27 April Saturday
'വിശ്വാസം തീക്കൊള്ളി കൊണ്ട് തലചൊറിയാനുള്ളതല്ല'

കലാപ നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയ: ആര്‍ എസ് എസിന്റെ കെണിയില്‍ ചാടരുതെന്ന് മുന്നറിയിപ്പും

വെബ് ഡെസ്‌ക്‌Updated: Friday Oct 19, 2018
കൊച്ചി>ശബരിമല കലാപഭൂമിയാക്കാനുള്ള ബിജെപി സംഘപരിവാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. ഒപ്പം കലാപത്തിനു വഴിമാറുന്ന വിധത്തില്‍ അപക്വമായ പ്രതികരണങ്ങളും വിമര്‍ശിയ്ക്കപ്പെടുന്നു. പ്രശ്നമുണ്ടാക്കാന്‍ വേണ്ടി ആരും ശബരിമലയിലേക്ക് പോകേണ്ടതില്ല എന്ന മന്ത്രി കടകംപള്ളിയുടെ അഭിപ്രായത്തെ പറ്റിയും ചര്‍ച്ചകള്‍ നടക്കുന്നു.
 
ചില പ്രതികരണങ്ങള്‍ താഴെ
 
 
ദയവ് ചെയത്
സംഘപരിവാറിന്റെ വർഗീയ അജണ്ടക്ക് ആരും ഇന്ധനം പകര ല്ലേ.. ലിബറലുകളും എൻ ജി ഒകളുമായസോഷ്യൽ ആക്ടിവിസ്റ്റുകൾ നിലനില്ക്കുന്ന യാഥാർത്ഥ്യങ്ങളെ മനസിലാക്കാതെ അതിഭൗതികവാദ നിലപാടുകളിൽ നിന്ന് വളരെ സെൻസീറ്റിവായ ഒരു വിഷയത്തിൽ ചാടിയിറങ്ങേണ്ട ... മീൻ പിടിക്കാൻ കാത്തിരിക്കുന്നവർക്ക് കുളം കലക്കി കൊടുക്കേണ്ടതില്ലല്ലോ...

രഹ് നഫാത്തിമയെ പോലുള്ളവരുടെ ഇടപെടലുകളും മുൻകൈകളും സംഘപരിവാറിന് ഇടതുപക്ഷത്തെയും പൊതുവെ ലിംഗവിവേചനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നവരെയും അടിക്കാൻ വടി നൽകലാണ്. എരിതീയിൽ എണ്ണ ഒഴിക്കലാണ്...

ഇപ്പോ തന്നെ സംഘി കേന്ദ്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന വീഡിയോകളിൽ രഹ് നയെ പോലുള്ളവരെ ശബരിമലയിൽ കയറ്റാനാണ് സി പി ഐ (എം) ശ്രമിക്കുന്നതെന്ന് വരുത്താനാണ് നോക്കുന്നത് .. വിശ്വാസികളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സംഘി സമരത്തിന് വിശ്വാസികളുടെ പിന്തുണ നേടികൊടുക്കുന്നതിനു് സഹായകരമായ രീതിയിലുള്ള അതിഭൗതിക നിലപാടിൽ നിന്നുള്ള ഒരിടപെടലും അഭികാമ്യമല്ലെന്ന് കാര്യ വിവരമുള്ള എല്ലാവർക്കും മനസിലാവും...

