19 April Friday

ബാങ്കുകൾ കടം എഴുതിത്തള്ളുന്നത്‌ മിഥ്യയോ?...; രവിചന്ദ്രൻ ടൈപ്പ്‌ "സ്വതന്ത്രചിന്തകർക്ക്‌' തോമസ്‌ ഐസകിന്റെ മറുപടി

വെബ് ഡെസ്‌ക്‌Updated: Friday Dec 30, 2022

ആദ്യം തന്നെ പറയട്ടെ എഴുതിത്തള്ളൽ ഞങ്ങളാരും സൃഷ്‌ടിച്ച പദപ്രയോഗമല്ല. റിസർവ്വ് ബാങ്ക് മേൽപ്പറഞ്ഞ നടപടിക്ക് നൽകിയിട്ടുള്ള ഔപചാരിക പേര് “write off” എന്നാണ്. ഇതിനെയാണ് എഴുതിത്തള്ളൽ എന്നു മലയാളത്തിൽ തർജ്ജിമ ചെയ്യുന്നത്. write off ചെയ്ത‌തുകൊണ്ട് രണ്ട് വീഡിയോയിലും പറയുന്നതുപോലെ കുടിശികക്കാരന്റെ ബാധ്യത ഇല്ലാതാകുന്നില്ല. ഇതൊക്കെ എന്റെ പോസ്റ്റിലും പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. പക്ഷേ, രവിചന്ദ്രനാദികൾ മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്. ഡോ. തോമസ്‌ ഐസകിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

“തോമസ് ഐസക്, അദ്ദേഹം സാമ്പത്തികശാസ്ത്രത്തിൽ ഡോക്‌ടറേറ്റ് ഉള്ള ആളാണ്. അദ്ദേഹം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത് 8 ലക്ഷം കോടിയുടെ കടം, കുത്തകകളുടെ കടം ഗവൺമെന്റ് എഴുതിത്തള്ളി പോലും. മോദി സർക്കാർ വെറുതേ എഴുതിത്തള്ളി. സത്യത്തിൽ ഒരു നയാ പൈസ പോലും ബാങ്കുകൾ എഴുതിത്തള്ളുന്നില്ലായെന്ന് നമ്മൾ ഫെയ്‌സ്ബുക്കിൽ പലതവണ പറഞ്ഞകാര്യമാണ്. പക്ഷേ ഇവിടെ പ്രചരിക്കുന്നത് കുത്തകകളുടെ കോടിക്കണക്കിനു രൂപ ഗവൺമെന്റ് എഴുതിത്തള്ളുന്നു. അല്ല ബാങ്കുകൾ എഴുതിത്തള്ളുന്നു. ഒരു പാവപ്പെട്ടവൻ ബാങ്കിൽ നിന്നും ലോൺ എടുത്താൽ അയാളെ ബാങ്കുകാർ പീഡിപ്പിക്കുകയും ചെയ്യും. ഈ നരേറ്റീവ് എത്രമാത്രം ശരിയാണ്?”.

സി രവിചന്ദ്രൻ സെറ്റിന്റെ neuronz-ന്റെ ഫെയ്‌സ്ബുക്ക് പേജിൽ എന്നെ വിമർശിച്ചുകൊണ്ടുള്ള ഒരു വീഡിയോ ക്ലിപ്പിംഗ് ഉണ്ട്. അതിൽ ഉന്നയിച്ച ചോദ്യമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. പാനലിൽ ഒരു വിദഗ്‌ദൻ ഞാൻ പറഞ്ഞത് പൊള്ളത്തരമാണെന്നു സമർത്ഥിക്കുന്നു: ബാങ്കുകൾ കടം എഴുതിത്തള്ളുന്നില്ല. സാങ്കേതികമായി നാലുവർഷത്തിലേറെ കുടിശികയായ തുകകൾ കണക്കിൽ നിന്നും മാറ്റുന്നതേയുള്ളൂ. അങ്ങനെ ചെയ്യുന്നതിന്റെ ഫലമായി ബാങ്കുകളുടെ എൻപിഎ ബാലൻസ്ഷീറ്റിൽ കുറഞ്ഞു നിൽക്കും. അതേസമയം, ഇത്തരം മാറ്റിവച്ച കുടിശികകൾ ഈടാക്കാനുള്ള സർഫാസി നടപടികളും മറ്റും ബാങ്കുകൾ തുടരും. ബാധ്യതകളിൽ നിന്ന് വായ്‌പയെടുത്തവർ മുക്തരാകുന്നില്ല. ഇതു മറച്ചുപിടിച്ച് ഭീമമായ തുകകൾ എഴുതിത്തള്ളുന്നുവെന്നു ദുർവ്യാഖ്യാനം ചെയ്യുകയാണ്.

