12 June Wednesday

'എത്ര കോടി കൊടുത്തിട്ടാണ് അമരീന്ദര്‍ പുരസ്‌കാരം വാങ്ങിയതെന്ന് ചെന്നിത്തല പറയട്ടെ; വെറുതെയാണോ ഹൈക്കമാന്‍ഡ് കടിഞ്ഞാണ്‍ പിടിച്ചുവാങ്ങിയത്'

വെബ് ഡെസ്‌ക്‌Updated: Thursday Jan 21, 2021

തിരുവനന്തപുരം > സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ന് മാതൃകാ സ്പീക്കര്‍ പുരസ്‌‌കാരം ലഭിച്ചത് പണം കൊടുത്തതുകൊണ്ടാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് മന്ത്രി ടി എം തോമസ് ഐസകിന്റെ മറുപടി.
ശ്രീരാമകൃഷ്‌ണന് പുരസ്‌‌കാരം നല്‍കിയ അതേ സെലക്ഷന്‍ കമ്മിറ്റി മാതൃകാ മുഖ്യമന്ത്രിക്കുള്ള പുരസ്‌‌കാരം നല്‍കി ആദരിച്ചത് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിംഗിനെയാണ്. എത്ര കോടിയുടെ കരാര്‍ കൊടുത്തിട്ടാണ് അമരീന്ദറിന് പുരസ്‌‌കാരം ലഭിച്ചതെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്ന് ഐസക് പറഞ്ഞു. കെ എസ്  ശബരിനാഥന്‍ എംഎല്‍എയെ മാതൃകാ നിയമസഭാംഗമായും ആദരിച്ചു. ശബരിനാഥ് എത്ര കോടിയാണ് കൊടുത്തതെന്നും ഐസക് ചോദിച്ചു.

തോമസ് ഐസകിന്റെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ് ചുവടെ

ഇന്ത്യയിലെ ഐഡിയല്‍ ചീഫ് മിനിസ്റ്ററായി തിരഞ്ഞെടുക്കപ്പെടാന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് എത്ര കോടിയുടെ കരാര്‍ കൊടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.  അഞ്ച് കോടിയുടെ കരാര്‍ നല്‍കിയാല്‍ ഇന്ത്യയിലെയല്ല ലോകത്തിലെ ഏറ്റവും നല്ല സ്പീക്കര്‍ക്കുള്ള അവാര്‍ഡും കിട്ടുമെന്നായിരുന്നല്ലോ കേരളത്തിന്റെ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ നേതാവിന്റെ പരിഹാസം.

പി. ശ്രീരാമകൃഷ്ണന് ഐഡിയല്‍ സ്പീക്കര്‍ പുരസ്‌കാരം നല്‍കിയ അതേ സെലക്ഷന്‍ കമ്മിറ്റി തന്നെയാണല്ലോ പഞ്ചാബ് മുഖ്യമന്ത്രിയെയും പുരസ്‌കരിച്ചത്. അതേ സംഘാടകരുടേതു തന്നെയാണ് പുരസ്‌കാരം. ഇവിടെ കിട്ടിയ പുരസ്‌കാരം അഞ്ചു കോടിയുടെ കരാറിന്റെ പ്രതിഫലമാണെങ്കില്‍, പഞ്ചാബില്‍ എത്ര കോടിയുടെ കരാര്‍ കൊടുത്തു കാണും? കെ.എസ്. ശബരിനാഥനെ അതേ വേദിയില്‍ Ideal legislator ആയി ആദരിച്ചു. ശബരിനാഥ് എത്ര കോടിയാണ് കൊടുത്തത്? Festival on Democracy യുടെ പേരില്‍ 5 കോടി MIT പൂനെയ്ക്ക് കൊടുത്തിട്ടില്ലായെന്ന് സ്പീക്കര്‍ സഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇനിയെങ്കിലും തന്റെ ആരോപണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കില്ലായെന്നു കരുതട്ടെ.

