25 April Thursday

മാരാമണ്‍ കണ്‍വന്‍ഷനില്‍ സ്ത്രീകളെ വിലക്കുന്നത് മനുഷ്യാവകാശലംഘനവും ലിംഗവിവേചനവും: സുജ സൂസന്‍ ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Monday Feb 13, 2017

കൊച്ചി> മാരാമണ്‍ കണ്‍വന്‍ഷനില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിയ്ക്കുന്നതിനെതിരെ മലയാളം മിഷന്‍ ചെയര്‍ പെഴ്‌സണ്‍ സുജ സൂസന്‍ ജോര്‍ജ്. ഇത്തരം വിലക്കുകള്‍ മതത്തെ കൂടുതല്‍ പുരുഷകേന്ദ്രീകൃതവും സ്ത്രീവിരുദ്ധവുമാക്കുമെന്നും  ഇഷ്ടമുള്ള സ്ഥലത്ത് ഇച്ഛയുള്ളപ്പോള്‍ പോകാനുള്ള അവകാശത്തെ തടയുക വഴി നടക്കുന്നത് മനുഷ്യാവകാശലംഘനവും ലിംഗവിവേചനവുമാണെന്നും സുജ ഫേസ്‌ബുക്കില്‍ എഴുതുന്നു.

പൂര്‍ണരൂപം താഴെ:

പത്തനംതിട്ട ജില്ലക്കാരിയാണ് ഞാന്‍. ഇതുവരെ മാരാമണ്‍ കണ്‍വന്‍ഷന് പോയിട്ടില്ല.എങ്കിലും ശൈശവത്തില്‍ തുടങ്ങി കേള്‍ക്കുന്നതാണ് അതിന്റെ പെരുമ. ഞങ്ങളുടെ നാട്ടില്‍ പറയുന്നത് മണക്ക് പോകുക എന്നാണ്. ഒരു മതസംബന്ധിയായ ഇടപാടെന്ന നിലയിലല്ല ആ നാട്ടുകാര്‍ മാരാമണ്‍കണ്‍വന്‍ഷനെ കണ്ടിട്ടുണ്ടായിരുന്നത്.വലിയൊരു കാര്‍ണിവല്‍ കൂടിയായിരുന്നു അത്.വീടുകളില്‍ സ്ത്രീകള്‍ രണ്ടു കുടുക്കകള്‍ സൂക്ഷിക്കും. ഒന്ന് ഓമല്ലൂര്‍ വയല്‍വാണിഭത്തിനു പോകാനും മറ്റേത് മണക്ക് പോകാനും..ചട്ടിയും കലവും തുടങ്ങി തടി ഉരുപ്പടികള്‍ ,വസ്ത്രങ്ങള്‍,സ്വര്‍ണ്ണം ,വെള്ളി വരെയും നടീല്‍ സാധനങ്ങള്‍,കാര്‍ഷിക ഉപകരണങ്ങള്‍,കൊട്ട,വട്ടി,പനമ്പ്....അവിടെ കിട്ടാത്തതൊന്നുമില്ല. പെണ്ണുങ്ങള്‍ മണക്ക് പോയി വരുമ്പോഴേക്ക് നന്നായി ഇരുട്ടാറുമുണ്ടായിരുന്നു.

കണ്‍വന്‍ഷന്‍ പന്തലില്‍ പ്രസംഗങ്ങള്‍ മാത്രമല്ല നടക്കുന്നത്, കല്യാണാലോചനയും പെണ്ണുകാണലും പറഞ്ഞുറപ്പിക്കലും നടക്കുമായിരുന്നു.

ഇപ്പോള്‍ പുതിയ തിട്ടൂരങ്ങള്‍ അല്ലെങ്കില്‍ പഴകിയ കീഴ്‌വഴക്കങ്ങള്‍ ഉറപ്പിക്കല്‍, സ്ത്രീകള്‍ 6 മണിക്ക് ശേഷമുള്ള ആരാധനകളില്‍ പങ്കെടുക്കാന്‍ പാടില്ലത്രെ. ഇത്തരം വിലക്കുകള്‍ മതത്തെ കൂടുതല്‍ പുരുഷകേന്ദ്രീകൃതവും സ്ത്രീവിരുദ്ധവുമാക്കും. ഇഷ്ടമുള്ള സ്ഥലത്ത് ഇച്ഛയുള്ളപ്പോള്‍ പോകാനുള്ള അവകാശത്തെ തടയുക വഴി നടക്കുന്നത് മനുഷ്യാവകാശലംഘനവും ലിംഗവിവേചനവുമാണ്.

മര്‍ത്തോമ്മാസഭ പൊതുവെ പരിഷ്ക്കരണവാദികളാണ്.വിമോചനദൈവശാസ്ത്രം പോലുള്ള മുന്നേറ്റങ്ങള്‍ ഇവിടെ നിന്നാണ് ഉണ്ടായിട്ടുള്ളതും. അതില്‍ നിന്നുള്ള പിന്നോക്കം പോകല്‍ ഇത്തരം സ്ത്രീവിരുദ്ധ കാര്‍ക്കശ്യങ്ങളിലെത്തിയിരിക്കുന്നു.

രാപകലെന്യെ സ്ത്രീകളാല്‍ അനുഗതനായിരുന്ന യേശുവിന്റെ പേരിലാണല്ലോ ഈ കണ്‍വന്‍ഷന്‍ എന്നെങ്കിലും ശ്രേഷ്ഠപുരോഹിതര്‍ മറക്കരുത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top