27 May Monday

"അസംബന്ധം എന്ന ഒറ്റവാക്കിൽ പ്രതികരിച്ച് അവസാനിപ്പിക്കേണ്ട വിമർശനങ്ങളാണ് മുല്ലപ്പള്ളിയുടെ പക്കലുള്ളത്‌' - തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 27, 2020

എൽഡിഎഫിന്റെ മനുഷ്യമഹാശൃംഖലയെക്കുറിച്ചുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമർശനത്തിന്‌ മന്ത്രി തോമസ്‌ ഐസകിന്റെ മറുപടി.

ചില കോൺഗ്രസ് നേതാക്കളുടെ, പ്രത്യേകിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സിപിഐഎം വിമർശനം ബഹുവിശേഷമാണ്. വാദങ്ങൾക്കൊന്നും പൊരുത്തമോ പൂർവാപരബന്ധമോ ഒന്നും കാണില്ല. അസംബന്ധം എന്ന ഒറ്റവാക്കിൽ പ്രതികരിച്ച് അവസാനിപ്പിക്കേണ്ട വിമർശനങ്ങളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. രാജ്യം അതിഗുരുതരമായ ഒരു സ്ഥിതിയിലൂടെ കടന്നുപോകുമ്പോൾ ഇത്ര ലാഘവത്തോടെയും ഉത്തരവാദിത്തരഹിതമായും കോൺഗ്രസിനെപ്പോലൊരു പാർടിയുടെ കേരള ഘടകത്തിന്റെ അധ്യക്ഷൻ ഇങ്ങനെയൊക്കെ പെരുമാറാമോ? കുറച്ചുകൂടി നിലവാരം പുലർത്തണമെന്ന് അദ്ദേഹത്തെ അടുത്ത സുഹൃത്തുക്കളെങ്കിലും ഉപദേശിക്കേണ്ട കാലമായി.

നോക്കൂ. ഇന്നത്തെ പത്രസമ്മേളനത്തിൽ അദ്ദേഹം മനുഷ്യമഹാശൃംഖലയെക്കുറിച്ച് പറഞ്ഞത്. മനുഷ്യമഹാശൃംഖല പരാജയമാണത്രേ. താൻ കണ്ണടച്ചാൽ ലോകം മുഴുവൻ ഇരുട്ടുപരക്കുമെന്ന വിശ്വാസവുമായി നടക്കുന്ന അദ്ദേഹത്തോട് നമുക്കു സഹതപിക്കാം. ജനലക്ഷങ്ങൾ അണിനിരന്ന മഹാജനമുന്നേറ്റം പരാജയമാണെന്ന് നിരീക്ഷിച്ചുമ്പോൾ അദ്ദേഹത്തിനൊരു മനസുഖം കിട്ടുമെങ്കിൽ നമ്മളെന്തിന് എതിർക്കണം.

പക്ഷേ, അതും കഴിഞ്ഞ് പറഞ്ഞ അടുത്ത ഡയലോഗാണ്, ന്യൂ ജെൻകാരുടെ ഭാഷയിൽ പറഞ്ഞാൽ, പൊളിച്ചത്. ആത്മാഭിമാനമുള്ള ഒരു കോൺഗ്രസുകാരനും പങ്കെടുത്തില്ല. ലീഗുകാർ പങ്കെടുത്തെങ്കിൽ അവരാണ് പറയേണ്ടത്.
അതായത്, കോൺഗ്രസുകാരും ലീഗുകാരും പങ്കെടുത്തുവെന്ന് അദ്ദേഹത്തിനു തന്നെ അറിയാം. നാട്ടുകാർക്കുറിയാം. പത്രക്കാർക്കുമറിയാം. ഇന്നത്തെ ന്യൂസ് ചാനലുകളിലെ പ്രധാനവാർത്തകളിലൊന്ന് മനുഷ്യമഹാശൃംഖലയിൽ ലീഗിന്റെ പ്രധാന പ്രവർത്തകർ അണി ചേർന്നതിനെക്കുറിച്ചാണ്. പങ്കെടുത്തവരെ പുറത്താക്കുമെന്ന് കെപിഎ മജീദും അതിന്റെയൊന്നും കാര്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും.

