17 April Wednesday

ഓര്‍ക്കുക, ഇന്ദിരാഗാന്ധിക്ക് ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്; അറസ്റ്റും റെയ്ഡും കൊണ്ട് എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാമെന്നു ധരിക്കുന്നവര്‍ ആ അനുഭവം മറക്കരുത്: തോമസ് ഐസക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

കൊച്ചി > വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത നടപടിയില്‍ പ്രതികരണവുമായി മന്ത്രി ടി എം തോമസ് ഐസക്ക്. ഫേസ്‌ബുക്കിലാണ് മന്ത്രി തന്റെ കുറിപ്പെഴുതിയിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പൌരാവകാശങ്ങള്‍ നിഷേധിച്ചും സാമൂഹ്യരാഷ്ട്രീയപ്രവര്‍ത്തകരെ അടിച്ചമര്‍ത്തിയും ഭീതി വിതയ്ക്കാനും ഭീഷണി മുഴക്കാനും ഭരണസംവിധാനങ്ങളെല്ലാം ദുരുപയോഗം ചെയ്തും എതിരഭിപ്രായത്തെ നിശബ്ദമാക്കാമെന്നു ധരിച്ച ഇന്ദിരാഗാന്ധിയ്ക്ക് തീഹാര്‍ ജയിലില്‍ കിടക്കേണ്ടിവന്ന അനുഭവം ആരും മറക്കരുത്. രാജ്യമെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഇടതുപക്ഷ ചിന്തകരെയും അറസ്റ്റു ചെയ്തും കേസില്‍ കുടുക്കിയും പീഡിപ്പിച്ചാല്‍ സംഘപരിവാര്‍ ഭരണത്തിനെതിരെയുള്ള തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ നിലച്ചുപോകുമെന്ന് കരുതുന്നുവെങ്കില്‍, അക്കൂട്ടര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്.

ഭീമാ കൊറിഗാവ് ദളിത് പ്രക്ഷോഭത്തിന്റെ പേരിലാണ് പൊലീസ് ഭീകരത അരങ്ങേറുന്നത്. വിചിത്രമായ കുറ്റങ്ങള്‍ ചുമത്തിയാണ് പി. വരവരറാവു, മാധ്യമ പ്രവര്‍ത്തക തെലുക ക്രാന്തി, അഭിഭാഷക സുധ ഭരദ്വാജ്, അരുണ്‍ ഫെറേറ, ഗൗതെ നാവലാഖ, വെര്‍നണ്‍ ഗോണ്‍സാല്‍വസ് തുടങ്ങിയവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയത്രേ. എന്തൊരു അസംബന്ധം!

പ്രമുഖ തെലുങ്കു കവിയും പത്രപ്രവര്‍ത്തകനുമാണ് വരവരറാവു. നക്‌സലിസത്തോടുള്ള അദ്ദേഹത്തിന്റെ അനുഭാവം രഹസ്യമല്ല. നക്‌സലൈറ്റുകളുമായി 2001ല്‍ തെലുഗുദേശം സര്‍ക്കാര്‍ നടത്തിയ സമാധാന ചര്‍ച്ചയില്‍ വിപ്ലവകവി ഗദ്ദറിനൊപ്പം അദ്ദേഹവും പങ്കെടുത്തിരുന്നു. ചൂഷണത്തിനെതിരെയുളള വിട്ടുവീഴ്ചയില്ലാത്ത നിലപാടും പുരോഗമനാശയങ്ങളോടുള്ള കലര്‍പ്പറ്റ പ്രതിബദ്ധതയുമാണ് വരവരറാവുവിന്റെ നിലപാടുകളില്‍ വിപ്ലവവീര്യം നിറയ്ക്കുന്നത്. അദ്ദേഹത്തിന്റെ എല്ലാ നിലപാടുകളോടെല്ലാം യോജിപ്പുണ്ടെന്നല്ല. എന്നാല്‍ ആ അഭിപ്രായങ്ങളെ ആശയപരമായാണ് നേരിടേണ്ടത്.

മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഒരാള്‍ സാമൂഹ്യപ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ് ആണ്. മൂന്നു വര്‍ഷമായി ഛത്തീസ്ഗഡില്‍ പൌരാവകാശ ധ്വംസനങ്ങള്‍ക്കെതിരെ സമരമുഖത്താണവര്‍. അമേരിക്കന്‍ പൌരത്വം പോലും ഉപേക്ഷിച്ച് ഇന്ത്യയിലെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്നാണ് വാര്‍ത്തകള്‍. ഇതുപോലുള്ളവരെയാണ് ആരു കേട്ടാലും പരിഹസിക്കുന്ന തട്ടിപ്പുകാരണങ്ങള്‍ നിരത്തി അറസ്റ്റു ചെയ്തിരിക്കുന്നത്.

ഈ അറസ്റ്റുകളും റെയിഡുകളും സംഘപരിവാറിനെ എതിര്‍ക്കുന്ന എല്ലാവര്‍ക്കുമുള്ള ഭീഷണിയാണ്. രാജ്യത്ത് മോദി ഭരണത്തിനെതിരെ ഉണ്ടാകുന്ന ഏതു പ്രക്ഷോഭവും മോദിയെ വധിക്കാനുള്ള ശ്രമമായി ചിത്രീകരിക്കപ്പെടാം. മോദിയെയും സംഘപരിവാറിനെയും എതിര്‍ക്കുന്നവരെയൊക്കെ ഈ ഗൂഢാലോചനയുടെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാം. യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ചുമത്തി ജീവിതാവസാനം വരെ തടവിലിടാന്‍ ശ്രമിക്കാം. ലക്ഷ്യം ഒന്നു മാത്രം. മോദിയെ ആരും വിമര്‍ശിക്കാന്‍ പാടില്ല. വിമര്‍ശിക്കുന്നവര്‍ക്ക് ഈ ഗതി വരുമെന്നാണ് ഭരണസംവിധാനം ഉയര്‍ത്തുന്ന ഭീഷണി.

ഇതൊന്നും ഈ രാജ്യം വകവെച്ചു തരാന്‍ പോകുന്നില്ല. ഈ ഭീഷണിയ്‌ക്കൊന്നും കീഴടങ്ങുന്ന പ്രശ്‌നവുമില്ല. മേല്‍പ്പറഞ്ഞ സാമൂഹ്യപ്രവര്‍ത്തകരുടെ പലനിലപാടുകളോടും ഇതെഴുതുന്ന ആള്‍ക്കും കടുത്ത രാഷ്ട്രീയ വിയോജിപ്പുണ്ട്. എന്നാല്‍ ആ വിയോജിപ്പുകളെ രാഷ്ട്രീയമായും ആശയപരമായുമാണ് നേരിടേണ്ടത്. അതിനുള്ള ശേഷി സംഘപരിവാറിനില്ല എന്നാണ് ഈ കോലാഹലങ്ങള്‍ തെളിയിക്കുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top