02 May Thursday
കോൺഗ്രസ്‌ പുറത്താക്കിയ ഡിസിസി ജനറൽ സെക്രട്ടറി

"നാടിനെ ദുരന്തഭൂമിയാക്കാം എന്നായിരുന്നോ കോൺഗ്രസ്‌ പാർട്ടീ നയം?; ഇതേ ശൈലിയാണ് തുടരുന്നതെങ്കിൽ കരുതിയിരിക്കുക'

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിനെ പ്രശംസിച്ച് രംഗത്തുവന്നതിന് കോൺഗ്രസ്‌ പുറത്താക്കിയ മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ടി കെ .അലവിക്കുട്ടി വീണ്ടും സംഘടനക്കെതിരെ രംഗത്ത്‌. പുറത്താക്കിയെങ്കിലും കോൺഗ്രസ്‌ പാർട്ടിയോട്‌ പരിഭവമില്ലെന്നും, നിങ്ങൾ ഇതേ ശൈലിയാണ് തുടരുന്നതെങ്കിൽ കരുതിയിരിക്കണമെന്നും അലവിക്കി പറയുന്നു. ഇതെല്ലാം കഴിഞ്ഞ്‌ നിങ്ങൾ ജനങ്ങൾക്കിടയിലേക്ക്‌ ഇറങ്ങുന്ന ഒരു ഘട്ടം വരും. അതെ നിങ്ങൾ ഭയപ്പെട്ട, വിചാരണ ചെയ്യപ്പെടുന്ന ഒരു നാൾ വരിക തന്നെചെയ്യും. അതിപ്പോൾ തിരഞ്ഞെടുപ്പാണെങ്കിൽ അങ്ങനെ. അന്ന് ജനങ്ങൾ നിങ്ങളോട്‌ ചോദ്യങ്ങളുന്നയിക്കും. എന്റെ നിലപാടായിരുന്നോ ശരി എന്ന് അവർ നിങ്ങളെ ബോദ്ധ്യപ്പെടുത്തും. അലവിക്കുട്ടി ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.

ഞാനിതെഴുതാനിരിക്കുമ്പോൾ ലോകത്താകമാനമായി മൂന്നുലക്ഷത്തി അറുപത്തിയാറായിരം മനുഷ്യർ കോവിഡ്‌ മൂലം മരണപ്പെട്ടുകഴിഞ്ഞിട്ടുണ്ട്‌. ദേശീയമാധ്യമങ്ങളിൽ കൂട്ടക്കുഴിമാടങ്ങൾ കാണുകയാണ്. മനുഷ്യന്റെ നിസ്സഹായത കാണുകയാണ്. ഉയരുന്ന വിലാപങ്ങൾ കണ്ട്‌ മനസ്സും ശരീരവും മരവിച്ചുപോകുന്നു.

ലോകം ദുരന്തഭൂമിയായി മാറുമ്പോൾ രാഷ്ട്രീയലാഭങ്ങൾക്കെന്നല്ല, മനുഷ്യന്റെ ഏതൊരു സ്വാർത്ഥമോഹങ്ങൾക്കും പ്രസക്തിയില്ലാതാകുന്നു. നമ്മൾ അന്യോന്യം സ്നേഹിച്ചും സഹകരിച്ചും സഹായിച്ചും ജീവിക്കേണ്ട കാലം. ഈ ഒരു കാലത്ത്‌ നിങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നും ഏത്‌ വികാരങ്ങൾക്കൊപ്പം നിൽക്കുന്നു എന്നും സ്വയം ബോദ്ധ്യമുണ്ടാകേണ്ടതുണ്ട്‌. തിരുത്തിയും നവീകരിച്ചും മാനുഷികമൂല്യങ്ങൾ മുറുകെപ്പിടിച്ചുമല്ലാതെ നിങ്ങൾക്കീ ദുരന്തത്തെ നേരിടാനാവില്ല.

കരളുപറിയുന്ന വേദനയിൽ ലോകം അലമുറയിടുമ്പോൾ കേരളം ആശ്വാസമാകുന്നുണ്ട്‌. അത്‌ നിലനിന്നുപോകേണ്ടത്‌ ഏതെങ്കിലുമൊരു പാർട്ടിയുടേയോ സംഘടനയുടേയോ ആവശ്യമല്ല. അതീ നാടിന്റെ ആവശ്യമാണ്. അതിനെ താറുമാറാക്കാൻ ആരുശ്രമിച്ചാലും അതിനെ തടയേണ്ടത്‌ ഈ നാടിന്റെ മുഴുവൻ കടമയാണ്. ആ കടമ മറന്നിട്ട്‌, അതെല്ലാം കണ്ടില്ലെന്ന് നടിച്ച്‌ നിശബ്ദനായിരുന്നിട്ട്‌, എല്ലാം ഒതുങ്ങിക്കഴിയുമ്പോൾ രാഷ്ട്രീയക്കാരനെന്ന ലേബലിൽ ഖദറിട്ട്‌ ഇളിച്ചുകാട്ടി ജനങ്ങൾക്കിടയിലേക്ക്‌ ഇറങ്ങാൻ എനിക്ക്‌ കഴിയില്ല. കൂട്ടക്കുഴിമാടങ്ങൾ എന്റെ നാട്ടിലും സംഭവിക്കരുതെന്ന ആഗ്രഹത്തിൽ ഞാൻ വിമർശിച്ചു, സർക്കാറിനൊപ്പമെന്ന് പറഞ്ഞു. സർക്കാർ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

