15 April Monday

"അവര്‍ പറഞ്ഞുതരും വി പി പി മുസ്‌തഫ ആരാണെന്ന്, അവരേത് പാര്‍ടിയുടെ അനുഭാവികളാണെങ്കിലും'; മാധ്യമപ്രവർത്തകൻ ശ്രീജിത്ത്‌ ദിവാകരന്‌ പറയാനുള്ളത്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019

കൊച്ചി >  'വാര്‍ത്തകള്‍ ആഘോഷിക്കുമ്പോള്‍ കാസര്‍കോട്‌ ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നിങ്ങളുടെ ജേര്‍ണലിസ്റ്റിനോട് കൂടി ഇയാള്‍ കൊലിവിളി നടത്തിയതാകുമോ എന്നൊന്ന് ചോദിക്കണമായിരുന്നു. അവര്‍ പറഞ്ഞു തരും വി പി പി മുസ്‌തഫ ആരാണെന്ന്, അവരേത് പാര്‍ട്ടിയുടെ അനുഭാവികളാണെങ്കിലും. കൊലപാതകങ്ങള്‍ കൊണ്ട്, അക്രമം കൊണ്ട് രാഷ്‌ട്രീയപ്രവര്‍ത്തനം നടത്താമെന്ന് കരുതുന്ന പലരുമുണ്ടാകാം കേരളത്തിലെ പല പാര്‍ട്ടികളിലും. പക്ഷേ, മു‌സ്‌തഫ അതില്‍ പെടുന്ന ആളാകില്ല'. ജനുവരി ഏഴിന്‌ കല്ല്യാട്ട്‌ സിപിഐ എം നേതാവ്‌ വിപിപി മുസ്‌തഫ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്ത്‌ വാർത്തയാക്കുന്നവരോട്‌ മാധ്യമപ്രവർത്തകൻ ശ്രീജിത്ത്‌ ദിവാകരന്‌ പറയാനുള്ളത്‌ ഇതാണ്‌.

ഫേസ്‌ബുക്ക്‌ കുറിപ്പിലൂടെയാണ്‌ ഇരുപരുവർഷത്തോളം പരിചയമുള്ള വിപിപി മുസ്‌തഫയെന്ന രാഷ്‌ട്രീയ പ്രവർത്തകന്റെ സമീപനത്തെക്കുറിച്ചുള്ള ഓർമ  ശ്രീജിത്ത്‌ ദിവാകരൻ പങ്കുവെയ്‌ക്കുന്നത്‌. എസ്എഫ്ഐ പ്രവർത്തനകാലത്തുണ്ടായ തീർത്തും പ്രകോപനപരമായ നടപടികളോട്‌ പോലും ജനാധിപത്യപരമായി ഇടപെട്ട വിപിപി മുസ്‌തഫയുടെ രാഷ്‌ട്രീയ പ്രവർത്തന ശൈലിയെക്കുറിച്ചാണ്‌ ശ്രീജിത്ത്‌ ദിവാകരൻ പറയുന്നത്‌.

ഫേസ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം

സഖാവ് ‌വി പി പി മുസ്‌തഫയെ ഏതാണ്ട് രണ്ട് പതിറ്റാണ്ടായറിയാം. ആരതി ആദ്യമായി മുസ്‌തഫയെ കുറിച്ച് പറഞ്ഞിട്ടുള്ളത് ഏതോ എസ്എഫ്ഐ പരിപാടി കഴിഞ്ഞ് കാസര്‍ഗോഡു നിന്ന് കാഞ്ഞങ്ങാട്ടേക്ക് ബസ് കേറാന്‍ നില്‍ക്കുന്ന ഒരു ദിവസത്തെ ഓര്‍മ്മയാണ്. ആരതി പത്തിലോ ഒന്‍പതിലോ മറ്റോ ആണ്. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം. ഒരു വൈകുന്നേരം കാസര്‍ഗോഡ് ടൗണില്‍ നടന്ന പരിപാടികഴിഞ്ഞ് ബസ്സ്റ്റാന്‍ഡില്‍ നിന്ന് ഒരോ ചായയും കുടിച്ച് മുസ്‌തഫയും ആരതിയും കാഞ്ഞങ്ങാട്ടേക്ക് ബസ് കാത്തു നില്‍ക്കുന്നു. പെട്ടന്ന് ഒരു സംഘം, എബിവിപിക്കാരാണോ, എംഎസ്എഫുകാരാണോ, കെഎസ്യുക്കാരാണോ എന്ന് ആരതി പറഞ്ഞത് എനിക്കോര്‍മ്മയില്ല, ചുറ്റും നിന്ന് അതിരൂക്ഷമായി അസഭ്യം പറയുന്നു. പതിനാല് വയസോ മറ്റോ ഉള്ള ആരതിയേയും അന്ന് പി.ജിക്കോ മറ്റോ പഠിക്കുന്ന മുസ്തഫയേയും ചേര്‍ത്തും ചേര്‍ക്കാതെയും രൂക്ഷമായാണ് തെറി വിളി. ആരതി ക്ഷോഭവും സങ്കടവും കൊണ്ട് വിറച്ച് മുസ്തഫയെ നോക്കുന്നു. മുസ്തഫയാകട്ടെ ഒരു ഭാവിവിത്യാസവുമില്ലാതെ ചായ ഊതിക്കുടിക്കുന്നു. ആരതിക്ക് കരച്ചില്‍ വരുന്നു. മുസ്തഫ ഒന്നും മിണ്ടാതെ ബസ് വരുമ്പോള്‍ ആരതിക്കൊപ്പം ബസില്‍ കേറുന്നു. പ്രതിഷേധിച്ച് ആരതി മറ്റൊരു സീറ്റില്‍ പോയിരിക്കുന്നു.

