26 April Friday

മാധ്യമ മുഖ്യധാരകള്‍ പോലും കയ്യടിച്ചു കൊടുക്കുന്നത് കേവലവൈകാരികതകള്‍ക്ക് മാത്രമാണ്; പാകിസ്ഥാന്‍ എന്നത് ഗാന്ധിക്ക് ഭീകരത മാത്രമായിരുന്നില്ല: ജെയ്ക് സി തോമസ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 28, 2019

അതിര്‍ത്തികളിലെ സങ്കീര്‍ണതകളെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ മുഖ്യധാരകള്‍ പോലും കയ്യടിച്ചു കൊടുക്കുന്നത് കേവലവൈകാരികതകള്‍ക്ക് മാത്രമാവുകയാണെന്ന് ജെയ്ക് സി തോമസ്. ആക്രമിക്കപ്പെടുന്ന കശ്മീര്‍ പൗരരുടെ വാര്‍ത്തകളില്‍, തിരിച്ചടികളില്‍ അഭിരമിക്കുന്ന അഭിനിവേശചിത്രങ്ങളില്‍ തെളിയുന്നത് അന്യന്‍ സമം ശത്രു എന്ന മനുഷ്യത്വവിരുദ്ധതയുടെ രാഷ്ട്രീയാശ്ലീലത മാത്രമാണെന്നും ജെയ്‌ക് തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു

പോസ്‌റ്റിന്റെ പൂര്‍ണ രൂപം

തൃശൂര്‍ പൂരത്തിന്റെ കരിമരുന്നു പ്രയോഗമോ,മരട് വെടിക്കെട്ടോ അല്ല ദേശാതിര്‍ത്തികളിലെ അടി തിരിച്ചടികള്‍ എന്ന് തിരിച്ചറിയാതെ ഗര്‍ജ്ജനങ്ങള്‍ തീര്‍ക്കുന്ന മുഴുവന്‍ പ്രൊഫൈലുകളോടും വിയോജിച്ചു കൊണ്ട് തന്നെ..!

എല്ലാ യുദ്ധങ്ങളും ചിന്തിക്കുവാന്‍ പരാജയപ്പെട്ടു പോയ മനുഷ്യജീവിതങ്ങളുടെ ദൃഷ്ടാന്തങ്ങളാണെന്നെഴുതിയത് ജോണ്‍ സ്റ്റീന്‍ബാക് ആയിരുന്നു. 'എ ജയന്റ് ഓഫ് അമേരിക്കന്‍ ലെറ്റേഴ്‌സ്' എന്ന് നോബല്‍ പുരസ്‌കാര സമിതി വിലയിരുത്തിയ 'ലീഗ് ഓഫ് അമേരിക്കന്‍ റൈറ്റേഴ്സ്' എന്ന ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനയിലെ അംഗമായിരുന്നു ജോണ്‍ സ്റ്റീന്‍ബാക്ക്.

ഭീകരതകളും ഭീകരവാദികളും നിഷ്പ്രഭമാക്കപ്പെടുക തന്നെ വേണം. പക്ഷെ യുദ്ധോല്‍ത്സുകതയ്ക്ക്, തീവ്ര ദേശീയതയ്ക്ക് കപ്പം കൊടുക്കാന്‍ ആവില്ല തന്നെ.എ.എല്‍ ബാഷാം ഇന്ത്യന്‍ ചരിത്രത്തിനു നല്‍കിയ തലക്കെട്ട് 'ദി വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ'എന്നായിരുന്നു. ഇന്ത്യ എന്ന അത്ഭുതത്തെ നിര്‍വചിച്ച ബാഷാം ചുരുക്കം പോന്ന വാക്കുകളില്‍ ഭാരതത്തെ ആകാശത്തോളം വലുപ്പപ്പെടുത്തിയത് ബഹുസ്വരതകള്‍ തീര്‍ക്കുന്ന സമഗ്രതയാണ് ഭാരതം എന്നായിരുന്നു.

ഇന്നിപ്പോള്‍ രാജ്യം അക്രമിക്കപ്പെടുകയാണ്. രാജ്യത്തിന്റെ സ്വത്വത്തെയും അസ്തിത്വത്തെയും അക്രമിക്കുവാനുള്ള ഏതേത് ശക്തികളുടെയും ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കുവാന്‍ ഈ നാട് ഒറ്റക്കെട്ടായി നില്‍ക്കുമെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാവാന്‍ സാധ്യത ഇല്ല. പക്ഷെ 'അടി'കളില്‍ നിരാശരാവുകയും 'തിരിച്ചടി'കളില്‍ ഹൃദയം ത്രസിപ്പിക്കുന്ന ആഘോഷങ്ങള്‍ തീര്‍ക്കുകയും ചെയ്യുന്ന ഇന്ത്യന്‍ -പാക്കിസ്ഥാന്‍ ഒ.ഡി മത്സരത്തിന്റെ മനോനിലയില്‍ കാര്യങ്ങളെ അപഗ്രഥിക്കുന്നവര്‍ പൂവുകളില്‍ അത്ഭുതം കൊള്ളുന്ന,വേരുകളിലെ യാഥാര്‍ഥ്യങ്ങളെ അതിന്റെ സമഗ്രതയില്‍ ഒന്നു സ്പര്‍ ശിക്കുവാന്‍ പോലും ആവാതെ രാഷ്ട്രീയമായ തോല്‍വി ഏറ്റുവാങ്ങിയവരായിരിക്കും.

