24 April Wednesday

രാഹുല്‍ ഈശ്വര്‍ ഓര്‍മ്മിപ്പിയ്ക്കുന്നത് ഈ ചരിത്രം..കെ ജി ബിജു എഴുതുന്നു

കെ ജി ബിജുUpdated: Friday Sep 28, 2018

കെ ജി ബിജു

കെ ജി ബിജു

ക്ഷേത്രത്തിൽ നിന്നിറങ്ങിവരവെ വഴിയരികിലുണ്ടായിരുന്ന ഈഴവസ്ത്രീകളെ കല്ലെറിഞ്ഞ് ഓടിച്ച നമ്പൂതിരി കേരള ചരിത്രത്തിലെ ഒരു കഥാപാത്രമാണ്. തീയനാണെന്നു തെറ്റിദ്ധരിക്കപ്പെട്ട് ചാവക്കാട്ടെ നായർ കുടുംബത്തിലെ ഒരു വിദ്യാർ‍ത്ഥി തല്ലിച്ചതയ്ക്കപ്പെട്ട സംഭവം അതേ ചരിത്രത്തിലെ ഒരേടും.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങളും വാഗ്വാദങ്ങളും തകർത്താടുമ്പോൾ വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ സമാധാനത്തിലിരുന്ന് വായിച്ചുനോക്കുന്നത് കൌതുകകരമാണ്.

ആ ഫ്ലാഷ്ബാക്കിൽ, കൊടുങ്ങല്ലൂർ കാവിനു സമീപമുളള പൊതുവഴിയിൽ‍ക്കൂടി നടന്ന അയ്യപ്പുണ്ണിയെ തല്ലിച്ചതച്ച നാരായണക്കൈമളെ പരിചയപ്പെടാം. ഇടപ്പളളിയിലൊരു നായരുടെ ചായക്കടയിൽ ചെന്ന് ചായ ചോദിച്ച ഈഴവനിൽ നിന്ന് ഒരു രൂപ പിഴയും ഇടപ്പളളി ഗണപതിയ്ക്കുളള വിളക്കിനും അപ്പത്തിനും കൂടി നാലണയും പിടുങ്ങിയ പോലീസുകാരനെയും.

''പൂർവാചാരങ്ങളെ ദ്വേഷിക്കാതെ അവരവരുടെ കൃത്യങ്ങളെ ശരിയായി അനുഷ്ഠിക്കുന്നിടത്തോളം ഗുണമായ നില മറ്റൊന്നും തന്നെ ഇല്ലെ''ന്ന് മുഖപ്രസംഗത്തിലൂടെ ഉദ്‌ഘോഷിച്ചിട്ടുണ്ട് വിദ്യാഭിവർദ്ധിനിയെന്ന പ്രസിദ്ധീകരണം. ക്ഷേത്രോത്സവത്തിനിടെ തേരിന്റെ കയറിൽ തൊട്ടെന്നാരോപിച്ച് ഈഴവരെ സംഘം ചേര്‍ന്നു തല്ലിയിട്ടുണ്ട്, കല്‍പ്പാത്തിയിലെ പട്ടന്മാർ.

അവർ‍ണരെന്ന് മുദ്രയടിക്കപ്പെട്ടിരുന്നവരുടെ ക്ഷേത്രപ്രവേശനം എന്ന ആവശ്യത്തെ നല്ലൊരു വിഭാഗം "സവർ‍ണ"രുൾ‍പ്പെടെ അനുകൂലിച്ച കാലത്ത് കൊല്ലത്തു നിന്നും പ്രസിദ്ധീകരിച്ച 'സ്വരാജ്യം' പത്രത്തിന്റെ വെല്ലുവിളി ഇങ്ങനെയായിരുന്നു:

''ഈഴവർ‍ക്കു കൊടുക്കണം; ക്ഷേത്രപ്രവേശനമല്ല. അടികൊടുക്കണം''.

സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന സ്ത്രീകളെ പ്രതിരോധിക്കുമെന്നു ചാനലുകൾ തോറും വീമ്പിളക്കുന്ന രാഹുൽ ഈശ്വറിന്റെ അതേ സ്വരം.