കാഞ്ഞങ്ങാട്ട് ഇറങ്ങി വീട്ടിലേയ്ക്ക് ആരതിക്ക് കൂട്ട് നടക്കുമ്പോള്‍ മുസ്തഫ പറഞ്ഞത് ഇങ്ങനെയാണെന്നാണ് ആരതി എന്നോട് പറഞ്ഞത്: നീയെന്താ വിചാരിച്ചേ, ഞാന്‍ സിനിമയിലെ നായകന്മാരെ പോലെ അവരെ മുഴുവന്‍ ഇടിച്ച് പഞ്ചറാക്കുമെന്നോ? അതോ തിരിച്ച് അതേ ഭാഷയില്‍ അവരോട് സംസാരിക്കുമെന്നോ? അതയോ അവിടെ നിന്ന് നമ്മുടെ സഖാക്കട്ടെ കൂട്ടി അവരെ തിരിച്ചടിക്കാന്‍ പോകുമെന്നോ? അങ്ങനെയൊന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പറ്റില്ല. അവര്‍ അവരുടെ സംസ്‌കാരം കാണിക്കുന്നു. നമ്മളെ അങ്ങനെ തളര്‍ത്താമെന്നാണ് കരുതുന്നത്. അതില്‍ തളര്‍ന്നാല്‍ അവര് വിജയിച്ചു' എന്ന്. ആരതിക്ക് തൃപ്തിയായിട്ടുണ്ടായിരുന്നില്ല.

ഇക്കഥ പിന്നീടൊരിക്കല്‍ ഡല്‍ഹിയില്‍ മുനീര്‍ക്കയില്‍ ഉള്ള ഒറ്റമുറി വീട്ടിലിരുന്ന് ആരതി പറയുമ്പോള്‍ ഞാന്‍ പറഞ്ഞു, അന്നത്തെ ഞങ്ങളൊക്കെയാണെങ്കില്‍, അവരാരെങ്കിലും കാഞ്ഞങ്ങാട്ടോ പരിസരത്തോ വരുമ്പോ രണ്ട് കൊടുക്കാം എന്നൊരു വാഗ്ദാനമെങ്കിലും കൊടുത്ത് ആരതിയെ സമാധാനിപ്പിച്ചേനെ എന്ന്. അന്നും മുസ്തഫ പറഞ്ഞു, എന്റെ ശ്രീജിത്തേ, അങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പറ്റുമോ? നമ്മളീ കേള്‍ക്കുന്നതില്‍ മുഴുവന്‍ തകരാനും തളരാനും നിന്നാല്‍ പിന്നെ എങ്ങനെ കാര്യങ്ങള്‍ നടക്കും എന്ന്.

ഇക്കഥയൊക്കെ ഓര്‍മ്മയില്‍ വന്നിട്ടും വി പി പിമുസ്തഫയുടെ കൊലവിളിയെന്ന വാര്‍ത്ത കണ്ടപ്പോള്‍ സംശയിച്ചു. ഇയാളിനി ഉറക്കമുണര്‍ന്നപ്പോള്‍ ഗ്രിഗര്‍ സാന്‍സയെ പോലെ മെറ്റമോര്‍ഫോസീസടച്ച് നികൃഷ്ട ജീവിയായോ എന്നറിയണമല്ലോ.

അതുകൊണ്ട് ആരോ ഷെയര്‍ ചെയ്തിരുന്ന ഫുള്‍ ലെഗ്ത്ത് വീഡിയോ കുത്തിയിരുന്ന് കണ്ടു.