ഈ ചർച്ച മുന്നേറുമ്പോഴാണ് മുല്ലപ്പള്ളിയുടെ രംഗപ്രവേശം. എൽഡിഎഫ് സംഘടിപ്പിക്കുന്ന പരിപാടിയിൽ കോൺഗ്രസ്, ലീഗ് പ്രവർത്തകർ പങ്കെടുത്തെങ്കിൽത്തന്നെ അതൊരു മഹാവിജയമാണ്. രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്നവരെപ്പോലും ആകർഷിക്കുന്ന ഒരു മുദ്രാവാക്യമുയർത്തുകയും, അവരെക്കൂടി അണിചേർക്കുംവിധം വിശാലമായ ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുകയും ചെയ്യുന്നതിൽ എൽഡിഎഫ് വിജയിച്ചുവെന്നാണ് ഇതു കാണിക്കുന്നത്. ശൃംഖലയിൽ പരസ്യമായി അണിനിരക്കാൻ കോൺഗ്രസ്, ലീഗ് പ്രവർത്തകർ തയ്യാറായെങ്കിൽ, അതിന്റെ എത്രയോ മടങ്ങ് വരും, മനസുകൊണ്ട് ഈ പരിപാടിയിൽ കൈകോർത്ത യുഡിഎഫ് പ്രവർത്തകരും അനുഭാവികളും.

സത്യത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ചെറുതാകുന്നത് അവരുടെ മുന്നിലാണ്. മനുഷ്യമഹാശൃംഖല വൻവിജയമായിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ വാദിച്ചു ബോധ്യപ്പെടുത്താനൊന്നും ഞങ്ങളില്ല. പൊട്ടക്കിണറ്റിൽ ശീർഷാസനം നിൽക്കുന്നത് വലിയ രാഷ്ട്രീയതന്ത്രമാണെന്ന അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ.

വനിതാമതിലിൽ പങ്കെടുത്ത എല്ലാവരും എൽഡിഎഫിന് വോട്ടുചെയ്തില്ലെന്നാണ് അദ്ദേഹത്തിന്റെ അടുത്ത കണ്ടുപിടിത്തം. അദ്ദേഹം ഇതൊക്കെ വോട്ടുകിട്ടാനുള്ള പരിപാടിയായിട്ടാണ് കാണുന്നത്. ഞങ്ങൾക്കിത് വോട്ടുപിടിത്തമല്ല. നവോത്ഥാനവും പൌരത്വപ്രശ്നവുമൊന്നും ഞങ്ങളേറ്റെടുക്കുന്നത് എത്ര വോട്ടുകിട്ടുമെന്ന് കണക്കുകൂട്ടിയല്ല.

രാജ്യത്തെ മഹാഭൂരിപക്ഷം ജനതയെയും ഭീതിയിലും ആശങ്കയിലുമാഴ്ത്തിയ പൌരത്വ നിയമഭേദഗതിയും ദേശീയ പൌരത്വ രജിസ്റ്ററുമൊക്കെ വോട്ടുകിട്ടാനുള്ള വിഷയമായിട്ടാണോ ഇപ്പോഴും മുല്ലപ്പള്ളിയൊക്കെ കണക്കാക്കി വെച്ചിട്ടുള്ളത്. എങ്കിൽ എന്തൊരു ദുരന്തമാണ് അദ്ദേഹം എന്നു പറയേണ്ടി വരും. എന്റെ മുല്ലപ്പള്ളീ, രാജ്യത്ത് തെരഞ്ഞെടുപ്പു തന്നെ വേണ്ടെന്നു വെയ്ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. നിങ്ങൾക്ക് വോട്ടു നൽകി ജയിപ്പിച്ചിട്ടെന്തു കിട്ടാനാണ് എന്നൊരു ചർച്ച വേറെ നടക്കുന്നുണ്ട്. ഈ അവസരത്തിൽ ഞാനതിലേയ്ക്കു കടക്കുന്നില്ല.

പൌരത്വ പ്രശ്നത്തിൽ വ്യക്തമായ നിലപാടു സ്വീകരിച്ച ദേശീയ മാധ്യമങ്ങൾ പോലും ഗംഭീരവിജയം എന്ന് റിപ്പോർട്ടു ചെയ്ത മനുഷ്യ മഹാശൃംഖലയെക്കുറിച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഈ നിലയിൽ പ്രതികരിക്കുന്നത്. ടെലിഗ്രാഫ് പത്രത്തിന്റെ ഒന്നാം പേജൊന്നും അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടില്ല എന്നു തോന്നുന്നു. ഇത്തരം ഡയലോഗുകളൊക്കെ ഈ നാടിനെ നാണംകെടുത്തുകയേ ഉള്ളൂവെന്ന് തിരിച്ചറിയാനെങ്കിലും കെപിസിസി പ്രസിഡന്റിന് കഴിയേണ്ടിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top