06 December Wednesday

എവിടെയാണ് ഗുരു ശിൽപ്പം ഇല്ലാത്തത്; മഹാഭൂരിപക്ഷത്തിനും ‘ധ്യാനഭാവം’; ഈ സർക്കാരിന്റെ ആദ്യ ബജറ്റിലെ ആദ്യ വരികളും ഗുരുസൂക്‌തമായിരുന്നു: ഐസക്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020

ഓരോ മേഖലയിലും ഗുരു സൂക്തങ്ങളെ ഉദ്ദരിച്ചുകൊണ്ടാണ് ചെയ്യാൻ പോകുന്ന കാര്യങ്ങൾ ഈ സർക്കാരിന്റെ ആദ്യബജറ്റിൽ  എണ്ണിപ്പറഞ്ഞതെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌.  ചരിത്രപ്രസിദ്ധമായ ജാതിയില്ലാ വിളംബരത്തിന്റെ ഓർമ്മയ്ക്കായി തിരുവനന്തപുരത്ത് സ്‌ഥാപിച്ച ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്‌തദിവസം അതേ കുറിച്ച്‌ ഓർക്കുകയാണെന്നും ഗുരുവിന്റെ വിവിധങ്ങളായ പ്രതിമളെകുറിച്ചും ഐസക്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ കുറിച്ചു. “ഇത് നമ്മെപ്പോലെ തന്നെ ഇരിക്കുന്നു. ഇതിന് ആഹാരവും വെള്ളവുമൊന്നും വേണ്ടല്ലോ. നീണ്ടകാലം ജീവിച്ചുകൊള്ളും.”ഇറ്റാലിയൻ ശിൽപി നിർമ്മിച്ച  തന്റെ ആദ്യ പ്രതിമ കണ്ട ഗുരുവിന്റെ വാക്കുകൾ ഇതായിരുന്നുവെന്നും പോസ്‌റ്റിൽ പറയുന്നു. 

പോസ്‌റ്റ്‌ ചുവടെ

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ആദ്യത്തെ ബജറ്റിലെ ഒന്നാമത്തെ ഖണ്ഡിക ഇങ്ങനെയായിരുന്നു –
“നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾ‍പ്പെടുന്നില്ല എന്ന് ശ്രീ നാരായണ ഗുരു വിളംബരം ചെയ്തതിന്‍റെ നൂറാം വാർ‍ഷികമാണ് ഇക്കൊല്ലം. കഴിഞ്ഞ നൂറാണ്ടത്തെ കേരളത്തെ നിർ‍ണയിക്കുന്നതിൽ‍ സർ‍വ്വപ്രധാനമായ പങ്കുവഹിച്ച ഒരു പ്രഖ്യാപനമാണിത്. ഈ പ്രഖ്യാപനത്തെ കേരളത്തിലെ ജനങ്ങൾ‍ ഇന്നും പിന്തുടരുന്നുവെന്ന് ആവർ‍ത്തിച്ചു പ്രഖ്യാപിച്ച ഒരു തെരഞ്ഞെടുപ്പിന്‍റെ ഫലമാണ് ഇന്നത്തെ സർ‍ക്കാർ‍. എന്നത്തെയുംകാൾ‍ ഊക്കോടെ സർവ്വസന്നാഹവുമൊരുക്കി വന്ന എല്ലാ ജാതി വർ‍ഗ്ഗീയ ശക്തികളെയും കേരളത്തിലെ ജനങ്ങൾ‍ തള്ളിക്കളഞ്ഞു. കേരളത്തിന്‍റെ നവോത്ഥാന പാരമ്പര്യം ഉയർ‍ത്തിപ്പിടിച്ചു. സാമൂഹ്യജീവിതത്തിൽ മാത്രമല്ല, രാഷ്ട്രീയ  സാമ്പത്തിക ദർ‍ശനത്തിലും കേരളത്തിന്‍റെ നവോത്ഥാന പാരമ്പര്യത്തിന് ഒരു വീക്ഷണമുണ്ട്. സർ‍, എന്‍റെ വിദ്യാഭ്യാസ കാലത്തെ പഠനവിഷയങ്ങളിലൊന്ന് ശ്രീനാരായണ പ്രസ്ഥാനത്തിലെ ജാതീയതയും വിപ്ലവാത്മകതയേയും കുറിച്ചായിരുന്നു. വിപ്ലവാത്മകത ഏറ്റവും ഉന്നതിയിലെത്തിയ നിമിഷങ്ങളിലൊന്നാണ് പ്രത്യേക ജാതിയിലോ മതത്തിലോ താൻ‍ ഉൾ‍പ്പെടുന്നില്ല എന്ന് ഗുരുവിന്‍റെ പ്രഖ്യാപനം. ജാതീയ തിമിരം ബാധിച്ച ചില പ്രമാണിമാർ‍ ഇക്കാലത്താണ് ഗുരുവിനെ തിരസ്കരിച്ചതും എതിരായി കേസുപോലും ഫയൽ‍ ചെയ്തതും. കേരളത്തിന്‍റെ നവോത്ഥാന പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്നതും അതിനെ മുമ്പോട്ടു കൊണ്ടുപോകുന്നതുമായിരിക്കും ഞങ്ങളുടെ സര്‍ക്കാര്‍.”

