01 December Friday

പെട്രോൾ ഡീസൽ വില കൂട്ടുമ്പോൾ, ജനങ്ങളുടെ അവകാശം ഹനിക്കപ്പെടുമ്പോൾ എന്തേ കോടതിക്ക് അരിശം വരാത്തത്.... ടി നരേന്ദ്രൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 29, 2022

ടി നരേന്ദ്രൻ

ടി നരേന്ദ്രൻ

സമരം പാടില്ല, ജാഥപാടില്ല,  മുദ്രാവാക്യം പാടില്ല എന്ന് വികാരവായ്പോടെ ഘോഷിക്കുന്നവർ എന്തുകൊണ്ടാണ് വിലക്കയറ്റം പാടില്ല, പട്ടിണി അരുത്,  നാടിന്റെ സമ്പത്ത് വിറ്റു തുലക്കരുത് എന്ന് അതേ രോഷത്തോടെ ഗർജ്ജിക്കാത്തത് ? പെട്രോൾ, ഡീസൽ വില ദിവസേന  കൂട്ടുമ്പോൾ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശമല്ലേ ഹനിക്കപ്പെടുന്നത്? എന്തേ കോടതിക്ക് അരിശം വരാത്തത്?- ടി നരേന്ദ്രൻ എഴുതുന്നു


ഉണരണം തിരിച്ചറിയണം

2022 മാർച്ച് 28,29 ന്റെ പൊതു പണിമുടക്കിനാസ്പദമായ വിവരങ്ങളും വിവരണങ്ങളും ചർച്ചചെയ്യപ്പെടുന്നതോടെ കോർപ്പറേറ്റുകളും കേന്ദ്ര സർക്കാരും  പ്രതിപട്ടികയിലേക്ക്...... അപ്പോഴാണ് അവരുടെ രക്ഷയ്‌ക്കായി കോടതിയും ചാനൽ ചർച്ചകളിലെ കപട ജഡ്‌ജിമാരും ഓടിയെത്തുന്നത്. പക്ഷെ തൊഴിലാളികളും  സാധാരണ ജനങ്ങളും സ്വന്തം ജീവിതാനുഭവങ്ങളിലൂടെ തിരിച്ചറിയുന്ന ചില കാര്യങ്ങളുണ്ട്.
 
സമരം പാടില്ല, ജാഥപാടില്ല,  മുദ്രാവാക്യം പാടില്ല എന്ന് വികാരവായ്‌പോടെ ഘോഷിക്കുന്നവർ എന്തുകൊണ്ടാണ് വിലക്കയറ്റം പാടില്ല, പട്ടിണി അരുത്,  നാടിന്റെ സമ്പത്ത് വിറ്റു തുലക്കരുത് എന്ന് അതേ രോഷത്തോടെ ഗർജ്ജിക്കാത്തത് ? പെട്രോൾ, ഡീസൽ വില ദിവസേന  കൂട്ടുമ്പോൾ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശമല്ലേ ഹനിക്കപ്പെടുന്നത്? എന്തേ കോടതിക്ക് അരിശം വരാത്തത്?
 
കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ  8,75,000 ഒഴിവുകൾ ഉണ്ടെന്ന് കേന്ദ്രമന്ത്രി പാർലമെന്റിൽ! ഇവ നികത്തിയാൽഅത്രയും കുടുംബങ്ങൾക്ക് ജീവിത സുരക്ഷിതത്വം കിട്ടും. ഉടൻ നിയമനം നടത്തണമെന്ന് കോടതി കേന്ദ്രസർക്കാരിന് എന്തേ അന്ത്യശാസനം നൽകാത്തത്? നിത്യോപയോഗ സാധനങ്ങൾക്കും മരുന്നിനും വില കയറുമ്പോൾ സാധാരണ മനുഷ്യന്റെ ജീവിതം ദയനീയമാകുന്നു. മരണത്തിനു പോലും കാരണമാകുന്നു. കേന്ദ്രസർക്കാരിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ കോടതി തയ്യാറാകുമോ?

