20 April Saturday

"സുഗതകുമാരിടീച്ചര്‍, കേരളത്തെ കുറിച്ച് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്.. നിങ്ങള്‍ക്കില്ലെങ്കിലും ...ഇപ്പോള്‍ സംസാരിക്കേണ്ടത് ഗൌരിയെ കുറിച്ചാണ്"

വെബ് ഡെസ്‌ക്‌Updated: Friday Sep 8, 2017

 ഗൌരി ലങ്കേഷിന്റെ കൊലപാതകത്തെ കുറിച്ചുള്ള പ്രതികരണത്തില്‍ കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സുഗതകുമാരി ടീച്ചറുടെ നിലപാടിന് ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. സ്റ്റാലിനും ഹിറ്റ്ലറും ഒരുപോലെയെന്നും  സ്ഥാപിക്കാനും കേരളത്തിന്റെ ഭാവിയില്‍ പ്രതീക്ഷയില്ലെന്നും പറയുന്ന സുഗതകുമാരി നിഷ്പക്ഷമെന്നനിലയില്‍ സ്വന്തം പക്ഷമൊളിപ്പിക്കുകയാണെന്നും പ്രമുഖര്‍ പ്രതികരിച്ചു.

കേടുബാധിച്ച പാവം മനസിനെ സുഗതകുമാരി ടീച്ചര്‍ എന്തുചെയ്യും

പി എസ് ശ്രീകല

പി എസ് ശ്രീകല

പി എസ് ശ്രീകല

സുഗതകുമാരിടീച്ചര്‍ ഔദ്യോഗികമായി അധ്യാപികയല്ല. എങ്കിലും അവരെ പൊതുവില്‍ ടീച്ചര്‍ എന്ന് സംബോധന  ചെയ്തുവരുന്നു. ടീച്ചര്‍ എന്ന വിശേഷണവും സംബോധനയും അധ്യാപനം ഔപചാരികമായി നിര്‍വ്വഹിക്കുന്നവരെ മാത്രം ഉദ്ദേശിച്ചല്ല തന്നെ. അധ്യാപനം ഒരു തൊഴില്‍ മാത്രമായി കാണുന്നവരും ഒരു വരുമാനമാര്‍ഗം മാത്രമായി കാണുന്നവരും ടീച്ചര്‍ എന്ന വിശേഷണത്തിന് അര്‍ഹരുമല്ല. അതേ സമയം ഔപചാരികമായി അധ്യാപനം നിര്‍വ്വഹിക്കാതെ തന്നെ സമൂഹത്തെ പഠിപ്പിക്കുന്ന പ്രവണതയുള്ളവര്‍ - അത് വാക്കു കൊണ്ടോ ജീവിതം കൊണ്ടോ ആവാം - ടീച്ചറാണ്. കവി സുഗതകുമാരിയെ പലരും ടീച്ചര്‍ എന്നു വിളിക്കുന്നത് ആ അര്‍ത്ഥത്തിലാണ്. എന്നാല്‍, നിഷ്പക്ഷമെന്ന കാപട്യത്തില്‍ തന്റെ പക്ഷമൊളിപ്പിക്കുന്നത് ഒരു ടീച്ചറിനും നന്നല്ല.

കേരളത്തില്‍ ഒരു പ്രതീക്ഷയുമില്ലെന്നും ഭൂതകാല മഹിമകളിലാണ് ആശ്വാസമെന്നും സുഗതകുമാരിടീച്ചര്‍ പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ട് കണ്ടു. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ അവര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു എന്ന് പറയേണ്ടി വരും. കേരളത്തിന്റെ ഭൂതകാലം ' ഭ്രാന്താലയ 'മെന്ന വിശേഷണത്തിന്റേതാണ്. കേരളത്തിന്റെ ഭൂതകാലം സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ അനുവാദമില്ലാതിരുന്നതാണ്. കേരളത്തിന്റെ ഭൂതകാലം തൊട്ടുകൂടായ്മയുടേതാണ്. കേരളത്തിന്റെ ഭൂതകാലം ശൈശവ വിവാഹങ്ങളുടേതാണ്. കേരളത്തിന്റെ ഭൂതകാലം പെണ്‍ശരീരങ്ങള്‍ ജന്മിമാര്‍ക്ക് കാഴ്ചവയ്ക്കപ്പെടേണ്ടി വന്നതാണ്. കേരളത്തിന്റെ ഭൂതകാലം ഇത്തരത്തില്‍ നിരവധി മനുഷ്യത്വമില്ലായ്മകളുടേതാണ്.

