01 October Sunday

ബാർക് റേറ്റിംഗ്‌ ജനവിധിക്ക്‌ തുല്യമെന്ന്‌ ഏഷ്യാനെറ്റ്‌ അവതാരകൻ; പ്രേക്ഷകരുടെ എണ്ണം തെളിയിക്കാനുള്ള ആധികാരികത പോലുമില്ലെന്ന്‌ മാധ്യമപ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 2, 2018

എൽഡിഎഫ് സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉയർത്തിയും വാർത്തകൾ വളച്ചൊടിച്ചും മാധ്യമങ്ങൾ നടത്തുന്ന പ്രചരണങ്ങളെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയായി ബാർക് റേറ്റിംഗ് ഉയർത്തിക്കാട്ടിയ ഏഷ്യാനെറ്റ് വാർത്താ അവതാരകൻ വിനു വി ജോണിന്റെ വാദത്തെ പൊളിച്ചടുക്കി മാധ്യമപ്രവർത്തകർ തന്നെ രംഗത്ത്.

മാധ്യമങ്ങൾ വാർത്ത ജനങ്ങളെ അറിയിച്ചാൽ മതിയെന്നും വിധിയെഴുതേണ്ടത് ജനങ്ങളാണെന്നും മുഖ്യമന്ത്രി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തലേ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ചെങ്ങന്നൂരിലെ എൽഡിഎഫ് വിജയത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലും മുഖ്യമന്ത്രി ഇതാവർത്തിച്ചു. മാധ്യമപ്രവർത്തകർ വിധി പ്രസ്താവിക്കുന്ന ജഡ്ജിമാരാകേണ്ടതില്ല എന്നോർമ്മിപ്പിച്ച മുഖ്യമന്ത്രി എൽഡിഎഫ് സർക്കാർ അധികാരമേറ്റതുമുതൽ മാധ്യമങ്ങൾ നടത്തിയ കുപ്രചരണങ്ങൾ അക്കമിട്ടു നിരത്തുകയും ചെയ്തു. ഈ കുപ്രചരണങ്ങളെല്ലാം തള്ളി ജനങ്ങൾ എൽഡിഎഫ്‌ സർക്കാരിന്‌ നൽകിയ അംഗീകാരമാണ്‌ ചെങ്ങന്നൂർ തെരഞ്ഞെടുപ്പ്‌ ഫലമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിൽ പ്രകോപിതനായ വിനു വി ജോൺ തന്റെ പ്രത്യേക പരിപാടി അവസാനിപ്പിക്കവേ ഏഷ്യാനെറ്റ് അടക്കമുള്ള വിവിധ വാർത്താ ചാനലുകളുടെ ബാർക്‌ റേറ്റിംഗ്‌ ഉയർത്തിക്കാട്ടി ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു. തങ്ങൾക്കും ജനങ്ങളുടെ അംഗീകാരമുണ്ടെന്ന്‌ സ്ഥാപിക്കാനാണ്‌ ബാർക്‌ റേറ്റിംഗ്‌ പ്രകാരമുള്ള പ്രേക്ഷകരുടെ എണ്ണം വിനു വി ജോൺ വിളിച്ചുപറഞ്ഞത്‌. എന്നാൽ ഇതിനെതിരെ ടെലിവിഷൻ രംഗത്തെ മുൻനിര മാധ്യമ പ്രവർത്തകർ തന്നെ രംഗത്തെത്തി. വാർത്താ അവതാരകരായ ടി എം ഹർഷനും നിഷാദ്‌ റാവുത്തറും ബാർക് റേറ്റിംഗ്‌ ഉയർത്തിക്കാട്ടി ജനവിധിയെ പരിഹസിക്കുന്നതിനെയും ബാർക്‌ റേറ്റിംഗിന്റെ ആധികാരികതയെയും ചോദ്യം ചെയ്‌ത്‌ രംഗത്തെത്തി.

