27 April Saturday

സാലറി ചാലഞ്ച്: മഹത്തായ പ്രയത്‌നത്തെ രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി എതിര്‍ക്കുകയാണ് ചിലര്‍ - മന്ത്രി തോമസ് ഐസക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 12, 2018

കൊച്ചി > പ്രളയക്കെടുതിയില്‍ അകപ്പെട്ട കരേളത്തെ കരകയറ്റാന്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവിനെതിരെ ചില സര്‍വീസ് സംഘടനകള്‍ പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. നവകേരള നിര്‍മിതിക്കായി സാലറി ചാലഞ്ചില്‍ അണിനിരക്കാന്‍ താല്‍പര്യമില്ലെങ്കില്‍ പണം തരില്ല എന്ന നിലപാട് സ്വീകരിച്ചാല്‍ മതി, പകരം സമരത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവിനെതിരെ ചില സര്‍വീസ് സംഘടനകള്‍ രംഗത്ത് വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഫേസ്‌ബുക്കില്‍ കുറിപ്പിട്ടത്.  അതിനോടൊപ്പം സാലറി ചാലഞ്ചിന്റെ ഭാഗമായുള്ള മറ്റ് സംശയങ്ങള്‍ക്കും മന്ത്രി മറുപടി കുറിച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്കണമെന്ന ഉത്തരവിനെതിരെ ചില സര്‍വീസ് സംഘടനകള്‍ക്ക് പ്രതിഷേധമാണുപോലും. എന്തിന്? നവകേരള സൃഷ്ടിയ്ക്കു വേണ്ടിയുള്ള സാലറി ചലഞ്ച് ഏറ്റെടുക്കാന്‍ മനസില്ലെങ്കില്‍ പണം കൊടുക്കാതിരുന്നാല്‍പ്പോരേ. പണം തരില്ല എന്നു നിലപാടു സ്വീകരിക്കാനുള്ള അവസരമുണ്ട്. അതുപയോഗപ്പെടുത്തുന്നതിനു പകരം സമരമെന്തിന്?

പ്രതിഷേധിക്കുന്നവര്‍ 2002ലെ കാര്യം മറക്കരുത്. കേരളത്തില്‍ നിലവിലുള്ള കൂലിവ്യവസ്ഥ, പെന്‍ഷന്‍ സമ്പ്രദായം എന്നിവ അട്ടിമറിക്കുന്നതിനെതിരെയും സംഘടിക്കാനുള്ള സ്വാതന്ത്ര്യം പൊളിച്ചടുക്കാനുള്ള ഗൂഢനീക്കത്തിനെതിരെയുള്ള സംഘടിതപോരാട്ടമായിരുന്നു അത്. ആരാണ് അന്ന് ജീവനക്കാരെ അവഹേളിക്കാനും അപമാനിക്കാനും ജാതിമത പിന്തിരിപ്പന്‍ ശക്തികളെയും സാമൂഹ്യവിരുദ്ധരെയും അണിനിരത്തി പണിമുടക്ക് പൊളിക്കാനും ശ്രമിച്ചത്? അന്ന് ജീവനക്കാര്‍ക്ക് നിഷേധിച്ചതൊക്കെ തിരിച്ചുകൊടുത്തത് 2006ല്‍ അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാരാണ്.

