08 December Friday

' ഗുരുശിഷ്യബന്ധം രക്തബന്ധത്തെക്കാള്‍ പവിത്രമാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍'-ഡോ. കെ ടി ജലീല്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 5, 2023

'വര്‍ഷങ്ങള്‍ കടന്നു പോയി. ഞാന്‍ എം.എല്‍.എയായി, മന്ത്രിയായി. പലരെയും പലസ്ഥലങ്ങളില്‍ വെച്ചും കണ്ടു. അവനെ മാത്രം എവിടെയും കണ്ടില്ല. താനൂര്‍പരപ്പനങ്ങാടി ഭാഗത്തുകൂടെ പോകുമ്പോള്‍ എന്റെ കണ്ണുകള്‍ പരതിയത് അവനെയാണ്. ചിലരോടൊക്കെ അന്വേഷിച്ചു. ഒരെത്തും പിടിയും കിട്ടിയില്ല. ഈ അടുത്ത് ഒരു ദിവസം എനിക്കൊരു കത്തുകിട്ടി. അതവന്റേതായിരുന്നു. നല്ല കൈപ്പട. ജിജ്ഞാസയോടെ എഴുത്തിലെ വരികള്‍ വായിച്ചു. അവസാനഭാഗം എത്തിയപ്പോഴേക്ക് എന്റെ കണ്ണുകള്‍ നിറഞ്ഞു'- ഡോ കെ ടി ജലീല്‍ എഴുതുന്നു


ഫേസ്ബുക്ക് കുറിപ്പ്എത്ര പവിത്രം ഗുരുശിഷ്യബന്ധം!
അദ്ധ്യാപകര്‍ എന്നും വഴികാട്ടികളാണ്. പഠിക്കാത്തതിനോ വികൃതികള്‍ കാണിച്ചതിനോ അവര്‍ നമ്മെ ശിക്ഷിച്ചിട്ടുണ്ടാകാം. എന്നാല്‍ സ്‌നേഹിച്ച് നമ്മുടെ മനസില്‍ അവര്‍ ഇടം നേടി. പെരുമാറ്റ മഹിമയാല്‍ ഹൃദയം കവര്‍ന്നു. പാഠ്യഭാഗങ്ങള്‍ നന്നായി പറഞ്ഞുതന്നു. ഗുരുനാഥന്മാര്‍ക്ക് പകരം ഗുരുനാഥന്‍മാര്‍ മാത്രമേയുള്ളൂ.

സ്‌കൂള്‍ അദ്ധ്യാപകരെയാണ് നാം കൂടുതല്‍ ഓര്‍ക്കുക. പ്രത്യേകിച്ച് എല്‍.പി, യു.പി ക്ലാസ്സുകളില്‍ പഠിപ്പിച്ചവരെ. ഗുരുമുഖത്ത് നിന്ന് വീഴുന്നതെന്തും അമൃതായി കാണുന്ന കാലമാണത്. ജീവിതത്തിന്റെ വസന്തോല്‍സവ നാളുകള്‍. പഠിപ്പിക്കുന്നതെന്തും കല്ലില്‍ കൊത്തിവെച്ച പോലെ മനസ്സില്‍ പതിയുന്ന പ്രായം. അന്ന് ശിഷ്യന്‍മാരുടെ ഹൃദയത്തില്‍ കയറിപ്പറ്റിയ ഗുരുക്കന്‍മാര്‍ മരിച്ചാലും കൂടെയുണ്ടാകും.

ഏത് അദ്ധ്യാപകനെ കണ്ടാലും അറിയാതെ ഇരിക്കുന്നിടത്ത് നിന്ന് നാം എഴുന്നേല്‍ക്കും. അവരിരുന്നേ പിന്നെ നാം ഇരിപ്പിടത്തിലേക്ക് മടങ്ങാറുള്ളൂ. മന്ത്രിയായിരിക്കെ ചില ചടങ്ങുകളിലും ഔദ്യോഗിക പരിപാടികളിലും മുകളിലും താഴെയുമായി അദ്ധ്യാപകരുടെ മുന്നില്‍ ഇരിക്കേണ്ടി വന്നപ്പോള്‍ അനുഭവിച്ച മാനസിക സംഘര്‍ഷം ചെറുതല്ല. വയസ്സില്‍ മൂത്തവര്‍ക്ക് ബഹുമാനം കൊടുക്കാന്‍ പിശുക്ക് കാണിക്കുകയേ അരുത്. അദ്ധ്യാപകരാണെങ്കില്‍ ആ ബഹുമാനം മാനംമുട്ടെ ഉയരണം.

