28 March Thursday
ഇന്ന് അദ്ധ്യാപക ദിനം

ജീവിതവഴിയിൽ വെളിച്ചം വിതറിയ ഗുരുനാഥർക്ക് പ്രണാമം...മന്ത്രി കെ ടി ജലീല്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 5, 2020

കെ ടി ജലീല്‍

കെ ടി ജലീല്‍

അധ്യാപക ദിനത്തില്‍ വിദ്യാലയ സ്മരണകള്‍ പങ്കുവെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ്

പൈങ്കണ്ണൂർ ഗവ: യു.പി സ്കൂളിലായിരുന്നു എൻ്റെ ലോവർ പ്രൈമറി പഠനം. പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ കുട്ടിക്കാലം. അറിവിൻ്റെ ആദ്യാക്ഷരങ്ങൾ തേടി അമ്പരപ്പോടെയായിരുന്നു സ്കൂളിലേക്കുള്ള യാത്ര. പപ്പനും ഹംസയും സഫിയയും നന്ദിനിയും ജമീലയും ഫാത്തിമ്മയും എല്ലാമുണ്ടായിരുന്നു കൂട്ടിന്. ശിവദാസനും കുഞ്ഞലവിയുമായിരുന്നു സ്കൂളിലെ കളിക്കൂട്ടുകാർ. ദേവയാനി ടീച്ചറും അപ്പുമാഷും പ്രഭാകരൻ മാഷും അമ്മാളു ടീച്ചറും ആദംകുട്ടി മാഷും കണക്രായി മാഷും കോത മാഷും ഇന്നും ഓർമ്മയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. "അമ്മയ്ക്കു നൽകുവാൻ ചെമ്മുള്ള ചേലേകൾ നന്ദന്തൻ കയ്യിലെ നൽകിച്ചൊന്നാൻ" എന്ന വരികൾ ഉച്ചത്തിൽ ചൊല്ലുന്ന കഷണ്ടിക്കാരനായ കണ്ണടവെച്ച അപ്പു മാഷുടെ ഘനഗംഭീരമാർന്ന ശബ്ദം ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്. സൗമ്യമായി സ്നേഹത്തോടെ പാഠങ്ങൾ പറഞ്ഞുതന്നു അമ്മാളു ടീച്ചർ. കർക്കശക്കാരനായിരുന്ന പ്രഭാകരൻ മാഷ്, എൻ്റെ പിതാവിൻ്റെ സുഹൃത്തുകൂടിയായിരുന്നു. പഠിക്കാത്തതിനും വികൃതി കാട്ടിയാലും എന്തുശിക്ഷയും നൽകാനുള്ള പരമാധികാരം ബാപ്പ പ്രഭാകരൻ മാഷ്ക്ക് പതിച്ചു നൽകിയിരുന്നു. അതുകൊണ്ടാവണം പഠിക്കാതെ വന്നാൽ ഒരു ദാക്ഷിണ്യവും അദ്ദേഹം കാണിച്ചിരുന്നില്ല. കണക്ക് പഠിപ്പിക്കാൻ ദേവയാനി ടീച്ചറെ കഴിഞ്ഞേ മറ്റൊരു ടീച്ചറുള്ളൂ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉത്തരം തെറ്റിയാൽ ചെവി പിടിച്ച് തിരുമ്മലും ചൂരൽ പ്രയോഗവും ഉറപ്പ്. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബ്ലാക്ക് ബോർഡിൽ ടീച്ചർ എഴുതുന്ന കൂട്ടാനും കിഴിക്കാനും ഹരിക്കാനുമുള്ള ചോദ്യങ്ങൾക്ക് പെട്ടന്ന് ഉത്തരമെഴുതാൻ വിഷമിക്കുന്ന എന്നെ ദേവയാനി ടീച്ചർ ശ്രദ്ധിക്കുന്നത്. അവർ കാരണം ചോദിച്ചു.