1917 ആഗസ്റ്റിലാണ് 'നമ്പൂതിരിമാരുടെ വക ശ്രീശങ്കരാചാര്യര്‍' എന്ന പത്രത്തിൽ ഇങ്ങിനെയൊരു മുന്നറിയിപ്പു പ്രത്യക്ഷപ്പെട്ടത്:

''ഈ മാസം 15ന് പകൽ നാലു മണിക്ക് ചെങ്ങന്നൂർ‍ എച്ച്ജി സ്‌ക്കൂളിൽ പഠിക്കുന്ന ഏതാനും ഈഴവ വിദ്യാർത്ഥികള്‍ സ്‌ക്കൂൾ വിട്ടുവരുമ്പോൾ‍ തങ്ങൾക്കു പബ്ലിക്ക് റോഡിൽക്കൂടി നടക്കാൻ അവകാശമുണ്ടെന്നും മറ്റും വീരവാദം പറഞ്ഞുകൊണ്ട് ചെങ്ങന്നൂർ‍ മഹാക്ഷേത്രത്തിന്റെ കിഴക്കുപുറത്തെ മതിലിനരികിൽക്കൂടി പോയി ക്ഷേത്രം തീണ്ടി തൊടാൻ‍ ഭാവിക്കയും അതിന്നു ചിലർ‍ തടസ്ഥം പറയുകയും ചെയ്തതായി അവിടെ നിന്നും ഒരു ലേഖകൻ ഞങ്ങൾക്കെഴുതിയിരിക്കുന്നു. തീണ്ടലുളള ജാതിക്കാർക്ക് പബ്ലിക് റോഡിൽ‍ക്കൂടി നടക്കാൻ‍ ഗവർമ്മെണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ക്ഷേത്രം തീണ്ടത്തക്കവണ്ണം ക്ഷേത്രത്തോട് സമീപിക്കുന്നതിന് ഗവമ്മെണ്ടനുവാദമില്ലെന്നുളളത് ഈ വിദ്യാർത്ഥികള്‍ അറിഞ്ഞിട്ടില്ലായിരിക്കാം. ജാതിഭ്രാന്തു പിടിച്ചു മര്യാദയും വകതിരിവും ഇല്ലാതെ നടക്കുന്ന ഈ കൂട്ടരെ മര്യാദ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നു അധികൃതന്മാരെ അറിയിച്ചു കൊളളുന്നു''.

ഭീഷണി വ്യക്തമായിരുന്നു. ശിക്ഷയും. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതുപോകട്ടെ, ക്ഷേത്രത്തിനടുത്തേയ്ക്ക്‌ ചെല്ലുന്നതുപോലും മര്യാദയും വകതിരിവുമില്ലാത്ത പ്രവൃത്തിയായിരുന്നു. മര്യാദ, വകതിരിവ് തുടങ്ങിയ വാക്കുകളുടെ ശരിക്കുള്ള അർത്ഥവും ചരിത്രത്തിൽ നിന്നാണ് പരിചയപ്പെടേണ്ടത്.

ക്ഷേത്രം തീണ്ടിയാൽ മര്യാദ പഠിപ്പിക്കുമെന്ന ഭീഷണി അച്ചടിച്ചു പ്രസിദ്ധീകരിക്കപ്പെട്ട നാടായിരുന്നു ഒരുകാലത്ത് കേരളവും. പൊതുവഴി ചിലരുടെ മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടത് വിശ്വാസം മൂലമായിരുന്നു. പൊതുകിണറുകളും കുടിവെള്ളവും നിഷേധിക്കപ്പെട്ടതും. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരു പറഞ്ഞ് വിദ്യാലയങ്ങളിൽ പ്രവേശനവും ചിലർക്ക് നിഷേധിക്കപ്പെട്ടിരുന്നു.

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനു സമീപമാണ് എന്ന കാരണം പറഞ്ഞ് ലോവര്‍ സെക്കന്ററി ഗേള്‍സ് സ്‌ക്കൂളില്‍ ഈഴവപ്പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. Admission of Ezhava girls into the LSGS Crangannore is out of question എന്ന ചരിത്രരേഖയായി മാറിയ ഉഗ്രശാസനം ഒരു വിവരാവകാശ നിയമവും ഉപയോഗിക്കാതെ നമുക്കിന്നു വായിക്കാം.

ശബരിമലയിൽ സ്ത്രീകൾക്കുള്ള നിരോധനം എടുത്തു കളഞ്ഞ സുപ്രിംകോടതി വിധിയ്ക്കെതിരെ രാഹുൽ ഈശ്വറിന്റെ ചാനൽ പ്രകടനം ഓർമ്മിപ്പിക്കുന്നത് ഈ ചരിത്രമാണ്. രാഹുൽ ഈശ്വറിന്റെയൊക്കെ മുൻഗാമികളുടെ കൈയിലിരിപ്പ് രേഖപ്പെടുത്തിയിട്ടുള്ള അസംഖ്യം
ചരിത്ര പുസ്തകങ്ങളുണ്ട്. അതൊക്കെ വായിച്ചു പഠിച്ചാൽ ക്ഷേത്രത്തിൽത്തന്നെ പോകണമെന്നു തോന്നില്ല. അതു വേറൊരു കാര്യം.

(ഫേസ്‌ബുക്കില്‍ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top