പ്രതിപക്ഷപ്പാർട്ടിയിലാണെങ്കിലും നമ്മളിങ്ങനെ അന്യോന്യം ചേർന്നിരിക്കേണ്ട സന്ദർഭങ്ങൾ ഉണ്ടാകുമല്ലോ. അതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. അങ്ങനെയൊരു തീരുമാനത്തിലേക്ക്‌ പാർട്ടി എത്തിയതിൽ എനിക്ക്‌ അത്ഭുതമൊന്നുമുണ്ടായില്ല. ഈ ദിവസങ്ങളിലത്രയും സ്വബോധം നഷ്ടപ്പെട്ട രീതിയിലായിരുന്നല്ലോ പാർട്ടി പ്രവർത്തിച്ചിരുന്നത്‌. തിരഞ്ഞെടുപ്പടുക്കുന്നതിനാൽ വ്യഗ്രതപ്പെട്ട്‌ എന്തെല്ലാമോ കാട്ടിക്കൂട്ടുന്നു.

സസ്പെൻഡ്‌ ചെയ്തുകൊണ്ടുള്ള കത്തിൽ ആരോപിച്ചത് ഞാൻ പാർട്ടി നയങ്ങൾക്കെതിരായി പ്രവർത്തിച്ചു എന്നാണ്. നാടിനെ ദുരന്തഭൂമിയാക്കാം എന്നായിരുന്നോ പാർട്ടീ നയം? പ്രതിരോധപ്രവർത്തനങ്ങളെ തകിടം മറിക്കലായിരുന്നോ അത്‌? എങ്കിലാ നയത്തിനെ ഞാൻ ചോദ്യം ചെയ്തിട്ടുണ്ട്‌. അക്കാരണം കൊണ്ട്‌ നിങ്ങൾക്കെന്നെ പുറത്താക്കാം. തെറ്റില്ല.

ഞാൻ നിരന്തരം ആവശ്യപ്പെട്ടത്‌ കൊണ്ടാണ് പാർട്ടിയിൽ എടുത്ത്‌ എന്നെ ഡിസിസി ജനറൽ സെക്രട്ടറി ആക്കിയതെന്ന് പറയുന്നുണ്ട്‌. ഞാൻ ഇടതുപക്ഷ സഹയാത്രികനായിരുന്നെന്നും ഇപ്പോഴും എനിക്ക്‌ ഇടതുപക്ഷ മനസ്സാണെന്നും മറ്റുപാർട്ടിക്കാരുമായി ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും ആരോപിച്ചു. പുറത്താക്കപ്പെടുന്ന ഒരാൾക്കുമേൽ കുറ്റങ്ങൾ ചാർത്തപ്പെടേണ്ടതുണ്ടല്ലോ. എങ്കിലും ഇതൊക്കെയാണ് എന്റെ അയോഗ്യതകളെന്ന് കേൾക്കുമ്പോൾ സഹതാപമാണ് ഉണ്ടാകുന്നത്‌.

ഇടതുപക്ഷ സഹയാത്രികനായിരുന്നു എന്നത്‌ ഒരു കുറ്റമാണെങ്കിൽ ശ്രീ ഏകെ ആന്റണി, ഉമ്മഞ്ചാണ്ടി, സുധീരൻ, ആര്യാടനുമടക്കം മുരളീധരനിലെത്തി നിൽക്കുന്ന ഏതാണ്ടെല്ലാ നേതാക്കളും ആ കുറ്റം പേറുന്നവരാണ്. അതൊക്കെ ചർച്ചക്കെടുക്കുന്നത്‌ ന്യൂജെൻ കോൺഗ്രസ്സുകാരുടെ ആത്മവിശ്വാസത്തെ തകർക്കലാവും. എനിക്കിപ്പോഴും ഇടതുപക്ഷ മനസ്സാണെന്ന് പറയുന്നത്‌ ഒരു അലങ്കാരമായാണ് ഞാൻ കണുന്നത്‌. പണ്ടിറ്റ്‌ നെഹ്രുജിയും ഇങ്ങനെയൊരാരോപണം അക്കാലത്ത്‌ നേരിട്ടിരുന്നു. ആ ഔന്നിത്യത്തിലേക്ക്‌ ഒന്നുമല്ലാത്ത എന്നെയും പ്രതിഷ്ടിച്ചതിന് നന്ദി. തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ടുള്ള പാർട്ടിയുടെ പരാക്രമങ്ങൾ കാണുമ്പോൾ നെഹ്രുജിയേയും നിങ്ങൾ വൈകാതെ തള്ളിപ്പറയുമോ എന്ന് ഞാൻ ആശങ്കപ്പെടുന്നുണ്ട്‌. അഞ്ചുകൊല്ലം കഴിഞ്ഞെത്തുന്ന തിരഞ്ഞെടുപ്പായിരുന്നു നെഹ്രുജിയുടെയും ലക്ഷ്യമെങ്കിൽ ഈ ഇന്ത്യ ഇങ്ങനെയല്ല ആകേണ്ടിയിരുന്നത്‌. ദീർഘവീക്ഷണത്തോടെയും വരുന്ന തലമുറയേയും മുന്നിൽ കണ്ടാണ് നെഹ്രുജി നാട് ഭരിച്ചത്‌. ആ പാരമ്പര്യം കോൺഗ്രസ്സിന് അന്യമാകുമ്പോൾ ആത്മാഭിമാനമുള്ള ഒരു കോൺഗ്രസ്സുകാരനും അത്‌ സഹിക്കില്ല. വിമർശിക്കും... കഴിയാവുന്നത്ര ഉച്ചത്തിൽ വിമർശിക്കും.