ആ ഭൂതകാല 'മഹത്വ' ങ്ങളെ പിഴുതെറിഞ്ഞാണ്  ആധുനിക കേരളം വര്‍ത്തമാനത്തിലെത്തിയത്. ആധുനിക കേരളം, ഇന്ത്യക്ക് മതനിരപേക്ഷതയുടെ മാതൃകയാണ്, ഭ്രാന്താലയമല്ല. ആധുനിക കേരളം മാറുമറയ്ക്കല്‍ കലാപത്തിലൂടെ സൃഷ്ടിക്കപ്പെട്ടതാണ്. ആധുനിക കേരളം മിശ്രഭോജനത്തിലൂടെ രൂപപ്പെട്ടതാണ്. ആധുനിക കേരളം മനുഷ്യജാതി മാത്രമാണ് പ്രധാനമെന്നു പഠിപ്പിച്ചവര്‍ സൃഷ്ടിച്ചതാണ്. പശുവിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടാത്ത നാടാണ് ഈ കേരളം. തൊണ്ണൂറു ശതമാനത്തിലധികം സ്ത്രീകള്‍ സാക്ഷരരായുള്ള നാടാണ് കേരളം. ആരോഗ്യത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും മുന്നിലാണ്  ആധുനിക കേരളം . ഈ കേരളത്തില്‍ പ്രതീക്ഷ ഇല്ലാതിരിക്കുകയും ഭൂതകാലത്തെ വാഴ്ത്തുകയും ചെയ്യുന്നത് ചികിത്സ തേടേണ്ട രോഗമാണ്.  സുഗതകുമാരി ടീച്ചര്‍ എഴുതിയിട്ടുണ്ട് 'മുറിച്ചുമാറ്റാം, കേടു ബാധിച്ചൊരവയവം എന്നാല്‍ കേടു ബാധിച്ച പാവം മനസ്സോ '..

സുഗതകുമാരി ടീച്ചറുടെ മനസ്സിന് കേടു ബാധിച്ചിരിക്കുന്നു. ആ മനസ്സിനെ എന്തുചെയ്യും?

ഇപ്പോള്‍, ഇന്ത്യന്‍ മതനിരപേക്ഷതയ്ക്കും ഭരണഘടനയ്ക്കും ദേശീയതയ്ക്കും വേണ്ടി ധീരനിലപാടെടുത്ത ഒരു സ്ത്രീയെ, ഒരു മാധ്യമ പ്രവര്‍ത്തകയെ വെടിവെച്ചുകൊന്നപ്പോള്‍ ,ആ അരുംകൊലയെ  സുഗതകുമാരി ടീച്ചര്‍ കാണുന്നത് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളോടൊപ്പമാണ്. ആ കൊലപാതകത്തെ പ്രത്യക്ഷമായും പരോക്ഷമായും ന്യായീകരിക്കുന്നവര്‍ക്കെതിരെ ഒരു വാക്കു പോലും കവിയില്‍ നിന്ന് പുറപ്പെടുന്നില്ല.

ഗൌരി ലങ്കേഷ് കേരളത്തിന്റെ മതനിരപേക്ഷതയെ അഭിനന്ദിച്ചു. സുഗതകുമാരി ടീച്ചര്‍ കേരളത്തില്‍ പ്രതീക്ഷിക്കാനൊന്നുമില്ലെന്ന് പറയുന്നു. ആരോടൊപ്പമാവണം നമ്മള്‍?

ഇവിടെ, ഈ കേരളത്തില്‍, മനുഷ്യര്‍ക്ക് ഇഷ്ടമുള്ള വസ്ത്രവും ഇഷ്ടമുള്ള ഭക്ഷണവും ഇഷ്ടമുള്ള മതവും മതമില്ലായ്മയും തെരഞ്ഞെടുക്കാന്‍ അനുകൂലമായ സാഹചര്യമുണ്ടെന്നതില്‍ ഗൌരി ലങ്കേഷ് അഭിനന്ദിച്ചു. വാക്കുകളെ വെടിയുണ്ട കൊണ്ടു നേരിടുന്ന നാടും കേരളവും ഒരു പോലെയെന്ന് സുഗതകുമാരി ടീച്ചര്‍. ആരോടൊപ്പമാവണം നമ്മള്‍?

ടീച്ചര്‍, ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട് ഈ കേരളത്തില്‍. ഗൌരി ലങ്കേഷിനും കേരളത്തില്‍ പ്രതീക്ഷയുണ്ടായിരുന്നു.  സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും കാവലാവാന്‍ ശ്രമിച്ച ഇന്ത്യന്‍ പൌരയെ, ധീരയായ മാധ്യമ പ്രവര്‍ത്തകയെ,  നിരായുധയായ ഒരു സ്ത്രീയെ ,അവരുടെ വീട്ടിനുള്ളില്‍ കടന്നു ചെന്ന് വെടിവെച്ചുകൊന്ന ഭീരുത്വത്തോട് ഞങ്ങള്‍ക്കു പുച്ഛമാണ്. ആ ഭീരുക്കളെ  സംരക്ഷിക്കുന്നവരോട്

ഞങ്ങള്‍ക്ക് അമര്‍ഷമുണ്ട്. അവരെ സംരക്ഷിക്കാന്‍ കേരളത്തിന്റെ അഭിമാനങ്ങളെ തള്ളിപ്പറയുന്നവരോടും ഞങ്ങള്‍ക്ക്  സന്ധിയില്ല. സ്റ്റാലിനും ഹിറ്റ്ലറും ഒരുപോലെയെന്നും  കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്നതില്‍ നിഷ്പക്ഷതയുടെ പക്ഷം വ്യക്തമായി തെളിയുന്നുണ്ട് 'ടീച്ചര്‍


