26 April Friday

ആത്മാവിന്റെ ഭാരം 21 ഗ്രാമാണോ?... ഡോ മനോജ് വെള്ളനാട് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

ഡോ മനോജ് വെള്ളനാട്

ഡോ മനോജ് വെള്ളനാട്

ആത്മാവ് ഉണ്ടോയെന്ന സംശയം പണ്ടൊരു ഡോക്‌ടർക്കും ഉണ്ടായിരുന്നു. അയാളുടെ പേര് ഡങ്കൺ മക്ഡോഗൻ. 1907-ൽ പുള്ളി ഒരു പരീക്ഷണം നടത്തി. മരിക്കാറായ 6 പേരെ ശരീരഭാരം അളക്കാൻ കഴിയുന്ന ഒരു പ്രത്യേകതരം കട്ടിലിൽ കിടത്തി. എന്നിട്ട് ഓരോരുത്തരും മരിക്കുന്ന നിമിഷത്തിൽ ശരീരഭാരത്തിലുണ്ടായ വ്യത്യാസം രേഖപ്പെടുത്തി. അതിൽ ഒരാൾ മരിച്ചപ്പോൾ അയാൾക്ക് 21.3gm ഭാരം കുറഞ്ഞതായി ഡങ്കൺ സായിപ്പ് മനസിലാക്കി. 'ആത്മാവിന്റെ ഭാരം = 21 gms' എന്ന കഥയുടെ തുടക്കം ഇവിടുന്നാണ്- ഡോ മനോജ് വെള്ളനാട് എഴുതുന്നു


കഥകളിൽ ചോദ്യം പാടില്ലാന്നാണെങ്കിലും, ചോദ്യം ചോദിക്കാതിരിക്കാൻ പലർക്കും പറ്റാറില്ല. പ്രത്യേകിച്ചും ചില സിനിമകൾ കണ്ടു കഴിഞ്ഞാൽ. പേസ്‌മേക്കർ ഹാക്ക് ചെയ്യാൻ പറ്റുമോ, വീട്ടിൽ വന്നാൽ ഹാക്ക് ചെയ്‌തു കാണിച്ചു തരാമോ എന്നൊക്കെയാണ് ഇപ്പോഴത്തെ പ്രധാന സംശയങ്ങൾ. വളരെ സിമ്പിളായി തലയിൽ ചുറ്റിക കൊണ്ടടിച്ച് ഒരാളെ ബ്രെയിൻ ഡെത്താക്കി അയാളുടെ അവയവം മുറിച്ചെടുത്ത് വിറ്റ് കാശുണ്ടാക്കുന്നത് സിനിമയിൽ കാണിച്ചാൽ ആർക്കും സംശയമൊന്നുമില്ല. ബ്രയിൻ ഡെത്തൊക്കെ ഡെയ്‌ലി 100 എണ്ണം കാണുന്നതല്ലേ എന്ന ഭാവമാണ്.