ഇല്ല, നാട്ടിലെ പ്രാദേശിക പരിപാടികളില്‍ സംസാരിക്കുന്ന നേതാക്കളുടെ വൈകാരിക ഭാഷയിലുള്ള ഒരു പ്രകടനം മാത്രം. കഴിഞ്ഞ കുറച്ച് കാലമായി സി.പി.ഐ.എം മാറാനായുള്ള ശ്രമത്തിലാണ്. പദ്ധതികളും പരിപാടികളും മാറി. ആ ഞങ്ങളുടെ ക്ഷമ പരിശോധിക്കരുത്. ക്ഷമയുടെ നെല്ലിപ്പടിയും കഴിഞ്ഞ് പാതാളത്തിലെത്തിയാല്‍ ഞങ്ങള്‍ റോക്കറ്റ് പോലെ കുതിച്ചുയരും. ആ റോക്കറ്റില്‍ പെട്ടുപോയാല്‍ ആരും ബാക്കിയുണ്ടാകില്ല. ചിതറിച്ച് കളയും'. എന്നാതാണ് അതിലെ വിവാദ ഭാഗം. കോണ്‍ഗ്രസിന്റെ പ്രദേശിക നേതാക്കളുടെ പേരുകളും പറയുന്നുണ്ട്. ഊന്നലെല്ലാം ഇതുവരെ ക്ഷമിച്ചു എന്നതിലാണ്. 'വിദ്യാര്‍ത്ഥികളെ തല്ലിചതയ്ക്കുന്ന പോലീസുകാരാ, നിങ്ങളോര്‍ത്തോ, ഞങ്ങള്‍ തുനിഞ്ഞിറങ്ങിയാല്‍ നീയൊന്നും സന്ധ്യയ്ക്ക് വീട്ടിലെത്തില്ല. വീട്ടില്‍ കാത്തിരിക്കുന്നവരോട് പറഞ്ഞിട്ട് പോന്നാമതി' തുടങ്ങിയ ഗീര്‍വാണങ്ങള്‍ പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ തട്ടിവിടില്ലേ, ആ ലൈനില്‍.

ഇന്നത്തെ വാര്‍ത്താ ആഘോഷമായ കൊലവിളി ഇതായിരുന്നു. വാര്‍ത്തകൊടുത്ത് പൊലിപ്പിക്കുമ്പോള്‍, കാസര്‍ഗോഡ് ഇരട്ടക്കൊലക്കേസ് മറ്റ് നേതാക്കളിലേയ്ക്കും നീളുന്നു, തുടങ്ങിയ വാര്‍ത്തകള്‍ ആഘോഷിക്കുമ്പോള്‍ കാസര്‍ഗോഡ് ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നിങ്ങളുടെ ജേര്‍ണലിസ്റ്റിനോട് കൂടി ഇയാള്‍ കൊലിവിളി നടത്തിയതാകുമോ എന്നൊന്ന് ചോദിക്കണമായിരുന്നു. അവര്‍ പറഞ്ഞു തരും വി.പി.പി. മുസ്തഫ ആരാണെന്ന്, അവരേത് പാര്‍ട്ടിയുടെ അനുഭാവികളാണെങ്കിലും. കൊലപാതകങ്ങള്‍ കൊണ്ട്, അക്രമം കൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം നടത്താമെന്ന് കരുതുന്ന പലരുമുണ്ടാകാം കേരളത്തിലെ പല പാര്‍ട്ടികളിലും. പക്ഷേ, മുസ്തഫ അതില്‍ പെടുന്ന ആളാകില്ല.

കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകത്തെ ന്യായീരിക്കാനോ അതിന് പ്രേരണയും പ്രേരകവുമായ ഘടകങ്ങളെ വെള്ളപൂശാനോ ഞാനില്ല. അത് ചെയ്യുകയുമില്ല. മുസ്തഫയെ ആ പ്രസംഗത്തിന്റെ പേരില്‍, ആ കൊലക്കേസുമായി ബന്ധിക്കാനുള്ള മാധ്യമങ്ങളും മറ്റ് ചിലരും നടത്തുന്ന ശ്രമങ്ങളോടാണ് പ്രതികരിച്ചത്.

എന്‍.ബി: മുസ്തഫയടക്കമുള്ള ആളുകള്‍, നിങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന കാലത്ത്, നിങ്ങളുടെ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് നാട്ടിലിറങ്ങി പരാതി പറയുന്നതിന് പകരം നിയമനടപടികളെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് വേണ്ടത്. നാട്ടില്‍ നടക്കുന്ന ആക്രമണങ്ങള്‍ നിങ്ങള്‍ പരസ്പരം പോരടിച്ചും ഭയന്നും നേരിടുകയാണെങ്കില്‍ നാട്ടില്‍ നിയമസംവിധാനങ്ങളെന്തിന്? രണ്ട് പേരെ വെട്ടിക്കൊല്ലുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കുന്നതില്‍ ക്രമസമാധാന പാലനത്തിന് പങ്കില്ലേ?

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top