04 October Wednesday

അമേരിക്കൻ നോവലിൽ കേരളത്തിലെ ജനകീയ ആസൂത്രണവും; ഭാവിയുടെ മാതൃകയെന്ന്‌ വിശേഷണം

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

അമേരിക്കൻ നോവലിൽ ഇടംപിടിച്ച്‌ കേരളം. "ന്യൂയോർക്ക്‌ ടൈംസ്‌' ബെസ്‌റ്റ്‌ സെല്ലിങ്‌ ഓതറായ കിം സ്‌റ്റാൻലി റോബിൻസണിന്റെ "ദ മിനിസ്‌ട്രി ഫോർ ദ ഫ്യൂച്ചർ' നോവലിലാണ്‌ കേരളത്തിന്റെ ജനകീയാസൂത്രണവും ഇടംപിടിച്ചത്‌. സയൻസ് ഫിക്ഷൻ നോവലാണ് "ദ മിനിസ്‌ട്രി ഫോർ ദ ഫ്യൂച്ചർ'. നോവലിന്റെ ഒരു ഘട്ടത്തിൽ ഭാവിയുടെ ഭരണമാതൃകയായി അവതരിപ്പിക്കുന്നത്‌ നമ്മുടെ ജനകീയാസൂത്രണമാണ്‌. കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള ലെഫ്റ്റ് ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ ആണ് ഈ മാതൃക രൂപീകരിച്ചത് എന്നും നോവലിലുണ്ട്‌.

സാജൻ ഗോപാലന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം:

ഈ അമേരിക്കൻ നോവലിൽ കേരളത്തിലെ ജനകീയാസൂത്രണത്തിന് എന്താണ് കാര്യം?

കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ കിം സ്റ്റാൻലി റോബിൻസൺ എഴുതിയ സയൻസ് ഫിക്ഷൻ നോവലാണ് MINISTRY FOR  THE FUTURE
2024ന് ശേഷമാണ്  കഥ നടക്കുന്നത്.

കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി  ഇന്ത്യയിൽ അതിരൂക്ഷമായ താപ തരംഗമുണ്ടാകുന്നു

രണ്ട് കോടി ജനങ്ങളാണ്  മരിക്കുന്നത്, ഇന്ത്യൻ ജനത ഉയിർത്തെണീക്കുകയാണ്

ലോകത്തിനാകെ മാതൃകയാകുന്ന രാഷ്ട്രീയ മാറ്റങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകുന്നു.

ഇന്ത്യയുടെ വൈവിധ്യത്തെ തകർത്ത ബിജെപിയും തിന്മയുടെ ശക്തിയായി നോവലിസ്റ്റ് വിശേഷിപ്പിക്കുന്ന  ആർ എസ് എസ്സും പുറത്താക്കപ്പെടുന്നു
കോൺഗ്രസ്സും എവിടെയുമില്ല. പകരം ശാസ്ത്രത്തിന്റെയും evidence based പഠനങ്ങളുടെയും പ്രത്യയശാസ്ത്രമുള്ള ഒരു സർക്കാരാണ് ഇന്ത്യയിൽ രുപം കൊള്ളുന്നത്.

ലോകത്തിന്റെ അവഗണന തുടരുമ്പോഴും ഇന്ത്യയുടെ ഭാവിക്ക് വേണ്ടി അവർ ആസൂത്രണം തുടങ്ങുന്നു. അതിനിടയ്ക്കാണ് യുണൈറ്റഡ് നേഷൻസിന്റെ നേതൃത്വത്തിൽ ലോകത്തിന്റെ ഭാവിയ്ക്ക് വേണ്ടി ഒരു മിനിസ്ട്രി ഫോർ  ഫ്യൂച്ചർ രൂപം കൊള്ളുന്നത്. ഭാവിയിൽ ജനിക്കുന്ന കുട്ടികളുടെ അവകാശത്തിന് വേണ്ടിയാണ് ഈ മിനിസ്ട്രി നിലകൊള്ളുന്നത്.

