27 April Saturday

'സുജിത്തിന്റെ സൂര്യകാന്തി പാടം ഒരു ഇന്നവേഷനാണ്' - തോമസ് ഐസക്ക് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 7, 2021

'എഴുപത്തയ്യായിരത്തോളം ആളുകള്‍ സുജിത്തിന്റെ സൂര്യകാന്തി പാടം സന്ദര്‍ശിച്ചു കാണുമെന്നാണ് കരുതുന്നത്. 10 രൂപ ഫീസ് വച്ചിരുന്നുവെങ്കിലും അത് പിരിക്കുന്നത് അസാധ്യമാക്കിക്കൊണ്ടുള്ള ജനപ്രവാഹമായിരുന്നു. പാടത്തിനു സമീപത്തെ തെങ്ങുകള്‍ ചേര്‍ത്ത് കയര്‍കെട്ടി ഉണ്ടാക്കിയ അതിരുകള്‍ക്കു ഫലമൊന്നും ഉണ്ടായില്ല. പലപ്പോഴും പാടത്തേയ്ക്കുള്ള വഴികള്‍ നീണ്ട സമയം ട്രാഫിക് ബ്ലോക്കിലായി. നല്ലൊരു ശതമാനം വിഷു വെള്ളരിക്ക ചവിട്ടി മെതിച്ചുപോയി. വിഷു ആയില്ലെങ്കിലും അതിന്റെയും വിളവെടുപ്പു നടത്തി'; തോമസ് ഐസക്ക് എഴുതുന്നു

ഫേസ്‌ബുക്ക് പോസ്റ്റ്

സുജിത്തിന്റെ പാടത്തെ സൂര്യകാന്തി കാഴ്ച പൂര്‍ണ്ണമായും അവസാനിച്ചു. പൂവിന്റെ ഇതളുകള്‍ കൊഴിഞ്ഞു, വിത്തുകള്‍ കറുത്തു തുടങ്ങി. ഇനി അവ പറിക്കണം, എണ്ണയാട്ടണം.

എഴുപത്തയ്യായിരത്തോളം ആളുകള്‍ പാടം സന്ദര്‍ശിച്ചു കാണുമെന്നാണ് കരുതുന്നത്. 10 രൂപ ഫീസ് വച്ചിരുന്നുവെങ്കിലും അത് പിരിക്കുന്നത് അസാധ്യമാക്കിക്കൊണ്ടുള്ള ജനപ്രവാഹമായിരുന്നു. പാടത്തിനു സമീപത്തെ തെങ്ങുകള്‍ ചേര്‍ത്ത് കയര്‍കെട്ടി ഉണ്ടാക്കിയ അതിരുകള്‍ക്കു ഫലമൊന്നും ഉണ്ടായില്ല. പലപ്പോഴും പാടത്തേയ്ക്കുള്ള വഴികള്‍ നീണ്ട സമയം ട്രാഫിക് ബ്ലോക്കിലായി. നല്ലൊരു ശതമാനം വിഷു വെള്ളരിക്ക ചവിട്ടി മെതിച്ചുപോയി. വിഷു ആയില്ലെങ്കിലും അതിന്റെയും വിളവെടുപ്പു നടത്തി.



സുജിത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് ഗ്രാജ്യുവേറ്റാണ്. ഭാഗ്യരാജുമായി ചേര്‍ന്ന് തങ്ങളുടെ മാതൃവിദ്യാലയമായ സെന്റ് മൈക്കിള്‍സ് കോളേജിന്റെ അഞ്ച് ഏക്കര്‍ തരിശു ഭൂമിയില്‍ വിജയകരമായി പച്ചക്കറി കൃഷി ആരംഭിച്ചതോടെയാണ് പ്രസിദ്ധരായത്. മാരാരിക്കുളത്തെ കര്‍ഷക സംരംഭകരെക്കുറിച്ചു മാത്രം ഒരു സമാഹാരം പുറത്തിറക്കുന്നതിനു സ്‌കോപ്പുണ്ട്. വിത്ത് വിപണിയില്‍ കേന്ദ്രീകരിക്കുന്ന ശുഭകേശന്‍, പലവിധ വിപണന രീതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭാഗ്യരാജും, ഫിലിപ്പ് ചാക്കോയും പോലുള്ളവര്‍, വിവിധതലങ്ങളിലെ സംയോജിത കൃഷിക്കാര്‍ എന്നിങ്ങനെ നീണ്ട നിരയുണ്ട്.

ആലപ്പുഴ കടപ്പുറത്തു നടന്ന യൂത്ത് സമിറ്റില്‍ നൂതനവിദ്യ അഥവാ ഇന്നവേഷനെ വിശദീകരിക്കാന്‍ ഞാന്‍ ഇവരെയാണ് ഉദാഹരിച്ചത്.

സുജിത്തിന്റെ സൂര്യകാന്തി പാടം ഒരു ഇന്നവേഷനാണ്. എണ്ണയാട്ടി വരുമാനം ഉണ്ടാക്കാനായിരുന്നില്ല മുഖ്യ ഉദ്ദേശ്യം. കാഴ്ച കാണാന്‍ വരുന്നവരില്‍ നിന്നുള്ള ഫീസായിരുന്നു. ഒരു പക്ഷെ സുജിത്ത് കോട്ടയത്തെ മലരിക്കല്‍ ആമ്പല്‍ പാടത്തെ ഓര്‍ത്തു കാണണം. എത്ര ചോര്‍ച്ചയുണ്ടായാലും സുജിത്തിന്റെ മുഖ്യവരുമാനം സന്ദര്‍ശക ഫീസ് തന്നെയായിരിക്കും. ഇതുകണ്ട് മറ്റു പലരും ഇനി കാഴ്ചപ്പാടങ്ങള്‍ ഉണ്ടാക്കും. ഇതാണ് ഇന്നവേഷന്റെ ഡിഫ്യൂഷന്‍. അതോടെ കാഴ്ചയില്‍ നിന്നുള്ള അധികവരുമാനം കുറഞ്ഞു കുറഞ്ഞ് ഏതാണ്ട് ഇല്ലാതാകും. സുജിത്തിന്റെ ഇന്നവേഷന്റെ സാധ്യത അടഞ്ഞു. ഇനി അധിക വരുമാനം ഉണ്ടാകണമെങ്കില്‍ പുതിയൊരു ഇന്നവേഷന്‍ കണ്ടുപിടിക്കണം. ഇങ്ങനെയാണ് ഇന്നവേഷനുകള്‍ സമ്പദ്ഘടനയെ മുന്നോട്ടുതള്ളി നയിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top