24 April Wednesday

ബാങ്കുകളുടെ തകർച്ച തുടർക്കഥയാവുമ്പോൾ... തോമസ് ഐസക് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday May 5, 2023

ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ സർക്കാർ ഏറ്റെടുത്ത് ജെപി മോർഗൻ കമ്പനിക്ക് വിറ്റതോടെ പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്ന് കരുതി ആശ്വസിച്ചവരെ ഞെട്ടിച്ചുകൊണ്ട് ഒന്നല്ല, പല ബാങ്കുകളും പ്രതിസന്ധിയിലായിരിക്കുന്നു- തോമസ് ഐസക് എഴുതുന്നു

ബാങ്കുകളുടെ തകർച്ച തുടർക്കഥയാവുകയാണ്. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ സർക്കാർ ഏറ്റെടുത്ത് ജെപി മോർഗൻ കമ്പനിക്ക് വിറ്റതോടെ പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്ന് കരുതി ആശ്വസിച്ചവരെ ഞെട്ടിച്ചുകൊണ്ട് ഒന്നല്ല, പല ബാങ്കുകളും പ്രതിസന്ധിയിലായിരിക്കുന്നു. ഇതാണ് അമേരിക്കയിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ പെസഫിക് വെസ്റ്റേൺ ബാങ്കാണ് തകർച്ചയുടെ വക്കിൽ. തൊട്ടുപിന്നാലെ സിയോൺ ബാങ്കും വെസ്റ്റേൺ അലയൻസ് ബാങ്കും ഉണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച പെസഫിക് വെസ്റ്റേൺ ബാങ്കിന്റെ ഓഹരി വില 50 ശതമാനമാണ് ഇടിഞ്ഞത്. വെസ്റ്റേൺ അലയൻസ് ബാങ്കിന്റെ 38 ശതമാനവും. സിയോൺ ബാങ്കിന്റെയും കൊമേരിക്ക ബാങ്കിന്റെയും ഓഹരികൾ 10 ശതമാനത്തിലേറെ ഇടിഞ്ഞു. റീജിയണൽ ബാങ്കുകൾ എന്നുവിളിക്കുന്ന 4800-ഓളം വരുന്ന ചെറുകിട ബാങ്കുകളുടെ ഓഹരിവില സൂചിക 3.5 ശതമാനം വ്യാഴാഴ്‌ച താഴ്ന്നു. അടിസ്ഥാനപ്രശ്നം സിലിക്കൺ വാലി ബാങ്കും ഫസ്‌റ്റ് റിപ്പബ്ലിക്കൻ ബാങ്കും അഭിമുഖീകരിച്ചതുതന്നെ. പലിശനിരക്ക് ഉയർന്നപ്പോൾ ഇവർ നിക്ഷേപിച്ചിരുന്ന ബോണ്ടുകളുടെ വില ഇടിഞ്ഞു. ബോണ്ടുകൾ വിൽക്കേണ്ടി വന്നാൽ വലിയ നഷ്ടം നേരിടേണ്ടിവരുമെന്നു വ്യക്തമായി. ഇത് ഈ ബാങ്കുകളുടെ ധനസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നുകണ്ട ഓഹരി ഉടമകൾ തങ്ങളുടെ ഓഹരികൾ വിൽക്കാൻ തുടങ്ങി. ഓഹരി വില ഇടിഞ്ഞു.

ഓഹരി വിലകൾ ഇടിഞ്ഞപ്പോൾ ഡെപ്പോസിറ്റ് ഉടമകൾക്കു പരിഭ്രാന്തിയായി. അവർ തങ്ങളുടെ ഡെപ്പോസിറ്റുകൾ പിൻവലിക്കാൻ തുടങ്ങി. ഇതിന് ആവശ്യത്തിനു കൈയിൽ പണം ഇല്ലാത്തതുകൊണ്ട് നഷ്ടത്തിലാണെങ്കിലും ബോണ്ടുകൾ വിറ്റഴിക്കാൻ ബാങ്കുകളും നിർബന്ധിതരായി. അത് ഓഹരി വിലയെ വീണ്ടും ഇടിച്ചു. ഇപ്പോൾ തകർച്ചയുടെ വക്കിലെത്തിയിരിക്കുന്ന ബാങ്കുകൾ ചെറിയവയുമാണ്. സിലിക്കൺ വാലി ബാങ്കിനും ഫസ്റ്റ് റിപ്പബ്ലിക്കൻ ബാങ്കിനും 200 ബില്യൺ ഡോളറിന്റെ ആസ്തികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ പ്രതിസന്ധിയിലായവയ്‌ക്ക് 65-40 ബില്യൺ ഡോളർ ആസ്‌തികളേ ഉള്ളൂ. എങ്കിലും ബാങ്കിംഗ് മേഖലയിൽ അരക്ഷിതാവസ്ഥ പടർന്നുകൊണ്ടിരിക്കുകയാണ്.