ബാർക് റേറ്റിംഗിനെ ജനവിധിയോട്‌ താരതമ്യപ്പെടുത്തുന്നതിനെ പരിഹസിച്ച്‌ ടി എം ഹർഷന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റുകൾ:

ബാർക്‌ റേറ്റിംഗിന്റെ ആധികാരികത ചോദ്യം ചെയ്‌ത്‌ നിഷാദ്‌ റാവുത്തർ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിന്റെ പൂർണരൂപം:

മൂന്നുകോടി നാൽപ്പത്തി എട്ട് ലക്ഷമാണ് കേരളത്തിലെ ജനസംഖ്യ. (2012ലെ കണക്കാണ്) ഇന്ത്യൻ റീഡർഷിപ് സർവേയുടെ 2017ലെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം ടെലിവിഷൻ സെറ്റുകൾ ഉള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. 90 ശതമാനം പേരും ടിവി ഉടമകൾ/കാഴ്ചക്കാരാണ്. (തമിഴ്‌നാടാണ് ഒന്നാമത്. അവിടെ 93 ശതമാണ് കണക്ക്). അങ്ങനെയെങ്കിൽ കേരളത്തിലെ മൂന്ന് കോടി പതിമൂന്ന് ലക്ഷത്തി ഇരുപതിനായിരം പേരിലേക്ക് ടെലിവിഷൻ എത്തുന്നു എന്നാണ് മനസിലാക്കേണ്ടത്.

ഇനി, ഇതിൽ കാഴ്ചക്കാരുടെ അഭിരുചിയും തിരഞ്ഞെടുപ്പും സംബന്ധിച്ച ലഭ്യമായ ഏക ഡാറ്റ ബാർക് റിപ്പോർട് ആണ്. ശാസ്ത്രീയമായ സാമ്പ്ളിങ്ങിനും വിശകലനത്തിനും ശേഷം തയ്യാറാക്കുന്നു എന്ന് അവകാശപ്പെട്ടാണ് ബാർക് ഈ വീക്കിലി ഡാറ്റ, വലിയ തുകക്ക് വിൽക്കുന്നത്. പക്ഷെ വിശദമായി പരിശോധിച്ചാൽ, അങ്ങേയറ്റം അബദ്ധവും സാമാന്യ യുക്തിക്ക് നിരക്കാത്തതുമാണ് അതിന്റെ കണ്ടുപിടിത്തങ്ങളും കണക്കുകളും എന്ന് കാണാം. ( അതിലേക്ക് വരാം)

അപ്പൊ അതിന്റെ കാരണം പരിശോധിക്കണം. കേരളത്തിൽ ആകെ നൂറിൽ താഴെ വീടുകളിൽ മാത്രമാണ് ബാർക് ഈ സാമ്പ്ളിങ് മെഷിനുകൾ സ്ഥാപിച്ചിട്ടുള്ളത്. അതിൽ തന്നെ എല്ലാം പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ബാർക്കിന് ഉത്തരമില്ല. ഞാൻ ഇതുവരെ ഒരു ബാർക് മെഷീൻ നേരിട്ട് കണ്ടിട്ടില്ല, അതുകണ്ടിട്ടുള്ള ആളെയും കണ്ടിട്ടില്ല. ബാർക് അധികൃതർ തന്നെ പറയുന്ന ഒരു കാര്യമുണ്ട്. സാമ്പ്ളിങ് മെഷിനുകൾ സ്ഥാപിക്കാൻ ഏറ്റവും വിഷമം കേരത്തിലാണ്. കാരണം തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുമോ എന്ന് ഭയന്ന് ഭൂരിപക്ഷം വീട്ടുകാരും അതിന് അനുവദിക്കാറില്ല. അപ്പൊ മൂന്നുകോടി പതിമൂന്ന് ലക്ഷത്തി ഇരുപതിനായിരം മനുഷ്യരുടെ തിരഞ്ഞെടുപ്പുകൾ അറിയാൻ ബാർക് ഉപയോഗിക്കുന്നത് നൂറിൽ താഴെ സാമ്പിളുകൾ മാത്രമാണ്. (അതാവട്ടെ കേരളത്തിലെ എല്ലാ ജില്ലകളിൽ പോലും ഇല്ലതാനും)

