31 May Wednesday

‘‘സാമ്പത്തിക ശാസ്ത്രത്തിനു പകരം സാമ്പത്തിക ശാസ്ത്ര കൂടോത്രക്കാരെ ആശ്രയിച്ചതിന്റെ ഫലം’’‐ ബിജെപി നേതാക്കൾക്ക്‌ തോമസ്‌ ഐസക്കിന്റെ മറുപടി

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

നോട്ട്‌ നിരോധന കാലത്ത്‌ തന്നെ വെല്ലുവിളിച്ച ബിജെപി നേതാക്കൾക്ക്‌ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്കിന്റെ മറുപടി. നോട്ട്‌ നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്‌താവന വന്ന മണിക്കൂറുകൾക്കകം നടപടിയെ ഭ്രാന്തൻ നടപടിയെന്ന്‌ തോമസ്‌ ഐസക്ക്‌ വിശേഷിപ്പിച്ചിരുന്നു. തുടർന്ന്‌ നിയമസഭയിൽ നടത്തിയ പ്രസ്‌താവനയിലും നോട്ട്‌ നിരോധനത്തിന്റെ ഭവിഷ്യത്തുകൾ അദ്ദേഹം അക്കമിട്ടുനിരത്തി. നിരോധിച്ച നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തിയതായി റിസർവ്‌ ബാങ്ക്‌ തന്നെ സ്ഥിരീകരിച്ചതോടെ അന്ന്‌ തോമസ്‌ ഐസക്ക്‌ ഉന്നയിച്ച പ്രശ്‌നങ്ങൾ ഓരോന്നും ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്‌.

ഈയവസരത്തിലാണ്‌ കുറഞ്ഞത്‌ 3 ലക്ഷം കോടി രൂപയുടെ നോട്ടുകളെങ്കിലും തിരിച്ചെത്താതിരിക്കുമെന്നും ഈ പണം സർക്കാരിന് വികസന പദ്ധതികൾക്കുപയോഗിക്കാമെന്നുമുള്ള നോട്ടു നിരോധന കാലത്തെ ബിജെപി ഐടി സെല്ലിന്റെ നുണ ചാനൽ ചർച്ചകളിൽ ഏറ്റുപാടിയ ബിജെപി നേതാക്കളെ പരിഹസിച്ച്‌ തോമസ്‌ ഐസക്ക്‌ രംഗത്തെത്തിയത്‌. നോട്ട്‌ നിരോധനത്തെ ഇപ്പോഴും ന്യായീകരിക്കുന്നവരുടെ വാദങ്ങൾക്കു മറുപടിയും പോസ്റ്റിലുണ്ട്‌.


ഡോ. തോമസ്‌ ഐസക്കിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

'ഞാൻ വെല്ലുവിളിക്കുന്നു തോമസ് ഐസക്കിനെ, ഏറ്റവും ചുരുങ്ങിയതൊരു മൂന്ന് ലക്ഷം കോടി രൂപയുടെ ലയബിലിറ്റിയുടെ കുറവ് റിസർവ് ബാങ്കിനില്ലെങ്കിൽ വിനു പറയുന്ന പണിയെടുക്കാൻ ഞാൻ തയ്യാറാണ്. ഇതെല്ലാവരുടെയും മുമ്പിലാണ് പറയുന്നത്. പതിനാല് ലക്ഷത്തിൽ ഒരു പതിനൊന്ന് ലക്ഷത്തിൽ കൂടുതൽ നോട്ട് തിരിച്ച് വരാൻ പോകുന്നില്ല'. നോട്ടുനിരോധനകാലത്ത് ഒരു ഏഷ്യാനെറ്റ് ചർച്ചയിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ നടത്തിയ വെല്ലുവിളിയാണ് ഇത്. തന്റെ വ്യക്തിപരമായ അഭിപ്രായം നാലു ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരിച്ചു വരില്ലെന്നാണ്. തീർച്ചയായും ഏറ്റവും കുറഞ്ഞത് മൂന്നു ലക്ഷമെങ്കിലും എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ, തിരിച്ചുവരാത്ത മൂന്നു ലക്ഷം കോടിയുടെ നോട്ടുകൾ കൊണ്ട് എന്തെല്ലാം ചെയ്യുമെന്നും മനോരാജ്യം കണ്ടു. അങ്ങനെയാണത്രേ പെട്രോളിന് 50 രൂപയായി വില കുറയാൻ പോകുന്നത്.