ബോർഡിലെഴുതിയത് കാണാൻ ബുദ്ധിമുട്ടുണ്ടെന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങിനെ കണ്ണിന് കാഴ്ചക്കുറവുണ്ടെന്ന് കണ്ടെത്തിയത് ടീച്ചറാണ്. എൻ്റെ പിതാവിനെ അക്കാര്യം അവരറിയിച്ചു. ഉടനെതന്നെ ബാപ്പ എന്നെ തിരൂരിലെ രാഘവൻ ഡോക്ടറെ കാണിച്ചു. അന്നുവെച്ച കണ്ണടയാണ് വകഭേദങ്ങളോടെ ഇന്നും മുഖത്തുള്ളത്. ഒരു കുട്ടിയെ ആഴത്തിൽ നിരീക്ഷിക്കാൻ മാതാപിതാക്കളെക്കാൾ കഴിയുക അദ്ധ്യാപകർക്കാണെന്നാണ് എൻ്റെ അനുഭവ സാക്ഷ്യം. ഈ അടുത്ത് ടീച്ചറെ ഞാൻ കാണാൻ പോയിരുന്നു. അവരുടെ മുഖത്ത് വിരിഞ്ഞ പ്രസാദം മനസ്സ് കുളിർപ്പിച്ചു. കുറേ സംസാരിച്ചതിന് ശേഷമാണ് യാത്ര പറഞ്ഞിറങ്ങിയത്.

അഞ്ചാം ക്ലാസ്സിലേക്ക് ജയിച്ചയുടനെയാണ് ബാപ്പ എൻ്റെ തല മൊട്ടയടിപ്പിച്ചത്. കൂട്ടുകാരുടെ കളിയാക്കലും മൊട്ടത്തലയിലെ പെൻസിൽ ഉരസലും ഭയന്ന് ഞാൻ സ്കൂളിൽ പോയില്ല. തിരൂർക്കാട് ഹൈസ്കൂളിനടുത്തുള്ള ഒരു ഹോസ്റ്റലിലേക്ക് ബാപ്പ എന്നെ മാറ്റിച്ചേർത്തു. അവിടെ കുഞ്ഞിത്തേനു മാഷും ഹവ്വാവുമ്മ ടീച്ചറുമാണ് മായാത്ത മുഖങ്ങളായി ഓർമ്മയിലുള്ളത്. ഒരു വർഷമേ അവിടെ പഠിച്ചുള്ളൂ. പിന്നെ നേരെ ചേളാരി ഹോസ്റ്റലിലേക്ക് പറിച്ച് നടപ്പെട്ടു. വെളിമുക്ക് ഗവ: യു.പി സ്കൂളിലാണ് ആറും ഏഴും ക്ലാസ്സുകൾ പൂർത്തയാക്കിയത്. അവിടെ തങ്ക ടീച്ചറും യുസുഫ് മാഷും കരീം മാഷുമായിരുന്നു ഇഷ്ട അദ്ധ്യാപകർ. യുവജനോൽസവ മത്സരങ്ങളിൽ പേരിനെങ്കിലും പങ്കെടുത്ത് തുടങ്ങിയത് അവിടെ വെച്ചാണ്. തങ്ക ടീച്ചർ ചരിത്രമായിരുന്നു പഠിപ്പിച്ചിരുന്നത്. ഞാൻ ചരിത്രത്തെ പ്രണയിച്ച് തുടങ്ങിയത് തങ്ക ടീച്ചറുടെ ക്ലാസ്സുകളിലൂടെയാണ്. ക്ലാസ്സിൽ ചോദ്യങ്ങൾക്ക് ഉത്തരം പറയാറുള്ള ഞാൻ എഴുത്തു പരീക്ഷയിൽ തെറ്റി ഉത്തരമെഴുതിയാലും "വിദ്വാൻ ഉദ്ദേശിച്ചത് എഴുതിവന്നപ്പോൾ തെറ്റിയതാണെന്ന്" പറഞ്ഞ് ടീച്ചർ മാർക്കിട്ടു തന്ന് എന്നെ പ്രോൽസാഹിപ്പിച്ചു. പുതിയ ബോധന വിശകലന രീതികൾ അന്യമായിരുന്ന കാലത്തായിരുന്നു അതെന്നോർക്കണം. എന്നെ ചരിത്രാന്വേഷിയാക്കിയ തങ്ക ടീച്ചറെ പിന്നീട് കാണാൻ കഴിഞ്ഞില്ലെന്ന ദു:ഖം ഇന്നും ഒരു നൊമ്പരമായി മനസ്സിലുണ്ട്. യുസുഫ് മാഷ് ഒരു സർവ്വ വിജ്ഞാന കോശമായിരുന്നു. ഇംഗ്ലീഷായിരുന്നു മാഷ് പഠിപ്പിച്ചിരുന്നത്. കുട്ടികളെ പ്രചോദിപ്പിക്കാൻ എപ്പോഴും അദ്ദേഹം ശ്രദ്ധിച്ചു. അറബി അദ്ധ്യാപകനായിരുന്ന കരീം മാഷ്, സ്പോർട്സിൻ്റെ ചുമതലക്കാരനും കൂടിയായിരുന്നു. ഏഴാം ക്ലാസ്സ് കഴിഞ്ഞ് പിരിയുമ്പോൾ സ്കൂളിൽ ഒരു യാത്രയയപ്പുണ്ടായി. സ്കൂളിനടുത്തുള്ള ഗണേഷ് ഹോട്ടലിൽ നിന്നായിരുന്നു തനിവെള്ളം പോലുള്ള ചായ. എൻ്റെ സഹപാഠിയായിരുന്ന ജബ്ബാർ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി ഒരു കവിത ചൊല്ലി. കവിതയിൽ ചായക്കടക്കാരനും കടന്നുവന്നു. അവസാനത്തെ ആ വരി ഇങ്ങിനെ; 'പച്ചവെള്ളത്തെ ചായയോടുപമിച്ച ഹോട്ടൽ ഗണേഷേ നമസ്കാരം'.

