03 October Tuesday

കുട്ടികളുടെ സുരക്ഷയ്‌ക്ക് നാം ആരെയാണ് ആട്ടിയോടിക്കേണ്ടത് ? വാട്ട്‌സാപ്പ് മെസേജുകളുമായി ആള്‍ക്കൂട്ട വിചാരണ നടത്തുന്നവര്‍ ഇതൊന്ന് കാണുക

വെബ് ഡെസ്‌ക്‌Updated: Thursday Feb 8, 2018

ഭിക്ഷാടനമാഫിയക്കെതിരെ എന്ന പേരില്‍ നിരവധി മെസേജുകളാണ് സോഷ്യല്‍മീഡിയില്‍ വിശേഷിച്ച് വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. ഇതരസംസ്ഥാനത്തൊഴിലാളികളാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതെന്നും അത്തരക്കാരെ നാട്ടില്‍ കയറ്റാതെ ഒറ്റപ്പെടുത്തണമെന്നും കൈകാര്യം ചെയ്യണമെന്നും വരെ നീളുന്നു ആഹ്വാനങ്ങള്‍. ഇത്തരം മെസേജുകളുടെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിരപരാധികളായ പല ഇതരസംസ്ഥാനത്തൊഴിലാളികളും ആള്‍ക്കൂട്ടത്തിന്റെ അക്രമത്തിന് ഇരയാകേണ്ടിവന്നു.

എന്നാല്‍ പരസ്യവിചാരണ നടത്തുന്നതിനു മുന്‍പ് മെസേജുകളുടെ ആധികാരിത അന്വേഷിക്കാന്‍ പലരും തയ്യാറായതുമില്ല. സത്യത്തില്‍ സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ ആരൊക്കെയാണ്? എത്ര ഇതരസംസ്ഥാനക്കാരുണ്ട് ?  ഷെയര്‍ ചെയ്യപ്പെടുന്ന ഊഹാപോഹങ്ങള്‍ ഒഴിവാക്കി മലയാളി അറിയേണ്ട കാര്യങ്ങള്‍ കണക്കുനിരത്തി വ്യക്തമാക്കിയിരിക്കുകയാണ് സിറാജ്  ഉമര്‍ എന്ന പ്രവാസി.

ഫേസ്‌‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇനി നമുക്ക് കണക്കുകളുടെ അടിസ്ഥാനത്തില്‍ സംസാരിക്കാം. (മുഖ്യമന്ത്രി നിയമസഭയില്‍ കൊടുത്ത ഔദ്യോഗിക വിവരങ്ങള്‍)

കഴിഞ്ഞ വര്‍ഷം (2017) കേരളത്തില്‍ നിന്നും 1774 കുട്ടികളെ കാണാതായി. Note the point തട്ടിക്കൊണ്ട് പോയി എന്നല്ല കാണാതായി എന്ന്. അതായത് മിഠായിക്ക് കാശ് കൊടുക്കാത്തതിന്, ടിവിയുടെ റിമോട്ട് കൊടുക്കാത്തതിന് തുടങ്ങി ചെറിയ പ്രശ്‌‌‌‌‌‌നങ്ങള്‍ മുതല്‍ വീട്ടിനകത്തെ ലൈംഗിക, ഇതര ഗാര്‍ഹിക പീഡനങ്ങള്‍. സ്‌‌‌‌‌‌‌കൂളുകള്‍, ബോര്‍ഡിങ്ങുകള്‍, പള്ളി ദര്‍സുകള്‍ തുടങ്ങിയ ഇടങ്ങളിലെ പീഢനങ്ങള്‍, പഠന ഭാരം മൂലമുള്ള സമ്മര്‍ദ്ദങ്ങള്‍, മാനസിക പിരിമുറുക്കം തുടങ്ങി നിരവധിയായ കാരണങ്ങള്‍ കൊണ്ട് വീട് വിട്ട് പോയവരടക്കമുളള കുട്ടികളുടെ എണ്ണമാണ് 1774.

ബൈ ദ ബൈ ഇതില്‍ തട്ടിക്കൊണ്ട് പോകപ്പെട്ട കുട്ടികളും ഉണ്ടാവാം. 1774 കുട്ടികളെ കാണാതായ പരാതികളില്‍ 1472 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്‌‌‌തിട്ടുളളത്. അതായത് കേസ് റജിസ്റ്റര്‍ ചെയ്യാനെടുക്കുന്ന സമയത്തിനും മുമ്പേ 302 കുട്ടികള്‍ തിരിച്ചു വന്നു. 1725 കുട്ടികള്‍ പിന്നീട് തിരിച്ചു വരികയോ കണ്ടെത്തുകയോ ചെയ്‌‌‌‌തു. 49 കുട്ടികളെ ഇത് വരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് വിവിധ കേസുകളിലായി 199 പേരെ പോലീസ് അറസ്റ്റ് ചെയ്‌‌‌തു. അതില്‍ 188 പേരും (94. 47%) ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ മലയാളികളാണ്. ബാക്കി ആറുപേര്‍ തമിഴ്‌നാട്ടുകാരും ഒരാള്‍ കര്‍ണ്ണാടകക്കാരനും രണ്ടു വീതം പേര്‍ ആസ്സാമികളും ബംഗാളികളുമാണ്. അതായത് നമ്മള്‍ ഇത്ര കാലം കുട്ടികളെ തട്ടിക്കൊണ്ട് പോവുന്നേ എന്ന് വിളിച്ച് കൂവിയ ബംഗാളികളും ആസ്സാമികളും ആകെ പിടിയിലായവരുടെ രണ്ട് ശതമാനം മാത്രമാണ്.