ഓരോ മേഖലയിലും ഗുരു സൂക്തങ്ങളെ ഉദ്ദരിച്ചുകൊണ്ടാണ് ചെയ്യാൻ പോകുന്ന കാര്യങ്ങൾ എണ്ണിപ്പറഞ്ഞത്. അതിലൊന്നാണ് ചരിത്രപ്രസിദ്ധമായ ജാതിയില്ലാ വിളംബരത്തിന്റെ ഓർമ്മയ്ക്കായി തിരുവനന്തപുരത്ത് ഗുരുവിന്റെ പ്രതിമ. അത് ഇന്ന് യാഥാർത്ഥ്യമാവുകയാണ്.
ഉണ്ണി കാനായി തയ്യാറാക്കിയിരിക്കുന്ന 8 അടി നീളവും 850 കിലോഗ്രാം ഭാരവുമുള്ള ഈ വെങ്കല പ്രതിമ ഗുരു ശിൽപ്പങ്ങളിൽ ഏറ്റവും വലുതാണ്. വെള്ള വസ്ത്രധാരിയായ ധ്യാനഗുരു. (ചിത്രം 1) മുഖത്തൊരു വിഷാദഭാവമുണ്ടോ? എന്തോ? ഓരോ കലാകാരനും അവരുടേതായ വ്യാഖ്യാനങ്ങൾ ഉണ്ടാവും. ഗുരു അതിനെല്ലാമപ്പുറം. തന്റെ ആദ്യത്തെ പ്രതിമ ഇറ്റലിയിൽ നിന്ന് തലശ്ശേരിയിലേയ്ക്കുള്ള യാത്രാ മധ്യേ സിലോണിൽവച്ച് കണ്ടപ്പോൾ  ഗുരു പറഞ്ഞത് ഇങ്ങനെയായിരുന്നുവത്രെ. “ഇത് നമ്മെപ്പോലെ തന്നെ ഇരിക്കുന്നു. ഇതിന് ആഹാരവും വെള്ളവുമൊന്നും വേണ്ടല്ലോ. നീണ്ടകാലം ജീവിച്ചുകൊള്ളും.”

തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ശിൽപ്പം രചിക്കാൻ മൂർക്കോത്തു കുമാരൻ കണ്ടെത്തിയത് ഇറ്റാലിയൻ ശിൽപ്പി പ്രൊഫ. താവറലിയാണ്. അന്നത്തെ പ്രശസ്ത ഫോട്ടോഗ്രാഫർ പട്ടത്താരി ശേഖരൻ പകർത്തിയ ചിത്രങ്ങളിൽ നിന്നാണ് പ്രൊഫ. താവറലി പഞ്ചലോഹ പ്രതിമ വാർത്തെടുത്തത്. പ്രതിമയ്ക്ക് മുന്നോട്ടുള്ളൊരു ചരിവ് ധ്യാനഭാവം കൂട്ടുന്നതേയുള്ളൂ. (ചിത്രം 2).

1926ൽ തീർത്ത ഇതുതന്നെയാണ് ഇന്നും ഏറ്റവും പ്രശസ്തമായ ശിൽപ്പം.അടുത്തൊരു നാഴികക്കല്ല് പശുപതിനാഥ് മുഖർജി ശിവഗിരിയിലെ വെണ്ണക്കൽ ഗുരു ശിൽപ്പം രൂപം നൽകിയതാണ്. ശിവഗിരിയിലെ സ്ഥാനംകൊണ്ട് ഇന്ന് ഏറ്റവും ജനപ്രിയ പ്രതിമ ഇതായിരിക്കും. (ചിത്രം 3).

ഉണ്ണി കാനായിയെക്കുറിച്ചു പറയുമ്പോൾ കേരളത്തിലെ ഇന്നത്തെ ശിൽപ്പകുലപതി കാനായി കുഞ്ഞിരാമന്റെ ഒരു ശിൽപ്പം എടുത്തു പറയേണ്ടതുണ്ട്. എറണാകുളത്തെ അയ്യപ്പൻകാവിൽ ചെന്നാൽ ഈ വ്യത്യസ്തമായ ഗുരു ശിൽപ്പം കാണാം. ഒരു പക്ഷെ, ഈ ശിൽപ്പം തീർത്തപ്പോൾ കാനായി കുഞ്ഞിരാമൻ വിഗ്രഹഭഞ്ജകനായ ഗുരുവിനെ ഓർത്തിട്ടുണ്ടാവും. (ചിത്രം 4).