കുറ്റിപ്പുറം ഗവ: സ്കൂളിലായിരുന്നു ഹൈസ്കൂൾ പഠനം. നിളാ നദിക്കരയിലുള്ള വിദ്യാലയം ഞങ്ങളുടെ സർഗ്ഗശേഷിയെ ഉദ്ദീപിപ്പിച്ചു. പ്രസംഗം, നാടകം, എഴുത്ത് ഇവയിലെല്ലാം താൽപര്യം തോന്നിത്തുടങ്ങിയ കാലം. നദീതടങ്ങളിലായിരുന്നല്ലോ സംസ്കാരങ്ങളുടെ പിറവി. അയ്യൂബും ചന്ദ്രനുമായിരുന്നു എൻ്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നിരുന്നത്. ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഗുരുനാഥൻ മലയാളാദ്ധ്യാപകനായ പ്രഭാകരൻ മാഷായിരുന്നു. ഞാൻ അറബി പഠിച്ചിരുന്ന കുട്ടിയാണ്. എന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യവും അദ്ദേഹത്തിനില്ല. ഭാഗ്യം കൊണ്ടാകണം മാഷ്ടെ ദൃഷ്ടിപഥത്തിൽ ഞാൻ പതിഞ്ഞു. ഒഴിവുള്ള ക്ലാസ്സുകളിൽ കൊണ്ടുപോയി അദ്ദേഹം എന്നെക്കൊണ്ട് പ്രസംഗിപ്പിച്ചു. ഉച്ഛാരണം പറഞ്ഞ് തന്നു. സ്കൂൾ കലോൽസവത്തിൽ നാടകം സ്വന്തം എഴുതി അവതരിപ്പിക്കണമെന്ന് ഉപദേശിച്ചു. മാഷ്ടെ പ്രേരണയിൽ എഴുതിയ "ഗ്രേസി" എന്ന നാടകം ഞാൻ തന്നെ മുഖ്യകഥാപാത്രമായി സ്റ്റേജിൽ അവതരിപ്പിച്ചു. അന്ന് ആ നാടകത്തിൽ നായികയായി പെൺവേഷമിട്ട സുഹൃത്തിൻ്റെ കുറേകാലത്തെ വിളിപ്പേര് ഗ്രേസി എന്നായിരുന്നു. ഇപ്പോഴും ഞാനാപേര് തന്നെയാണ് അവനെ വിളിക്കാറ്. സ്നേഹത്തിൽ കടഞ്ഞെടുത്ത പ്രഭാകരൻമാസ്റ്ററുടെ ഓർമകൾക്കു മുന്നിൽ പ്രണാമം. ഹിന്ദി പഠിപ്പിച്ച വാസു മാഷ്, കണക്ക് പഠിപ്പിച്ച സെയ്ത് മുഹമ്മദ് മാഷ്, കൃഷ്ണൻ മാഷ്, രസതന്ത്രം പഠിപ്പിച്ച രത്നകുമാരി ടീച്ചർ, ചരിത്രാദ്ധ്യാപകനായിരുന്ന ജനാർദ്ദനൻ മാഷ്, ഭൂമി ശാസത്രം പഠിപ്പിച്ച വേലു മാഷ്, നടരാജൻ മാഷ്, ഇംഗ്ലീഷ് വാക്കുകൾ ഒഴുക്കോടെ കൂട്ടിവായിക്കാൻ പഠിപ്പിച്ച രാധ ടീച്ചർ, കോഴിക്കോട് റേഡിയോ നിലയത്തിൽ വോയ്സ് ടെസ്റ്റിന് പോകാൻ നിർബന്ധിച്ച ശ്യാമസുന്ദരൻ മാഷ്, തുടങ്ങിയവർ ഓർമ്മപ്പുറത്ത് മായാതെ നിൽക്കുന്നവരാണ്. ഞങ്ങളുടെ താമസ സ്ഥലത്തുനിന്ന് വളരെ അകലെയല്ലാത്ത രത്നകുമാരി ടീച്ചറുടെ വീട്ടിലാണ് രസതന്ത്രം പഠിക്കാൻ പോയിരുന്നത്. ജോലിത്തിരക്കിനിടയിലും അവരെനിക്ക് ട്യൂഷനെടുത്തു. ഒരു പൈസ പോലും ടീച്ചർ പ്രതിഫലം വാങ്ങിയില്ല. ചെല്ലുമ്പോഴൊക്കെ ചായയും പലഹാരവും കഴിപ്പിച്ചേ വിട്ടുള്ളൂ. ഏതാനും മാസങ്ങൾക്ക് മുമ്പ് ടീച്ചറെ കാണാൻ ഞാൻ പോയിരുന്നു. പഴയപോലെ സ്നേഹം ചൊരിഞ്ഞ് ചായ തന്ന് ഒരുപാട് വർത്തമാനം പറഞ്ഞു. മാറാത്തവർ അദ്ധ്യാപകരേയുള്ളൂ എന്ന് രത്നകുമാരി ടീച്ചറുടെ പടിയിറങ്ങുമ്പോൾ മനസ്സ് മന്ത്രിച്ചു.