നാലുപതിറ്റാണ്ടിലേറെ നീളുന്ന എന്റെ പൊതുപ്രവർത്തനത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളിലും സുഹൃത്തുക്കളെ ഉണ്ടാക്കിയിട്ടുണ്ട്‌. ആശയങ്ങളുമായി മല്ലിടുമ്പോഴും വ്യക്തിവിരോധം കാണിച്ചിട്ടില്ല. മാന്യമായിത്തന്നെയാണ് ഇടപെടാറുള്ളത്‌. മനുഷ്യർ അങ്ങനെയാവണം എന്നാണ് എന്റെ വിചാരം. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ പരസ്പരം പോരടിച്ച യൂറോപ്പുകാർ ഇന്ന് അതിർത്തികൾ പോലുമില്ലാതെ ഒരു ജനതയായി മാറിയിരിക്കുന്നു. അങ്ങനെയൊരു കാലത്താണ് കോൺഗ്രസ്സ്‌ പോലെ മഹിതമായ പാരമ്പര്യമുള്ളൊരു പാർട്ടി അതിന്റെ പ്രവർത്തകനെ പുറത്താക്കികൊണ്ട്‌ ഇറക്കിയ കത്തിൽ പരാമർശിക്കുന്നത്‌, ഇയാൾ മറ്റു പാർട്ടിക്കാരുമായി ബന്ധം സൂക്ഷിച്ചിരുന്നു എന്ന്.

എനിക്ക്‌ പാർട്ടിയോട്‌ പരിഭവമൊന്നുമില്ല. നിങ്ങൾ ഇതേ ശൈലിയാണ് തുടരുന്നതെങ്കിൽ കരുതിയിരിക്കുക. ഇതെല്ലാം കഴിഞ്ഞ്‌ നിങ്ങൾ ജനങ്ങൾക്കിടയിലേക്ക്‌ ഇറങ്ങുന്ന ഒരു ഘട്ടം വരും. അതെ നിങ്ങൾ ഭയപ്പെട്ട, വിചാരണ ചെയ്യപ്പെടുന്ന ഒരു നാൾ വരിക തന്നെചെയ്യും. അതിപ്പോൾ തിരഞ്ഞെടുപ്പാണെങ്കിൽ അങ്ങനെ. അന്ന് ജനങ്ങൾ നിങ്ങളോട്‌ ചോദ്യങ്ങളുന്നയിക്കും. എന്റെ നിലപാടായിരുന്നോ ശരി എന്ന് അവർ നിങ്ങളെ ബോദ്ധ്യപ്പെടുത്തും.

എന്റെ പുറത്താക്കലിൽ സന്തോഷിക്കുന്നവരുണ്ട്‌‌. സഹതപിക്കുന്നവരും വേദനിക്കുന്നവരുമുണ്ട്‌. പിന്തുണയറിച്ച്‌ മെസേജയച്ചവരും വിളിച്ചവരുമൊക്കെയുണ്ട്‌. അവരോടൊക്കെ ഞാനെന്റെ സ്നേഹം പങ്കിടുന്നു. ഒരു പരിചയവുമില്ലാത്തവർ പോലും ഒപ്പമുണ്ടെന്ന് പറയുമ്പോൾ അത്‌ എന്റെ മേന്മ കൊണ്ടല്ലെന്നും ഞാനുയർത്തിയ നിലപാടിനോടുള്ള ചേർന്നുനിൽക്കലാണെന്നും എനിക്ക്‌ തിരിച്ചറിവുണ്ട്‌. ആ വിശ്വാസം ഞാൻ നിലനിർത്തുകതന്നെ ചെയ്യും. പുറത്താക്കപ്പെട്ടല്ലോ, ഇനിയെന്ത്‌ എന്ന ചോദ്യങ്ങൾക്ക്‌ എന്നും ജനങ്ങൾക്കിടയിലായിരുന്നു, ഇനിയും അങ്ങനെതന്നെയായിരിക്കുമെന്നാണ് ഉത്തരം. ആശങ്കകളില്ല.

സ്നേഹത്തോടെ നിർത്തട്ടെ..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top