മാതാവിന്റെയും പിതാവിന്റെയും ശ്രേണിയിലാണ് ഗുരുനാഥര്‍. പിതാവിനെ പേടിച്ചാണ് ചെറുപ്പം മുതലേ ഞാന്‍ വളര്‍ന്നത്. അതിന്റെ പ്രതിഫലനം വിദ്യാലയങ്ങളിലേക്കും പടര്‍ന്നു. കഴിഞ്ഞ 56 വര്‍ഷത്തിനിടയില്‍ പിതാവിന്റെ മുന്നില്‍ ഭക്ഷണം കഴിക്കുമ്പോഴല്ലാതെ ഇരുന്നത് ഓര്‍മ്മയില്ല. ഒരദ്ധ്യാപകനോടും അപമര്യാദയായി പെരുമാറിയതും ഓര്‍ക്കാന്‍ കഴിയുന്നില്ല.എനിക്കെപ്പോഴും പിതൃസ്ഥാനീയരാണ് ഗുരുനാഥര്‍. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പഠിച്ച കോളേജില്‍ അദ്ധ്യാപകനാകണം എന്നതായിരുന്നു. ഇരുപത്തിയാറാം വയസ്സില്‍ ആ മോഹം പൂവണിഞ്ഞു.

ഏതാണ്ട് പതിമൂന്നു വര്‍ഷം അദ്ധ്യാപകവൃത്തിയില്‍ മുഴുകി. ആ ഘട്ടത്തില്‍ പൊതുപ്രവര്‍ത്തനം പലപ്പോഴും വില്ലനായി. നേരത്തെ പോകേണ്ടി വന്നപ്പോള്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം കണ്ടെത്തി. കഴിയുന്നിടത്തോളം നന്നായി പഠിപ്പിച്ചു. അദ്ധ്യാപനത്തില്‍ മടികാണിച്ചുവെന്ന പരാതി കുട്ടികള്‍ക്കുണ്ടാവില്ലെന്നാണ് 'എന്റെ വിശ്വാസം'. എങ്കിലും എവിടെയോ ഒരു കുറ്റബോധം ഒളിഞ്ഞിരുന്നു. വില്ലാളി വീരന്‍മാരായ മൂന്നു അന്വേഷണ ഏജന്‍സികളുടെ മുന്നിലും തല ഉയര്‍ത്തിപ്പിടിച്ചു തന്നെ നിന്നപ്പോള്‍,  ജീവിതത്തില്‍ ഒരു ചോദ്യത്തിനു മുന്നിലേ പതറി നില്‍ക്കേണ്ടി വന്നിട്ടുള്ളൂ. അത് മറ്റൊന്നുമല്ല. ഒരു സമ്പൂര്‍ണ്ണനായ അദ്ധ്യാപകനാകാന്‍ കഴിഞ്ഞോ ഇല്ലയോ?

വാക്കുകൊണ്ട് ശിക്ഷിച്ച കുട്ടികളോട് പ്രത്യേക സ്‌നേഹം ഞാനെന്നും മനസ്സില്‍ സൂക്ഷിച്ചു. ഇഷ്ടക്കൂടുതലുള്ളവരോട് പലപ്പോഴും കയര്‍ത്ത് സംസാരിച്ചു. എന്റെ മുന്നിലെത്തിയ ശിഷ്യന്‍മാരോട് പരമാവധി നീതി ചെയ്യാന്‍ ശ്രമിച്ചു. അവരെ നിരാശരാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്റെ ഗുരുനാഥര്‍ എന്റെ വളര്‍ച്ചയില്‍ ആഹ്ലാദിച്ചപോലെ എന്റെ വിദ്യാര്‍ത്ഥികളുടെ ഉയര്‍ച്ചയില്‍ ഞാനും അഭിമാനം കൊണ്ടു. അവരെ ഞാന്‍ സുഹൃത്തുക്കളായി കരുതി.

ഇന്ന് അദ്ധ്യാപക ദിനം. രാവിലെ ഒരുപാട് ആശംസാ സന്ദേശങ്ങള്‍ വാട്‌സപ്പില്‍ കിട്ടി. പക്ഷെ എന്റെ മനസ്സിലേക്ക് ഓടിയെത്തിയ മുഖം മത്സ്യതൊഴിലാളി കുടുംബത്തിലെ ഒരു പാവം പയ്യന്റേതാണ്. ചെറുപ്പത്തിലേ പിതാവിന്റെ കൂടെ കടലില്‍ പോയി മീന്‍ പിടിച്ച് ശീലിച്ചവന്‍. ചൂടുള്ള കടല്‍ക്കാറ്റേറ്റ് അവന്റെ ശരീരം കരുവാളിച്ചിരുന്നു. ഇംഗ്ലീഷ് ബി.എക്ക് ഞാന്‍ പഠിപ്പിച്ച കുട്ടി. പലപ്പോഴും അവന്‍ ക്ലാസ്സിലെത്തിയത് ഒട്ടിയ വയറുമായാണ്. ഉറക്കച്ചടവില്‍ ഇരിക്കുന്ന അവനോട് ചിലപ്പോള്‍ കയര്‍ത്തു. കഥയെല്ലാമറിഞ്ഞപ്പോള്‍ അവന്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായി. അവനെയും കൂട്ടി പല ദിവസങ്ങളിലും കക്കാട്ടേക്ക് നടന്നു. കാക്കാന്റെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. കോളേജ് കാന്റീന്‍ വേണ്ടെന്നുവെച്ചത് അവനൊരു മനക്ഷതമുണ്ടാകരുതെന്ന് കരുതിയാണ്.