പ്രീഡിഗ്രിക്ക് ചേന്ദമംഗല്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് പഠിച്ചത്. പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഒ അബ്ദുല്ല സാഹിബിൻ്റെ ക്ലാസ്സുകളും വിദ്യാർത്ഥികളോടുള്ള സമീപനവും എടുത്തു പറയേണ്ടതാണ്. ചരിത്രം പഠിപ്പിച്ച കാസിം ഇരിക്കൂർ സാർ ചരിത്രത്തോടുള്ള ആഭിമുഖ്യം വർധിപ്പിച്ചു. ധനതത്വശാസ്ത്രത്തിൽ താൽപര്യം ജനിപ്പിച്ചത് യൂസഫലി സാറിൻ്റെ ക്ലാസ്സുകളാണ്. മാണിസാറിൻ്റെ ക്ലാസ്സുകൾ ഓർമ്മയിൽ കൊത്തിവെച്ചപോലെ കിടപ്പുണ്ട്. അദ്ദേഹമെടുത്ത Enchanted Shirt, Abbot of Canterbury, Solitary Reaper തുടങ്ങിയ ഇംഗ്ലീഷ് കവിതകൾ, മുന്നൊരുക്കമേതുമില്ലാതെ എനിക്ക് ഇന്നും ക്ലാസ്സെടുത്ത് കൊടുക്കാനാകും. അത്രമാത്രം മനസ്സിൽ പതിഞ്ഞവയായിരുന്നു മാണിസാറെടുത്ത പാഠഭാഗങ്ങൾ.
"The King was sick,
his cheek was red
and his eye was clear and bright.
But he said, he was sick".
35 വർഷങ്ങൾക്കിപ്പുറവും ഇങ്ങിനെ ഓർത്തുവെക്കാൻ യോഗ്യമായിരുന്ന അദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ പകർന്ന അനുഭൂതി കുറച്ചൊന്നുമല്ല. പ്രസംഗവും വായനയും നല്ല നിലയിൽ നടന്നത് ഇക്കാലത്താണ്. അദ്ധ്യാപകരുടെ ഇടപെടലുകളും പ്രോൽസാഹനവും നല്ല മാർക്കോടെ പ്രീഡിഗ്രി പാസ്സാകാൻ സഹായിച്ചു.

