29 March Friday

'ഏതെങ്കിലുമൊരു വിഷയം കാര്യകാരണങ്ങള്‍ നിരത്തി വാദിക്കാനോ സമര്‍ത്ഥിക്കാനോ സംഘപരിവാറിന് കഴിവില്ല, നിരന്നു നിന്ന് ആക്ഷേപമെഴുതുകയാണവരുടെ തൊഴില്‍'; ഐടി സെല്ലിന്റെ കള്ളകമന്റുകളെ തുറന്നുകാട്ടി തോമസ് ഐസക്ക്

വെബ് ഡെസ്‌ക്‌Updated: Friday Apr 27, 2018

കൊച്ചി > ഏതു വിഷയത്തില്‍ ചര്‍ച്ച നടക്കുന്ന അവസരത്തിലും പ്രസക്തമല്ലാത്ത കാര്യങ്ങള്‍  നിരത്തി ചര്‍ച്ച വഴിതിരിച്ചു വിടാന്‍ ശ്രമിക്കുകയെന്നത് സംഘപരിവാറിന്റെ ഐടി സെല്‍ കാലങ്ങളായി നടത്തി വരുന്ന പരിപാടിയാണെന്ന് ഡോ. ടി എം തോമസ് ഐസക്. ബിജെപി ഐടി സെല്‍ ചര്‍ച്ചകളെ സമീപിക്കുന്ന രീതിയിലെ കള്ളത്തരത്തെകുറിച്ച് തോമസ് ഐസക് ഫേസ്‌ബുക്കിലാണ് വ്യക്തമായ കുറിപ്പെഴുതിയിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ രൂപം;

  ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക, വിതണ്ഡവാദങ്ങള്‍ ഉയര്‍ത്തി എന്തോ നേടിയെന്ന മട്ടില്‍ സംതൃപ്തി അഭിനയിക്കുക, കുത്തുവാക്കുകള്‍ നിരത്തുക, ഇകഴ്ത്തുക, പ്രസക്തമല്ലാത്ത വിഷയങ്ങള്‍ നിരത്തി ചര്‍ച്ച വഴിതിരിച്ചു വിടാന്‍ ശ്രമിക്കുക തുടങ്ങിയ കലാപരിപാടികള്‍ സംഘപരിവാറിന്റെ ഐടി സെല്‍ അംഗങ്ങള്‍ ഈ പേജില്‍ കാഴ്ചവെച്ചു തുടങ്ങിയിട്ട് കാലം കുറേയായി. ആ പരിപ്പ് ഇവിടെ വേവില്ലെന്ന് മനസിലാക്കാനുള്ള വളര്‍ച്ച പോലും അവരുടെ തലച്ചോറിനില്ല എന്നതാണ് സത്യം. നിന്ദയും യുക്തിയാഭാസവും കൂട്ടിക്കലര്‍ത്തിയെഴുതുന്ന കമന്റുകള്‍ സ്വന്തം പരിമിതിയാണ് വെളിപ്പെടുത്തുന്നത് എന്നു തിരിച്ചറിയാനുള്ള ശേഷിയുണ്ടെങ്കില്‍ ഇക്കൂട്ടര്‍ സംഘപരിവാറുകാരാകില്ലല്ലോ. അതവിടെ നില്‍ക്കട്ടെ.

വിഷയം ജനാര്‍ദ്ദനറെഡ്ഡിയാണ്. ടിയാന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ അരങ്ങേറിയ പകല്‍ക്കൊള്ളയും അതിന് ബിജെപിയില്‍ നിന്നു ലഭിച്ച പിന്തുണയുമാണ്. ലോകായുക്ത മുതല്‍ സിബിഐ വരെയുള്ള അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടും നിഗമനങ്ങളും വായിച്ചും പഠിച്ചുമാണ് അതേക്കുറിച്ചെഴുതിയത്. വിഷയം മെരിറ്റില്‍ ചര്‍ച്ച ചെയ്യാനുള്ള ശേഷി ബിജെപിക്കാരില്‍ നിന്ന് പ്രതീക്ഷിച്ചിട്ടു കാര്യമില്ല.

