27 April Saturday

ദേശാഭിമാനിയിൽനിന്ന്‌ ഏഷ്യാനെറ്റ്‌ പഠിക്കേണ്ട ‘അമാന്യത’യുടെ ചില പാഠങ്ങളുണ്ട്‌

ടി ഗോപകുമാര്‍Updated: Sunday Jul 26, 2020

മാന്യത എന്ന് നിങ്ങള്‍ കരുതുന്നത് 'പെറ്റിബൂര്‍ഷ്വാ എറ്റിക്കെറ്റ്സ്' ആണെങ്കില്‍ അതിന്‍റെ വിപരീതാര്‍ത്ഥത്തില്‍ ദേശാഭിമാനി ചലിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ ചരിത്രം പരിശോധിച്ചാൽ ഈ ‘അമാന്യ’തയുടെ ഉദാഹരണങ്ങൾ ഒട്ടേറെ കാണാം. ‘അമാന്യത'യുടെ പേരിൽ പത്രം കണ്ടുകെട്ടിയിട്ടുണ്ട്‌. ഓഫീസ്‌ കൊട്ടിയടച്ച്‌ മുദ്രവച്ചിട്ടുണ്ട്‌. പിഴചുമത്തപ്പെട്ടിട്ടുണ്ട്‌. ആസുരമായ കാലങ്ങളിലൊന്നും മാന്യതയുടെ പട്ടുവസ്ത്രവും മൂടി വ്രതം നോറ്റിരുന്നിട്ടില്ല ദേശാഭിമാനി. ചാളകളിലെയും തെരുവുകളിലെയും പാഠശാലകളിലെയും പണിശാലകളിലെയും പോരാടുന്ന മനുഷ്യര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ പെറ്റിബൂര്‍ഷ്വാ മാന്യതയുടെ ആടയാഭരണങ്ങള്‍ ദേശാഭിമാനി ധരിച്ചിട്ടില്ല.

ദേശാഭിമാനിയുടെ ചരിത്രത്തിലെ അമാന്യതയെപ്പറ്റി പറയാൻ കാരണമുണ്ട്‌. ‘‘മാന്യതയും അമാന്യതയും ദേശാഭിമാനി എഡിറ്റർ എന്നെ പഠിപ്പിക്കേണ്ട’’ എന്ന് വിനു വി ജോൺ എന്ന അവതാരകൻ ചർച്ചാവേദയിൽ അലറിയിട്ട്‌ അധികനാളായില്ല. സിപിഐഎം ഏഷ്യാനെറ്റിന്റെ ചർച്ചകളിൽ നിന്ന് പിൻമാറുന്നതിന്‌ കാരണമായ സംഭവങ്ങളിലൊന്ന്‌. ദേശാഭിമാനി ചീഫ്‌ എഡിറ്റർ പി രാജീവ്‌ അവതാരകൻ വിനുവിന്റെ പ്രകോപനപരമായ ചില ചോദ്യങ്ങൾക്ക്‌ ‌ അക്ഷോഭ്യനായി മറുപടി പറയുകയായിരുന്നു‌. തികച്ചും പ്രകോപനപരമായി തടസ്സപ്പെടുത്തിയ അവതാരകനോട്‌, അതിഥിയായെത്തിയ താൻ പറയുന്നത്‌ പൂർത്തിയാക്കാൻ അനുവദിക്കാത്തതിന്റെ അമാന്യതയെക്കുറിച്ചും പരാമർശിക്കവെ ആയിരുന്നു ദേശാഭിമാനി പത്രാധിപർ മാന്യതയെക്കുറിച്ചും അമാന്യതയെക്കുറിച്ചും തന്നെ പഠിപ്പിക്കേണ്ടെന്ന്‌ അലറി വിളിച്ചത്‌. ദേശാഭിമാനി പത്രാധിപർ മാന്യത വിട്ട്‌ ആ ചർച്ചയിൽ എപ്പോഴെങ്കിലും സംസാരിച്ചതായി ചർച്ച കണ്ട ആരും പറയില്ല.

