24 April Wednesday

'കൊല്ലാം പക്ഷെ അവരെ തോല്‍പ്പിക്കാനാവില്ല'; തൂത്തുക്കുടി സമരക്കാര്‍ക്ക് പൂര്‍ണ പിന്തുണ, വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ഡിവൈഎഫ്‌ഐ നേതാക്കള്‍

വെബ് ഡെസ്‌ക്‌Updated: Sunday May 27, 2018

തൂത്തുക്കുടി > സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെയ്‌‌‌പ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവ് മുഹമ്മദ് റിയാസും സംഘവും. പ്ലാന്റ് അടച്ചുപൂട്ടാനുള്ള സമരത്തില്‍ ഡിവൈഎഫ്‌ഐ മുന്‍ നിരയില്‍ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയാണ് സ്ഥലത്തു നിന്നും മടങ്ങിയതെന്ന് മുഹമ്മദ് റിയാസ് ഫേസ്‌ബുക്കില്‍ കുറിച്ചു.

ഫേസ്‌‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കൊല്ലാം പക്ഷെ അവരെ തോല്‍പ്പിക്കാനാവില്ല

വേദാന്ത സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ 105 ദിവസമായി സമരം നടന്നു വരുന്ന തൂത്തുക്കുടിയില്‍ നിന്ന് തിരിച്ച് വരികയാണ് ഇപ്പോള്‍. ഡിവൈഎഫ്‌ഐ  തമിഴ്നാട് സംസ്ഥാന സെക്രട്ടറി ബാലവേലന്‍, അഖിലേന്ത്യ കമ്മറ്റിയംഗങ്ങളായ നിധിന്‍ കണിച്ചേരി, എ എ റഹിം, രജീഷ് കേരള സംസ്ഥാന സെന്റര്‍ അംഗം എസ് കെ സജീഷ്, ഡിവൈഎഫ്‌ഐ തൂത്തുക്കുടി ജില്ലാ സെക്രട്ടറി മുത്തു, കേരള സംസ്ഥാന ഓഫീസിന്റെ ചുമതലയുള്ള ഹേമന്ത് എന്നിവരോടൊപ്പമാണ് തൂത്തുക്കുടിയിലെത്തിയത്. പോലീസ് വെടിവെപ്പില്‍ പതിമൂന്നുപേര്‍ കൊല്ലപ്പെട്ട സ്ഥലവും അവരുടെ വീടുകളും പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നവരേയും സന്ദര്‍ശിക്കുകയുണ്ടായി. വെടിവെപ്പില്‍ കൊല്ലപ്പെട്ട കാര്‍ത്തക് എന്ന വിദ്യാര്‍ത്ഥിയുടെ വീട്ടിലാണ് ആദ്യം പോയത്. മകന്‍ ജീവന്‍ നല്‍കിയത് നാടിനു വേണ്ടിയാണെന്നും, അവന്റെ ജീവത്യാഗം വെറുതെയായി പോകരുത് എന്നുമാണ് കണ്ണീരൊടുങ്ങാതെ കാര്‍ത്തികിന്റെ മാതാപിതാക്കള്‍ പറഞ്ഞത്. സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടാനുള്ള സമരത്തില്‍ ഡിവൈഎഫ്‌ഐ മുന്‍ നിരയില്‍ ഉണ്ടാകുമെന്ന് അവര്‍ക്ക് വാക്കു നല്‍കിയാണ് ആ വീട്ടില്‍ നിന്നും ഇറങ്ങിയത്.  തങ്ങളുടെ ജീവവായുവും കുടിവെള്ളവും വിഷമയമാക്കുന്ന വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നൂറില്‍പ്പരം ദിവസങ്ങളായി തൂത്തുക്കുടിയിലെ ജനങ്ങള്‍ സമരം ചെയ്യുന്നു. തീര്‍ത്തും അഹിംസ മാര്‍ഗത്തിലുള്ള സമരം. മാര്‍ച്ച് മാസം 24 ന് ഇരുപതിനായിരത്തോളം വരുന്ന ജനങ്ങള്‍ പങ്കെടുത്ത് വലിയ പ്രതിഷേധ മാര്‍ച്ച് നടന്നു. ഒരക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമരക്കാരുടെ അവശ്യങ്ങളെ പരിഗണിച്ചതേയില്ല. തുടര്‍ന്നാണ് മെയ് 22ന്, സമരത്തിന്റെ നൂറാം ദിവസം വീണ്ടുമൊരു വലിയ പ്രതിഷേധ മാര്‍ച്ച് നടത്താന്‍ സമരക്കാര്‍ തയ്യാറായത്. ആയിരകണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ച് തീര്‍ത്തും സമാധാനപരമായിരുന്നു. മാര്‍ച്ച് സഞ്ചരിച്ച ഏഴു കിലോമീറ്റര്‍ ദൂരം ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ആ മാര്‍ച്ചിനു നേരേയാണ് ഓട്ടോമാറ്റിക്ക് റൈഫിളുകള്‍ ഉപയോഗിച്ച് പോലീസ് വെടിയുതിര്‍ത്തത്. സിവില്‍ ഡ്രസ് ധരിച്ച പോലീസുകാര്‍ ദൂരദര്‍ശിനി ഘടിപ്പിച്ച സ്‌നൈപ്പര്‍ തോക്കുകള്‍ ഉപയോഗിച്ചും വെടിയുതിര്‍ത്തു. സമര നേതാക്കളെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തുന്നതിനായിരിന്നു ഇത്. മരിച്ചവരില്‍ സ്‌നോലിന്‍ എന്ന പതിനേഴുകാരിയും ഉള്‍പ്പെടുന്നു. വെടിയുണ്ട തല തുളച്ച് മറുപുറം കടന്നു പോയ നിലയിലാണ് സ്‌നോലിന്റെ മൃതശരീരം കണ്ടെത്തിയത്. ആ വീടു സന്ദര്‍ശിച്ചപ്പോള്‍ മാതാപിതാക്കള്‍ പറഞ്ഞത്, സ്റ്റെര്‍ലൈറ്റ് ഫാക്ടറി അടച്ചു പൂട്ടാതെ തങ്ങളുടെ മകളുടെ ശവശരീരം സംസ്‌കരിക്കില്ല എന്നാണ്. എന്തു കൊണ്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇത്രയും വലിയ ജനകീയ സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം ലളിതമാണ,്  കേന്ദ്രസര്‍ക്കാരിന്റെയും തമിഴ് നാട് സര്‍ക്കരിന്റെയും ഉറ്റതോഴനാണ് വേദാന്ദ എന്ന കോര്‍പ്പറേറ്റ്.








ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top