27 April Saturday

"കനയ്യ കുമാറിനെക്കുറിച്ചോർത്ത‌് വിജൃംഭിക്കുന്ന നേരത്ത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്വത്തെപ്പറ്റി ചിന്തിക്കു'; ക്രൗഡ് ഫണ്ടിങ്ങിനെ വിമർശിച്ച വി ടി ബൽറാമിന‌് യുവാവിന്റെ മറുപടി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 27, 2019

അനന്തു ശിവൻ

അനന്തു ശിവൻ

കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ്ങിനെ വിമർശിച്ച വി ടി ബൽറാമിന‌് യുവാവ‌് കൊടുത്ത മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ്ങിനെ പ്രശംസിച്ച‌് റിപ്പോർട്ടർ ചാനലിലെ ന്യൂസ‌് എഡിറ്റർ ബാലഗോപാൽ ബി നായർ ഫേസ‌്ബുക്കിൽ ചെയ്ത പോസ്റ്റ‌ിലാണ‌് വി ടി ബൽറാം കമന്റുമായി എത്തിയത‌്. " ക്രൗഡ് ഫണ്ടിംഗിന്റെ സാധ്യതകൾ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലായി ഞാനും പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ ഈ ഒരു രൂപ സംഭാവന ചോദിക്കലൊക്കെ ചുമ്മാ ജാഡയാണ്. ആകെ ഒരു മണ്ഡലത്തിൽ ഉള്ള വോട്ടർമാർ 10 -12 ലക്ഷമായിരിക്കും. അതിൽ ഇദ്ദേഹത്തിന്റെ പാർട്ടിക്കുള്ളത് ഏതാണ്ട് ഒന്നര ലക്ഷം വോട്ടാണ്. ആ മുഴുവൻ ആളുകളും ഒരോ രൂപ കൊടുത്താലും ആകെ ഒന്നര ലക്ഷം രൂപയല്ലേ കിട്ടുകയുള്ളൂ. അത് എന്തിനാണ് തികയുക? ഒരു രൂപ എങ്ങനെ ട്രാൻസ്ഫർ ചെയ്യുമെന്ന പ്രായോഗിക ബുദ്ധിമുട്ടും ഉണ്ട്. മിനിമം 100 രൂപ വീതം ചോദിച്ച് ഇതിനെ അൽപ്പം കൂടി ആത്മാർത്ഥതയോടെ സമീപിച്ചാൽ അതൊരു നല്ല മാതൃകയായിരിക്കും' ഇതായിരുന്നു ബൽറാമിന്റെ കമന്റ‌്.

ബൽറാമിന്റെ കമന്റിന‌് ചുവടുപിടിച്ച‌് ഒട്ടനവധി കമന്റുകൾ വന്നെങ്കിലും ചർച്ചയായത‌് ചാരംമൂട‌് സ്വദേശി അനന്തു ശിവന്റെ മറുപടിയാണ‌്. "സാരമില്ല Mr.ബൽറാം. ബെഗുസരായിയിൽ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഞങ്ങളുടെ പാർട്ടിക്ക് കുറേശ്ശെ വോട്ടുകളുണ്ട്. അത് കൂടിയും കുറഞ്ഞുമിരിക്കാം. (ബാഗുസരായിയിൽ ഞങ്ങൾക്ക് ഒന്നരലക്ഷം വോട്ടുണ്ടെങ്കിൽ അതിന്റെ പകുതി വോട്ടുവിഹിതം പോലും നിങ്ങൾക്കില്ല എന്നുകൂടി സാന്ദർഭികമായി പറഞ്ഞോട്ടെ.) അവിടങ്ങളിൽ നിന്നെല്ലാം ഞങ്ങൾ സംഭാവന പ്രതീക്ഷിക്കുന്നുണ്ട്. പിന്നെ കന്നയ്യ കുമാറിന്റെയും താങ്കളുടെയും അഭ്യർത്ഥനയെ ഒരേ ത്രാസിൽ തൂക്കാനുള്ള ആ ഉളുപ്പില്ലയ്‌മ ഉണ്ടല്ലോ, അതൊക്കെ മാറിയിട്ട് അയാളുടെ ജാഡ അളക്കുന്നതാവും നല്ലത്. അതൊന്നുകൂടി മനസ്സിലാവണമെങ്കിൽ ourdemocracy.in ൽ കയറി മണിക്കൂറുകൾ കൊണ്ട് അയാൾക്ക് ലഭിച്ച സംഭാവന എത്രയുണ്ടെന്ന് ഒന്ന് നോക്കിക്കോളൂ. കന്നയ്യ കുമാറിന്റെ ജാടയെക്കുറിച്ചാലോചിച്ച് വിജ്രംഭിക്കുന്ന നേരത്ത്, ഇന്ത്യയിലോരു പ്രതിപക്ഷ ശബ്ദം പോലുമില്ലാതിരുന്ന സമയത്ത്, വെറുമൊരു യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റായിരിക്കെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിരോധത്തിന്റെ ജിഹ്വയായി മാറിയ കന്നയ്യയെ തിരഞ്ഞെടുപ്പിൽ പിന്തുണക്കാതിരിക്കുന്ന നിങ്ങളുടെ പാർട്ടിയുടെ രാഷ്ട്രീയ പാപ്പരത്വത്തിനെ പറ്റി ചിന്തിക്കുന്നതായിരിക്കും കുറച്ചുകൂടി നല്ലത്. നിങ്ങള് പിന്തുണക്കാത്തതിൽ ഞങ്ങൾക്ക് പരിഭവമില്ല, ഫാസിസത്തിനെതിരായി ജനാധിപത്യ മതനിരപേക്ഷ കക്ഷികളെ പിന്തുണക്കാനുള്ള രാഷ്ട്രീയ ബോധം നിങ്ങൾക്കില്ലാതെ പോയല്ലോ എന്ന വ്യസനം മാത്രം. കൂടുതൽ പറയുന്നില്ല. ബിജെപിയെ തോൽപ്പിക്കാൻ പാർട്ടി പ്രസിഡൻറ് ബിജെപി ഇല്ലാത്ത കേരളത്തിൽ മത്സരിക്കണം എന്നു പറയുന്ന താങ്കളോട് ഇതൊക്കെ പറയുന്നതിലും നല്ലത്, കെ.സുധാകരനെ ആർത്തവം അശുദ്ധമല്ലെന്ന് പഠിപ്പിക്കാൻ പോകുന്നതാവുമല്ലോ.'. ഇതായിരുന്നു ബൽറാമിന‌് അനന്തുവിന്റെ മറുപടി.

അനന്തുവിന്റെ മറുപടിക്ക‌് മികച്ച പ്രതികരണമാണ‌് കിട്ടിയത‌്. ഇതിനോടകം നിരവധി ലൈക്കുകൾ കമന്റിന‌് വന്നിട്ടുണ്ട‌്. അതേസമയം  കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ്ങിന‌് മികച്ച പ്രതികരണമാണ‌് ലഭിക്കുന്നത‌്. ആരംഭിച്ച് ആദ്യ മണിക്കൂറുകള്‍ക്കകം അഞ്ച് ലക്ഷം രൂപ ലഭിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. വോട്ടു ചോദിക്കുന്നതിനോടൊപ്പം തനിക്ക് തെരഞ്ഞെടുപ്പിനാവശ്യമായ ഫണ്ടും ലഭ്യമാക്കണമെന്ന് കനയ്യ തന്റെ അണികളോട് ആവശ്യപ്പെടുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബെഗുസാരായില്ലാണ‌് കനയ്യ മത്സരിക്കുന്നത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top