ഡിഗ്രിക്ക് ചരിത്രവും ധനതത്വശാസ്ത്രവും ഡബ്ൾ മെയ്നായി എടുത്തു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലാണ് ചേർന്നത്. ജീവിതത്തിൽ വഴിത്തിരിവായത് അവിടെ ചെലവഴിച്ച അഞ്ചുവർഷങ്ങളാണ്. ഉള്ളറിഞ്ഞും മനസ്സ് നിറഞ്ഞും കോളേജിൽ ഞങ്ങളെ പഠിപ്പിച്ച ഗുരുനാഥൻമാർ ജീവിത വഴിയിലെ വിളക്കുമാടങ്ങൾ തന്നെയായിരുന്നു. ഒരു അനാഥാലയത്തിൻ്റെ കോമ്പൗണ്ടിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. അറിവ് മാത്രമല്ല അദ്ധ്യാപകർ പകർന്നു നൽകിയത്. മനുഷ്യസ്നേഹവും ആർദ്രതയുമെല്ലാം അനുഭവങ്ങളിലൂടെ മനസ്സിലാക്കിയത് പോക്കർ സാഹിബ് കോളേജിലെ ഗുരുമുഖങ്ങളിൽ നിന്നാണ്. കോളേജ് പ്രിൻസിപ്പൽ പ്രൊ: അഹമ്മദ്കുട്ടി സാഹിബ് അതീവ ഗൗരവക്കാരനായിരുന്നെങ്കിലും രക്ഷിതാവിനെപ്പോലെയാണ് വിദ്യാർത്ഥികളോട് പെരുമാറിയത്. ശരിക്കും സ്നേഹമുള്ള സിംഹം. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാമ്പസിലെ മുക്കിലും മൂലയിലും പ്രസംഗിക്കുക അക്കാലത്ത് പതിവായിരുന്നു. പ്രസംഗം സശ്രദ്ധം കേട്ട് കുട്ടികളുടെ മുന്നിൽ വെച്ച് പ്രശംസിക്കുകയും പോരായ്മകൾ സ്വകാര്യമായി സ്റ്റാഫ് റൂമിലേക്ക് വിളിച്ച് പറഞ്ഞുതരികയും ചെയ്ത കമാൽപാഷ സാർ, വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങൾക്കിടയിലെ തിരക്കുകൾക്കിടയിൽ, ക്ലാസ്സിൽ വൈകിയെത്തിയപ്പേൾ അനിഷ്ടം പ്രകടിപ്പിക്കാതെ "Mr Jaleel, you are too early for the next hour" എന്ന് പറഞ്ഞ് കയറിയിരിക്കാൻ പറഞ്ഞ അബ്ദുൽഅലി സാർ, കുട്ടികളെ ഒരു നോട്ടംകൊണ്ട് പോലും നിരുൽസാഹപ്പെടുത്താത്ത റസാക്ക് സുല്ലമിസാർ, ഫ്രഞ്ചുവിപ്ലവത്തിൻ്റെ മഹത്വം മനസ്സിലാക്കിത്തന്ന കോയക്കുട്ടി സാർ, അദ്ധ്യാപകൻ വിദ്യാർത്ഥിയുടെ സുഹൃത്താണെന്ന് പറയാതെ പറഞ്ഞ ഹുസൈർ സാർ, പഠനം സുന്ദരമാണെന്ന് ബോദ്ധ്യപ്പെടുത്തിയ ഇംഗ്ലീഷ് പ്രൊഫസർ എൻ ദാമോദരൻ സാർ, ഒരു ചെറുചിരിയിൽ കരുതൽ ഒളിപ്പിച്ചുവെച്ച കൈരളി ടീച്ചർ, നിർബന്ധിച്ച് പ്രസംഗ മൽസരത്തിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടിയെടുക്കാൻ സഹായിച്ച അബ്ബാസ് സാർ, സംശയനിവാരണം ഹോബിയാക്കിയ കെ.എം.ഡി സാർ, മാർക്സിയൻ എക്കോണമിയും സോഷ്യലിസവും ക്യാപിറ്റലിസവും ലളിതമായി പറഞ്ഞുതന്ന എ.ടി.കെ സാറും അസീസ് സാറും, ചരിത്രത്തെ അത്യാകർഷകമാക്കി അവതരിപ്പിച്ച റസാക്ക് സാർ, എപ്പോഴും വിദ്യാർത്ഥികളുടെ പക്ഷത്ത് നിലയുറപ്പിച്ച ജോൺ സാർ, മാതൃവാൽസല്യത്തോടെ പെരുമാറിയ ഹബീബ ടീച്ചർ, സാങ്കേതികമായി എന്നെ പഠിപ്പിച്ചില്ലെങ്കിലും അകമഴിഞ്ഞ് പ്രോൽസാഹിപ്പിച്ച ഒമാനൂർ മുഹമ്മദ് സാർ, ബീപാത്തു ടീച്ചർ, വേദനയിൽ താങ്ങായ വഹാബ് സാർ, അങ്ങിനെ അങ്ങിനെ നിറംമങ്ങാതെ നിൽക്കുന്ന എത്രയെത്ര സ്നേഹനിധികളായ അദ്ധ്യാപകർ.

