29 May Monday

തിരുത്തലുകൾക്ക് മാധ്യമങ്ങളും തയ്യാറാണോ? നൈതികതയും ധാർമികതയും ഉപദേശിക്കുന്നവർ അത് പാലിക്കുന്നുണ്ടോ-ചോദ്യങ്ങളുമായി തോമസ് ഐസക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

മറ്റുള്ളവർക്ക് ധാർമ്മികതയും നൈതികതയും ഉപദേശിക്കുന്ന മാധ്യമങ്ങൾ സ്വയം അതു പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ഡോ.ടി എം തോമസ് ഐസക്. അണികളെ സിപിഐ എം ബോധവത്കരിക്കണമെന്നാണ് മലയാള മനോരമ ഉപദേശിച്ചത്. സിപിഐഎമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ വെള്ളിയാഴ്ച്ച പി രാജീവിന്റെ ക്ലാസ് മാധ്യമ നൈതികതയെക്കുറിച്ചാണ്. സോഷ്യൽ മീഡിയയിൽ ഇടപെടുന്ന പാർടി അംഗങ്ങൾ ഇതു സംബന്ധിച്ച പാർടി നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അനുഭാവികളോടും ഇക്കാര്യം അഭ്യർത്ഥിക്കുകയും ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായാൽ അവരെ തിരുത്തിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും. പക്ഷേ, മനോരമയിലേത് അടക്കമുള്ള മാധ്യമപ്രവർത്തകരും നൈതികതയും ധാർമികതയും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടേയെന്ന് തോമസ് ഐസക് ചോദിച്ചു.

മാധ്യമങ്ങൾ സംഘടിതമായി വ്യാജവാർത്ത നൽകുമ്പോൾ, അതെന്തുകൊണ്ട് വ്യാജവാർത്തയാകുന്നുവെന്ന് വസ്തുതകൾ നിരത്തി ജനങ്ങളോട് പറയാനേ സിപിഐ എം ശ്രമിച്ചിട്ടുള്ളൂ. ആ ജനാധിപത്യാവകാശം പാർടി അംഗങ്ങളും അണികളും ഉപയോഗിക്കുക തന്നെ ചെയ്യും. അത്തരം വിമർശനങ്ങളോട് വസ്തുതകളെ ആസ്പദമാക്കി പ്രതികരിക്കാൻ മാധ്യമസ്ഥാപനങ്ങളും തയ്യാറാകണം. സിപിഐ എം അണികളിൽ നിന്ന് എന്തെങ്കിലും അപക്വമായ ഇടപെടലുണ്ടായാൽ, അതു തിരുത്താൻ തയ്യാറാണ്. മറിച്ചാണെങ്കിലോ? ആ ചോദ്യത്തിനും ഉത്തരം വേണ്ടതല്ലേ.-ഐസക് ഫെയ്‌സ്ബു്ക് കുറിപ്പിൽ ചോദിച്ചു.

തോമസ് ഐസകിന്റെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ് പൂർണരൂപം


ഏതായാലും മനോരമയുടെ നിർദ്ദേശം സിപിഐഎം മാനിക്കുകയാണ്. നൈതികതയെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചും അണികളെ ഞങ്ങൾ തുടർച്ചയായി ബോധവത്കരിക്കണമെന്നാണല്ലോ മനോരമയുടെ ഉപദേശം. സിപിഐഎമ്മിന്റെ ഔദ്യോഗിക പേജിൽ നാളെ സഖാവ് പി രാജീവിന്റെ ക്ലാസ് മാധ്യമ നൈതികതയെക്കുറിച്ചാണ്. സോഷ്യൽ മീഡിയയിൽ ഇടപെടുന്ന പാർടി അംഗങ്ങൾ ഇതു സംബന്ധിച്ച പാർടി നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തും. അനുഭാവികളോടും ഇക്കാര്യം അഭ്യർത്ഥിക്കുകയും ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായാൽ അവരെ തിരുത്തിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും.

പക്ഷേ, മനോരമയിലേത് അടക്കമുള്ള മാധ്യമപ്രവർത്തകരോടു കൂടി ഒരു വാക്ക്. നൈതികതയും ധാർമ്മികതയും നിങ്ങൾക്കും ബാധകമാണ്. അതുകൊണ്ട് പി രാജീവിന്റെ ക്ലാസ് നിങ്ങളും കേൾക്കുന്നത് ഉചിതമായിരിക്കും. കാരണം, നിങ്ങളിൽ പലരുടെയും റിപ്പോർട്ടുകളും വ്യാഖ്യാനങ്ങളും വിശകലനങ്ങളും കാണുമ്പോൾ ഈ പദങ്ങളെ നിങ്ങൾക്ക് പരിചയം പോലുമില്ല എന്ന തോന്നലാണ് ഉണ്ടാകുന്നത്. അതുകൊണ്ട് നിങ്ങളെയും പി രാജീവിന്റെ ക്ലാസിലേയ്ക്ക് ഞാൻ സ്വാഗതം ചെയ്യുന്നു. ക്ലാസ് വീക്ഷിക്കുന്നതിൽ ഒരു മാനക്കേടും കരുതേണ്ടതില്ല.

കഴിയുന്നവരൊക്കെ ആ ക്ലാസ് കേൾക്കണമെന്നൊരു നിർദ്ദേശം തങ്ങളുടെ ജീവനക്കാർക്ക് നൽകണമെന്ന് മനോരമാ ഉടമസ്ഥരോടും ഞാൻ അഭ്യർത്ഥിക്കുന്നു. അതിനു കാരണമുണ്ട്. നൈതികതയും ധാർമ്മികതയും തൊട്ടുതീണ്ടിയിട്ടില്ലാത്ത അവരുടെ ചില വിക്രിയകൾ വ്യക്തിപരമായി എനിക്കു നേരെയും ഉണ്ടായിട്ടുണ്ട്.

