25 April Thursday

സംഘപരിവാർ വിദ്വേഷ പ്രചരണത്തിനിരയായ ദീപക്‌ ശങ്കരനാരായണന്‌ പിന്തുണയുമായി തോമസ്‌ ഐസക്ക്‌; ‘‘സോഷ്യൽ മീഡിയയിലൂടെ ഒരു വ്യക്തിയെ തേജോവധം ചെയ്യുന്നത് അംഗീകരിക്കാനാവില്ല’’

വെബ് ഡെസ്‌ക്‌Updated: Monday Apr 16, 2018

സംഘപരിവാറിന്റെ ആസൂത്രിതമായ വിദ്വേഷ പ്രചരണത്തിനിരയായ ദീപക്‌ ശങ്കരനാരായണന്‌ പിന്തുണയുമായി ഡോ. ടി എം  തോമസ്‌ ഐസക്ക്‌. സാമൂഹ്യ മാധ്യമങ്ങളിലെ സംഘപരിവാർ വിരുദ്ധ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്‌ ദീപക്‌ ശങ്കരനാരായണൻ. അദ്ദേഹത്തിനെതിരെ ദേശീയ തലത്തിൽത്തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഭീഷണിയും കൊലവിളിയും തുടരുകയാണ്‌ സംഘപരിവാർ. ദീപക് ജോലിചെയ്യുന്ന ഐടി കമ്പനിയായ എച്ച്‌പി ഇന്ത്യയുടെ ഫേസ്‌ബുക്ക്‌, ട്വിറ്റർ പേജുകളിലും ഇവർ തെറിവിളി തുടരുന്നു. കത്വവയിലെ ആസിഫയുടെ കൊലപാതകത്തെ തുടർന്ന്‌ ദീപക്‌ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പുകളാണ്‌ ഇപ്പോഴത്തെ പ്രകോപനം.

ഈ വിഷയത്തിൽ ദീപക് ശങ്കരനാരായണന് പിന്തുണ നൽകിയ തോമസ്‌ ഐസക്ക്‌ ബിജെപിയുടെ ഈ പ്രചാരണം  ജനാധിപത്യാവകാശങ്ങളുടെ ലംഘനവും നീചമായ രാഷ്ട്രീയപകപോക്കലുമാണെന്ന്‌ തന്റെ ഫേസ്‌ബുക്ക്‌ പേജിൽ കുറിച്ചു. സംഘികളുടെ കൂട്ടായ നുണപ്രചരണത്തെ കൂട്ടായി എതിർത്ത്‌ തോൽപ്പിക്കണമന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലും ഇംഗ്ലീഷിലുമായാണ്‌ തോമസ്‌ ഐസക്കിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌.

ഡോ. ടി എം തോമസ്‌ ഐസക്കിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:


സംഘപരിവാറിന്റെ അക്രമത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ മലയാള നവ മാധ്യമങ്ങളിൽ പൊളിച്ചു കാണിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്ന വ്യക്തിയാണ് ശ്രീ ദീപക് ശങ്കരനാരായണൻ. അത് കേവല ബി ജെ പി വിമർശനത്തിനപ്പുറം ഒരു ഫാസിസ്റ്റ് മിലിറ്റൻറ് സംഘടന അതിന്റെ അംഗങ്ങൾക്ക് സകലവിധമായ അതിക്രമങ്ങൾക്കും നൽകുന്ന ബ്ലാങ്ക് ചെക്ക് പിന്തുണയെ തുറന്ന് കാട്ടുന്നു. ഇന്ത്യൻ ജനതയെ ഒന്നാകെ വേദനിപ്പിച്ച സംഭവം ക്വത്തയിലെ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ഹിന്ദു വര്‍ഗീയവാദികള്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നു തള്ളിയതിനെതിരെ ദീപക് ശങ്കരനാരായണൻ നിരവധി കുറിപ്പുകൾ ഫേസ്ബുക്ക് വഴി എഴുതുകയുണ്ടായി.

ഫാസിസ്റ്റ് സംഘടന എപ്രകാരമെല്ലാം അരികുവൽക്കരിക്കപ്പെട്ട മനഷ്യന് നീതി നിഷേധിക്കാൻ ഇടപെടുന്നത് എന്ന് ദീപക്ക് കൃത്യമായി സമർത്ഥിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കേവലം 31 ശതമാനത്തിന്റെ പിന്തുണ കൊണ്ട് ബഹുഭൂരിപക്ഷത്തിന്റെ സാമാന്യ നീതി നിഷേധിക്കുന്നതിനെ കുറിച്ച് ദീപക്ക് പറയുന്നത്. അതിലൊരെണ്ണത്തെ പ്രത്യേകമായി എടുത്ത് ദുർവ്യാഖ്യാനം ചെയ്ത് ദീപക്കിനെതിരെ വ്യക്തിഹത്യയും വ്യാജപ്രചരണവും ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യൽ മീഡിയ വഴി സംഘികൾ പ്രചരിപ്പിക്കുന്നതായി അറിയുന്നു. ദീപക്കിനെ വ്യക്തിഹത്യ ചെയ്യുക മാത്രമല്ല അയാൾ തൊഴിലെടുക്കുന്ന കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ചെന്ന് അയാൾക്കെതിരെ ദുഷ്പ്രചരണവും ഇവർ ചെയ്യുന്നു. തികഞ്ഞ ജനാധിപത്യാവകാശലംഘനവും അങ്ങേയറ്റം നീചമായ രാഷ്ട്രീയപകപോക്കലും ആണിതെന്ന് പറയാതെ വയ്യ. ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ സഹജീവികളോട് ആവശ്യപ്പെടുകയാണ് വിവാദമാക്കപ്പെട്ട പ്രസ്തുത കുറിപ്പിൽ ദീപക് ചെയ്തത്. നിലവിൽ ഇന്ത്യ നേരിടുന്ന വർഗീയതയടക്കമുള്ള രാഷ്ട്രീയപ്രശ്നങ്ങളിൽ എത്തിച്ചേരാൻ കാരണമായ മുപ്പത്തിയൊന്ന് ശതമാനം വോട്ടർമാർ എന്ന അമൂർത്തമായ ഒരു സങ്കല്പത്തെ ആശയപരമായി എതിർത്ത് തോല്പിക്കണം എന്ന സത്തയെ വായിച്ചു മനസിലാക്കാൻ പറ്റാതെ ചിലർ (അതോ മനഃപൂർവം മനസിലായില്ല എന്ന് നടിക്കുന്നതോ?) ദീപക് ഹിംസയ്ക്ക് ആഹ്വാനം ചെയ്തു എന്ന നുണ അയാൾക്കെതിരെ പ്രചരിപ്പിക്കുന്നു. അങ്ങേയറ്റം പ്രതിഷേധാർഹമായ പ്രവർത്തിയാണ് സോഷ്യൽ മീഡിയ വഴി ഒരു വ്യക്തിയെ ഇങ്ങനെ തേജോവധം ചെയ്യുന്നത്. തൊഴിൽ പോലുള്ള അയാളുടെ സ്വകാര്യ ഇടങ്ങളെ കൂടെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ഇവരുടെ ക്രിമനൽ ബുദ്ധിയെയാണ് തെളിയിക്കുന്നത്. ഈ വ്യാജപ്രചരണത്തെ നാമെല്ലാം എതിർത്ത് തോൽപ്പിക്കണം. സംഘികളുടെ കൂട്ടായ നുണപ്രചരണത്തിനെതിരെയുള്ള ഈ സമരത്തിൽ ദീപക്കിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top