എം.എ കഴിഞ്ഞ് എം.ഫിലിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലാണ് പ്രവേശനം കിട്ടിയത്. ഡോ: എസ്.എം മുഹമ്മദ്കോയ സാറായിരുന്നു എൻ്റെ ഗൈഡ്. സൗമ്യരിൽ സൗമ്യനായിരുന്ന അദ്ദേഹം പിതൃസ്നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. "1921 ലെ മലബാർ കലാപത്തിൻ്റെ ദാർശനിക ഭൂമിക" എന്നതായിരുന്നു എൻ്റെ ടോപിക്ക്. ചോരത്തിളപ്പുള്ള കാലമായതിനാൽ ഉദ്ദേശിച്ചത് കണ്ടെത്താൻ വലിയ ഉൽസാഹമായിരുന്നു. അതിനാൽതന്നെ ഡൽഹിയിലും മദ്രാസിലുമൊക്കെപ്പോയി ഒറിജിനൽ സോഴ്സസ് നിരവധി ശേഖരിച്ചിരുന്നു. ഇതെല്ലാം കണ്ട കോയ സാർ പറഞ്ഞു; 'എം.ഫിൽ കഴിഞ്ഞ് പി.എച്ച്.ഡിക്ക് പോകണം. ബ്രേക്ക് വരാതെ നോക്കണം'. ആ വാക്കുകൾ മനസ്സിൽ കുറിച്ചിട്ടു. യൂണിവേഴ്സിറ്റി ഡിപ്പാർട്ടുമെൻ്റിൽ നിന്നു കേട്ട ഡോ: എം.ജി.എസ് സാറിൻ്റെയും കുറുപ്പു സാറിൻ്റെയും പണ്ഡിതോജ്വലമായ ക്ലാസ്സുകൾ ഇന്നും ആവേശമുളവാക്കുന്നതാണ്. കാരശ്ശേരി മാഷും കുഞ്ഞാലി സാറും നിറം മങ്ങാതെ ഉള്ളിലുണ്ട്.