അപ്പൊഴാണ് 21 grams എന്ന സിനിമയിൽ ഒരാൾ മരിക്കുമ്പോ നഷ്ടപ്പെടുന്ന ഭാരമാണ് ഈ 21 ഗ്രാമെന്നും അത് ആത്മാവിന്റെ ഭാരമാണെന്നും ഒക്കെ നമ്മുടെ ലാലേട്ടൻ, സോറി അനൂപ് മേനോൻ പറയുന്നത്. ലാലേട്ടൻ, ദേ പിന്നേം.. അനൂപ് മേനോൻ പറഞ്ഞ സ്ഥിതിക്കത് സത്യമായിരിക്കുമല്ലോ. അങ്ങനെയെങ്കിൽ ആത്മാവ് ഉണ്ടെന്നതും സത്യമായിരിക്കണം. ഈ സംശയം പണ്ടൊരു ഡോക്ടർക്കും ഉണ്ടായിരുന്നു. അയാളുടെ പേര് ഡങ്കൺ മക്ഡോഗൻ. 1907-ൽ പുള്ളി ഒരു പരീക്ഷണം നടത്തി. മരിക്കാറായ 6 പേരെ ശരീരഭാരം അളക്കാൻ കഴിയുന്ന ഒരു പ്രത്യേകതരം കട്ടിലിൽ കിടത്തി. എന്നിട്ട് ഓരോരുത്തരും മരിക്കുന്ന നിമിഷത്തിൽ ശരീരഭാരത്തിലുണ്ടായ വ്യത്യാസം രേഖപ്പെടുത്തി. അതിൽ ഒരാൾ മരിച്ചപ്പോൾ അയാൾക്ക് 21.3gm ഭാരം കുറഞ്ഞതായി ഡങ്കൺ സായിപ്പ് മനസിലാക്കി. ബാക്കി അഞ്ചു പേരിൽ ഒരാൾക്ക് ഭാരം കൂടി, ചിലർക്ക് ഭാരം കുറഞ്ഞ്, പിന്നെ കൂടി. ആ അഞ്ച് പേരുടേതും വെയിംഗ് മെഷീന്റെ തകരാറാണെന്ന് മക്ഡോഗൺ അങ്ങ് തീർച്ചപ്പെടുത്തി. ശാസ്‌ത്രലോകം ഈ പരീക്ഷണഫലത്തെ അപ്പൊത്തന്നെ എടുത്ത് തോട്ടിലിട്ടെങ്കിലും, 'ആത്മാവിന്റെ ഭാരം = 21 gms' എന്ന കഥയുടെ തുടക്കം ഇവിടുന്നാണ്.

ഡങ്കൺ സായിപ്പ് തോറ്റു കൊടുക്കാൻ വില്ലിംഗല്ലായിരുന്നു. അദ്ദേഹം കുറച്ചു പട്ടികളിൽ ഇതേ പരീക്ഷണം തുടർന്നു. എന്നാൽ പട്ടികളുടെ ആത്മാവ് അദ്ദേഹത്തോട് സഹകരിച്ചില്ല. അൽപ്പം പോലും ഭാരവ്യത്യാസമുണ്ടാകുന്നില്ല പട്ടികൾ മരിക്കുമ്പോൾ എന്നദ്ദേഹം കണ്ടെത്തി. പുള്ളിയതിൽ അത്ഭുതപ്പെടാനൊന്നും പോയില്ല. ഉടനെ കൺക്ലൂഡ് ചെയ്‌തു, മനുഷ്യന് മാത്രേ ആത്മാവുള്ളൂ. പട്ടികൾക്കതില്ലാ. അതുകൊണ്ട് ഭാരം കുറയേണ്ട കാര്യവുമില്ല. ശാസ്‌ത്ര‌‌‌ലോകം അപ്പൊത്തന്നെ ഡങ്കനപ്പൂനെ അടുത്തു വിളിച്ചു തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു, 'മോനേ, നീ ഇവിടെങ്ങും ജനിക്കേണ്ടവനല്ലാ, ജനിക്കേണ്ടവനേ അല്ലാ' എന്ന്. പക്ഷെ, 21 ഗ്രാമിന്റെ കഥ തുടർന്നു..

നൂറു വർഷങ്ങൾക്കു ശേഷം 2001-ൽ ലൂയി ഹൊളാണ്ടർ എന്നൊരാൾ ഇതേ പരീക്ഷണം പലതരം ആടുകളിൽ ചെയ്‌തു നോക്കി. പക്ഷെയതിൽ മരിക്കുമ്പോൾ ഭാരം കൂടുന്നതായാണ് കണ്ടെത്തിയത്. 2005-ൽ ജെറാർഡ് നോർ എന്നൊരാൾ പുതിയൊരാശയം പറഞ്ഞു. ഇലക്ട്രോ മാഗ്‌നെറ്റിക് ഡിറ്റക്റ്റേഴ്‌സ് വച്ച് മരണസമയത്ത് ശരീരത്തിൽ നിന്നും വേർപെട്ട് പോകുന്ന ആത്മാവിന്റെ ഊർജ്ജതരംഗങ്ങളെ കണ്ടെത്തിക്കൂടേയെന്ന്. വെള്ളിനക്ഷത്രവും ആകാശഗംഗയുമൊക്കെ ഞങ്ങളും കണ്ടതാണെന്ന് പറഞ്ഞ് ശാസ്‌ത്രലോകം ആ പ്രൊപ്പോസൽ മുളയിലേ നുള്ളി. എന്തായാലും ആത്മാവുണ്ടെന്നോ അതിന് ഭാരമുണ്ടെന്നോ തെളിയിക്കാൻ ആർക്കും ഇനിയും പറ്റിയിട്ടില്ല. ഇല്ലാത്ത ഒന്ന് ഇല്ലാ എന്ന് തെളിയിക്കാൻ ആർക്കെങ്കിലും പറ്റുമെന്ന് തോന്നുന്നുമില്ല.

