക്കാനിക്കില്ല.

എങ്കിലും സഖാക്കളേ, നിങ്ങളെ ഞങ്ങൾ അറിയുന്നു. നിങ്ങളെ ഞങ്ങൾ അനുഭവിക്കുന്നു. ഒരു വാഴ്ത്തുപാട്ടിനും വിധേയപ്പെടാത്ത നിങ്ങളുടെ മരണത്തെ ഞങ്ങൾ ഞങ്ങളുടെ കൂടി മരണമായി എണ്ണുന്നു.

എല്ലാ തിരുവോണത്തിനും എന്ന പോലെ ഈ തിരുവോണ നാളിലും, സമയത്തിന് ഉണ്ണാൻ വീട്ടിലെത്താത്ത നിങ്ങളെ പ്രതി കാത്തിരിക്കുന്ന നിങ്ങളുടെ വീട്ടിലെ മനുഷ്യരുടെ അവസാന കാത്തിരിപ്പിൽ ചോര പുരണ്ടതിനാൽ മാത്രം ഞങ്ങളുടെയും ഊണ് കാലമാകുന്നേയില്ല.

എങ്കിലും ഊർജം കെടാതെ വിളിക്കട്ടെ..

ആര് പറഞ്ഞു മരിച്ചെന്ന്

ഞങ്ങടെ നെഞ്ചിലിരിപ്പല്ലേ

ആളിക്കത്തും തീയായി

ഇടിവെട്ടുന്നൊരു വാക്കായി

കണ്ണീർ തൂകും കണ്ണുകളിൽ

ആവേശത്തിൻ നോട്ടവുമായി. .

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ...
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top