 സ്റ്റാലിന്‍ നാസിസത്തിനെതിരായ പ്രതിരോധം തന്നെയാണ്: പ്രഭാവര്‍മ്മ

സ്റ്റാലിന്‍ നാസിസത്തിനെതിരായ ശക്തമായ പ്രതിരോധം തന്നെയായിരുന്നുവെന്ന് കവിയും എഴുത്തുകാരനുമായ പ്രഭാവര്‍മ്മ. സ്റ്റാലിനെ ഹിറ്റ്ലറോട് ഉപമിപ്പിക്കുന്നത്പോലും ന്യായീകരിക്കാനാകാത്തതാണെന്നും പ്രഭാവര്‍മ്മ പറഞ്ഞു.
പോസ്റ്റ് ചുവടെ
പ്രഭാവര്‍മ്മ

പ്രഭാവര്‍മ്മ

ഗൌരി ലങ്കേഷിന്റെ ക്രൂരഹത്യയുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ക്കിടയിലേക്ക് ജോസഫ് സ്റ്റാലിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കപ്പെടുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ഇപ്പോള്‍ സംസാരിക്കേണ്ടത് ഗൌരിയെക്കുറിച്ചാണ്, സ്റ്റാലിനെപ്പറ്റിയല്ല. നാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പായ സംഘിന്റെ ഉപജാപങ്ങളെ മൂടി വെയ്ക്കുവാനുള്ള ഒരു മറയായി സ്റ്റാലിനെ ഉപയോഗിക്കരുത്. എന്നാലും, സ്റ്റാലിന്റെ  അധികാരകാലത്ത് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നതിനെ സംബന്ധിച്ച് നാം മറന്നുപോകരുത്.

സ്റ്റാലിനും അദ്ദേഹത്തിന്റെ റെഡ് ആര്‍മിയും ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യരാശിയോട് കിരാതയുദ്ധം നയിച്ചുകൊണ്ടിരുന്ന നാസിസത്തിന്റെ കീഴില്‍ ഞെരിഞ്ഞമരുമായിരുന്നു ഈ ലോകം. വന്‍തോതില്‍ ഉന്മൂലനം നടത്തിക്കൊണ്ടിരുന്ന ഹിറ്റ്ലറെ അത് തുടരുവാന്‍ അനുവദിച്ചിരുന്നെങ്കില്‍, സോവിയറ്റ് യൂണിയന് അതിനെ പരാജയപ്പെടുത്തുവാന്‍ സാധിച്ചിരുന്നില്ലെങ്കില്‍, ഇന്ത്യയും ആ ഹീനമായ നാസിഭരണത്തിന് ഇരയാക്കപ്പെടുമായിരുന്നു. ഒരുപക്ഷേ ഇന്ത്യ സ്വതന്ത്രമാവുകയില്ലായിരുന്നു.

അക്കാലത്ത്  വളര്‍ച്ച പ്രാപിച്ചുകൊണ്ടിരുന്ന മറ്റ് ജനാധിപത്യവ്യവസ്ഥിതികളെക്കുറിച്ച് പിന്നെ പറയേണ്ടതേയില്ലല്ലോ. സോഷ്യലിസം, ജനാധിപത്യം, സ്വാതന്ത്യ്രം തുടങ്ങിയ മൂല്യങ്ങള്‍ക്ക് ഒരു വിലയുമില്ലാത്തൊരു ദിശയിലേക്ക് ചരിത്രം അപഥസഞ്ചാരം നടത്തിയേനെ. നാം ചരിത്രത്തെ വിസ്മരിക്കരുത്. നാസി വംശീയഹത്യയില്‍ നിന്നും ലോകത്തെ ഒന്നടങ്കം രക്ഷപെടുത്തുവാനും മനുഷ്യരാശിക്കായി പ്രതിരോധമുയര്‍ത്തുവാനും പതിനായിരക്കണക്കിന് കമ്മ്യൂണിസ്റ്റുകാര്‍ ജീവത്യാഗം ചെയ്തുവെന്നതിനെയാരും വിലകുറച്ച് കാണരുത്. ഫാസിസത്തിനോടൊത്ത് സര്‍വസംഹാരിയായി മുന്നേറിക്കൊണ്ടിരുന്ന നാസിസത്തിന്റെ നൃശംസതയ്ക്ക് മുന്നിലൊരു പ്രതിരോധമായി സ്റ്റാലിന്‍ എന്ന ഉരുക്കുകോട്ട നിലയുറപ്പിച്ചിരുന്നില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ സ്റ്റാലിനെ അപലപിക്കുവാനുള്ള സ്വാതന്ത്യ്രം പോലും ഉണ്ടാവുകയില്ലായിരുന്നു. സ്റ്റാലിനെ ഹിറ്റ്ലറുമായി ഉപമിക്കുന്നത് തന്നെ ഒരിക്കലും ന്യായീകരിക്കാനാവാത്ത ഹിറ്റ്ലറെ ന്യായീകരിക്കുന്നതിന് തുല്യമാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top