അതിര്‍ത്തികളിലെ സങ്കീര്‍ണതകളെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ മുഖ്യധാരകള്‍ പോലും കയ്യടിച്ചു കൊടുക്കുന്നത് കേവലവൈകാരികതകള്‍ക്ക് മാത്രമാവുകയാണ്.വൈകാരികതയ്ക്കപ്പുറത്തെ വിചാരപരത എപ്പോഴാണ് ഇത്തരം സങ്കീര്‍ണതകളിലെങ്കിലും നമ്മുടെ മാധ്യമങ്ങള്‍ക്കൊന്ന് എത്തിപ്പിടിക്കാനാവുക?

ആര്‍എസ്എസ് സര്‍സംഘചാലകിന്റെ പ്രഖ്യാപനം സൈന്യത്തേക്കാള്‍ സന്നദ്ധമാണ് ആര്‍എസ് എസ് എന്നുള്ളതായിരുന്നു. പാകിസ്ഥാന്‍ പട്ടാളത്തേക്കാള്‍ സജ്ജമായ മതവര്‍ഗീയതയുടെ അക്രമരൂപങ്ങള്‍ തങ്ങള്‍ക്കുമുണ്ടെന്നുള്ള 'ഐഎസ്'(ഇസ്ലാമിക സ്റ്റേറ്റ്) സമാനമായ പ്രഖ്യാപനത്തെയല്ലാതെ മറ്റെന്താണ് ഇത്തരം വര്‍ഗീയമായ വൈകാരികതകള്‍ ക്ഷണിച്ചു വരുത്തുക?

മാധ്യമങ്ങളെ ഉപയോഗിച്ച് യുദ്ധവാര്‍ത്തയുടെ ആകര്‍ഷണീയത കുത്തി നിറച്ച് ഒരു ജനതയെ അകെ യുദ്ധോല്‍ത്സുകരാക്കി മാറ്റിയ ഐസന്‍ ഹോവാര്‍ പ്രസിഡന്റ് ആയിരുന്ന അമേരിക്കന്‍ ചരിത്രം നമുക്കു മുമ്പില്‍ ഫണം വിടര്‍ത്തുന്നുണ്ട്. ആക്രമിക്കപ്പെടുന്ന കശ്മീര്‍ പൗരരുടെ വാര്‍ത്തകളില്‍, തിരിച്ചടികളില്‍ അഭിരമിക്കുന്ന അഭിനിവേശചിത്രങ്ങളില്‍ തെളിയുന്നത് അന്യന്‍ സമം ശത്രു എന്ന മനുഷ്യത്വവിരുദ്ധതയുടെ രാഷ്ട്രീയാശ്ലീലത മാത്രമാണ്.

ഏതാണ് നിങ്ങളുടെ രാജ്യമെന്ന ചോദ്യത്തിന് മലയാളകവി വിളിച്ചുപറഞ്ഞ മനുഷ്യത്വപൂര്‍ണമായ ഉത്തരം വലിച്ചെറിയപ്പെടുന്ന മനുഷ്യജീവിതങ്ങളുടെ പാരസ്പര്യരേഖയാണ് എന്റെ രാജ്യം എന്നായിരുന്നു. 'എവിടെവിടങ്ങളില്‍ ചട്ടികലങ്ങള്‍ വലിച്ചെറിയപ്പെടുന്നുണ്ടീ പാരിടത്തില്‍ അവിടവിടങ്ങളെ കൂട്ടി വരയ്ക്കണം പുതിയൊരു രാഷ്ട്രത്തിനതിര്‍
വരമ്പുകള്‍ '.

'അറിയപ്പെടാത്ത മനുഷ്യരുമായി നീയെനിക്കു സൗഹൃദം നല്‍കി' എന്ന ഹൃദയാവായ്പോടെ തന്റെ രാഷ്ട്രീയപ്രസ്ഥാനമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെഴുതിയ കവിതയില്‍ നെരൂദ വിളിച്ചു പറയുന്നത് ദേശാന്തരങ്ങള്‍ക്കപ്പുറമുള്ള അധസ്ഥിത ജനതയുടെ നൊമ്പരങ്ങള്‍ ഏറ്റുവാങ്ങിയ മനുഷ്യത്വപൂര്‍ണമായ സാര്‍വദേശീയതയുടെ കരുത്തിലാണ്.

