24 April Wednesday

വനിതാ മതില്‍ മുന്നോട്ടുവയ്ക്കുന്നതെന്ത്? പുത്തലത്ത് ദിനേശന്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 18, 2018

വനിതാ മതിലിനോട് യോജിച്ചും വിയോജിച്ചും പലരും രംഗത്തുവന്നുകഴിഞ്ഞു. നിങ്ങള്‍ ഏതു പക്ഷത്ത് എന്ന് വ്യക്തമാക്കാന്‍ എല്ലാവരും നിര്‍ബന്ധിക്കപ്പെടുന്നിടത്തേക്ക് ഇത് വളരുകയുമാണ്. ഏതൊരു സമരരൂപവും അതിന്റെ ലക്ഷ്യത്തിലേക്കടുക്കുന്നത് അതുമായി ബന്ധപ്പെട്ട ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കുമ്പോഴാണ്.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍, സ്ത്രീ-പുരുഷ സമത്വത്തിന്റെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ച് വനിതാ മതില്‍ ഉയരുകയാണ്. കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് ഇതിലൂടെ പുതുവത്സര ദിനത്തില്‍ ഉയരാന്‍ പോകുന്നത്.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ വലിയ ചലനങ്ങള്‍ക്കാണ് ഇടയാക്കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ നവോത്ഥാന മൂല്യങ്ങളെയും മതനിരപേക്ഷ ആശയങ്ങളെയും സ്ത്രീ-പുരുഷ സമത്വത്തെയും കടന്നാക്രമിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകളുമുണ്ടായി.

ഹിന്ദു വര്‍ഗീയ ശക്തികളാണ് ഇത്തരം പ്രചരണങ്ങളുമായി തെരുവുകളെ അക്രമ കേന്ദ്രങ്ങളാക്കിയത്. ഈ സാഹചര്യത്തിലാണ് നവോത്ഥാന മൂല്യങ്ങള്‍ക്കായി പൊരുതിയ ഹിന്ദു സംഘടനകളുടെ വര്‍ത്തമാനകാല നേതാക്കളുടെ ഒരു യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തത്. നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കുക എന്ന നാടിന്റെ താത്പര്യമാണ് അവിടെ നമ്മുടെ മുഖ്യമന്ത്രി അവതരിപ്പിച്ചത്. അതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ആശയമായിരുന്നു വനിതാ മതിലെന്നത്.

നവോത്ഥാനത്തെ സംബന്ധിച്ച നിരവധി ചര്‍ച്ചകള്‍ക്ക് ഈ യോഗവും അതിന്റെ തീരുമാനങ്ങളും ഇടയാക്കിയിരിക്കുകയാണ്. നവോത്ഥാനമൂല്യങ്ങളെ സംബന്ധിച്ച് കേരളീയ സമൂഹത്തില്‍ വിപുലമായ ക്യാമ്പയിനുകളും ചര്‍ച്ചകളും ഉയര്‍ത്തിക്കൊണ്ടുവരണമെന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടുകളുടെ വിജയം കൂടിയാണ് ഇപ്പോള്‍ വനിതാ മതിലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍.

വനിതാ മതിലിനോട് യോജിച്ചും വിയോജിച്ചും പലരും രംഗത്തുവന്നുകഴിഞ്ഞു. നിങ്ങള്‍ ഏതു പക്ഷത്ത് എന്ന് വ്യക്തമാക്കാന്‍ എല്ലാവരും നിര്‍ബന്ധിക്കപ്പെടുന്നിടത്തേക്ക് ഇത് വളരുകയുമാണ്. ഏതൊരു സമരരൂപവും അതിന്റെ ലക്ഷ്യത്തിലേക്കടുക്കുന്നത് അതുമായി ബന്ധപ്പെട്ട ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കുമ്പോഴാണ്.

നവോത്ഥാന ആശയങ്ങളുടെ ചര്‍ച്ചാ ഭൂമിയായി കേരളം പരിവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. അവയിലിടപെടാതെ മാറിനില്‍ക്കാനാവില്ല എന്നവിധം നവോത്ഥാന ആശയങ്ങളെ സംബന്ധിച്ച ജനാധിപത്യ സംവാദങ്ങള്‍ക്കുള്ള ഇടമായി നമ്മുടെ നാട് നീങ്ങിയിരിക്കുകയാണ്.

വനിതാ മതില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ചര്‍ച്ചകളില്‍ പിന്നീട് ഉയര്‍ന്നുവന്ന ഒരു ചോദ്യമാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയിലും നവോത്ഥാനം ഉണ്ടായിട്ടില്ലേ എന്നത്. കേരളത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ നാം ഉള്‍ക്കൊള്ളുന്ന പാഠം നവോത്ഥാനം എന്നത് ഏറിയും കുറഞ്ഞും എല്ലാ ജനവിഭാഗങ്ങളെയും ആധുനികവത്കരിക്കാന്‍ നടത്തിയ മുന്നേറ്റമാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ്.