കമന്റിൽ മറ്റൊരു വക്താവ് ഇതു സംബന്ധിച്ച ശേഖർ ഗുപ്‌ത‌യുടെ വീഡിയോ പരാമർശിക്കുന്നുണ്ട്: “ശേഖർ ഗുപ്‌ത‌യുടെ ഈ വിഷയത്തിൽ ഒരു വീഡിയോ അടുത്തയിടെ വന്നിട്ടുണ്ട് കടം എഴുതി തള്ളിയവരുടെയും will full defaulters ന്റെയും ഒരു ലിസ്റ്റ് കാണിക്കുന്നുണ്ട്. അതിലെവിടെയെങ്കിലും അദാനി അംബാനി ടാറ്റ ബിർള ..... എന്നിങ്ങനെ കേരളത്തിലെ ബുദ്ധിജീവികളും മീഡിയകളും പറയുന്ന പേരുകൾ വല്ലതും കണ്ടാൽ ഒന്നറിയിക്കണേ ... ഇനി ശേഖർ ഗുപ്‌തയെയും നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ കഷ്‌ടം എന്നെ പറയാനുള്ളു.”

ആദ്യം തന്നെ പറയട്ടെ എഴുതിത്തള്ളൽ ഞങ്ങളാരും സൃഷ്‌ടിച്ച പദപ്രയോഗമല്ല. റിസർവ്വ് ബാങ്ക് മേൽപ്പറഞ്ഞ നടപടിക്ക് നൽകിയിട്ടുള്ള ഔപചാരിക പേര് “write off” എന്നാണ്. ഇതിനെയാണ് എഴുതിത്തള്ളൽ എന്നു മലയാളത്തിൽ തർജ്ജിമ ചെയ്യുന്നത്. write off ചെയ്ത‌തുകൊണ്ട് രണ്ട് വീഡിയോയിലും പറയുന്നതുപോലെ കുടിശികക്കാരന്റെ ബാധ്യത ഇല്ലാതാകുന്നില്ല. ഇതൊക്കെ എന്റെ പോസ്റ്റിലും പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. പക്ഷേ, രവിചന്ദ്രനാദികൾ മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്.

1) ഇത്തരത്തിൽ സാങ്കേതികമായിട്ട് ബാലൻസ്ഷീറ്റിൽ നിന്നും കുടിശികയെ മാറ്റുമ്പോൾ ബാങ്ക് അവരുടെ ലാഭത്തിൽ നിന്നോ മൂലധനത്തിൽ നിന്നോ തതുല്യമായ തുക ആസ്‌തിയിലേക്ക് വകകൊള്ളിക്കേണ്ടതില്ലേ? ഇതിന്റെ ഫലമായി ബാങ്കുകൾക്കു മൂലധനശോഷണം ഉണ്ടാവില്ലേ? അത് ബാങ്കുകളെ പ്രതിസന്ധിയിലാക്കില്ലേ?.

2) ഇത്തരത്തിൽ സാങ്കേതികമായി മാറ്റിവച്ച കുടിശികകളിൽ നിന്ന് എത്ര ശതമാനം തിരിച്ചുപിടിക്കാൻ കഴിയും? neuronz-കാരുടെ നിലപാട് അവയൊക്കെ തിരിച്ചുപിടിക്കാനാകുമെന്നാണല്ലോ. 10 വർഷത്തിനിടയിൽ തിരിച്ചുപിടിച്ചതിന്റെ കണക്കുണ്ട്. 1.3 ലക്ഷം കോടി രൂപ. ഇതു കഴിഞ്ഞ ഒരു ദശാബ്ദത്തിൽ എഴുതിത്തള്ളിയതിന്റെ ഏതാണ്ട് 10 ശതമാനമേ വരൂ. അപ്പോൾ എഴുിത്തള്ളിയെന്നു പറഞ്ഞതിന്റെ 90 ശതമാനവും ഒരുംപോക്കല്ലേ? ബാധ്യത ഇല്ലാതാകുന്നില്ലായെന്നു പറഞ്ഞിരിക്കാം. പക്ഷേ, ബാങ്കിനു പോയതു പോയതുതന്നെയല്ലേ?.