പൊതുസര്‍വീസിനെ സംരക്ഷിക്കാന്‍ 32 ദിവസം ശമ്പളം ഉപേക്ഷിച്ചാണ് ജീവനക്കാരും അധ്യാപകരും അന്ന് പണിമുടക്കിയത്. മറന്നുപോകരുത് ആ കാലം. അന്ന് ആ സമരത്തെ ഏറ്റെടുത്തതും വിജയിപ്പിച്ചതും ഈ പൊതുസമൂഹമാണ്. കൂലിവേലക്കാരും അത്താഴപ്പട്ടിണിക്കാരും ചെറുകിട കച്ചവടക്കാരും തൊഴിലാളികളുമടക്കമുള്ള പൊതുസമൂഹം. ഇന്ന് ജീവനക്കാര്‍ ഒരുമാസത്തെ വേതനം സംഭാവന ചെയ്യുന്നത് ആ പൊതുസമൂഹത്തിനു വേണ്ടിയാണ്. നാടാകെയാണ് അതിന്റെ ഉപഭോക്താക്കള്‍.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ നമുക്കു പുനര്‍നിര്‍മ്മിച്ചേ മതിയാകൂ. പ്രളയം വിഴുങ്ങിയതിനെക്കാള്‍ പതിന്മടങ്ങ് ചൈതന്യമുള്ള കേരളമാണ് നമ്മുടെ ലക്ഷ്യം. മഹത്തായ ആ പ്രയത്‌നത്തെ രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി എതിര്‍ക്കുകയാണ് ചിലര്‍. തങ്ങളുടെ വിഹിതം നല്‍കേണ്ടെന്നു തീരുമാനിക്കാന്‍ പൂര്‍ണസ്വാതന്ത്ര്യമുണ്ട്. അതുപയോഗിച്ചു ഈ മഹായത്‌നത്തില്‍ നിന്ന് മാറി നില്‍ക്കാവുന്നതേയുള്ളൂ. ഒരു കടലാസില്‍ ഒപ്പിട്ടു നല്‍കിയാല്‍പ്പോരേ. പണം തന്നില്ലെങ്കിലും അങ്ങനെയെങ്കിലും സര്‍ക്കാരിനെ സഹായിക്കൂ.
============================
ഈ സാലറിചലഞ്ചിനെക്കുറിച്ച് സജിത് രാജ് പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ ശ്രദ്ധിക്കൂ...

?ഏത് മാസത്തെ ശബളത്തിനനുസരിച്ചാണ് ഒരു മാസം കണക്കാക്കുക?

.ഒരുമാസത്തെ ശമ്പളത്തുക കണക്കാക്കുക 2018 സെപ്തംബര്‍ മാസത്തെ ഗ്രോസ് സാലറി അടിസ്ഥാനമാക്കി
ഒരുമാസത്തെ ആകെ ശമ്പളത്തിന് തുല്യമായ തുക പരമാവധി പത്ത് ഗഡുക്കളായി നല്‍കാം ( ശേഷം നിങ്ങള്‍ക്ക് ലഭിക്കുന്ന
increment ഒന്നും പിന്നെ കണക്കാക്കേണ്ടതില്ല)

? നേരത്തെ സംഭാവന നല്കിയതാണല്ലോ ??

.പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ മുന്‍പ് സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ ഇത് ഒരുമാസത്തെ ശമ്പളത്തുകയില്‍ നിന്നും കുറവുവരുത്തി ബാക്കിതുക മാത്രം സ്വീകരിക്കും. ഇതിനായി ജീവനക്കാര്‍ രസീത് സഹിതം ഡി.ഡി.ഒമാര്‍ക്ക് അപേക്ഷ നല്‍കണം.
(നല്കിയ തുക രസീത് സഹിതം DDO യെ അറിയിക്കുക. ബാക്കി നല്കിയാല്‍ മതി ).

? നികുതിയിളവ്?

. 100 % നികുതിയിളവ് ലഭിക്കും
ആദായനികുതി ചട്ടം 80 ജി പ്രകാരം ഇളവിന് അര്‍ഹതയുള്ളവര്‍ക്ക് ബന്ധപ്പെട്ട ഡി.ഡി.ഒമാര്‍ അതത് സാമ്പത്തിക വര്‍ഷം ഇളവ് നല്‍കേണ്ടതാണ്.
( 5 % മുതല്‍ 20% വരെ നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് )

? ഏത് മാസം മുതല്‍ ?

.ജീവനക്കാര്‍ ശമ്പളത്തില്‍ നിന്ന് സംഭാവനയായ നല്‍കുന്ന തുക 2018 സെപ്തംബര്‍ മാസത്തെ ശമ്പളം മുതല്‍ കുറവ് വരുത്തി തുടങ്ങും.

