31 May Wednesday

'ഏത് കാര്യത്തിലും വിശദീകരണം കൊടുക്കാം; പക്ഷെ എന്തുകൊണ്ടിങ്ങനെ ആവശ്യപ്പെടുന്നുവെന്ന് ഇഡി വ്യക്തമാക്കണം'

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

'എനിക്കു വേണ്ടി ഹാജരായത് സീനിയര്‍ കൗണ്‍സില്‍ സിദ്ധാര്‍ത്ഥ് ധാവെ ആണ്. അദ്ദേഹം കോടതിയില്‍ പറഞ്ഞത് ഉദ്ദരിക്കട്ടെ: ''കിഫ്ബിയെക്കുറിച്ചാണ്, എന്നെക്കുറിച്ചല്ല അന്വേഷണമെന്നാണ് പറയുന്നതെങ്കിലും സമന്‍സ് വ്യക്തമാക്കുന്നത് മറിച്ചാണ്. ഇപ്പോള്‍ അവര്‍ ഒരു ലംഘനത്തിനുവേണ്ടിയിട്ടുള്ള അന്വേഷണത്തിലാണ്. ലംഘനം എന്തെന്നു പറയട്ടെ. അപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കാം. നിശ്ചയമായിട്ടും വഴങ്ങുന്നതിനു ബാധ്യതയുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ എന്താണു ലംഘനം?' തോമസ് ഐസക്ക് എഴുതുന്നു

ഫേസ്‌ബു‌ക്ക് കുറിപ്പ്


ഒരു അന്വേഷണ ഏജന്‍സി നമ്മളുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു കാര്യത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടാല്‍ അത് കൊടുക്കാന്‍ ബാധ്യതയില്ലേ എന്നാണു ചില ശുദ്ധാത്മാക്കള്‍ ചോദിക്കുന്നത്. ഏതു കാര്യത്തെക്കുറിച്ചും വിശദീകരണം കൊടുക്കാം. പക്ഷേ, ആദ്യം എന്തുകൊണ്ട് എന്നോട് ഇത് ആവശ്യപ്പെടുന്നുവെന്നു പറയണം. ഇഡി എന്തൊക്കെയാണ് എന്നോട് ആവശ്യപ്പെട്ടത്?

1. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ രണ്ടെണ്ണം.
2. പാസ്‌പോര്‍ട്ട്, ആധാര്‍, പാന്‍കാര്‍ഡ്.
3. എന്റെ പേരിലും കുടുംബാംഗങ്ങളുടെ പേരിലും നാട്ടിലും വിദേശത്തുമുള്ള കഴിഞ്ഞ 10 വര്‍ഷത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്‌സ് (അവസാനിപ്പിച്ചവയടക്കം).
4. എന്റെയും കുടുംബാംഗങ്ങളുടെയും ഇന്ത്യയിലെയും വിദേശത്തെയും സ്ഥാവര ജംഗമ സ്വത്തുക്കളുടെ രേഖകള്‍.
5. ഞാന്‍ ഡയറക്ടര്‍ ആയി ഇരിക്കുന്ന എല്ലാ കമ്പനികളുടെയും ആസ്തി വിവരങ്ങളും വാര്‍ഷിക സ്റ്റേറ്റ്‌മെന്റും. ഡോക്യുമെന്റ്‌സ് സഹിതം.

6. ഇന്ത്യക്ക് അകത്തും പുറത്തും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വാങ്ങിയ/വിറ്റ സ്വത്തുക്കളുടെ വിവരം.
7. ഞാന്‍ ഡയറക്ടറോ പാര്‍ട്ണറോ ഉടമസ്ഥനോ ആയിട്ടുള്ള കമ്പനികള്‍ സംബന്ധിച്ച നാനാവിധ വിശദാംശങ്ങള്‍
8. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഐടി റിട്ടേണ്‍.
9. ഞാന്‍ ഡയറക്ടറോ പാര്‍ട്ണറോ ആയിരുന്നിട്ടുള്ള എല്ലാ കമ്പനികളുടെയും വാര്‍ഷിക ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍.
10. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നടത്തിയിട്ടുള്ള വിദേശ യാത്രകള്‍, അതിന്റെ ഉദ്ദേശം, അവയില്‍ നിന്നും ഉണ്ടാക്കിയിട്ടുള്ള വരുമാനം.
11. ഞാന്‍ ഡയറക്ടര്‍ ആയ കമ്പനികള്‍ക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ള വിദേശ വരുമാനം സംബന്ധിച്ച ബാങ്ക് അക്കൗണ്ടുകള്‍, രേഖകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍.
12. (ഇനം 11 തന്നെ ഇനം 12 ആയി വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്)
13. മസാല ബോണ്ട് ഇഷ്യൂ ചെയ്തതില്‍ കിഫ്ബിയിലെ എന്റെ റോള്‍.
ലൈവ് ലോ-യിലെ റിപ്പോര്‍ട്ട് പ്രകാരം ജസ്റ്റിസ് അരുണ്‍ ഇന്നു കോടതിയില്‍ ഇതു സംബന്ധിച്ചു പ്രസ്താവിച്ചത് ഇതാണ്: ''അദ്ദേഹത്തിന് സ്വകാര്യതയ്ക്ക് അവകാശമുണ്ട്. നിയമാനുസൃതമായ ഒരു നടപടിക്രമത്തിലൂടെ മാത്രമേ അത് ലംഘിക്കാന്‍ അവകാശമുള്ളൂ. ആദ്യം ചോദിക്കട്ടെ, ഈ പ്രാഥമിക ഘട്ടത്തില്‍തന്നെ എന്തിനാണ് ഇത്തരം വിശദാംശങ്ങള്‍? ഈ പറഞ്ഞ രേഖകളെല്ലാം സമര്‍പ്പിക്കുന്നതിന് ആവശ്യപ്പെടാനുള്ള നിഗമനത്തില്‍ എത്താന്‍ നിങ്ങളുടെ മുന്നില്‍ എന്തു വസ്തുതയാണുള്ളത്?.... എന്തിനു നിങ്ങള്‍ ആവശ്യപ്പെട്ട രേഖകള്‍ നിങ്ങള്‍ക്ക് ആവശ്യമുണ്ടെന്നതിന് ഉത്തരം നല്‍കിയേ തീരൂ. ഇക്കാര്യത്തില്‍ പരിഗണനാര്‍ഹമായ ഒരു പോയിന്റ് ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല. ഇത് പ്രതിയോ കുറ്റക്കാരനെന്നു സംശയിക്കപ്പെടുന്ന ഒരാളോ ആണെങ്കില്‍ ഇത് യുക്തിസഹമാണ്. പക്ഷേ ഇത്രയും സ്വകാര്യ വിവരങ്ങള്‍ ഒരാളോടു ലഭ്യമാക്കാന്‍ പറയുന്നത് എന്തിനുവേണ്ടിയെന്നു വിശദീകരിക്കേണ്ടതുണ്ട്.''

