20 April Saturday

തെരഞ്ഞെടുപ്പ്‌ സമയത്തെ മാധ്യമങ്ങളുടെ സ്ഥലവിനിയോഗം; വേർതിരിവും പക്ഷപാതവും വ്യക്തം

വെബ് ഡെസ്‌ക്‌Updated: Monday Mar 29, 2021

ടി സി രാജേഷ്‌ സിന്ധുവിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

തെരഞ്ഞെടുപ്പു സമയത്തെ മാധ്യമങ്ങളുടെ സ്ഥലവിനിയോഗം ഒരു ഗവേഷണ വിഷയമാകേണ്ടതാണ്. പ്രധാനപ്പെട്ട സ്ഥാനാർഥികളോടും മുന്നണികളോടും പാർട്ടികളോടും കാണിക്കേണ്ട തുല്യപരിഗണനയെന്നത് കാറ്റിൽപറത്തി ചിലർക്കുവേണ്ടിയുള്ള പരസ്യമായ പ്രചാരണതന്ത്രങ്ങളിലാണ് പ്രമുഖ പത്രങ്ങളെല്ലാം ഏർപ്പെട്ടിരിക്കുന്നത്. ഇത് മാധ്യമധാർമികതയ്‌ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാന്യതയ്‌ക്കും നിരക്കുന്നതല്ല.

ഇന്നത്തെ മാതൃഭൂമി പരിശോധിക്കാം. രണ്ടും മൂന്നും പേജുകളിൽ പ്രാദേശികമായി തെരഞ്ഞെടുപ്പു കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഒന്നാം പേജും സെൻട്രൽ സ്‌പ്രെഡും അടക്കം മൂന്നു പേജുകളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകളാണ് കൂടുതലുമുള്ളത്. ഒന്നാം പേജിൽ യുഡിഎഫിന് അനുകൂലമായ ഫോട്ടോയ്ക്കുവേണ്ടി 80 സെന്റീമീറ്റർ സ്ഥലം മാറ്റിവച്ചപ്പോൾ ബിജെപിക്ക് നൽകിയിരിക്കുന്നത് 120 സെന്റീമീറ്ററാണ്. ഇടതുമുന്നണിയുമായി ബന്ധപ്പെട്ട ഒറ്റ വാർത്തയോ പടമോ ഇല്ല. അതേസമയം ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടു വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനായി 120 സെന്റീമീറ്റർ സ്ഥലവും വിനിയോഗിച്ചിരിക്കുന്നു.

സെൻട്രൽ സ്‌പ്രെഡിലേക്കു വന്നാൽ മൂന്നു പ്രമുഖ നേതാക്കളുടെ പടവും പ്രസ്താവനയുമായി 200 സെന്റീമീറ്റർ സ്ഥലം കോൺഗ്രസിനും ദേശീയ നേതാവിന്റെ പടവും പ്രസ്താവനയുമായി 100 സെന്റീമീറ്റർ ബിജെപിക്കും ഏറ്റവും മുകളിൽ തന്നെ നൽകിയിട്ടുണ്ട്. ബിജെപിയുടെ പ്രചാരണവാർത്തയ്ക്കും പടത്തിനുമായി വേറൊരു 350 സെന്റീമീറ്ററും കോൺഗ്രസിനായി വേറൊരു 200 സെന്റീമീറ്ററും നൽകിയിരിക്കുന്നു. നേതാവിനൊപ്പം പരമ്പരയിൽ കുഞ്ഞാലിക്കുട്ടിക്കായി ഇവിടെ കൊടുത്തിരിക്കുന്നത് 500 സെന്റീമീറ്ററാണ്.

9, 11 പേജുകളിലായി മറ്റു വാർത്തകൾക്കിടയിൽ രണ്ടു ബിജെപി വാർത്തകൾക്കായി 400 സെന്റീമീറ്റർ സ്ഥലവും ഒരു കോൺഗ്രസ് വാർത്തയ്ക്കായി 50 സെന്റീമീറ്റർ സ്ഥലവും ചെലവാക്കിയിട്ടുണ്ട്. ഇതുകൂടാതെ ഒൻപതാംപേജിൽ സ്വപ്‌നമൊഴിക്കായി മറ്റൊരു 400 സെന്റീമീറ്റർ. 13-ാം പേജിൽ ഇടതുവിരുദ്ധ വാർത്തയ്ക്ക് 80 സെന്റീമീറ്റർ വേറെ.