? കിട്ടുന്ന തുകയില്‍ തങ്ങളുടെ പരിമിതികള്‍ മൂലം കുറവ് ചെയ്യുവാന്‍ സാധിക്കാത്തവര്‍ക്ക്?

.ജീവനക്കാര്‍ക്ക് തങ്ങളുടെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും സെപ്തംബര്‍ മാസത്തെ ശമ്പളത്തിന് തുല്യമായ തുക ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാം. ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാം.

PFല്‍ നിന്നും നല്കുവാന്‍ സാധിക്കില്ല എങ്കില്‍
ജീവനക്കാര്‍ക്ക് താല്‍പര്യമുള്ള പക്ഷം ഒരുമാസത്തെ ശമ്പളം നല്‍കുന്നതിന് പകരമായി സെപ്തംബര്‍ മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ 30 ദിവസത്തെ ആര്‍ജിതാവധി സറണ്ടര്‍ ചെയ്ത് അവധി ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കാം.

? ഈ സാമ്പത്തിക വര്‍ഷം സറണ്ടര്‍ ചെയ്തിട്ടുണ്ടെങ്കിലോ??

.നടപ്പുസാമ്പത്തിക വര്‍ഷം ഒരു പ്രാവശ്യം സറണ്ടര്‍ ചെയ്ത് കഴിഞ്ഞ ജീവനക്കാരുടെ ആര്‍ജിതാവധി അക്കൗണ്ടില്‍ 30 ദിവസത്തെ അവധി അവശേഷിക്കുന്നുവെങ്കില്‍ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കുന്നതിന് വേണ്ടി അവര്‍ക്ക് ഒരു പ്രാവശ്യം കൂടെ 30 ദിവസത്തെ ആര്‍ജിതാവധി സറണ്ടര്‍ ചെയ്യുന്നതിന് പ്രത്യേക അനുമതി. (ഒരു സാമ്പത്തിക ബുദ്ധിമുട്ടും വരാതിരിക്കാന്‍ ഈ രണ്ട് ീുശീിേ നിങ്ങളെ സഹായിക്കും.)

? pf loan മറ്റടവുകള്‍ കാരണം 10 മാസം കൊണ്ട് കൊടുക്കുവാന്‍ കഴിഞ്ഞില്ല എങ്കില്‍?

. pf വായ്പ 10 മാസത്തേക്ക് അടയ്ക്കണ്ട
പത്ത് മാസം കൊണ്ട് ഗ്രോസ് സാലറി സംഭാവന ചെയ്യാന്‍ സാധിക്കാത്ത ജീവനക്കാര്‍ക്ക് പി.എഫ് വായ്പാ തിരിച്ചടവിന് സെപ്തംബര്‍ 2018ലെ ശമ്പളം മുതല്‍ പത്ത് മാസത്തേക്ക് അവധി അനുവദിക്കും.
തിരിച്ചടവ് കാലാവധിക്ക് മുന്പ്ക റിട്ടയര്‍ ചെയ്യുന്ന ജീവനക്കാരുടെ തിരിച്ചടവില്‍ ബാക്കിയുളള തുക അവരുടെ ഡിസിആര്‍ ജിയില്‍ ക്രമീകരിക്കും. ഇതിനായി പി.എഫ് ചട്ടങ്ങള്‍ ഇളവ് ചെയ്തു.

? ഇതൊന്നും പറ്റില്ലയെങ്കില്‍ ശബള പരിഷ്‌ക്കരണ ഇനത്തില്‍ ഇനി ലഭിക്കാനുള്ള കുടിശ്ശിക cmdrf ല്‍ നല്കിയാലും മതി.

.ശമ്പള പരിഷ്‌കരണ കുടിശ്ശികയ്ക്ക് അര്‍ഹതയുള്ള ജീവനക്കാരുടെ കുടിശ്ശികയും ഇതിലേക്ക് വരവ് ചെയ്യാം. കുടിശ്ശിക വരവ് ചെയ്തതിന് ശേഷം ബാക്കിയുള്ള തുക ഒറ്റത്തവണയായോ പരമാവധി പത്ത് ഗഡുക്കളായോ നല്‍കാം.....

# *നവകേരളം*


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top