03 December Sunday

കഴിഞ്ഞ പ്രളയത്തില്‍ മേയര്‍ എവിടെയായിരുന്നു എന്ന് ചോദിച്ചാല്‍ ഇതാണ് മറുപടി; അപ്പോഴും ചോദ്യം ചോദിച്ചവര്‍ എവിടെയായിരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2019

കൊച്ചി > വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന് കിട്ടുന്ന സ്വീകാര്യതയില്‍ വിറളിപിടിച്ച് കോണ്‍ഗ്രസ്. തിരുവനന്തപുരം മേയര്‍ എന്ന ചുമതലയില്‍ നിര്‍വഹിച്ച വികസന പ്രവര്‍ത്തനങ്ങളും പ്രളയകാലത്തെ ഇടപെടലുകളും കണ്ടറിഞ്ഞ ജനങ്ങള്‍ പ്രശാന്തിന് ആവേശകരമായ വരവേല്‍പ്പാണ് ഓരോ കേന്ദ്രങ്ങളിലും ഒരുക്കുന്നത്. ഇതോടെയാണ് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുമെന്ന വെപ്രാളത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യക്തിഅധിക്ഷേപവുമായി യുഡിഎഫ് ഇറങ്ങിയിരിക്കുന്നത്.

2018ല്‍ ഉണ്ടായ ആദ്യ പ്രളയത്തില്‍ മേയര്‍ എവിടെയായിരുന്നുവെന്നാണ് പത്മജ വേണുഗോപാല്‍ ചോദിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നഗരസഭയെയും മേയര്‍ പ്രശാന്തിനെയും വാര്‍ത്തകളും ചിത്രങ്ങളും അടക്കം ഉയര്‍ത്തിക്കാട്ടി മറുപടി നല്‍കുകയാണ് സോഷ്യല്‍ മീഡിയ.

2018ലും പേമാരി പ്രളയമായി മാറിത്തുടങ്ങിയപ്പോള്‍ തന്നെ തിരുവനന്തപുരം നഗര സഭാ ഓഫീസിനു മുന്‍വശത്തു ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൌണ്ടര്‍ തുറന്നു. അതിനു പുറമേ നഗരത്തിലെ 18 കേന്ദ്രങ്ങളില്‍ പ്രത്യേക ഏക ദിന കൗണ്ടറുകളും ഈ ആവശ്യത്തിലേക്കായി തുറന്നു. ഈ കൗണ്ടറുകളിലൂടെ ശേഖരിച്ച 54 ലോഡ് സാധനങ്ങള്‍ ദുരിത ബാധിത മേഖലകളിലേക്ക് ആവശ്യാനുസരണം എത്തിച്ചു. തൃശൂര്‍, കട്ടപ്പന, അടൂര്‍,ആലപ്പുഴ,ചെങ്ങന്നൂര്‍, വൈക്കം,ഹരിപ്പാട്, കായംകുളം,ചങ്ങനാശ്ശേരി തുടങ്ങി പ്രളയം ബാധിച്ച എല്ലാ സ്ഥലങ്ങളിലേക്കും നഗര സഭാ വാഹനങ്ങള്‍ ആശ്വാസവുമായെത്തി . ഏറ്റവും ഒടുവില്‍ കുട്ടനാട്ടില്‍ ശുചീകരണ സാമഗ്രികളും ബ്ലീച്ചിങ് പൗഡറും ആവശ്യമുണ്ടെന്നറിഞ്ഞു അതും എത്തിച്ചു. അടിയന്തിര സാഹചര്യം മുന്നില്‍ വന്നപ്പോള്‍ ലഭ്യമായ എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി സാധ്യമായതെല്ലാം ചെയ്യാന്‍ അന്നും പ്രശാന്ത് മുന്‍നിരയിലുണ്ടായിരുന്നു.

2018ല്‍ ചെയ്ത അതേ കാര്യം തന്നെയാണ് 2019ലും ചെയ്തത്. ആ മഹാപ്രയത്‌നത്തില്‍ മേയറോടൊപ്പം ജനപ്രതിനിധികളും ജീവനക്കാരും ഗ്രീന്‍ ആര്‍മിയും, സന്നദ്ധപ്രവര്‍ത്തകരും സുമനസുകളായ നഗരവാസികളുമെല്ലാമുണ്ടായിരുന്നു. അന്നുണ്ടാക്കിയ കൂട്ടായ്മ 2019ലും തുടരുകയായിരുന്നു.

'2018ലെ പ്രളയകാലത്ത് തിരുവനന്തപുരം മേയറെവിടെയായിരുന്നു എന്നു ചോദിച്ചാല്‍ ഞങ്ങള്‍ക്ക് ഈ മറുപടി പറയാന്‍ കഴിയും. പക്ഷേ, ഈ ചോദ്യം ഉന്നയിക്കുന്നവരെവിടെയായിരുന്നു? അതിനും വേണമല്ലോ മറുപടി'- മന്ത്രി ടി എം തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പ്രളയകാലത്തു മാത്രമല്ല, മേയര്‍ ഉണര്‍ന്നിരുന്നത്. മാലിന്യവിമുക്ത തിരുവന്തപുരത്തിനു വേണ്ടിയുള്ള പ്രശംസനീയമായ പ്രവര്‍ത്തനത്തിനും പ്രശാന്തിന്റെ നേതൃത്വമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ തിരുവനന്തപുരത്തെ എംഎല്‍എമാരുടെ പങ്ക് എന്തായിരുന്നു എന്നും വേണമെങ്കില്‍ ചര്‍ച്ച ചെയ്യാമെന്നും തോമസ് ഐസക് പറഞ്ഞു. വി കെ പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് മറ്റനേകം പേരും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top