മാന്യത അർഹിക്കുന്ന ഇടങ്ങളിൽ തികഞ്ഞ‌ മാന്യത കാണിച്ചും അമാന്യമാകേണ്ടിടത്ത്‌ അമാന്യമായിത്തന്നെ പ്രതികരിച്ചുകൊണ്ടാണ്‌ ദേശാഭിമാനി ഇന്ന്‌ കേരളത്തിലെ മൂന്നാമത്തെ പത്രമായി വളർന്നത്‌ എന്ന്‌ വിനു വി ജോൺ മനസ്സിലാക്കണം. ദേശാഭിമാനിയെ അതിന്റെ ശൈശവദശയിൽ തന്നെ ഇല്ലാതാക്കാൻ തീരുമാനിച്ചത്‌ രാഷ്‌ട്രീയ എതിരാളികളൊന്നുമല്ല. സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്യത്തിന്റെ ഉടമകളായ ബ്രിട്ടീഷ്‌ ഭരണാധികാരികളായിരുന്നു. അവരോട്‌ അവരർഹിക്കുന്ന അമാന്യതയോടെ ഏറ്റുമുട്ടിത്തന്നെയാണ്‌ ദേശാഭിമാനി വളർന്നത്‌. രണ്ടാം ലോകയുദ്ധകാലത്ത്‌ ലൈസൻസ്‌ റദ്ദാക്കപ്പെട്ട പത്രമാണിത്‌. 1948ൽ ദേശാഭിമാനി നിരോധിക്കപ്പെട്ടു. പിന്നീട്‌ നിരന്തരമായ വേട്ടയാടലുകൾക്ക്‌ വിധേയമായ ഒരു പത്രം ഇന്ത്യയുടെ ചരിത്രത്തിൽ വേറെ കാണില്ല. ജനങ്ങളുടെ നിർലോഭമായ പിന്തുണയോടെയാണ്‌ അടിച്ചമർത്തപ്പെട്ട ഓരോ തവണയും ആ പത്രം ഉയിർത്തെണീറ്റത്‌. ഒരിക്കലും ഭരണകൂടത്തിനോ ജാതിമത ശക്തികൾക്കോ കീഴ്‌പ്പെട്ടുകൊണ്ടല്ല ദേശാഭിമാനി പ്രവർത്തിച്ചത്‌. ബ്രിട്ടീഷുകാരും അവർക്കുശേഷം വന്ന കോൺഗ്രസ്‌ സർക്കാരുമൊക്കെ തകർക്കാൻ ശ്രമിച്ചിട്ടും നെഞ്ചൂക്കോടെ കേരളത്തിലെ തൊഴിലാളികളുടെയും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും താൽപര്യം ഉയർത്തിപ്പിടിക്കാൻ പോരാടിയ പത്രമാണ്‌ ദേശാഭിമാനി. ചൂഷകരോടും ജനവഞ്ചകരോടും അമാന്യമായി തന്നെയാണ്‌ ദേശാഭിമാനി ഇടപെട്ടിട്ടുള്ളത്‌. പത്രത്തിന്റെ അച്ചടിയെപ്പോലും ബാധിക്കുന്ന സ്ഥിതി വന്നിട്ടും സ്വന്തം നിലപാടുകൾ ഉയർത്തിപ്പിടിക്കാനാണ്‌ ദേശാഭിമാനി എന്നും ശ്രമിച്ചത്‌. അടിയന്തരാവസ്ഥക്കാലത്ത്‌ ഇന്ദിരാഗാന്ധിയുടെ അർധ ഫാസിസ്‌റ്റ്‌ ഭരണത്തെ വിമർശിക്കാൻ ദേശാഭിമാനി കാട്ടിയ ധൈര്യത്തിന്‌ കേരളത്തിലെന്നല്ല, ഇന്ത്യയിൽ പോലും താരതമ്യമില്ല. സെൻസർഷിപ്പിന്റെ വിലക്കുകൾ കൂസാതെ ഇന്ദിരാഗാന്ധി സർക്കാരിനെതിരെ ലേഖനങ്ങളും വാർത്തകളും എഴുതാൻ ദേശാഭിമാനിക്ക്‌ സാധിച്ചു.