ലോകമെമ്പാടുമുള്ള മാനവികമായ സാമൂഹിക പരീക്ഷണങ്ങൾ കണ്ടെത്തി അതിലൂടെ പുതിയൊരു ഭാവി കരുപ്പിടിപ്പിക്കാൻ ശ്രമം തുടങ്ങുന്നു
അങ്ങനെ കണ്ടെത്തിയ പരീക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കേരളത്തിലെ ജനകീയ ആസൂത്രണം. ഭാവിയുടെ Governance മോഡൽ ആയി അവർ അവതരിപ്പിക്കുന്നത് നമ്മുടെ People’s Plan ആണ് എന്നത് മലയാളികൾക്ക് കൗതുകമുണ്ടാക്കുന്ന കാര്യമാണ്.

കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള ലെഫ്റ്റ് ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ ആണ് ഈ മാതൃക രൂപീകരിച്ചത് എന്നും കിം എഴുതുന്നുണ്ട്. ഭാവിയെ സ്വാധീനിക്കുന്നതായി നോവലിസ്റ്റ് രേഖപ്പെടുത്തുന്ന blockchain സാങ്കേതിക വിദ്യ, സ്‌പാനിഷ് സഹകരണ പ്രസ്ഥാനമായ Mondragon, തൊഴിൽ ഉറപ്പു നൽകുന്ന MMT എന്ന നവ സാമ്പത്തിക സംവിധാനം, ക്യൂബ, ഡെൻമാർക്ക്‌ എന്നിവയ്‌ക്കൊപ്പം കേരളം എന്നും ഈ നോവലിസ്റ്റ് എഴുതുന്നു എന്നത് രസമായി തോന്നി.

അമേരിക്കയിലെ ഇടതുപക്ഷ രാഷ്ട്രീയത്തെയാണ് താൻ പ്രതിനിധാനം ചെയ്യുന്നത് എന്ന് കിം റോബിൻസൺ പറയുന്നു. ഈ രാഷ്ട്രീയമാണ് ഈ നോവലിന്റെ അടിസ്ഥാനം.

എനിക്ക് ഈ പുസ്തകം പരിചയപ്പെടുത്തിയത് പ്രൊഫ പി വിജയകുമാറാണ്. പൊതുവെ സാമൂഹിക മാധ്യമങ്ങളിൽ നിശ്ശബ്ദനാണെങ്കിലും വലിയൊരു വായനക്കാരനായ വിജയകുമാർ Thou News ന്റെ Bookmark എന്ന പാരമ്പരയിലാണ് ഈ പുസ്‌തകത്തെക്കുറിച്ച് സംസാരിക്കുന്നത്.

ഈ പുസ്തകം ജനകീയാസൂത്രണം എന്ന ആശയത്തെ പ്രവർത്തികമാക്കിയ ഡോ തോമസ് ഐസക്കിനെയും എസ് എം വിജയാനന്ദിനെയും സന്തുഷ്ട‌രാക്കും എന്ന് വിജയകുമാർ പറയുന്നുണ്ട്…ഒപ്പം ഇന്ന് നമ്മോടൊപ്പമില്ലാത്ത ഡോ ഐ എസ് ഗുലാത്തിയെയും.

വലിയ ശുഭാപ്തിവിശ്വാസത്തോടെയാണ് കിം ഈ പുസ്തകം അവസാനിപ്പിക്കുന്നത്. പുസ്‌തകത്തിൽ പറയുന്ന ജിയോ എൻജിനീയറിങ് അടക്കമുള്ള പല പ്രതിവിധികളോടും ശാസ്ത്ര ലോകം എങ്ങനെയാണ് പ്രതികരിക്കുക എന്ന് എനിക്കറിയില്ല. എന്നാൽ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള വേറിട്ട ചിന്തകളിൽ നമ്മുടെ ജനകീയാസൂത്രണം വരുന്നത് കാണുമ്പോൾ ഒരു സന്തോഷം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top