26 April Friday

'വര്‍ഷങ്ങള്‍ക്ക് മുമ്പ് ജേര്‍ണലിസ്റ്റായി കണ്ട വീണയല്ല; ജനകീയയായ പൊതുപ്രവര്‍ത്തകയാണ്, അതുകൊണ്ട് വീണ ജോര്‍ജിലാണ് അവിടെ എന്റെ ബെറ്റ്'

വെബ് ഡെസ്‌ക്‌Updated: Saturday Mar 23, 2019

പത്തനംതിട്ടയില്‍ നിന്ന് വീണ ജോര്‍ജ്ജിനെ കണ്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജേര്‍ണലിസ്റ്റായി കണ്ട വീണയല്ല. ജനകീയയായ പൊതുപ്രവര്‍ത്തകയാണ്. അതുകൊണ്ട് വീണ ജോര്‍ജിലാണ് അവിടെ എന്റെ ബെറ്റ്. മാധ്യമപ്രവർത്തകനായ ശ്രീജിത്ത്‌ ദിവാകരന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌.

ഇത്തവണ കേരളത്തില്‍ തിരഞ്ഞെടുപ്പ് പള്‍സ് അറിയാനായി നടത്തിയ യാത്ര പത്തനം തിട്ടയിലേയ്ക്ക് മാത്രമാണ്. രാജീവിനും വയ്ര്‍ സംഘത്തിനും ഒപ്പം. ആന്റോ ആന്റണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള യാത്രയാണ്. മനസിലായിടത്തോളം മൂന്നാം സ്ഥാനത്തിനല്ലാതെ മറ്റൊരു സ്ഥാനത്തിനും ബി.ജെ.പി മത്സരിച്ചിട്ട് ഒരു കാര്യവും അവിടെയില്ല. കഴിഞ്ഞ തവണത്തേക്കാള്‍ ലേശം കൂടി മെച്ചപ്പെട്ട അവസ്ഥയുണ്ടായേക്കും. പക്ഷേ ബി.ജെ.പിക്കുള്ളില്‍ നായര്‍-ഈഴവ പോര് അതിശക്തമാണ്. പരമ്പരാഗത നായര്‍ ലോബിക്ക് കെ.സുരേന്ദ്രന്‍ വരുന്നതില്‍ ഒരു താത്പര്യവുമില്ല. ബി.ജെ.പിയുടെ പണിയെടുക്കുന്ന കീഴാളരാകട്ടെ ബി.ജെ.പിയുടെ നാശകാരണങ്ങളിലൊന്നാണ് ശ്രീധരന്‍പിള്ളയെന്ന് കരുതുന്നു. പത്തനംതിട്ടയ്ക്ക് വേണ്ടി ബി.ജെ.പിയില്‍ പുറത്തു നടക്കുന്ന യുദ്ധം കണ്ടിട്ട് അവിടെ പോയി നോക്കിയാല്‍ ജയിക്കാന്‍ പോയിട്ട് രണ്ടാം സ്ഥാനത്തെത്താനുള്ള പണികള്‍ പോലും ഗ്രൗണ്ടില്‍ നടക്കുന്നില്ലെന്നതാണ് മനസിലാകും. മറിച്ച് റിസള്‍ട്ടുണ്ടാകാന്‍-എന്നുവച്ചാ രണ്ടാം സ്ഥാനത്തെത്താന്‍ അത്ഭുതം സംഭവിക്കണം.

ആന്റോ ആന്റണിയാണെങ്കില്‍ തോല്‍പ്പിച്ചിരിക്കും എന്നാണയിടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കണ്ടിട്ടാണ് പോന്നത്. ചിരിച്ചുകൊണ്ടാണ് പറഞ്ഞത്. ചിരിച്ചുകൊണ്ട് ആന്റോ ആന്റണിക്ക് സ്വീകരണം നല്‍ക്കുന്നത് പിന്നീട് കണ്ടു. എന്തു സംഭവിക്കുമോ ആവോ? കോണ്‍ഗ്രസ് ഉള്‍പ്പോരൊന്നുമില്ലാതെ നിന്നാല്‍ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമൊന്നുമില്ലെങ്കിലും ജയിച്ചു കേറാന്‍ തക്ക വോട്ടു ബലമുള്ള മണ്ഡലമാണ് പത്തനംതിട്ട. പക്ഷേ കോണ്‍ഗ്രസുകാര്‍ക്ക് ജയിക്കുന്നതിനേക്കാള്‍ പലപ്പോഴും പ്രധാനം തോല്‍പ്പിക്കലിലാണ്.

എല്‍.ഡി.എഫിന്റെ കണ്‍വെന്‍ഷന്‍ നടക്കുന്ന ദിവസമാണ് അവിടെ എത്തുന്നത്. ഡി.സി.സി ഓഫീസിന് മുന്നിലൂടെ സി.പി.ഐ, ജനതാദള്‍ എസ് നേതാക്കള്‍ കണ്‍വെന്‍ഷന് പോകുന്നത് കണ്ടു. അവരോട് പത്രക്കാരാണ് എന്ന് പരിചയപ്പെടുത്തിയപ്പോള്‍ ചിരിച്ചു. 'എന്താണ് ഡി.സി.സി ഓഫീസില്‍, സ്ഥാനാര്‍ത്ഥിയായോ' എന്ന് ചോദിച്ചു. 'അറിയില്ല, പക്ഷേ അത്ഭുതമൊന്നുമുണ്ടായില്ലെങ്കില്‍ ആന്റോ ആന്റണി തന്നെയാകും സ്ഥാനാര്‍ത്ഥിയെന്നാണ് കേള്‍ക്കുന്നത്' എന്ന് മറുപടി പറഞ്ഞു. അവര്‍ പരസ്പരം നോക്കുന്നു. വലിയ സന്തോഷമൊന്നുമില്ല. 'ആന്റോയാണെങ്കില്‍ പ്രതീക്ഷയൊന്നുമില്ല, എല്‍.ഡി.എഫിന്, അല്ലേ?' എന്നപ്പോ ഞാന്‍ ചോദിച്ചു. 'അതല്ല, ഇതുകഴിഞ്ഞ് അധികം വൈകാതെ ആറന്മുളയിലും തിരഞ്ഞെടുപ്പ് പണിയെടുക്കണമെന്നോര്‍ത്തതാ' എന്ന് മറുപടി പറഞ്ഞ് അവര്‍ ചിരിച്ചുകൊണ്ട്, കണ്‍വെന്‍ഷന്‍ ഹാളിലേയ്ക്ക് പോയി.

പത്തനംതിട്ടയില്‍ നിന്ന് വീണ ജോര്‍ജ്ജിനെ കണ്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജേര്‍ണലിസ്റ്റായി കണ്ട വീണയല്ല. ജനകീയയായ പൊതുപ്രവര്‍ത്തകയാണ്. അതുകൊണ്ട് വീണ ജോര്‍ജിലാണ് അവിടെ എന്റെ ബെറ്റ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top