അസംബന്ധം പറയുന്നതില്‍ ഏതറ്റം വരെയും തരം താഴാന്‍ നമ്മുടെ പ്രതിപക്ഷ നേതാവിന് ഒരിക്കലും ഒരു സങ്കോചവും ഉണ്ടായിട്ടില്ല. സംസാരിക്കുന്നത് അസംബ്ലിയിലാണെന്നോ ചരിത്രമുള്ള കാലത്തോളം അതൊക്കെ സഭാ രേഖയില്‍ കിടക്കുമെന്നോ ഒന്നും അദ്ദേഹത്തിന് ഒരു നോട്ടവുമില്ല. വായില്‍ വരുന്നതെന്തും അദ്ദേഹം വിളിച്ചു കൂവും. ശ്രീരാമകൃഷ്ണനെ ഐഡിയല്‍ സ്പീക്കറായി തിരഞ്ഞെടുത്തവര്‍ ഈ പ്രസംഗം കേട്ടാല്‍ രമേശ് ചെന്നിത്തലയെ ഐഡില്‍ (idle) പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഏറ്റവും ഉദാസീനനായ പ്രതിപക്ഷ നേതാവ് എന്ന പദവിയ്ക്ക് അദ്ദേഹത്തിന് എതിരാളികളേയില്ല. 

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ, പി ശ്രീരാമകൃഷ്ണനെയും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെയുമൊക്കെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത കമ്മിറ്റിയുടെ തലവന്‍ ആരെന്ന് അറിയുമോ. സാക്ഷാല്‍ ശിവരാജ് പാട്ടീല്‍. കോണ്‍ഗ്രസിന്റെ സമുന്നത നേതാവ്. പത്താം ലോക്‌സഭയുടെ സ്പീക്കറും മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന അതേ ശിവരാജ് പാട്ടീല്‍.

ആരെങ്കിലും കാശുകൊടുത്തു തരപ്പെടുത്തുന്ന പുരസ്‌കാരത്തിന് ഊന്നുവടി കൊടുക്കാനിരിക്കുന്ന ആളാണോ രമേശ് ചെന്നിത്തലയുടെ ദേശീയ നേതാവ്? ആണെങ്കില്‍ അക്കാര്യം കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ അദ്ദേഹത്തിന് ചങ്കൂറ്റമുണ്ടോ? ഒന്നു ഗൂഗിളില്‍ പരതിയാല്‍ അമരീന്ദര്‍ സിംഗ് ഈ പുരസ്‌കാരം സ്വീകരിക്കുന്ന ചിത്രവും വാര്‍ത്തയും കാണാം. ശ്രീരാമകൃഷ്ണന്‍ അവാര്‍ഡ് സ്വീകരിച്ച അതേ ആഴ്ചയില്‍ അമരീന്ദര്‍ സിംഗിന് പുരസ്‌കാരം നല്‍കിയത് മുന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി. 

എത്ര ഉദാസീനമായിട്ടാണ് അദ്ദേഹം കാര്യങ്ങളെ കാണുന്നത് എന്നു നോക്കൂ. ഒരു കാര്യവുമില്ലാതെ ശ്രീരാമകൃഷ്ണനു നേരെ വാരിയെറിഞ്ഞ ചെളി രണ്ടു കോണ്‍ഗ്രസ് നേതാക്കളുടെ കൂടി ദേഹത്താണ് പതിച്ചത്. വെറുതേയാണോ, അവരുടെ ഹൈക്കമാന്‍ഡ് ഇദ്ദേഹത്തിന്റെ കൈയില്‍ നിന്ന് കടിഞ്ഞാണ്‍ പിടിച്ചു വാങ്ങി ഉമ്മന്‍ചാണ്ടിയെ ഏല്‍പ്പിച്ചത്. കുറച്ചു കൂടി ഭേദമാണ് ഉമ്മന്‍ചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതൃത്വം വിചാരിച്ചെങ്കില്‍ അവരെ ആരു കുറ്റം പറയും? 

 

ഇന്ത്യയിലെ ഐഡിയൽ ചീഫ് മിനിസ്റ്ററായി തിരഞ്ഞെടുക്കപ്പെടാൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് എത്ര കോടിയുടെ...

Posted by Dr.T.M Thomas Isaac on Thursday, 21 January 2021

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top