29 March Friday

നവകേരളാ ലോട്ടറി സമ്മാനങ്ങൾ നൽകുന്നില്ലെന്ന്‌ മനോരമ; ലേഖകന് കണക്കിൽ ഗൃഹപാഠം നൽകി തോമസ് ഐസക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Oct 28, 2018

തിരുവനന്തപുരം > നവകേരള ലോട്ടറിക്കെതിരായ മനോരമ വാർത്ത ശുദ്ധ അസംബന്ധമെന്ന്‌ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്ക്‌. വിറ്റഴിഞ്ഞ ടിക്കറ്റുകളുടെ എണ്ണവും സമ്മാനം ലഭിച്ചവരുടെ എണ്ണവും പരിശോധിക്കുമ്പോൾ സമ്മാനം ലഭിക്കാനുള്ള സംഭവ്യതക്കനുസരിച്ച്‌ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന്‌ ബോധ്യപ്പെടുമെന്നും മന്ത്രി കണക്കുകൾ നിരത്തി വ്യക്തമാക്കി. നവകേരള ലോട്ടറിയുടെ റിസൾട്ട്‌ സൈറ്റിൽ ലഭ്യമായ വിവരങ്ങൾ വിലയിരുത്തുന്നതിലൂടെ ഇക്കാര്യങ്ങൾ കണക്കറിയാവുന്ന ആർക്കും മനസിലാക്കാവുന്നതേയുള്ളൂ എന്നു പറഞ്ഞ തോമസ്‌ ഐസക്ക്‌ വാർത്തയെഴുതിയ മനോരമ ലേഖകന്‌ പ്രോബബിലിറ്റിയിൽ എഡിറ്റർ ഗൃഹപാഠം നൽകണമെന്നും പറഞ്ഞു.  ഫേസ്‌ബുക്ക്‌  പോസ്റ്റിലൂടെയാണ്‌ മന്ത്രിയുടെ പരിഹാസം.

തോമസ്‌ ഐസക്കിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

"പ്രഖ്യാപിച്ച സമ്മാനങ്ങൾ നൽകാതെ സർക്കാർ; നവകേരളാ ലോട്ടറിയിൽ തട്ടിപ്പോ?" എന്ന തലക്കെട്ടിൽ മനോരമ പ്രസിദ്ധീകരിച്ച വാർത്ത ശുദ്ധ അസംബന്ധമാണ്. ഒന്നാം സമ്മാനം ഒരാൾക്കും രണ്ടാം സമ്മാനം 112 പേർക്കും മാത്രമാണ് നൽകിയത് എന്നാണ് വാർത്തയിൽ ആരോപിക്കുന്നത്. വാർത്തയെഴുതിയ ആളിനും പ്രസിദ്ധീകരണ യോഗ്യമാണെന്ന് തീരുമാനിച്ചവർക്കും ഇതേക്കുറിച്ച് കാര്യമായ ധാരണയില്ലെന്നു തോന്നുന്നു.

ഇക്കുറി എഡിറ്ററോട് എനിക്കൊരു അഭ്യർത്ഥനയുണ്ട്. ഈ വാർത്തയുമായി ബന്ധപ്പെട്ടവർക്ക് ഒരു അസൈൻമെന്റു നൽകണം. ആവശ്യമായ പൊതുവിവരങ്ങൾ ഞാൻ നൽകാം. മറ്റു വിവരങ്ങൾ വാർത്തയിൽ നിന്ന് എടുക്കാം.

എനിക്കു നൽകാനുള്ള വിവരം ഇതാണ്. NQ, NR, NS, NT, NU, NV, NW, NX, NY, NZ എന്നീ പത്തു സീരീസുകളിലായിരുന്നു ടിക്കറ്റ് അച്ചടിച്ചത്. എത്ര ടിക്കറ്റുകൾ മാർക്കറ്റിലെത്തി എന്ന വിവരം വാർത്തയിലുണ്ട്. 30,00,000. അതിൽ തർക്കമില്ല. 16,17,480 ടിക്കറ്റുകൾ വിറ്റുപോയി എന്നാണ് വാർത്ത. അതിലും തർക്കമില്ല.

ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ ഒരാൾക്കു മാത്രമേ കൊടുത്തുള്ളൂ എന്ന ആദ്യത്തെ ആക്ഷേപം പരിശോധിക്കാം. സൈറ്റിൽ ഒന്നാം സമ്മാനത്തിനർഹമായ നമ്പർ കൊടുത്തിട്ടുണ്ട്. 27491.

പത്തു സീരീസുകളിലായി തുടർച്ചയായ നമ്പരുകളിൽ 30 ലക്ഷം ടിക്കറ്റുകളാണല്ലോ അച്ചടിച്ചത്. അതിൽ 27491 എന്ന അഞ്ചക്ക നമ്പരിൽ അവസാനിക്കുന്ന എത്ര സംഖ്യകളുണ്ടാകും? കണക്കെടുക്കാൻ താങ്കളുടെ ജേണലിസ്റ്റിനോട് ആവശ്യപ്പെടാമോ?

ഇതിൽ 1617480 ടിക്കറ്റുകളാണല്ലോ വിറ്റു പോയത്. റാൻഡമായി കേരളത്തിലങ്ങോളമിങ്ങോളം ടിക്കറ്റു വിൽപന നടക്കുന്നു. അവയിൽ 27491 എന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുള്ള എത്ര ടിക്കറ്റ് ഉൾപ്പെടാൻ സാധ്യതയുണ്ട്?