സുരേന്ദ്രനെ ഒറ്റപ്പെടുത്തി കുറ്റം പറയില്ല. ബിജെപിയുടെ ഐടി പ്രചാരക വിഭാഗം നൽകിയ വിശദീകരണങ്ങൾ അപ്പാടെ വിഴുങ്ങുകയായിരുന്നു സുരേന്ദ്രൻ. ഏതാണ്ട് ഇതേ അഭിപ്രായം ജി.എസ്.ടി കൗൺസിലിനിടയിൽ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ശാസ്ത്രീയ സാമ്പത്തിക ശാസ്ത്രത്തിനു പകരം സാമ്പത്തിക ശാസ്ത്ര കൂടോത്രം നടത്തുന്ന പൂനവിദ്വാൻമാരെ സ്വീകരിച്ചാൽ സംഭവിക്കുന്ന അബദ്ധങ്ങളാണ് ഇവ.

പക്ഷേ, നോട്ടുനിരോധനമെന്ന ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരത്തെ ന്യായീകരിച്ചവരുടെ മുഖത്തേയ്ക്കാണ് റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ടു വന്നു വീണിരിക്കുന്നത്. അസാധുവാക്കപ്പെട്ട നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്കിന്റെ 201718 വാർഷിക റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. കള്ളപ്പണം പിടിക്കുമെന്ന നരേന്ദ്രമോദിയുടെ വീമ്പടിക്കലിന് ഒരു ഫലവുമുണ്ടായില്ല എന്നർത്ഥം. നോട്ടുനിരോധനത്തെ ന്യായീകരിക്കാനിറങ്ങിയവരെക്കാൾ ഒട്ടും മീതെയല്ല, ആ മണ്ടൻ തീരുമാനമെടുത്തവരുടെ നിലവാരവും.

പ്രധാനമന്ത്രിയുടെ രാത്രിയിലെ പ്രസംഗം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ എന്റെ ചേംബറിൽ നടത്തിയ പത്രസമ്മേളനത്തിൽ മോഡിയുടെ നടപടിയെ ഭ്രാന്ത് എന്നാണ് വിശേഷിപ്പിച്ചത്. എലിയെ കൊല്ലാൻ ഇല്ലം ചുടുന്നതു പോലെയാണ്. കള്ളപ്പണത്തിന്റെ വളരെ ചെറിയൊരു ഭാഗമേ നോട്ട് രൂപത്തിലുള്ളൂ. അത് പിടിക്കാൻ വേണ്ടി നോട്ടെല്ലാം റദ്ദാക്കിയാൽ സമ്പദ്ഘടന തകരും. സമ്പദ്ഘടനയുടെ ജീവനാഡിയാണ് പണം. ഇപ്പോൾ എല്ലാവരും സമ്മതിക്കുന്നു രാജ്യത്തിലെ ദേശീയ വരുമാനത്തിന്റെ രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം ഈ നടപടിമൂലം ഉണ്ടായിട്ടുണ്ടെന്ന്. പിറ്റേന്ന് നിയമസഭയിൽ ഷാഫി പറമ്പിലിന്റെ ഉപചോദ്യത്തിനു മറുപടിയായി സാധാരണക്കാർക്കുണ്ടാകുന്ന ഭയാനകമായ പ്രയാസങ്ങളെക്കുറിച്ച് ഞാൻ വിവരിച്ചപ്പോൾ പ്രതിപക്ഷ നേതാവുപോലും അഭിപ്രായപ്പെട്ടത് ധനമന്ത്രി ആളുകളെ പരിഭ്രമിപ്പിക്കരുത് എന്നാണ്. ശ്രീ. കുഞ്ഞാലിക്കുട്ടി ഇടപെട്ട് അങ്ങനെയെങ്കിൽ ഒരു ഔപചാരിക പ്രസ്താവന സഭയിൽ വയ്ക്കണമെന്ന് നിർദ്ദേശിച്ചു. അന്ന് ഞാൻ സഭയിൽ വച്ച എഴുതി വായിച്ച പ്രസ്താവനയിൽ പറഞ്ഞ ഏതാണ്ട് എല്ലാ കാര്യങ്ങളും ഇന്ന് യാഥാർത്ഥ്യമായിട്ടുണ്ട്.