ജനകീയാസൂത്രണ വിവാദവുമായി ബന്ധപ്പെട്ട് ഒരു അടിസ്ഥാനവുമില്ലാത്ത എത്രയോ വാർത്തകൾ അവർ തുടർച്ചയായി എഴുതിയിട്ടുണ്ട്. ഇപ്പോൾ വായിച്ചാൽ നിങ്ങൾക്കും എഴുതിയ അവർക്കു തന്നെയും ലജ്ജ തോന്നുന്ന വാദങ്ങളും വ്യാഖ്യാനങ്ങളും. വെബ്‌സൈറ്റിൽ കൊടുത്ത ഒരു ഹൈപ്പർ ലിങ്ക് സിഐഎ ബന്ധത്തിന് തെളിവായി എഴുന്നെള്ളിച്ചുകൊണ്ടുവന്ന ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ നിലവാരത്തെക്കുറിച്ച് അധികം പറയിപ്പിക്കാതിരിക്കുന്നതാണ് ബുദ്ധി.

ലാവലിൻ വിവാദമെടുക്കൂ. വരദാചാരിയുടെ തല പരിശോധനക്കഥയൊന്നും ആരും മറന്നിട്ടില്ല. സ്വന്തം വാർത്തയെപ്പോലും ഫാൻസി ഡ്രസ് അണിയിച്ച് വ്യാജവാർത്തയ്ക്ക് വിഷയമാക്കിയവരും നൈതികതയുടെയും ധാർമ്മികതയുടെയും ക്ലാസിലിരിക്കുന്നത് നന്നാവും. ഇതുപോലെ എണ്ണിപ്പറഞ്ഞാൽ എത്രയോ വ്യാജവാർത്തകളുണ്ട്. ഇതിൽ പലതും ഉടമസ്ഥരുടെ പ്രത്യേക നിർദ്ദേശപ്രകാരം ഉണ്ടാകുന്നതാണ് എന്ന വിമർശനമൊന്നും എനിക്കില്ല. പലതും നിങ്ങൾ അറിയാതെ സംഭവിക്കുന്നതുമാകാം. എന്നാൽ ചരിത്രത്തിലാദ്യമായി വിമർശനങ്ങളുടെ കുത്തൊഴുക്ക് മനോരമയടക്കമുള്ള മാധ്യമങ്ങൾക്കെതിരെ പ്രവഹിക്കുമ്പോൾ, അതിലെന്തു വസ്തുതയുണ്ട് എന്ന് സ്ഥാപനത്തിന്റെ ഉടമകൾ സവിശേഷമായി പരിശോധിക്കുന്നത് നന്നാവും.

ഇതുപോലുള്ള അനുഭവങ്ങളെ ആസ്പദമാക്കി ഞാനും എൻ പി ചന്ദ്രശേഖരനും ചേർന്ന് ഒരു പുസ്തകം തന്നെ എഴുതി. ആ പുസ്തകം പുറത്തുവന്നപ്പോൾ വിമതൻ എഴുതിയ പ്രതികരണമെന്തായിരുന്നു എന്ന് പരിശോധിക്കുക. വർഷം കുറെക്കഴിഞ്ഞിട്ടുണ്ടെങ്കിലും ആ പുസ്തകത്തിലെ നിരീക്ഷണങ്ങളോട് ആ വാർത്തകൾ എഴുതിക്കൂട്ടിയവർ തുറന്നു സംവദിക്കാൻ തയ്യാറുണ്ടോ? മറ്റുള്ളവർക്ക് ധാർമ്മികതയും നൈതികതയും ഉപദേശിക്കുമ്പോൾ സ്വയം അതു പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണ്ടേ.

നോക്കൂ. മാധ്യമങ്ങൾ ഞങ്ങൾക്കെതിരെ സംഘടിതമായി വ്യാജവാർത്ത നൽകുമ്പോൾ, അതെന്തുകൊണ്ട് വ്യാജവാർത്തയാകുന്നുവെന്ന് വസ്തുതകൾ നിരത്തി ജനങ്ങളോട് പറയാനേ ഞങ്ങൾ ശ്രമിച്ചിട്ടുള്ളൂ. ആ ജനാധിപത്യാവകാശം സിപിഐഎം അംഗങ്ങളും അണികളും ഉപയോഗിക്കുക തന്നെ ചെയ്യും. അത്തരം വിമർശനങ്ങളോട് വസ്തുതകളെ ആസ്പദമാക്കി പ്രതികരിക്കാൻ മാധ്യമസ്ഥാപനങ്ങളും തയ്യാറാകണം. ഞങ്ങളുടെ അണികളിൽ നിന്ന് എന്തെങ്കിലും അപക്വമായ ഇടപെടലുണ്ടായാൽ, അതു തിരുത്താൻ ഞങ്ങൾ തയ്യാറാണ്. മറിച്ചാണെങ്കിലോ?ആ ചോദ്യത്തിനും ഉത്തരം വേണ്ടതല്ലേ.

ഏതായാലും നമുക്ക് ഈ സംവാദം തുടരാം. ആദ്യപടിയായി സ. രാജീവിന്റെ ക്ലാസ് എല്ലാവരും കേൾക്കൂ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top