ഇനി നിങ്ങള്‍ പറയൂ...  നമ്മുടെ കുട്ടികളുടെ സുരക്ഷക്ക് നാം ആരെയാണ് ആട്ടിയോടിക്കേണ്ടത്.

കേരളത്തില്‍ 10 ലക്ഷത്തിലധികം ഇതര സംസ്ഥാനക്കാരുണ്ടെന്നാണ് വെപ്പ്. ഇതില്‍ 11 പേരാണ് 2017 ല്‍ തട്ടിക്കൊണ്ട് പോകല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. പത്ത് ലക്ഷത്തിന്റെ എത്ര ശതമാനം വരും ഈ 11 പേര്‍ എന്ന് നിങ്ങള്‍ കണക്കു കൂട്ടിയാല്‍ മതി. ഈ ന്യൂനാല്‍ ന്യൂനപക്ഷത്തിന് വേണ്ടി ഒരു വിഭാഗത്തെ സംശയ ദൃഷ്‌‌‌‌ടിയില്‍ നിര്‍ത്താനും അക്രമിക്കാനും നമുക്കെന്താണവകാശം. സൗദിയില്‍ മദ്യ നിര്‍മ്മാണ, വിതരണ കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. നാളെ ഇന്ത്യക്കാര്‍ മുഴുവനും ചാരായം വാറ്റുകാരാണെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തി ഇവിടുത്തുകാര്‍ നമ്മളെ കാണുന്നിടത്ത് വെച്ച് ചോദ്യം ചെയ്യാനും ആള്‍ക്കൂട്ട വിചാരണ ചെയ്യാനും പുറപ്പെട്ടാല്‍ എന്താവും ഇവിടത്തെ പ്രവാസികളുടെ അവസ്ഥ.

സംശയ ദൃഷ്‌‌‌‌ടിയിലും ഏത് സമയവും ആക്രമിക്കപ്പെടാം എന്ന അവസ്ഥയിലും ജീവിക്കേണ്ടി വരുന്നവന്റെ മാനസ്സിക അവസ്ഥ ഒരു പക്ഷേ കേരളീയന് മനസ്സിലാവില്ല. പക്ഷേ യൂപിയിലേയും ഗുജറാത്തിലേയും, ബര്‍മ്മയിലേയും മുസ്ലിമിന് മനസ്സിലാവും. പാക്കിസ്ഥാനിലെ ഹിന്ദുവിന് മനസ്സിലാകും. യമനിലെ ജൂതന് മനസ്സിലാവും. നമ്മള്‍ അനുഭവിക്കാത്തതെല്ലാം നമ്മള്‍ക്ക് കെട്ട് കഥകള്‍ മാത്രമാണെന്ന് ബെന്യാമിന്‍ നിരീക്ഷിക്കുന്നുണ്ട്. സിറിയയില്‍ നിന്നും മറ്റും അഭയാര്‍ത്ഥികളായി വരുന്ന മുസ്ലിങ്ങളെ സ്വീകരിച്ചാല്‍ അത് തങ്ങളുടെ രാജ്യത്തിന് ഭീഷണിയാകുമെന്ന് ജര്‍മ്മനിയിലേയും മറ്റിതര യൂറോപ്യന്‍ രാജ്യങ്ങളിലേയും തീവ്ര വലത് പക്ഷക്കാര്‍ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ അതിനെയെല്ലാം അവഗണിച്ച് അവിടത്തെ ജനത അവരെ എതിരേറ്റു. ലോകം മാറുകയാണ്.

ഭിക്ഷാടനത്തേയും ഭിക്ഷാ മാഫിയയേയും ഒന്നും പ്രോല്‍സാഹിപ്പിക്കേണ്ടതില്ല. നിങ്ങള്‍ ഒന്നും അവര്‍ക്ക് കൊടുക്കാതിരിക്കുകയും ചെയ്‌‌‌‌‌തോളൂ. അതിനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്.

എന്നാല്‍ ചില കച്ചവടക്കാരും കറുത്തവരേയും മുടിചീകാത്തവരേയും കാണുമ്പോള്‍ അപരിഷ്‌കൃതരെന്ന് പുച്ഛിക്കുന്ന ചില മല്ലു റേസിസ്റ്റ് സായിപ്പന്മാരും പടച്ച് വിടുന്ന വാട്‌സപ്പ് വാറോലകള്‍ വിശ്വസിച്ച് അവരെ അക്രമിക്കാനും ഊരുവിലക്കാനും നിങ്ങള്‍ക്ക് അധികാരമില്ല. ആള്‍ക്കൂട്ട വിചാരണയും നീതി നടപ്പിലാക്കലും ഒരു പുരോഗമന സമൂഹത്തിന്റെ ലക്ഷണങ്ങളല്ല.

അവരും ജീവിക്കട്ടേ.

അവരും ഇന്ത്യക്കാരാണ്.

അവസാനമായി

അവരും മനുഷ്യരാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top