ഉദാഹരണത്തിന് സുഗ്ഗലമ്മ ദേവീക്ഷേത്രം തകര്‍ത്ത കാര്യം. 2006 സെപ്തംബറിലാണ് സംഭവം. ? കര്‍ണാടക ആന്ധ്ര സംസ്ഥാനാതിര്‍ത്തിയിലെ ബെല്ലാരി റിസര്‍വ് വനമേഖലയിലുളള ഒബുലാപുരം ഗ്രാമത്തിലെ സുഗ്ഗലമ്മാ ദേവീക്ഷേത്രം ബോംബു വെച്ചു തകര്‍ത്തു. അതിനു മുമ്പ് ക്ഷേത്രത്തില്‍ ആഴ്ചകളോളം നീണ്ടു നിന്ന പൂജ നടന്നു. . സന്ന്യാസിമാരും പൂജാരിമടക്കം കേരളത്തിലും തമിഴ്നാട്ടിലും നിന്നെത്തിയ 18 പേരാണ് കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കിയതെന്നാണ് വാര്‍ത്തകള്‍. നൂറ്റാണ്ടുകള്‍ നീണ്ട പ്രാര്‍ത്ഥനയും അര്‍ച്ചനയും ഏറ്റുവാങ്ങിയ സുഗ്ഗലമ്മാദേവിയുടെ ശക്തിചൈതന്യങ്ങള്‍ മറ്റൊരു പ്രതിഷ്ഠയിലേയ്ക്ക് ആവാഹിക്കാനായിരുന്നു പൂജ. അതിനുവേണ്ടി മൃഗബലിയടക്കമുളള ആഭിചാരകര്‍മ്മങ്ങള്‍ നടത്തി. മിണ്ടാപ്രാണികളുടെ രക്താഭിഷേകത്തില്‍ പ്രീതിപ്പെട്ട സുഗ്ഗലമ്മ കൂടുമാറിയെന്ന് സന്ന്യാസിമാരും പൂജാരിമാരും ഭക്തജനങ്ങളെ വിശ്വസിപ്പിച്ചു. വേദമന്ത്രങ്ങള്‍ ഉറക്കെച്ചൊല്ലി അവര്‍ ദേവീചൈതന്യം മറ്റൊരു വിഗ്രഹത്തിലേയ്ക്ക് ആവാഹിച്ചു. അനന്തരം അമ്പലം തകര്‍ക്കാന്‍ അന്ത്യശാസനം നല്‍കി. അങ്ങനെ നൂറ്റാണ്ടുകള്‍ പഴക്കമുളള സുഗ്ഗലമ്മാദേവീക്ഷേത്രം 2006 സെപ്തംബര്‍ മൂന്നിന് ബോംബു വെച്ചു തകര്‍ത്തു.

ഇതെന്തിനായിരുന്നു എന്നു വിശദീകരിക്കാന്‍ ഏതെങ്കിലും ബിജെപിക്കാര്‍ക്കു കഴിയുമോ?പാവപ്പെട്ട വിശ്വാസികളെ പൂജയും മന്ത്രങ്ങളും വഴി കബളിപ്പിച്ച് ക്ഷേത്രം ബോംബുവെച്ചു തകര്‍ത്തത് മലയുടെ കീഴിലുള്ള കോടിക്കണക്കിനു രൂപ വില മതിക്കുന്ന ഇരുമ്പയിരു കൊള്ളയടിക്കാനായിരുന്നു എന്ന കാര്യം ഇന്നു നാട്ടില്‍ പാട്ടാണ്. ബിജെപിയുടെ ഐടി സെല്‍ അംഗങ്ങള്‍ നിരന്നിരുന്ന് വ്യക്തിഹത്യാ കമന്റുകള്‍ പടച്ചാല്‍ മറച്ചു വെയ്ക്കാന്‍ കഴിയുന്നതാണോ ഈ യാഥാര്‍ത്ഥ്യം?