ഹിന്ദു മതവിഭാഗങ്ങള്‍ എന്ന് പില്‍ക്കാലത്ത് വിളിക്കപ്പെട്ടവരിലാണ് അത് ശക്തമായ അലയൊലികള്‍ സൃഷ്ടിച്ചത്. കാരണം ഈ വിഭാഗങ്ങളിലായിരുന്നു തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും സൃഷ്ടിച്ച ജാതി വ്യവസ്ഥ നിലനിന്നത്. ആധുനിക മനുഷ്യനായി മാറണമെങ്കില്‍ ഇത് തിരുത്തിയേ പറ്റുമായിരുന്നുള്ളൂ. ആധുനിക മനുഷ്യനെ സൃഷ്ടിക്കാനുള്ള നവോത്ഥാനം അതുകൊണ്ട് തന്നെ ജാതീയതയ്‌ക്കെതിരായുള്ള സമരമായിട്ടാണ് വികസിച്ചത്.

ജാതി വ്യവസ്ഥ മറ്റു മത വിഭാഗങ്ങള്‍ക്കിടയില്‍ പൊതുവില്‍ നിലനില്‍ക്കുന്ന ഒന്നല്ല എന്നതിനാല്‍ അത്തരത്തിലുള്ള സമരങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉയര്‍ന്നുവന്നതുമില്ല. നവോത്ഥാനത്തിലെ ആദ്യ നായകര്‍ തൊട്ട് ഹിന്ദു വിഭാഗങ്ങള്‍ക്കിടയിലെ നവോത്ഥാന മുന്നേറ്റം ഊന്നിയത് ജാതിവ്യവസ്ഥയ്‌ക്കെതിരായിരുന്നു.അതിന്റെ ഭാഗമായിരുന്ന മുദ്രാവാക്യങ്ങളിലാണ് അവര്‍ കേന്ദ്രീകരിച്ചിരുന്നതും.

ശ്രീനാരായണ ഗുരുവിനെപ്പോലുള്ള നവോത്ഥാന നായകര്‍ മതപരമായ യോജിപ്പിന്റെ തലങ്ങളും ഇതോടൊപ്പം വികസിപ്പിച്ചിരുന്നു. 1924 ല്‍ ആലുവയില്‍ ചേര്‍ന്ന സര്‍വ്വമത സമ്മേളനം തന്നെ ഇതിനുദാഹരണമാണ്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം ചേരുന്നതെന്ന് സമ്മേളന കവാടത്തില്‍ തന്നെ ശ്രീനാരയണ ഗുരു എഴുതിവച്ചിരുന്നു. പല മത സാരമേകം എന്ന കാഴ്ചപ്പാട് തന്നെ ശ്രീനാരായണ ഗുരു അവിടെ അവതരിപ്പിക്കുകയും ചെയ്തു.

 നവോത്ഥാനം ജാതീയതയ്‌ക്കെതിരെയും മതനിരപേക്ഷതയുടെയും കാഴ്ചപ്പാടുകളെ മുന്നോട്ടുവച്ചുകൊണ്ടാണ് ഇടപെട്ടത് എന്നര്‍ത്ഥം. അതുകൊണ്ട് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള സമരം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാനല്ല, അതിനെ തകര്‍ക്കാനുള്ള മുന്നേറ്റമാണെന്ന് തിരിച്ചറിയണം.

വിവിധ ജാതി വിഭാഗങ്ങളില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്ത് നിരവധി പേര്‍ ക്രിസ്തു മതത്തില്‍ ചേര്‍ന്നിരുന്നു. ഇത്തരത്തില്‍ ചേര്‍ന്നവരെ ജാതീയമായി കാണുന്ന സ്ഥിതി വന്നപ്പോള്‍ പൊയ്കയില്‍ യോഹന്നാനെ പോലുള്ളവര്‍ എതിര്‍പ്പുമായി രംഗപ്രവേശനം ചെയ്തു. നവോത്ഥാന നായകരിലൊരാളായി അദ്ദേഹത്തെ കേരളം കാണുന്നതും മനുഷ്യരെ പരസ്പരം മാറ്റിനിര്‍ത്തുന്ന അനീതിക്കെതിരെ പോരാടിയതുകൊണ്ടാണ്.

ഇസ്ലാം വിഭാഗത്തിനിടയിലും നവോത്ഥാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജാതീയമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അടിച്ചമര്‍ത്തലുകളായിരുന്നില്ല ആ വിഭാഗങ്ങളിലെ നവോത്ഥാനത്തിന് അടിസ്ഥാനമായിത്തീര്‍ന്നത്. ഇത്തരം വസ്തുതകളെ ഉള്‍ക്കൊണ്ടുവേണം നവോത്ഥാനത്തെക്കുറിച്ച് ഉള്‍ക്കൊള്ളാനും വിശകലനം ചെയ്യാനും.

കൊണ്ടുകൊടുക്കലിലൂടെ വികസിച്ച നമ്മുടെ സംസ്‌കാരത്തിന്റെയും ഭാഷയുടെയും ലോകത്തിലേക്ക് എല്ലാ വിഭാഗങ്ങളെയും എത്തിക്കുന്നതിനുള്ള മുന്നേറ്റങ്ങളായിരുന്നു കേരളത്തിലെ നവോത്ഥാനപ്രസ്ഥാനം. അതോടൊപ്പം ആധുനികമായ മൂല്യങ്ങളിലേക്ക് ജനതയെ നയിക്കുന്നതിന്റെ ഭാഗമായി സമത്വത്തിന്റെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും കാഴ്ചകളും അത് ഇവിടെ അവതരിപ്പിച്ചു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം സ്ത്രീ സമത്വത്തിന്റെ കൂടിയായിത്തീരുന്നത് അതിനാലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top