ഡെപ്പോസിറ്റുകാർ പണം പിൻവലിച്ച് കൂടുതൽ സുരക്ഷിതതമെന്ന് അവർ കരുതുന്ന വലിയ ബാങ്കുകളിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. ഇതും ചെറിയ ബാങ്കുകളെ വലയ്‌ക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ മറ്റൊരു കാര്യവുംകൂടി വ്യക്തമായിട്ടുണ്ട്. ഓഹരികളുടെ ഊഹക്കച്ചവടവും ഈ തകർച്ചയ്ക്ക് ഒരു മുഖ്യകാരണമാണ്. സാധാരണ ഓഹരികളിൽ പണം നിക്ഷേപിക്കുന്നത് ഓഹരി വിലകൾ ഉയരുമ്പോൾ അവ വിറ്റ് ലാഭം നേടാനാണ്. എന്നാൽ ഓഹരി വിലകൾ താഴുമ്പോൾ ലാഭമുണ്ടാക്കുന്നതിനുവേണ്ടി പണം നിക്ഷേപിക്കുന്നവരുണ്ട്. അവരെയാണ് ഷോർട്ട് സെല്ലേഴ്സ് (short sellers) എന്നു വിളിക്കുന്നത്. ആദ്യം പറഞ്ഞവരെ ലോംങ് സെല്ലേഴ്സ് (long sellers) എന്നും.

ഷോർട്ട് സെല്ലേഴ്സിന്റെ താല്പര്യം ഓഹരി വിലകൾ ഇടിയണമെന്നുള്ളതാണ്. ഏതെങ്കിലും ഓഹരിയെ ഷോർട്ട് സെല്ലേഴ്സ് ലക്ഷ്യമിട്ടിരിക്കുന്നുവെന്ന് അറിഞ്ഞാൽ മറ്റുള്ളവർ ആ ഓഹരികൾ കൈയൊഴിയാൻ ശ്രമിക്കും. അതും തകർച്ചയ്‌ക്ക്‌ ആക്കംകൂട്ടും.  അദാനിയുടെ ഷെയർ വിലയുടെ തകർച്ചയ്‌ക്കു കാരണം ഹിൻഡൻബർഗ് റിപ്പോർട്ടാണെന്നു നമുക്ക് അറിയാം. ഹിൻഡൻബർഗ് ഒരു ഷോർട്ട് സെല്ലറാണ്. തങ്ങളുടെ റിപ്പോർട്ട് പുറത്തുവരുമ്പോൾ അദാനിയുടെ ഓഹരികൾക്കു വിലയിടിയുമെന്ന് അറിയാവുന്നതുകൊണ്ട് അവർ ഓന്നോ രണ്ടോ മാസത്തിനുശേഷമുള്ള ദിവസം കണക്കാക്കി അദാനിയുടെ ഓഹരികൾ വിൽക്കുന്നതിനു കരാർ ഉണ്ടാക്കിയിട്ടുണ്ട്. അവ നിലവിലുണ്ടായിരുന്ന ഉയർന്ന വില നിലവാരത്തിൽ ആയിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. കരാർ പ്രകാരമുള്ള ദിവസം താഴ്ന്ന വിലയ്‌ക്ക് ഓഹരികൾ വാങ്ങി ഉയർന്ന വിലയ്‌ക്കു കരാറുകാർക്കു നൽകും. കരാർ ഒപ്പിട്ട ബ്രോക്കർമാർക്കും നിക്ഷേപകർക്കും വലിയ നഷ്ടം ഉണ്ടാകും. ഹിൻഡൻബർഗിനു ലാഭവും. പക്ഷേ, അദാനി പൊളിയും (ഇവിടെ അദാനി പൊളിഞ്ഞില്ലെങ്കിലും വലിയ പ്രതിസന്ധിയിലായി).

ഇപ്പോൾ ഫെഡറൽ റിസർവ്വ് പറയുന്നത് ബാങ്കുകളുടെ ഓഹരികൾ വിൽക്കുന്നതിനു ഷോർട്ട് സെല്ലേഴ്‌സ് വലിയ തോതിൽ കരാർ വച്ചിട്ടുണ്ടെന്നാണ്. അതുകൊണ്ട് ചിലർ ബാങ്കിംഗ് മേഖലയിൽ താല്‌ക്കാലികമായിട്ടെങ്കിലും ഷോർട്ട് സെല്ലിംഗ് നിരോധിക്കണെന്നു പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top