3) നഷ്‌ടപരിഹാരത്തുക വകയിരുത്തി എഴുതിത്തള്ളുമ്പോൾ അത്രയും തുകയ്ക്കു ലാഭമില്ലെങ്കിൽ ബാങ്കിന്റെ മൂലധനം ശോഷിക്കും. ആസ്‌തികളുടെ എത്ര ശതമാനം ഓഹരി മൂലധനമായി വേണമെന്നും അന്തർദേശീയ ബേസിൽ കരാറിൽ വ്യവസ്ഥയുണ്ട്. ഈ തോതിനേക്കാൾ കുറയാതിരിക്കണമെങ്കിൽ സർക്കാർ ധനസഹായം കൊടുത്തേതീരൂ. അങ്ങനെ ബിജെപി സർക്കാർ 3.4 ലക്ഷം കോടി രൂപ ഖജനാവിൽ നിന്നും ബാങ്കുകൾക്കു ധനസഹായമായി നൽകിയിട്ടില്ലേ? ഈ നഷ്‌ടം നികത്താൻ കൂടിയല്ലേ ബാങ്കുകൾ ഓഹരികൾ പുറത്തുവിറ്റ് മൂലധനം സമാഹരിക്കുവാൻ ശ്രമിക്കുന്നത്? കോർപ്പറേറ്റുകൾ കൊള്ളയടിക്കുക. എന്നിട്ട് ആ നഷ്ടം നികത്താൻ ബാങ്കുകളുടെ ഓഹരി അവർക്കു തന്നെ വിൽക്കുക!.

4) ഇനി ശേഖർ ഗുപ്‌ത‌യുടെ വീഡിയോയിൽ കൊടുത്തൂവെന്ന് പറഞ്ഞിരിക്കുന്ന “മനപൂർവ്വം കുടിശികവരുത്തിയവരുടെ ലിസ്റ്റ്” ലോക്‌സഭയിൽ ചോദ്യത്തിന് ഉത്തരമായി നൽകിയിരുന്നു. പക്ഷേ, അതിൽ ഭീമൻ കോർപ്പറേറ്റുകളൊന്നും ഇല്ലായെന്നു പറയുന്നതിനു അപാര തൊലിക്കട്ടി വേണം! ചോദ്യം “മനപൂർവ്വമല്ലാതെ” കുടിശിക വരുത്തിയ ലിസ്റ്റിൽ അദാനി-അംബാനിമാർ ഉണ്ടോയെന്നുള്ളതാണ്.

5) എന്തുകൊണ്ട് കുടിശിക വരുത്തിയ മുഴുവൻ പേരുടെയും പേരുവിവരം കേന്ദ്ര സർക്കാർ പുറത്തുവിടുന്നില്ല? മര്യാദയ്ക്കു പ്രവർത്തിക്കുന്ന ആരുടെയും കണക്കുകൾ പ്രസിദ്ധപ്പെടുത്തണ്ട. പക്ഷേ, ബാങ്കിൽ നിന്നും വായ്പയെടുത്തിട്ട് തിരിച്ച് അടയ്ക്കാത്തവരുടെ പേരുവിവരം പ്രസിദ്ധപ്പെടുത്താൻ നിയമപരമായ തടസ്സമുണ്ടെങ്കിൽ ആ നിയമം അല്ലേ മാറ്റേണ്ടത്? തമിഴ്നാട് സർക്കാർ ഫ്രീബി വിവാദത്തിൽ സുപ്രിംകോടതിയിൽ നൽകിയ പ്രസ്‌താവനയിൽ അദാനിയുടെ കമ്പനികളുടെ 70000 കോടി രൂപ എഴുതിത്തള്ളിയെന്നു പ്രസ്‌താവിച്ചു. ആരും ഇതുവരെ അതിനെ ചോദ്യം ചെയ്‌തിട്ടുമില്ല.

6) 2016 ലോക്‌സഭയിലെ ഒരു ചോദ്യത്തിനു നൽകിയ ഉത്തരം പ്രകാരം ഷെഡ്യൂൾഡ് ബാങ്കുകളിലെ 58 ശതമാനം വായ്പകളും 5 കോടിയേക്കാൾ വലിയ വായ്‌പകളുള്ള വൻകിടക്കാരാണ്. കിട്ടാക്കടത്തിന്റെ 86.4 ശതമാനവും ഇത്തരക്കാരുടേതാണ്. കൃഷിക്കാർ കോടികൾ വായ്‌പയെടുക്കുന്നവരല്ലല്ലോ. കിട്ടാക്കടത്തിന്റെ സിംഹഭാഗവും വൻകിട കമ്പനിക്കാരുടേതാണ്. ലോക്‌സഭാ ചോദ്യത്തിൽ നിന്നുള്ള മറ്റൊരു കണക്ക് ഇതാ: ഇന്ത്യയിലെ ഏറ്റവും വലിയ 100 വായ്‌പക്കാരുടെ ബാധ്യതയിൽ മാർച്ച് 2016-ൽ കിട്ടാക്കടം 22.33 ശതമാനമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ 100 വായ്‌പക്കാർ ആരായിരിക്കാം?. രവിചന്ദ്രൻ ടൈപ്പ് സ്വതന്ത്രചിന്തകരുടെ കോർപ്പറേറ്റു പക്ഷപാതിത്വവും ബിജെപി ദാസ്യവൃത്തിയും ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top