വിഭജനാനന്തരം ഇന്ത്യ പാകിസ്ഥാനു നല്‍കുവാനുള്ള 55 കോടിയോളം വരുന്ന തുക കൊടുത്തു തീര്‍ക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ട് ഇന്ത്യാ ഗവണ്മെന്റിനെതിരെ രാജ്യത്ത് നിരാഹാര സമരം നയിച്ച ഗാന്ധിജിയുടെ മണ്ണാണിതെന്ന് നാം സമരോല്‍സുകമായി ഓര്‍മ്മിക്കേണ്ടതുണ്ട്. പാകിസ്ഥാന്‍ എന്നത് ഭീകരത മാത്രമായിരുന്നില്ല ഗാന്ധിക്ക്, അവര്‍ക്കപ്പുറമുള്ള 'മനുഷ്യരുടെ പാക്കിസ്ഥാനു' വേണ്ടിയിട്ടായിരുന്നു ആ മനുഷ്യന്‍ സമരം നയിച്ചത്.

ദേശീയതയുടെ ഉജ്വല പ്രതീകമായിരുന്ന അബ്ദുള്‍ കലാം ആസാദ് 'പുണ്യഭൂമി' എന്നര്‍ത്ഥം വരുന്ന 'പാക്കിസ്ഥാന്‍' എന്ന രാഷ്ട്രനാമത്തെ നിര്‍ദ്ദയമാംവിധം വിമര്‍ശിക്കുന്നത് സര്‍വ്വ സ്ഥലവും പുണ്യമാണെന്ന തിരിച്ചറിവിന്റെ ആഴങ്ങളില്‍ വച്ചിട്ടാണ്. പാക് വംശജരുടെയോ ഇന്ത്യന്‍ വംശജരുടെയോ ജനനം കൊണ്ട് ഒരു ഭൂമി പുണ്യമോ പവിത്രമോ ആകുന്നുവെങ്കില്‍ ലോകത്തിന്റെ ഇതരഭാഗങ്ങള്‍ക്ക് വിശുദ്ധി കൈവരിക്കണമെങ്കില്‍ പുണ്യഭൂമിയുടെ അവകാശികള്‍ ലോകേതര ഭാഗങ്ങളില്‍ പോയി പലയാവര്‍ത്തി പുനര്‍ജനിക്കേണ്ടി വരുമെന്നത് ഒരു കറുത്ത ഹാസ്യം പോലുമല്ലാതായി മാറിയിരിക്കുന്നു ഇന്ന്.

രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ നിന്ന് രാഷ്ട്രീയത്തെ അപ്രസക്തമാക്കുന്ന കൊലപാതകങ്ങളില്‍ അനാഥരാക്കപ്പെടുന്ന ജീവിതങ്ങളെ പോലെ യുദ്ധം ബാക്കിയാക്കുന്നത് തകര്‍ന്നടിയപ്പെട്ട മനുഷ്യജീവിതങ്ങളെയും അനാഥത്വത്തിന്റെ വരണ്ട ഭൂമിയിലേക്ക് വലിച്ചെറിയപ്പെടുന്ന ബന്ധുത്വങ്ങളെയുമാണെന്ന ചുട്ടുപൊള്ളിക്കുന്ന സത്യത്തെ പുല്‍കുന്നവര്‍ക്കൊന്നും തിരിച്ചടികളില്‍ സ്വയം മറന്ന് ആഘോഷിക്കാന്‍ കഴിയില്ല തന്നെ.

ചിന്തിക്കുവാന്‍ പരാജയപ്പെട്ടു പോയവര്‍ക്ക് കപ്പം കൊടുക്കുവാന്‍ എന്റെ രാജ്യം നില്‍ക്കില്ലയെന്ന മനുഷ്യരാജ്യത്തിന്റെ മുദ്രാവാക്യം ഇനിയെങ്കിലും നമ്മുടെ ശിരസ്സുകളില്‍ വെളിച്ചം നിറയ്ക്കട്ടെ.തൃശൂര്‍ പൂരത്തിന്റെ കരിമരുന്നു പ്രയോഗമോ,മരട് വെടിക്കെട്ടോ അല്ല ദേശാതിര്‍ത്തികളിലെ അടി തിരിച്ചടികള്‍ എന്ന് തിരിച്ചറിയാതെ ഗര്‍ജ്ജനങ്ങള്‍ തീര്‍ക്കുന്ന മുഴുവന്‍ പ്രൊഫൈലുകളോടും വിയോജിച്ചു കൊണ്ട് തന്നെ..!

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top