ഒന്നൊഴികെ. നോട്ട് നിരോധനം കൊണ്ട് കള്ളനോട്ട് ഇല്ലാതാക്കാം എന്ന് ഞാൻ അഭിപ്രായപ്പെട്ടിരുന്നു. കള്ളനോട്ടുകാർ ബാങ്കിൽ കൊണ്ടുവന്ന് അത് വെളുപ്പിക്കുമെന്ന് ചിന്തിക്കാൻ ആകുമായിരുന്നില്ല. പക്ഷെ, അതാണ് സംഭവിച്ചതെന്നാണ് ഇപ്പോൾ സുരേന്ദ്രൻ പറയുന്നത്. കള്ളനോട്ടുകളുടെ ഒരു ഭാഗം ബാങ്കിൽ വന്നതുകൊണ്ടാണത്രേ തന്റെ പ്രവചനം പൊളിഞ്ഞത് എന്നാണ് ഇപ്പോൾ അദ്ദേഹത്തിന്റെ അഭിപ്രായം. അതെ. നമ്മുടെ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ പലയിടത്തും കളളനോട്ട് പിടിക്കാനുള്ള യന്ത്രങ്ങൾ ഇല്ലായിരുന്നു. ക്യൂവിലെ തിരക്കു കാരണം ഇതൊന്നും പരിശോധിക്കാനുള്ള നേരം ബാങ്ക് ജീവനക്കാർക്ക് കിട്ടിയില്ല. പിന്നെ, വമ്പൻമാർ തങ്ങളുടെ കള്ളപ്പണത്തിന്റെ കാര്യത്തിലെന്നപോലെ ബാങ്കുകൾ വഴി വെളുപ്പിച്ചോ എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതാണ്. സത്യം പറഞ്ഞാൽ, റിസർവ്വ് ബാങ്ക് അച്ചടിച്ച മുഴുവൻ പഴയ നോട്ടുകളും തിരിച്ചെത്തിയിട്ടില്ല. കള്ളപ്പണക്കാരുടെ പണം ആയതുകൊണ്ടല്ല. വിദേശ ഇന്ത്യക്കാരുടെ കൈകളിൽ നമ്മുടെ പഴയ നോട്ടുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. തന്റെ ബാഗിൽ കണ്ടെത്തിയ പഴയ നോട്ടുകളുടെ ഫോട്ടോ ഹരീഷ് വാസുദേവൻ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിൽ ഇട്ടിരുന്നു. പണ്ട് എഴുതി പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിന്റെ മാനുസ്ക്രിപ്റ്റ് തപ്പുന്നതിനിടയിൽ ഞാനും കണ്ടെത്തി കുറച്ച് ആയിരം രൂപയുടെ നോട്ടുകൾ. ഇങ്ങനെ എത്രയോ പേരുടെ കൈകളിൽ ഉണ്ടാകണം. ഇതുകൂടി കണക്കിലെടുക്കുമ്പോൾ സുരേന്ദ്രൻ പറയുംപോലെ കള്ളനോട്ട് വെളുപ്പിക്കാനുള്ള ഒരു സുന്ദരൻ ഉപായമായി നോട്ട് നിരോധനം മാറിയെന്നു പറയേണ്ടി വരും.

പുതിയ നോട്ടുകൾ കളളനോട്ടടിയ്ക്കാനാവില്ലെന്നായിരുന്നു മറ്റൊരു വീമ്പടി. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് പുതിയ 50, 100, 500, 2000 നോട്ടുകളുടെയെല്ലാം കള്ളനോട്ടുകൾ പ്രചാരത്തിലുണ്ട്.

ഇന്ത്യയിലെ സാമ്പത്തിക വിദഗ്ദ്ധർ തുടക്കത്തിൽ പൊതുവിൽ നിശബ്ദരായിരുന്നൂവെന്നത് സത്യം. പക്ഷെ, ഈ ഭ്രാന്തൻ നടപടിയെ ന്യായീകരിക്കാൻ വിരലിലെണ്ണാവുന്നവരെ മുന്നോട്ടു വന്നുള്ളൂ. പക്ഷെ, ഇന്ന് രണ്ട് വിദ്വാൻമാരുടെ അഭിപ്രായം മാതൃഭൂമിയിൽ ഞാൻ വായിച്ചു. ഒന്ന്, ജിയോജിത്ത് ഫിനാൻഷ്യൽ സർവ്വീസസിലെ ഡോ. വി.കെ വിജയകുമാറാണ്. ദീർഘനാളിൽ ഇത് ഗുണം ചെയ്യുമെന്നാണ് പറയുന്നത്. ഡോ. വിജയകുമാറിന്റെ ദീർഘനാൾ എത്രയെന്ന് എനിക്ക് അറിഞ്ഞകൂട. ആദായ നികുതി ഏറ്റവും കൂടുതൽ വർദ്ധിച്ചത് ചിദംബരം മന്ത്രിയായിരിക്കുമ്പോഴാണ്. അത് ഏതായാലും നോട്ട് നിരോധിച്ചതുകൊണ്ടല്ല. കാരണം ഞാൻ വിജയകുമാറിന്റെ പഠിപ്പിക്കേണ്ടതില്ല. തികഞ്ഞ നിയോലിബറലാണെങ്കിലും സാങ്കേതികമായി വളരെ പരിജ്ഞാനമുള്ള വ്യക്തിയാണ് അദ്ദേഹം. പക്ഷെ, വിജയകുമാർ നിങ്ങളുടെ ദർശനത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നതാണ് നോട്ട് നിരോധനം. എന്താണ് മിൽട്ടൺ ഫ്രീഡ്മാൻ പണനയത്തെക്കുറിച്ച് പഠിപ്പിച്ചിട്ടുള്ളത്? പണത്തിന്റെ ആകെത്തുക കൂട്ടുകയും കുറയ്ക്കുകയും ചെയ്യാതെ സ്ഥിരതോതിൽ നിർത്തി സമ്പദ്ഘടനയെ അതിന്റെ പാട്ടിനു വിടണമെന്നല്ലേ. അപ്പോഴാണ് ഇവിടെ ചില മഠയൻമാർ സമ്പദ്ഘടനയെ ശുദ്ധീകരിക്കാൻ നോട്ടു തന്നെ നിരോധിക്കുന്നത്. എന്തുപറ്റി നിങ്ങൾക്ക്?