ഇതിൽ നിന്നാണ്, സ്ത്രീകൾ കണ്ടത്, കുട്ടികൾ കണ്ടത്, ഓരോ പ്രായവിഭാഗത്തിലുമുള്ള പുരുഷൻ കണ്ടത് എന്നൊക്കെ പറഞ്ഞു ബാർക് വിശദരേഖ തയ്യാറാക്കുന്നത്. ചില ആഴ്ചകളിൽ പ്രേക്ഷരിൽ നിന്ന് നമുക്ക് നേരിട്ട് (നല്ലതോ ചീത്തയോ) ഏറെ പ്രതികരണം കിട്ടിയ പരിപാടികൾ, ആരും കണ്ടിട്ടില്ല എന്നൊക്കെ ബാർക്, വീക്കിലി ഡാറ്റയിൽ അടിച്ചു വെച്ചിട്ടുണ്ടാകും. സോഷ്യൽ മീഡിയയിൽ ലക്ഷങ്ങൾ കണ്ട ഒരു ഷോ, പ്രേക്ഷകന്റെ അഭിരുചിക്ക് യോചിച്ചതല്ല എന്ന മട്ടിൽ ബാർക് തഴഞ്ഞിരുക്കുന്നത് പലപ്പോഴും കാണാം. സാമ്പിളിങ് മെഷിൻ വീട്ടിലുള്ള, സ്ഥിരമായി ശാലോം ടിവി കാണുന്ന ഒരാൾ, ഒരാഴ്ച്ച വീടുപൂട്ടി ഒരു യാത്ര പോയെന്ന് കരുതുക. ആ ആഴ്ച ഒരാളും ശാലോം കണ്ടിട്ടില്ല എന്നായിരിക്കും ബാർക്കിന്റെ കണക്ക്.

ഈ വൈരുധ്യവും അയുക്തികതയുമൊക്കെ നിരന്തരം ചൂണ്ടിക്കാട്ടുകയും കത്ത് അയക്കുകയും ഒക്കെ ചെയ്താൽ, കണക്കുകളിൽ ചില മാറ്റം വന്ന അനുഭവവും കേരളത്തിലുണ്ട്. സാമ്പിളിങ്ങിലെ അനീതിക്കും ക്രമക്കേടിനും എതിരെ നിയമയുദ്ധം നടത്തിയ ദേശീയ മാധ്യമങ്ങൾ ഇന്ത്യയിൽ ഉണ്ട് എന്നതും ഓർക്കേണ്ടതാണ്.

ഈ അനീതി പക്ഷെ, ഒരു വിഭാഗത്തിന് എപ്പോഴും നേട്ടം ഉണ്ടാക്കി കൊടുക്കുന്നുണ്ട്. അത് ശീലം പോലെ പ്രവർത്തിക്കുകയാണ് എന്ന് തോന്നും ഡാറ്റ കണ്ടാൽ. ചില സ്ഥാപനങ്ങൾക്ക് വലിയ ലെഗസിയുണ്ടെന്നും അത് കാഴ്ചക്കാരെ സ്വാധീനിക്കുന്ന ഘടകമാണെന്നുമുള്ള വാദമുണ്ട്. യുക്തിഭദ്രമാണത്. പക്ഷെ ആ ലെഗസി നവ മാധ്യമങ്ങളിൽ എപ്പോഴും പ്രതിഫലിച്ചു കാണുന്നില്ല. അവരവിടെ ഒന്നാമതുമല്ല. ന്യൂ മീഡിയയിൽ ഓരോ ക്ലിക്കും ഓരോരുത്തർക്കും അറിയാവും വിധം സുതാര്യവും ശാസ്ത്രീയാവുമാണ് എന്നതാണ് അറിയേണ്ട ഒന്ന്.

ഈ വഞ്ചനയെ കുറിച്ച് ഉത്തമ ബോധ്യമുള്ളപ്പോഴും കേരളത്തിലെ മാധ്യമസ്ഥാപനങ്ങൾ ബാർക്കിനെ ആധികാരിക രേഖയായി തന്നെ വകവെക്കുന്നു. കാരണം പരസ്യ ഏജെൻസികളുമായി ഇടപെടുമ്പോ ഇതല്ലാതെ മറ്റൊരു ഡാറ്റ (പരസ്യക്കാർ കൂടി അംഗീകരിക്കുന്നത്) ഇല്ല എന്നത് കൊണ്ടാണ്.

ബംഗാളിലെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിരവധി സിപിഐഎമ്മുകാരെ കൊന്നും തീവെച്ചും ഇല്ലാതാക്കിയും ബൂത്തുപിടിച്ചും ഒക്കെയാണ് മമത ബാനർജി അവരുടെ വിജയത്തെ 'തിളക്ക'മുള്ളതാക്കിയത്. ആ വിധി ഉയർത്തിപ്പിടിച്ഛ് ഒരു മഹോന്നത പ്രസംഗം നടത്താനാണ് അവർ തീരുമാനിക്കുന്നത് എങ്കിൽ നമുക്കെന്താണ് പറയാനാവുക?ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top