അല്ലാതെ ഡൽഹി കലാപം റിപ്പോർട്ട്‌ ചെയ്‌തതിന്റെ പേരിൽ കേന്ദ്രസർക്കാരിന്‌ മാപ്പെഴുതിക്കൊടുത്ത സവർക്കർ ബ്രാൻഡ്‌ കോർപറേറ്റ്‌ മുതലാളിമാരല്ല ദേശാഭിമാനിയെ നയിക്കുന്നതെന്ന്‌ വിനു വി ജോൺ മനസ്സിലാക്കണം.

ദേശാഭിമാനി പത്രാധിപരോട്‌ ധിക്കാരപൂർവം കയർത്ത വിനു ഒന്ന്‌ മനസ്സിലാക്കണം. ദേശാഭിമാനി എന്ന പത്രവും ധൈഷണിക വിജിഗീഷുക്കളെന്ന്‌ വിശേഷിപ്പിക്കാവുന്ന അതിന്റെ പത്രാധിപന്മാരുടെ രാഷ്‌ട്രീയ ബോധ്യങ്ങളും ഭാവുകത്വവും മലയാള മാധ്യമ രംഗത്ത്‌ സൃഷ്‌ടിച്ച പുരോഗമനപരമായ ധാരയുടെ ശക്തിയെന്തെന്ന്‌ താങ്കൾ മനസ്സിലാക്കണം. മസ്തിഷ്കം പൂർണമായും മത–ജാതി ബോധത്തിനും വലതുപക്ഷ ചിന്തകൾക്കും തീറെഴുതിക്കൊടുത്ത താങ്കൾക്ക്‌ അതിനു സാധിക്കുമെന്ന്‌ ചിന്തിക്കുന്നത്‌ ഒരുപക്ഷേ അബദ്ധമാകും. മലയാളികളുടെ ചിന്തകളെ അന്നുമിന്നും ത്രസിപ്പി‌ക്കുന്ന ജീനിയസ്സുകളായ ഇഎംഎസ്‌, പി ഗോവിന്ദപ്പിള്ള എന്നിവർ ദേശാഭിമാനിയുടെ ചീഫ്‌ എഡിറ്റർമാരായിരുന്നു എന്നു ഏഷ്യാനെറ്റ് എഡിറ്ററും അവതാരകനും മറന്നകൂടാ. കേരള രാഷ്‌ട്രീയത്തിന്‌ ഇതിഹാസതുല്യമായ അധ്യായങ്ങൾ എഴുതിച്ചേർത്ത് മുഖ്യമന്ത്രി പദത്തിൽ എത്തിയ മറ്റു രണ്ടുപേർ, ഇ കെ നായനാരും വി എസ്‌ അച്യുതാനന്ദനും ദേശാഭിമാനി പത്രാധിപ സമിതിയെ നയിച്ചവരാണ്‌. തുടർന്നു മുഖ്യ പത്രാധിപന്മാരായി വന്ന എം വി ഗോവിന്ദൻ മാസ്‌റ്ററുടെയും വി വി ദക്ഷിണാമൂര്‍ത്തിയുടെയും പി രാജീവിന്റെയും രാഷ്ട്രീയഔന്നത്യത്തിനും സ്വീകാര്യതയ്‌ക്കും കർമശേഷിക്കും പകരം വയ്‌ക്കാൻ വിനുവിന്റെ ചാനലിൽ ആരുണ്ട്‌ എന്നു കൂടി പരിശോധിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top