ഒരു പക്ഷെ, ഏറ്റവും കൂടുതൽ ഗുരു ശിൽപ്പങ്ങൾ - 200ൽപ്പരം - രചിച്ച കലാകാരൻ എം.ആർ.ഡി ദത്തനാവാം. അദ്ദേഹത്തിന്റെ ഗുരു ശിൽപ്പങ്ങളുടെ എണ്ണത്തിന്റെ ആധിക്യത്താൽ അവ എവിടെയെല്ലാമാണ് സ്ഥാപിച്ചിരിക്കുന്നതെന്നു പറയുക പ്രയാസമാണ്. കൊച്ചി പൊന്നുരുന്നി അമ്പലത്തിലെ വിഗ്രഹം അദ്ദേഹത്തിന്റെ നല്ലൊരു മാതൃകയാണ്. (ചിത്രം 5).

എം.ആർ.ഡി ദത്തൻ ശ്രീ നാരായണ ഗുരുവിൻ്റെ ശിൽപ്പങ്ങൾ രചിക്കാൻ ആരംഭിച്ചത് അദ്ദേഹത്തിൻ്റെ അച്ഛനെ പിൻപറ്റിക്കൊണ്ടാണ്. അച്ഛൻ്റെ പേര് രാമൻ. ആർടിസ്റ്റ് രാമൻ എന്ന് അറിയപ്പെട്ടിരുന്നു. ശ്രീ നാരായണ ഗുരുവിൻ്റെ ആദർശങ്ങളെ പിൻതുടർന്ന ആളായിരുന്നു. കൽക്കത്തയിൽ പോയി കല പഠിച്ചു. തിരിച്ചു വന്ന് ഇന്ത്യൻ സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പു് കൊച്ചി രാജാവിൻ്റെ ഔദ്യോഗിക കലാകാരനായി. തൃ

ശൂരിലെ കൂർക്കഞ്ചേരിയിൽ ആർടിസ്റ്റ് രാമൻ രചിച്ച ശ്രീ നാരായണ ഗുരുവിൻ്റെ ശിൽപ്പം ഇന്ത്യൻ പ്രസിഡൻ്റായിരുന്ന ഡോ. എസ്. രാധാകൃഷ്ണൻ അനാച്ഛാദനം ചെയ്തു. (ചിത്രം 6).
ഊട്ടിയിലെ ഫേൺ ഹിൽ നാരായണ ഗുരുകുല (East West University) ത്തിലെ ശ്രീ നാരായണ ഗുരു ശിൽപ്പം പ്രശസ്തമാണ്. ഹരിഹരൻ എന്ന മൂത്തകുന്നത്തുകാരനായിരുന്നു ശിൽപ്പി.  വയോധികനായ ശ്രീ നാരായണ ഗുരുവിനെ മാനുഷിക ഭംഗിയോടെ അവതരിപ്പിക്കുന്നതാണ് ഈ ശിൽപ്പം. (ചിത്രം 7). ഈ ശിൽപ്പത്തിൻ്റെ ഒരു പതിപ്പ് വർക്കലയിലുണ്ട്.

അവസാനമായി ഒരു വിവാദ ശിൽപ്പംകൂടി. റിയാസ് കോമുവിന്റെ ശ്രീനാരായണ ഗുരു (ചിത്രം 8). ഇത് ഭാഷാപോഷിണിയുടെ മുഖചിത്രമാക്കിയത് ചിലർ വലിയ വിവാദമാക്കി. ഗുരു എന്തു പറഞ്ഞേനേ എന്നുള്ളതിനുള്ള സൂചന 1926 ൽ സിലോണിൽ പറഞ്ഞതിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നു.
കേരളത്തിൽ എവിടെയാണ് ഗുരു ശിൽപ്പം ഇല്ലാത്തത്. എത്രയോ ഗ്രാമീണ കലാകാരൻമാരുടേത്. എന്നാൽ പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്. എന്തേ മഹാഭൂരിപക്ഷത്തിനും ധ്യാനഭാവം? ഭക്തിമാർഗ്ഗവും ധ്യാനമാർഗ്ഗവും പോലെതന്നെ ഗുരുവിനു പ്രധാനമായിരുന്നു കർമ്മമാർഗ്ഗവും. ഈ കർമ്മമാർഗ്ഗത്തിലാണ് കേരളത്തിലെ എത്രയോ ഉൽപതിഷ്ണധാരകൾ ഒന്നിച്ചത്. ആലപ്പുഴ തൊഴിലാളിപ്രസ്ഥാന മ്യൂസിയത്തിൽ ശ്രീനാരായണ ഗുരു ഗാലറി തയ്യാറാക്കാൻ അഭ്യർത്ഥിച്ചിട്ടുള്ളത് ആർടിസ്റ്റ് നമ്പൂതിരിയോടാണ്. ഗുരുവിന്റെ സുപ്രധാന കർമ്മ മുഹൂർത്തങ്ങൾ അദ്ദേഹത്തിന്റെ ഭാവനയിൽ വിരിയട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top