ഇതടക്കം സാമ്പത്തിക തട്ടിപ്പിന്റെയും നികുതി വെട്ടിപ്പിന്റെയും പ്രകൃതി സമ്പത്ത് കൊള്ളയടിക്കലിന്റെയും എണ്ണമറ്റ കുറ്റപത്രങ്ങളുടെ പേരിലാണ് ജനാര്‍ദ്ദന റെഡ്ഡി ആയിരത്തിലേറെ ദിവസം ജയില്‍ വാസം അനുഭവിച്ചത്. ഇന്നും ടിയാന് ബെല്ലാരിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. കോടതിയുടെ വിലക്കുണ്ട്. അങ്ങനെയൊരാളിന്റെ സന്തതസഹചാരികള്‍ക്കും ബന്ധുക്കള്‍ക്കും എന്തിനാണ് ബിജെപി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റു നല്‍കിയത്? അങ്ങനെ ചെയ്യുക വഴി ബിജെപി നാട്ടിലെ ജനങ്ങള്‍ക്കു നല്‍കുന്ന സന്ദേശമെന്താണ്? റെഡ്ഡി സഹോദരന്മാര്‍ കൊയ്തുകൂട്ടിയ കോടികളുടെ നല്ലൊരു ഭാഗം സംഘപരിവാറിന് കാണിക്കയായി കിട്ടി എന്നതല്ലേ സത്യം? ആ സ്വാധീനമല്ലേ, ശ്രീരാമലുവിനെപ്പോലൊരു റെഡ്ഡി അനുയായിയ്ക്ക് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ത്രാണിയുണ്ടാക്കിയത്?

ഈ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം നല്‍കാന്‍ സംഘപരിവാറിന്റെ ഐടി സെല്ലില്‍ കൂലിയ്ക്കു പ്രതിഷ്ഠിക്കപ്പെട്ട കിങ്കരപ്പടയ്ക്കു കഴിയില്ല. ഏതെങ്കിലുമൊരു വിഷയം കാര്യകാരണങ്ങള്‍ നിരത്തി വാദിക്കാനോ സമര്‍ത്ഥിക്കാനോ അവര്‍ക്കു കഴിവില്ല. അതുകൊണ്ട് നിരന്നു നിന്ന് ആക്ഷേപമെഴുതുകയാണവര്‍. വാങ്ങിയ കൂലിയ്ക്കു പണിയെടുത്തുവെന്ന് സംഘപരിവാര്‍ നേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമം. നിയോഗിച്ചവരില്‍ നിന്ന് നിന്ന് കൂലി കിട്ടാന്‍ ഇത്തരം തറവേലകള്‍ മതിയായിരിക്കാം. ഓരോരുത്തരെക്കൊണ്ട് ആവുന്നതല്ലേ ചെയ്യാന്‍ പറ്റൂ. എന്നാല്‍ ഈ ലൊടുക്കു പണികള്‍ കൊണ്ട് ആരെങ്കിലും പേടിക്കുമെന്നോ സംഘപരിവാര്‍ വിമര്‍ശനം മതിയാക്കുമെന്നോ കരുതുന്നുവെങ്കില്‍, തെറ്റിപ്പോയി.

കേസില്‍ നിന്ന് രക്ഷപെടാന്‍ ജനാര്‍ദ്ദന റെഡ്ഡിയും സംഘവും നടത്തിയ വിക്രിയകള്‍ കൂടി ഓര്‍മ്മിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. ജാമ്യം ലഭിക്കാന്‍ സിബിഐയ്ക്ക് ജഡ്ജിയ്ക്കു ജനാര്‍ദ്ദന റെഡ്ഡി വാഗ്ദാനം ചെയ്ത കൈക്കൂലി 20 കോടി രൂപയാണ്. 2012 മെയ് 12ന് സിബിഐ ജഡ്ജി ടി. പട്ടാഭി രാമറാവു ജനാര്‍ദ്ദന റെഡ്ഡിയ്ക്ക് ജാമ്യം നല്‍കി വിധി പറഞ്ഞു. വിധി പറഞ്ഞ ജഡ്ജിയെ ഒട്ടും വൈകാതെ സിബിഐ അറസ്റ്റു ചെയ്തു. സിബിഐ കോടതിയിലെ തന്നെ മുന്‍ജഡ്ജിയായിരുന്ന ടി. വി. ചലപതി റാവുവും അറസ്റ്റിലായി. ജാമ്യം നല്‍കാന്‍ അഞ്ചു കോടി രൂപ കൈപ്പറ്റിയ കുറ്റത്തിന് ടി പട്ടാഭി രാമറാവുവിനെ ആന്ധ്രാ ഹൈക്കോടതി സസ്പെന്‍ഡു ചെയ്തു. കൈക്കൂലി വാഗ്ദാനം ചെയ്തത് ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരന്‍ സോമശേഖര റെഡ്ഡി. കൈക്കൂലിയില്‍ പകുതിത്തുക കൈപ്പറ്റിയ പട്ടാഭിറാവു റെഡ്ഡിയ്ക്ക് ജാമ്യം നല്‍കുകയും ചെയ്തു. എന്നാല്‍ സിബിഐ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ റെഡ്ഡിയ്ക്കു പുറത്തിറങ്ങാനായില്ല. ഹൈക്കോടതിയിലെ ശര്‍മ്മ എന്നുപേരുളള ഒരു ജഡ്ജിയെ സ്വാധീനിക്കാനും ശ്രമം നടന്നുവത്രേ. ഹൈക്കോടതിയിലും ജാമ്യം ലഭിച്ചാല്‍ ബാക്കി തുകയും നല്‍കാമെന്നായിരുന്നു കരാര്‍. പണം കുത്തിയൊഴുക്കിയിട്ടും സ്വാധീനം ആവും മട്ടു പ്രയോഗിച്ചിട്ടും റെഡ്ഡിയുടെ ജയില്‍വാസം തടയാന്‍ കഴിഞ്ഞില്ലെന്ന് സംഘപരിവാറിന്റെ കമന്റു കിങ്കരന്മാര്‍ ഓര്‍ക്കുക.