കോളേജ് അദ്ധ്യാപകനായി അഞ്ചുവർഷം കഴിഞ്ഞാണ് കേരള യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡിക്കു ചേർന്നത്. ജമാൽ മുഹമ്മദ് സാറായിരുന്നു ഗൈഡ്. സമയബന്ധിതമായി കോഴ്സ് പൂർത്തിയാക്കാൻ സഹായിച്ചത് അദ്ദേഹത്തിൻ്റെ നിർബന്ധ ബുദ്ധിയാണ്. വാചാപരീക്ഷക്ക് വന്ന കുസുമം സാർ തിരിച്ചും മറിച്ചും ചോദ്യങ്ങൾ ചോദിച്ചു. അദ്ദേഹം മുൻവിധിയോടെ എൻ്റെ നിരീക്ഷണങ്ങളെ കണ്ടതേയില്ല. 'നന്നായി ചെയ്തിട്ടുണ്ട്' എന്ന അദ്ദേഹത്തിൻ്റെ കമൻ്റ് ഇപ്പോഴും എൻ്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്. ഗവേഷണ പ്രബന്ധം പുസ്തകമാക്കണമെന്ന് ജമാൽസാർ ഉണർത്തിക്കൊണ്ടേയിരുന്നു. "മലബാർ കലാപം ഒരു പുനർവായന" എന്ന പേരിൽ തിസീസ് പുസ്തകമായത് അദ്ദേഹത്തിൻ്റെ പ്രേരണയിലാണ്. ചിന്തയാണ് അത് പ്രസിദ്ധീകരിച്ചത്. അഞ്ചു വർഷത്തിനിടയിൽ പുസ്തകത്തിൻ്റെ ഏഴ് പതിപ്പുകളാണ് ഇറങ്ങിയത്. മലയാള രചനയുടെ ഇംഗ്ലീഷ് പതിപ്പ് ഡിസി ബുക്സ് ഈയിടെയാണ് പുറത്തിറക്കിയത്. പുസ്തകത്തിൻ്റെ അറബി എഡിഷൻ കൈറോയിലെ ഒരു പബ്ലിഷർ ഉടൻ പ്രസിദ്ധീകരിക്കും. ഡിസി ബുക്സ് പ്രസാധകരായ ''മുഖപുസ്തകചിന്തകൾ - ആസ്യാത്ത മുതൽ ആസ്യാത്ത വരെ", സിതാര പബ്ലിക്കേഷൻസ് അക്ഷരലോകത്തെത്തിച്ച "ഒരു കൊടുങ്കാറ്റായ ന്യൂനപക്ഷ രാഷ്ട്രീയം" എന്നീ കൃതികൾ പിറവിയെടുത്തതും ഗുരുനാഥൻമാരുടെ പ്രേരണയിലാണ്. രചന പൂർത്തിയായ "മതം മതഭ്രാന്ത് മതേതരത്വം" അധികം വൈകാതെ വായനക്കാരുടെ കൈകളിലെത്തും. മഹ്മൂദ് സാറിൻ്റെയും സത്താർ സാറിൻ്റെയും അബ്ദുല്ല സാറിൻ്റെയും നല്ല വാക്കുകളും സമീപനങ്ങളും മനസ്സിലുണ്ടാക്കിയ കുളിർമ ചെറുതല്ല. അദ്ധ്യാപകരുടെ നിരന്തരമായ ഓർമ്മപ്പെടുത്തലാണ് ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് ബലമേകിയത്. നമ്മളോട് കൂടി നമ്മളുടെ ഓർമ്മകൾ മണ്ണടിയാതിരിക്കാൻ രചനകൾ ഉണ്ടാകണമെന്നായിരുന്നു അവരുടെ പക്ഷം.

വിദ്യാർത്ഥിയായിരിക്കെ ഒരദ്ധ്യാപകനെയും മനസ്സറിഞ്ഞ് വേദനിപ്പിച്ചിട്ടില്ല. ചിലപ്പോൾ ചിലരോട് ദേഷ്യം തോന്നിയിരുന്നു. എന്നാൽ അവരാണ് ശരിയെന്ന് പിന്നീട് തിരിച്ചറിഞ്ഞിട്ടുണ്ട്. മനസ്സിൽ ഒരു തരത്തിലുള്ള കറയും കൊണ്ടുനടക്കാത്തവരാണ് അദ്ധ്യാപകർ. തൻ്റെ മുന്നിലിരിക്കുന്ന കുട്ടികളെ അവർ രണ്ടായി കണ്ടില്ല. അവരുടെ കാഴ്ചവട്ടത്ത് എത്തിപ്പെട്ടില്ലായിരുന്നു എങ്കിൽ ജീവിത വിജയം നേടിയ പലരും പരാജിതരുടെ പട്ടികയിൽ പെട്ടുപോയേനെ. ഹൃദയം കൊണ്ട് വിദ്യാർത്ഥികളോട് സംവദിക്കുന്നവരാണ് യഥാർത്ഥ അദ്ധ്യാപകർ. അകം തൊട്ട് അവർ മൊഴിയുന്നതെന്തോ അതുതന്നെയാണ് അമൃത്. എന്നെ പഠിപ്പിച്ച അദ്ധ്യാപകരാരും കേവലമൊരു ജോലി എന്ന നിലയിൽ അദ്ധ്യാപനത്തെ കണ്ടവരല്ലെന്ന് എനിക്കുറപ്പുണ്ട്. അവർ മഴവില്ലിനെ ഇഷ്ടപ്പെട്ടവരായിരുന്നു. ഋതുഭേദങ്ങളെ നെഞ്ചോട് ചേർത്തുവെച്ചവരായിരുന്നു. അവരുടെ മുന്നിൽ എല്ലാവരും സമൻമാരായിരുന്നു, ദൈവത്തിൻ്റെ മുന്നിലെന്ന പോലെ.