പിന്നെ സിനിമയിൽ പറയുന്നത് വിശ്വസിക്കാൻ തുടങ്ങിയാൽ സിസ്റ്റർ അഭയയെ കൊന്ന കുറ്റത്തിന് ജനാർദ്ദനനെ പിടിച്ച് അകത്തിടേണ്ടി വരും. വരുൺ പ്രഭാകർ വിഷയത്തിൽ പിണറായി വിജയൻ രാജി വക്കേണ്ടിയും വരും. മുമ്പൊരിക്കൽ ന്യൂറോ ട്രാൻസ്മിറ്ററുകളെ പറ്റി ഒരു ക്ലാസെടുത്ത് കഴിഞ്ഞപ്പോൾ അവിടുണ്ടായിരുന്ന ഒരാൾ ചോദിച്ചതാണ്, ഈ ന്യൂറോ ട്രാൻസ്മിറ്ററുകളിലാണോ നമ്മുടെ ആത്മാവിരിക്കുന്നതെന്ന്. നല്ല കൺസെപ്റ്റായിരുന്നു. ആത്മാവെന്ന വസ്തു ഇല്ലെങ്കിലും, ആത്മാവെന്ന വാക്കിനെ വേണമെങ്കിൽ ഒരു വ്യക്തിയുടെ സ്വത്വമെന്നോ മറ്റോ വ്യാഖ്യാനിക്കാം. ആത്മീയത എന്നാൽ അവനവന്റെ മനസിന്റെ ഉള്ളിലുളളതിനെ സംബന്ധിച്ചതാണല്ലോ. അപ്പോൾ ഒരാളുടെ ചിന്തയാണ് അയാളുടെ ആത്മാവ്.

ന്യൂറോട്രാൻസ്‌മിറ്ററാണോ ആത്മാവെന്ന സംശയമുണ്ടായി, അത് ചിന്തയായി, ചോദിക്കാനുള്ള തോന്നലായി, ധൈര്യമായി, വാക്കുകളായി പുറത്തേക്ക് വരാൻ കാരണം ചില ന്യൂറോ ട്രാൻസ്‌മിറ്ററുകളാണ്. അപ്പൊ അയാളുടെ ആത്മാവ് ആ ഇൻഫിനിറ്റ് നമ്പർ ഓഫ് ന്യൂറോട്രാൻസ്‌മിറ്റർ മോളിക്യൂളുകളിൽ ഉണ്ട്. ഇനിയതിന്റെ ഭാരം നോക്കുവാണെങ്കിൽ അത് ഗ്രാമിലോ കിലോഗ്രാമിലോ പറയാൻ പറ്റുമെന്നും തോന്നുന്നില്ല. തോമസ് ലൂറേയുടെ കുറച്ച് ശിൽപ്പങ്ങളുണ്ട്, 'weight of thoughts' എന്ന പേരിൽ. ഗൂഗിൾ ചെയ്‌താൽ കാണാം. Take Home Message: ആത്മാവ് എന്നൊന്നില്ല. ഞാൻ എന്ന ഭാരം (ആത്മഭാരം) SI യൂണിറ്റിൽ അളക്കാനുമാവില്ല.

ഡോ മനോജ് വെള്ളനാട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top