ഇനി തിരുവനന്തപുരത്തെ പ്രാദേശിക പേജുകൾ നോക്കാം. പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർഥി പര്യടനവാർത്തകൾ മൂന്നു കൂട്ടരുടേയും ഏറിയും കുറഞ്ഞുമായി പ്രത്യേകം നൽകി ബാലൻസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതേസമയം ആ പ്രത്യേക ബോക്സിനു താഴെ കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുടെ ഇടതുവിരുദ്ധ പ്രസ്താവനയ്ക്കായി 60 സെന്റീമീറ്ററും ബിജെപി സ്ഥാനാർഥിക്കായി 50 സെന്റീമീറ്ററും സ്ഥലം മാറ്റിവച്ചപ്പോൾ ഇടതുസ്ഥാനാർഥിയ്ക്ക് ഒരിഞ്ചു സ്ഥലംപോലും നൽകിയിട്ടില്ല.

മൂന്നാം പേജിൽ ബിജെപിയുടെ വാർത്തയ്ക്കും ഫോട്ടോയ്ക്കുംവേണ്ടി 250 സെന്റീമീറ്റർ സ്ഥലം നൽകിയപ്പോൾ ഇടതുമുന്നണിക്കായി 150 സെന്റീമീറ്റർ സ്ഥലം നൽകിയിട്ടുണ്ട്. ഇന്നത്തെ മാതൃഭൂമിയിലെ ഏക ഇടതനുകൂല വാർത്തയും സീതാറാം യെച്ചൂരിയുടെ ഈ പ്രസംഗമാണ്. കോൺഗ്രസിന്റെ നേതാവും കേരളത്തിലെ എംപിയും മാത്രമായ രാഹുൽ ഗാന്ധിയുടെ പടവും ബിജെപി നേതാക്കളായ രണ്ട് കേന്ദ്രമന്ത്രിമാരുടെ പടവും ഒന്നാം പേജിലും ബിജെപിയുടെ മറ്റൊരു കേന്ദ്രമന്ത്രിയുടെ പടം സെൻട്രൽ സ്‌പ്രെഡിൽ വീശിയടിച്ചും കൊടുത്ത മാതൃഭൂമി സിപിഎം ദേശീയ നേതാവിന്റെ പടവും വാർത്തയും പ്രാദേശിക പേജിലൊതുക്കി മാതൃക കാണിച്ചുവെന്നതാണ് വാസ്‌ത‌വം.

മാതൃഭൂമിയിലെ ആകെത്തുക ഇതാണ്-

യുഡിഎഫിന് അനുകൂലമായി നൽകിയിരിക്കുന്ന സ്ഥലം- 1000 സെന്റീമീറ്റർ ബിജെപിക്ക് അനുകൂലം-  1300 സെന്റീമീറ്റർഇടതുപക്ഷത്തിന് അനുകൂലം- 150 സെന്റീമീറ്റർ
ഇടതുവിരുദ്ധം- 880 സെന്റീമീറ്റർ.

ഇനി മനോരമയിലേക്കു വരാം

ഒന്നാംപേജിന്റെ മുകൾ ഭാഗത്തെ ആകെയുള്ള 800 സെന്റീമീറ്ററിൽ രണ്ടു വാർത്തകളിലൂടെ 550 സെന്റീമീറ്ററിലേറെ സ്ഥലമാണ് ഇടതുവിരുദ്ധ വാർത്തകൾക്കായി നൽകിയിട്ടുള്ളത്- സ്വപ്‌നയുടെ മൊഴിയും ശബരിമലയും. രണ്ടാം പേജിൽ ബാലൻസിംഗിനപ്പുറം രമേശ് ചെന്നിത്തലയുടെ ഇടതുവിരുദ്ധ പ്രസ്താവനയ്ക്ക് 160 സെന്റീമീറ്റർ പ്രത്യേകം.