10 ലക്ഷം കോടി ആസ്‌തിയുള്ള ബിപിസിഎൽ  കമ്പനിയെ  50,000 കോടി രൂപയ്ക്ക് വിൽക്കുന്നു. എൽഐസി യുടെ 38 ലക്ഷം കോടി രൂപ പണയപ്പെടുത്തി 63,000 കോടി രൂപ കേന്ദ്രസർക്കാർ അടിച്ചു മാറ്റുന്നു. എന്തേ ഇത്തരം ദേശദ്രോഹ പ്രവൃത്തികൾ കണ്ട്  കോടതിക്ക് രോഷം വരാത്തത് ? രാജ്യത്തെ അനൗപചാരിക മേഖലയിൽ ജോലി ചെയ്യുന്ന 45 കോടി മനുഷ്യരും അവരുടെ കുടുംബവും എങ്ങനെയാണ് ഇപ്പോൾ കഴിഞ്ഞുകൂടുന്നത് എന്ന കാര്യം ബന്ധപ്പെട്ടവർ തിരക്കുന്നുണ്ടോ ? പ്ലീസ്,  ഒരു പ്രതികരണം പറയൂ, യുവർ ഓണർ !

ഒരു ഇന്ത്യൻ പൗരന്റെ വരുമാനത്തിന് 30 ശതമാനം  വരെ നികുതി കൊടുക്കണം. അത് കോർപ്പറേറ്റ് കോടീശ്വരനായാൽ 15 ശതമാനം മാത്രം!  
എന്തുകൊണ്ടാണീവിവേചനം? സ്വമേധയാ കേസെടുക്കാൻ കോടതി തയ്യാറാകണ്ടേ ? ഇന്ത്യൻ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ധനികർക്കു മേൽ ന്യായമായ നികുതി ചുമത്തുക. അത് പാവപ്പെട്ട മനുഷ്യർക്ക് വിതരണം ചെയ്യുക.
 
കേന്ദ്ര സർക്കാരിന്റെ ദ്രോഹങ്ങൾ അസഹ്യമാകുമ്പോൾ സംഭവിക്കുന്ന കരച്ചിലാണ് പണിമുടക്ക്. കരച്ചിലിന്റെ ശബ്‌ദം കേട്ട് അസഹിഷ്‌ണുത കേന്ദ്ര സർക്കാരിന്റെ മർദ്ദനമുറകൾ കാണാത്തത് എന്തുകൊണ്ടാണ് സാർ ? ഇതൊന്നും കോടതി കാണില്ല മാധ്യമങ്ങൾ പറയില്ല അവർ ചതിയൻ ചന്തുമാരായി മാറിക്കഴിഞ്ഞു.

സാധാരണ മനുഷ്യരിൽ ഭിന്നിപ്പുണ്ടാക്കി, അവരിൽ ആശയക്കുഴപ്പമുണ്ടാക്കി, യഥാർത്ഥ പ്രശ്‌ന‌വും പരിഹാരവും മറച്ചുവെച്ച്, മുതലാളിത്ത ചൂഷണം തുടരാൻ വേദി സജ്ജമാക്കുന്ന കൂട്ടിക്കൊടുപ്പ് സംഘമാണിന്ന് മാധ്യമങ്ങൾ !!

പക്ഷേ ഞങ്ങൾക്കറിയാം അനീതിയും ചൂഷണവും സ്വമേധയാ മാനസാന്തരം വന്ന് ഒഴിഞ്ഞു പോകുകയില്ല. ഒഴുക്കിനെതിരെ നീങ്ങി കൊണ്ടുമാത്രമേ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളൂ. മുലക്കരം നിർത്തലാക്കാൻ സ്വന്തം മുല ഛേദിച്ചു പ്രതിഷേധിച്ചവരുടെ നാടാണ് കേരളം. ആരുടെയും ഔദാര്യം കൊണ്ട്  ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. എല്ലാ നേട്ടങ്ങൾക്കു പുറകിലും ത്യാഗത്തിന്റെയും  വേദനയുടെയും മുറിപ്പാടുകളുണ്ട്.

ദേശീയ പണിമുടക്കിന്റെ ലക്ഷ്യം രാജ്യത്തിന്റെ രക്ഷയും ജനങ്ങളുടെ സംരക്ഷണവുമാണ്. അതിനായുള്ള അധ്വാനവർഗത്തിന്റെ ഐക്യം മഹനീയമാണ്. പൊതു പണിമുടക്കും പ്രതിഷേധവും ലക്ഷ്യം നേടാനുള്ള യാത്രയിലെ  വഴിത്തിരിവാകും, നിശ്ചയം.

ടി നരേന്ദ്രൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top