ഓരോരുത്തരേയും അവരവരാക്കുന്നതിൽ ഗുരുനാഥൻമാർക്കുള്ള പങ്ക് അനൽപമാണ്. ഓരോ മനുഷ്യൻ്റെ വിജയത്തിളക്കത്തിന് പിന്നിലും ഒരദ്ധ്യാപകൻ്റെ ദൃശ്യമോ അദൃശ്യമോ ആയ സാന്നിദ്ധ്യമുണ്ടാകും, തീർച്ച. ഗുരുത്വം കൊണ്ട് അനുഗ്രഹിക്കപ്പെട്ടതു കൊണ്ടാകാം, ഡിഗ്രിയും പിജിയും പൂർത്തിയാക്കിയ അതേ കോളേജിൽ, വിദ്യാർത്ഥി യൂണിയൻ്റെ ചെയർമാനായ അതേ ക്യാമ്പസിൽ, ഇരുപത്തിയേഴാം വയസ്സിൽ ഒരദ്ധ്യാപകനായി എത്താനുള്ള സൗഭാഗ്യം എനിക്കുണ്ടായത്. ജീവിതത്തിൽ ഞാൻ ഏറ്റവുമധികം സന്തോഷിച്ച നിമിഷമായിരുന്നു അത്. വിദ്യാർത്ഥിയിൽ നിന്ന് അദ്ധ്യാപകനിലേക്കുള്ള വേഷപ്പകർച്ചയുടെ സന്തോഷം അനുഭവിച്ചറിയുക തന്നെ വേണം. അദ്ധ്യാപകരുടെ ഇഷ്ടം പിടിച്ചുപറ്റിയ വിദ്യാർത്ഥിയാകാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എൻ്റെ വിശ്വാസം. എന്നാൽ അദ്ധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികളുടെ ഇഷ്ട അദ്ധ്യാപകനാകാൻ കഴിഞ്ഞോ എന്നത് ഒരു സന്ദേഹമായി ബാക്കിനിൽക്കുന്നുണ്ട്? എൻ്റെ കഴിവിൻ്റെ പരമാവധി വിദ്യാർത്ഥികളുടെ നൻമക്കായി യത്നിച്ചിട്ടുണ്ട്. അവരെ പിന്തുണച്ചിട്ടുണ്ട്. പ്രോൽസാഹിപ്പിച്ചിട്ടുണ്ട്. മോശമല്ലാത്ത രീതിയിൽ പഠിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവരുടെ ചെറിയ ചെറിയ അച്ചടക്ക രാഹിത്യങ്ങൾ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്. അറിവില്ലായ്മയിൽ നിന്നുണ്ടായ തെറ്റുകൾ പൊറുത്തു കൊടുത്തിട്ടുണ്ട്. അതെല്ലാം അവർ മനസ്സിലാക്കിയോ എന്നെനിക്കറിയില്ല. അതു പറയേണ്ടത് എൻ്റെ വിദ്യാർത്ഥികളാണ്. ഊണിനെക്കുറിച്ച് പറയാനുള്ള അവകാശം ഉണ്ണാമൻമാർക്കുള്ളതാണല്ലോ?

ഈ അദ്ധ്യാപക ദിനത്തിൽ എല്ലാ ഗുരുവര്യൻമാരുടെയും സന്മനസ്സിനുമുന്നിൽ ബഹുമാനാദരങ്ങളോടെ ശിരസ്സ് നമിക്കുന്നു. മാതാ പിതാ ഗുരു ദൈവം......


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top