മൂന്നാം പേജിലെ രാഷ്ട്രീയവാർത്തകളുടെ 300 സെന്റീമീറ്റർ വരുന്ന പ്രത്യേക ബോക്‌സിൽ മൂന്നിലൊന്നു സ്ഥലം വീതം മൂന്നു കൂട്ടർക്കും നൽകിയിട്ടുണ്ട്. പക്ഷേ, ഏറ്റവും ശ്രദ്ധകിട്ടുന്ന അഞ്ചുകോളം ഡിസ്‌പ്ലേ ബിജെപിയുടെ മുഖ്യമന്ത്രി വിരുദ്ധ വാർത്തയ്ക്കാണ്. പിണറായിയുടെ കോൺഗ്രസ് വിരുദ്ധ പ്രസ്താവന തൊട്ടുതാഴെ കൊടുത്തിട്ടുണ്ടെങ്കിലും അതിനടുത്തുതന്നെ മറുപടിയുമായി മുല്ലപ്പള്ളിയും രമേശുമുണ്ട്- സംഗതി ബാലന്‍സ്ഡ്. ബോക്‌സിനു പുറത്ത് ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന 80 സെ.മി, കൊല്ലം രൂപതയുടെ മുഖ്യമന്ത്രി വിരുദ്ധ പ്രസ്താവന 100 സെ.മീ.

അഞ്ചാം പേജിൽ ഏകദേശം ബാലൻസിംഗിലാണ് കാര്യങ്ങൾ. അതേസമയം ഏഴാം പേജിൽ സ്വപ്‌നയുടെ മൊഴിത്തുടർച്ചയ്ക്ക് 400 സെന്റീമീറ്റർ. സെക്രട്ടേറിയറ്റിലെ സുരക്ഷാവീഴ്ചയെന്ന സർക്കാർ വിരുദ്ധ ഐറ്റത്തിന് 300 സെ.മീ. ആഴക്കടൽ മീൻപിടുത്തത്തിന് 100 സെ.മീ, അരിവിതരണത്തിലെ സർക്കാർ വിരുദ്ധതയ്ക്ക് വേറൊരു 300 സെ.മീ.

സെൻട്രൽ സ്‌പ്രെഡിൽ ഏറ്റവും മുകളിലെ ഡയലോഗത്തിൽ ഇടതുപക്ഷത്തെ മൂന്നു പേരുടെ പ്രസ്താവനാഭാഗങ്ങൾ കൊടുത്തിട്ടുണ്ട്. കോൺഗ്രസിനും ബിജെപിക്കും ഓരോന്നേയുള്ളു. എന്നാൽ അതിനു താഴെയുള്ള സ്‌റ്റോറികളിലേക്കു വന്നാൽ 120 സെന്റീമീറ്ററിൽ രാഹുലിന്റെ പടം, വേറൊരു 150 സെ.മീയിൽ കെ.സി. വേണുഗോപാൽ, 80 സെ.മീയിൽ രാജ്‌നാഥ് സിംഗ്. ഇതിൽ രണ്ടും ഇടതുവിരുദ്ധ വാർത്തകളാണെന്നിരിക്കെ ഒറ്റ ഇടതുപക്ഷ വാർത്തകൾ പോലുമില്ല. 14-ാം പേജിൽ എ.കെ. ആന്റണിക്കായി 120 സെന്റീമീറ്ററും സ്മൃതി ഇറാനിയുടെ ഇടതുവിരുദ്ധ പ്രസ്‌താവനയ്‌ക്കായി 60 സെ.മീയും മാറ്റിവച്ചിട്ടുണ്ട്.

അഞ്ചാം പേജിൽ സീതാറാം യെച്ചൂരിക്കായി മാറ്റിവച്ച 160 സെന്റീമീറ്റർ മാത്രമാണ് മനോരമയിലെ ഏക ഇടതനുകൂല വാർത്ത. പി.ആർ ഏജൻസികൾ വാർത്തകളുടെ മൂല്യം നിർണയിക്കുന്ന പതിവുണ്ട്. ഓരോ പത്രവും പരസ്യത്തിന് ഓരോ പേജിലും ഈടാക്കുന്ന തുകയുടെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുക. ചാനലുകളിലാണെങ്കിൽ ദൈർഘ്യവും സംപ്രേഷണ സമയവുമാണ് മാനദണ്ഡം. പരസ്യമൂല്യത്തിന്റെ അഞ്ചിരട്ടിയാണ് വാർത്തയുടെ മൂല്യം. ഇങ്ങനെ നോക്കിയാൽ ഓരോ മുന്നണിക്കുമായി എത്ര വാർത്താമൂല്യമാണ് മാധ്യമങ്ങൾ ചെലവാക്കുന്നതെന്നു കണ്ടെത്തുമ്പോഴാണ് ഇക്കാര്യത്തിലെ വേർതിരിവും പക്ഷപാതവും വ്യക്തമാകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top