എന്നു മാത്രമല്ല, ആദ്യത്തെ സമന്‍സില്‍ ഈ രേഖകളൊന്നും ആവശ്യപ്പെട്ടിട്ടില്ല. ഇതിനിടയില്‍ എന്തു മാറ്റമാണ് ഉണ്ടായത്? കോടതി ചോദിച്ചു: ''എന്തുകൊണ്ട് പെട്ടെന്നുള്ള ഈ മാറ്റം? ആദ്യ സമന്‍സില്‍ രണ്ടാമത്തെ സമന്‍സില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള രേഖകളൊന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ''. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കൗണ്‍സില്‍ മറുപടിക്കു സമയം ആവശ്യപ്പെട്ടത്.

എനിക്കു വേണ്ടി ഹാജരായത് സീനിയര്‍ കൗണ്‍സില്‍ സിദ്ധാര്‍ത്ഥ് ധാവെ ആണ്. അദ്ദേഹം കോടതിയില്‍ പറഞ്ഞത് ഉദ്ദരിക്കട്ടെ: ''കിഫ്ബിയെക്കുറിച്ചാണ്, എന്നെക്കുറിച്ചല്ല അന്വേഷണമെന്നാണ് പറയുന്നതെങ്കിലും സമന്‍സ് വ്യക്തമാക്കുന്നത് മറിച്ചാണ്. ഇപ്പോള്‍ അവര്‍ ഒരു ലംഘനത്തിനുവേണ്ടിയിട്ടുള്ള അന്വേഷണത്തിലാണ്. ലംഘനം എന്തെന്നു പറയട്ടെ. അപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കാം. നിശ്ചയമായിട്ടും വഴങ്ങുന്നതിനു ബാധ്യതയുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ എന്താണു ലംഘനം? എന്നെ ഇരുട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്.'' ഇഡി ഒരു അന്വേഷണ പര്യടനത്തിലാണ് (fishing and roving enquiry).
ഈ ഘട്ടത്തില്‍ കോടതി സാക്ഷിക്കും സമന്‍സ് അയക്കാമല്ലോ എന്ന് പരാമര്‍ശിച്ചു. കേന്ദ്ര കൗണ്‍സില്‍ ജയശങ്കര്‍ വി നായര്‍ ഈ ഘട്ടത്തില്‍ പെറ്റീഷണര്‍ പ്രതിയല്ലെന്നും അതിനുള്ള ഭീഷണി ഇപ്പോള്‍ ഇല്ലെന്നും വ്യക്തമാക്കി.

കേസ് ബുധനാഴ്ചയിലേക്കു മാറ്റിയപ്പോള്‍ ഇന്നു (11-8-22) ഹാജരാകാത്തതിന്റെ പേരില്‍ നടപടി ഉണ്ടാകുമോയെന്ന ആശങ്ക എന്റെ വക്കീല്‍ ഉന്നയിച്ചു. അങ്ങനെയൊന്ന് ഉണ്ടാവില്ലായെന്ന് കേന്ദ്ര കൗണ്‍സില്‍ ഉറപ്പു നല്‍കി.

എനിക്കുവേണ്ടി വക്കാലത്ത് എടുത്തിട്ടുള്ളത് അഡ്വ. രഘുരാജ് ആണ്. കൂടെ അഡ്വ. നന്ദുവും. അഡ്വ. രഘുരാജ് പാര്‍ട്ടിസാന്‍ എന്നൊരു ആനൂകാലികം 70-കളുടെ ആദ്യ വര്‍ഷങ്ങളില്‍ എറണാകുളത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന ടി.കെ.എന്‍. മേനോന്റെ മകനാണ്. അഡ്വ. നന്ദു സുരേഷ് കുറുപ്പിന്റെ മകനും.





ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top