രണ്ടാമത്തെയാൾ സംസ്ഥാന ആസൂത്രണ ബോർഡിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ പി. രവീന്ദ്രനാഥാണ്. അദ്ദേഹത്തിന്റെ അഭിപ്രായം ഡിജിറ്റൽ ഇടപാട് കൂടിയെന്നത് ഒഴിച്ചാൽ നോട്ട് നിരോധനം പരാജയമാണെന്നാണ്. പക്ഷെ ഡിജിറ്റൽ ഇടപാട് കൂടിയോ? നോട്ട് നിരോധന കാലത്ത് ഡിജിറ്റൽ ഇടപാടുകൾ കുത്തനെ കൂടിയെങ്കിലും പിന്നീട് താഴ്ന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ചെറിയൊരു വർദ്ധന മാത്രം. ഇതിനുവേണ്ടിയാണോ രണ്ട് ലക്ഷം കോടി രൂപയുടെ ദേശീയ നഷ്ടം ഉണ്ടാക്കിയിരിക്കുന്നത്? പക്ഷെ, ഡിജിറ്റൽ ഇടപാടുകളുടെ മൊത്തം തുകയാണോ കണക്കിലെടുക്കേണ്ടത് അതോ ദേശീയ വിനിമയത്തിൽ അതിന്റെ വിഹിതമാണോ? രണ്ടാമത്തേതാണെങ്കിൽ ഡിജിറ്റൽ ഇടപാടിലെ വർദ്ധന എത്ര തുച്ഛമാണ്. ഇന്നലെ റിസർവ്വ് ബാങ്ക് പുറത്തിറക്കിയ കണക്കുകളിൽ ഇത് വ്യക്തമാകുന്നുണ്ട്.

അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളിൽ 15.31 ലക്ഷം കോടി (15,310.73 ബില്യൻ) രൂപ മൂല്യമുള്ളവ തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്കു സാക്ഷ്യപ്പെടുത്തുന്നത്. ആകെ അസാധുവാക്കിയത് 15.41 ലക്ഷം കോടി രൂപ (15,417.93 ബില്യൻ) മൂല്യമുള്ള നോട്ടുകൾ. ഏകദേശം 10,000 കോടി രൂപ (10720 കോടി) രൂപ മാത്രമാണ് തിരിച്ചെത്താത്തത്. ഇനി എണ്ണാൻ നോട്ടുകളൊന്നും റിസർവ് ബാങ്ക് വശമില്ല. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ പ്രചാരത്തിലുള്ള പുതിയ നോട്ടുകൾ 20.38 ലക്ഷം കോടി രൂപയുടേതാണ്. ദേശീയ വരുമാനത്തിന്റെ വർദ്ധനയിൽ മുരടിപ്പ് ഉണ്ടായിട്ടും നോട്ടുകളുടെ എണ്ണം ഇങ്ങനെ കൂടുന്നത് സൂചിപ്പിക്കുന്നത് ആളുകൾ മുൻകാലങ്ങളെ അപേക്ഷിച്ച് നോട്ടുകൾ കൈയിൽ സൂക്ഷിക്കാൻ ശ്രമിക്കുന്നൂവെന്നതാണ്. ലക്ഷ്യമിട്ടതിന്റെ നേർവിപരീതത്തിൽ നാം എത്തി നിൽക്കുകയാണ്.

ഏതായാലും ഏഷ്യാനെറ്റ് അവതാരകൻ വിനു കെ. സുരേന്ദ്രൻ നടത്തിയ വെല്ലുവിളി മറന്നിരിക്കാൻ ഇടയില്ലെന്ന് കരുതുന്നു. എന്തുപണിയും ചെയ്യാമെന്നല്ലേ സുരേന്ദ്രൻ പറഞ്ഞത് (എന്നെ വേണമെങ്കിൽ ജീവനോടെ കത്തിച്ചോളാൻ പ്രധാനമന്ത്രിയെപ്പോലെ പറഞ്ഞില്ലല്ലോ!). ഏതായാലും വിനു സുരേന്ദ്രന് ഒരു പണി കൊടുക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top