ജനാര്‍ദ്ദന റെഡ്ഡി നേതൃത്വം നല്‍കിയ ഖനി മാഫിയ ബെല്ലാരിയെ പുതപ്പിച്ച ഭയത്തിന്റെ കരിമ്പടത്തെ കൂസാതെ മൊഴി നല്‍കിയവരാണ് ടിയാന്റെ കാരാഗ്രഹവാസം യാഥാര്‍ത്ഥ്യമാക്കിയത്. പലരും മജിസ്ട്രേറ്റിനു മുമ്പില്‍ നേരിട്ടു മൊഴി കൊടുത്തു. തങ്ങളെ ഭീഷണിപ്പെടുത്തിയാണ് ഖനനത്തിന് പെര്‍മിറ്റുകളില്‍ ഒപ്പിടുവിച്ചത് എന്ന് മൊഴി കൊടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അനുസരിച്ചില്ലെങ്കില്‍ സര്‍വീസില്‍ നിന്ന് സസ്പെന്റു ചെയ്യുമെന്ന് റെഡ്ഡിയുടെ വലംകൈയായ അലിഖാന്‍ നെ ഭീഷണിപ്പെടുത്തി ആവശ്യമായ ഉത്തരവുകള്‍ എഴുതി വാങ്ങിയിട്ടുണ്ടെന്ന് മൊഴി നല്‍കിയവര്‍, അലിഖാനും കൂട്ടരും പറയുന്നതിന് വഴങ്ങാതിരുന്നതിന് ക്രൂരമര്‍ദ്ദനമേറ്റവരുടെ മൊഴികള്‍, ഇതൊക്കെയാണ് റെഡ്ഡിയെ ജയിലിലെത്തിച്ചത്.

അധികാരം ലഭിച്ചാല്‍ ഇക്കൂട്ടര്‍ എന്തൊക്കെയാണ് ചെയ്യാന്‍ പോവുക എന്ന ചോദ്യത്തിന് ഇനി പ്രത്യേകം ഉത്തരങ്ങളുടെ ആവശ്യമില്ല. തീവെട്ടിക്കൊള്ളയും കുത്തിക്കവര്‍ച്ചയും ലാക്കാക്കിത്തന്നെയാണ് ഒരിക്കല്‍ക്കൂടി ഖനി മാഫിയ തെരഞ്ഞെടുപ്പിനിറങ്ങുന്നത്. അതിനൊക്കെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. ഇക്കാര്യങ്ങളൊക്കെ നാട്ടിലെ ജനങ്ങളുടെ മുമ്പാകെ വിളിച്ചു പറയുക തന്നെ ചെയ്യും. സംഘപരിവാറുകാരുടെ ഓരിയടലുകളൊന്നും ആരും മൈന്‍ഡു ചെയ്യാനേ പോകുന്നില്ല.

ഇക്കാര്യങ്ങള്‍ പഠിച്ചെഴുതിയ ലേഖനത്തിന്റെ ലിങ്ക് കമന്റില്‍ ഒരിക്കല്‍ക്കൂടി നല്‍കുന്നു. വസ്തുതാപരമായ വിമര്‍ശനങ്ങളോ അതിന്റെ അടിസ്ഥാനത്തില്‍ സംവാദമോ ഒക്കെയാകാം. ഒരു വിരോധവുമില്ല. അതിനു ശേഷിയില്ലാത്തവര്‍ വെറുതേ സമയം മെനക്കെടുത്തണമെന്നില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top