വര്‍ഷങ്ങള്‍ കടന്നു പോയി. ഞാന്‍ എം.എല്‍.എയായി, മന്ത്രിയായി. പലരെയും പലസ്ഥലങ്ങളില്‍ വെച്ചും കണ്ടു. അവനെ മാത്രം എവിടെയും കണ്ടില്ല. താനൂര്‍പരപ്പനങ്ങാടി ഭാഗത്തുകൂടെ പോകുമ്പോള്‍ എന്റെ കണ്ണുകള്‍ പരതിയത് അവനെയാണ്. ചിലരോടൊക്കെ അന്വേഷിച്ചു. ഒരെത്തും പിടിയും കിട്ടിയില്ല. ഈ അടുത്ത് ഒരു ദിവസം എനിക്കൊരു കത്തുകിട്ടി. അതവന്റേതായിരുന്നു. നല്ല കൈപ്പട. ജിജ്ഞാസയോടെ എഴുത്തിലെ വരികള്‍ വായിച്ചു. അവസാനഭാഗം എത്തിയപ്പോഴേക്ക് എന്റെ കണ്ണുകള്‍ നിറഞ്ഞു. അവന്റെ ജീവിത രേഖയായിരുന്നു കത്തിലെ ഓരോ വാക്കും.  

എഴുത്തിനടിയില്‍ കുറിച്ചിട്ട ഫോണ്‍ നമ്പര്‍ പകര്‍ത്തിവെച്ചു. ധൃതിക്കിടയില്‍ അന്ന് വിളിക്കാന്‍ മറന്നു. പിന്നെ ഓര്‍മ്മ വന്നപ്പോള്‍ നമ്പര്‍ ഡയല്‍ ചെയ്തു. റിംഗിന്റെ അവസാന ലാപ്പില്‍ അവന്‍ ഫോണ്‍ എടുത്തു. ജീവിത ഭാരത്തില്‍ നട്ടം തിരിയുന്ന അവന്റെ വാക്കുകളില്‍ ആത്മവിശ്വാസം കുറവായിരുന്നു. ഡിഗ്രി കഴിഞ്ഞ് ബി.എഡ് എടുത്ത അവന്‍ ഒരു അണ്‍എയ്ഡഡ് സ്‌കൂളില്‍ ജോലി ചെയ്യുന്നു. കുറഞ്ഞ ശമ്പളമേ കിട്ടുന്നുള്ളൂ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുകയാണ്. വിവാഹം കഴിഞ്ഞു. രണ്ട് മക്കളുണ്ട്. എല്ലാം കേട്ട ശേഷം ഞാനവനോട് ചോദിച്ചു: 'എന്തേ നീ ഒരിക്കല്‍പോലും എന്നെത്തേടി വന്നില്ല?'. അതിനവന്‍ പറഞ്ഞ മറുപടി ഇങ്ങിനെയായിരുന്നു; 'സാറിനെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി!'. ശരിക്കും എന്റെ ഉള്ളം പിടഞ്ഞു. ഗുരുശിഷ്യബന്ധം രക്തബന്ധത്തെക്കാള്‍ പവിത്രമാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍.

ഡോ: എസ് രാധാകൃഷ്ണന്റെ ജന്‍മദിനമായ ഇന്നത്തെ ഗുരുവന്ദന സന്ദേശങ്ങളില്‍ മുഴച്ചു നിന്നത് അവന്റെ രൂപമാണ്. ഫോണെടുത്ത് അവന്റെ നമ്പരില്‍ വിളിച്ചു. ക്ഷേമാന്വേഷണങ്ങള്‍ നടത്തി. അവന്‍ ഒരു ഫ്രീ വിസയെടുത്ത് സൗദിയില്‍ പോവുകയാണെന്ന് പറഞ്ഞു. മെച്ചപ്പെട്ട വേതനം ലഭിക്കുന്ന ഒരു ജോലിയാണ് ലക്ഷ്യം. കഴിയുന്ന പോലെ ഞാനും സഹായിക്കാമെന്നേറ്റു. സൗദ്യ അറേബ്യയില്‍ ജോലി ചെയ്യുന്ന സഹപാഠിയെ വിളിച്ചു. അവനോട് കാര്യങ്ങള്‍ പറഞ്ഞു. അവന്‍ പരമാവധി ശ്രമിക്കാമെന്ന് വാക്കുതന്നു. നല്ലൊരു ഇംഗ്ലീഷ് അദ്ധ്യാപകനാണ് എന്റെ പ്രിയ ശിഷ്യന്‍. യോജ്യമായ ഒരു ജോലി എന്റെ സുഹൃത്ത് അവന് ലഭ്യമാക്കും. ഉറപ്പാണ്. അവനെ സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് ഗുരുനാഥന്‍? എന്ത് അദ്ധ്യാപക ദിനം?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top