ഈ സാധ്യതകൾക്കൊക്കെ ഉത്തരം തേടിയിട്ടാണോ വാർത്ത പ്രസിദ്ധീകരിച്ചത് എന്ന് എഡിറ്റർ ഒന്നു പരിശോധിക്കൂ. സാധാരണ ലോട്ടറി നറുക്കെടുപ്പുകളിൽ ഒന്നാം സമ്മാനം ഒരെണ്ണമേ ഉണ്ടാകൂ. ഒരു സീരീസിലെ ഒരു നിശ്ചിതനമ്പരിനാണ് അതു ലഭിക്കുക. നവകേരള ലോട്ടറിയിൽ അതല്ല. ഒരു നിശ്ചിത സംഖ്യയിൽ അവസാനിക്കുന്ന നമ്പരുള്ള എല്ലാ ടിക്കറ്റിനും സമ്മാനമുണ്ട്.

അങ്ങനെ പതിനാറു ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റാൽ, ഈ രീതിയിൽ ഒന്നാം സമ്മാനം ഒരാളിനു മാത്രമായി പരിമിതപ്പെടാൻ എത്രയാണ് സാധ്യത? വാർത്തയെഴുതുന്നതു മുതൽ അച്ചടിക്കുന്നതുവരെയുള്ള പ്രക്രിയകളിൽ ഇടപെടുന്ന ഒരാൾക്കുപോലും ഈ സംശയം തോന്നിയില്ല എന്നത് അത്ഭുതം തന്നെ. എൽഡിഎഫ് സർക്കാരിനെതിരെയല്ലേ, വെച്ചു താങ്ങിക്കോ എന്നാണ് സമീപനം. അല്ലേ...

NQ, NR, NS, NT, NU, NV, NW, NX, NY, NZ സീരീസുകളിലായി 27491 എന്ന അഞ്ചക്കസംഖ്യയിൽ അവസാനിക്കുന്ന എത്ര ടിക്കറ്റുകളുണ്ടോ അത്രയും പേർക്കും സമ്മാനം കിട്ടും. ഇവിടെ വിറ്റ ടിക്കറ്റുകളിൽ പത്തെണ്ണത്തിന് ഒന്നാം സമ്മാനമുണ്ട്. അതാണ് വസ്തുത.

ലേഖകന് സംഭവിച്ച അബദ്ധം എന്തെന്ന് എനിക്ക് ഊഹിക്കാം. നവകേരള ലോട്ടറിയുടെ റിസൾട്ട് സൈറ്റു നോക്കിയപ്പോൾ NK -1 എന്നു കണ്ടു. സമ്മാനം ഒരാൾക്കു മാത്രമെന്ന് അപ്പോഴേ ഉറപ്പിച്ചു. അതല്ലേ ഉണ്ടായത്?

പൊന്നു സാറേ, NK-1 എന്നാൽ നവകേരള ലോട്ടറി ഒന്നാമത്തെ നറുക്കെടുപ്പ് എന്നേ അർത്ഥമുള്ളൂ. സമ്മാനം NQ മുതൽ NZ വരെയുള്ള പത്തു സീരീസിൽ അച്ചടിച്ച ടിക്കറ്റുകൾക്കാണ്. ഇതൊക്കെ വാർത്തയുടെ അടിസ്ഥാന വിവരങ്ങളല്ലേ.

ഇനി രണ്ടാം സമ്മാനത്തിന്റെ കാര്യം. എത്ര എണ്ണം എന്നൊന്നും ഞാൻ പറയുന്നില്ല. ഈ വാർത്തയുമായി ബന്ധപ്പെട്ടവർക്ക് താഴെ പറയുന്ന അസൈൻമെന്റു കൊടുക്കൂ. പരസഹായമില്ലാതെ ചെയ്യാൻ കഴിയില്ലെങ്കിൽ മേലിൽ ഇത്തരം വാർത്തകൾ എഴുതരുതെന്നെങ്കിലും പറയണം.

അസൈൻമെന്റ് ഇതാണ്. കേരള ലോട്ടറി റിസൾട്ട് സൈറ്റു നോക്കുക. രണ്ടാം സമ്മാനമായ 5000 രൂപ നേടിയ 112 നമ്പരുകൾ കാണാം. അതിൽ ആദ്യത്തെ നമ്പർ 0040 ആണ്.

ഒരു ലക്ഷം മുതൽ 999999 വരെ അവസാനിക്കുന്ന സംഖ്യകളിൽ 0040 എന്ന അക്കങ്ങളിൽ അവസാനിക്കുന്ന എത്ര സംഖ്യകൾ ഉണ്ടായിരിക്കുമെന്നു കണ്ടുപിടിക്കണം. കമ്പ്യൂട്ടർ ഉപയോഗിക്കാതെ വെള്ളപ്പേപ്പറിൽ പേനകൊണ്ട് എഴുതാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടണം സമാനമായ രീതിയിൽ സമ്മാനാർഹമായ 112 നമ്പരുകളും കണ്ടുപിടിക്കാൻ പറയൂ...

"തട്ടിപ്പ്" എന്ന് വലിയ ആവേശത്തിൽ തലക്കെട്ടൊക്കെ ചമച്ചതല്ലേ, ഒന്നു തല പുകയ്ക്കാൻ പറയൂ.. അടുത്ത തവണ നേരിൽ കാണുമ്പോൾ റിസൾട്ടു പറഞ്ഞാൽ മതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top