വിശ്വാസികളായ സ്ത്രീകൾക്കുള്ള ആരാധന സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് സർക്കാർ പ്രതിബദ്ധമായിരിക്കുന്നത്. അത് തന്നെയാണ് മന്ത്രി കടകംപള്ളി വ്യക്തമാക്കിയതും. ഇക്കാര്യത്തിൽആക്ടിവിസ്റ്റുകളുടെ പ്രകടനപരത വേണ്ടെന്നാണ് അദ്ദേഹമുദ്ദേശിച്ചത് ... കടകംപള്ളിയുടെ പ്രസ്താവനയെ ചരിത്രവിരുദ്ധവും അർത്ഥരഹിതവുമായി വ്യാഖ്യാനിച്ച് കൃഷണപിള്ളയും എ കെ ജിയുമൊക്കെ ആക്ടിവിറ്റിസ്റ്റുകളായിരുന്നല്ലേയെന്ന് ചോദിക്കുന്ന സുഹൃത്തുക്കൾക്ക് നല്ല നമസ്കാരം. ഇത്തരം ചരിത്രവിരുദ്ധവും സത്താര ഹിതവുമായ ഉത്തരാധുനിക അപനിർമ്മാണങ്ങളിലാണ് അരാജക പ്രവണതകൾ സാധൂകരിക്കപ്പെടുന്നത് ..

സ്ത്രീകളുടെആരാധനാ സ്വാതന്ത്ര്യത്തിൽ ശബരിമലയിൽ നിലനില്ക്കുന്ന വിവേചനമവസാനിപ്പിക്കാനുള്ള  ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. വർഗീയ ക്രിമിനൽ സംഘങ്ങളെ നേരിടാൻ സർക്കാറിന് കരുത്ത് പകരേണ്ട സന്ദർഭമാണിത്...
 

ചോദ്യം: എല്ലാവരും കയറണം എന്നും ചരിത്ര പ്രാധാന്യമർഹിക്കുന്ന വിധി എന്നും പറഞ്ഞിട്ട് കയറുന്നത് ഒരു ആക്ടിവിസ്റ്റ് ആവുമ്പോൾ കയറണ്ട എന്നു പറയുന്നത് മലക്കം മറിച്ചിലല്ലേ?

ഉത്തരം: ആരു പറഞ്ഞു കയറണ്ട എന്ന്? എത് ഇസ്റ്റ് ആയാലും കയറാൻ താൽപര്യമുണ്ടെങ്കിൽ കയറണം. പോലീസ് സുപ്രീം കോടതി വിധി നടപ്പാക്കാൻ ആവശ്യമായ പരിരക്ഷ ഉറപ്പുവരുത്തുകയും വേണം.

ചോ: അപ്പോൾ പിന്നെ ആക്ടിവിസ്റ്റുകളുടെ മല കയറ്റം എന്തു പ്രശ്നം സ്യഷ്ടിക്കുന്നു എന്നാണ് പറയുന്നത്?

ഉ: പ്രശ്നം വിശ്വാസത്തെ രാഷ്ട്രീയായുധമാക്കി മാറ്റുന്ന സംഘപരിവാർ അജണ്ട തിരിച്ചറിയുമ്പോൾ ബോദ്ധ്യമാവും. കേരളത്തിൽ നടക്കുന്ന ആസൂത്രിതമായ സംഘ് പ്രൊജക്ട് ആണ് ശബരിമല. സ്വതേ ദുർബലവും ഇപ്പോൾ ദയനീയദുർബലവുമായിരിക്കുന്ന കോൺഗ്രസിൽ നിന്ന് അവർ അതിവേഗം കേരളത്തിന്റെ പ്രതിപക്ഷ സ്ഥാനം പിടിച്ചെടുത്തു കൊണ്ടിരിക്കുകയാണ്. മുൻപ് ഉണ്ടായിരുന്ന ഇടത് വലത് ധ്രുവങ്ങളുടെ മൽസരത്തിൽ നിന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇടത് വലത് ആർ എസ് എസ് ത്രികോണം രൂപപ്പെട്ടിരുന്നു. അതിപ്പോൾ ഇടത് ആർ എസ് എസ് ധ്രുവമായി മാറിക്കൊണ്ടിരിക്കുകയാണ്. അതു തന്നെയാണ് ഈ സംഘ് പ്രൊജക്ടിന്റെ ലക്ഷ്യവും. അത് നഷ്ടപ്പെടുത്തുക കേരളത്തിന്റെ സമാധാനപൂർണ്ണമായ അന്തരീക്ഷമാണ്. ഈ ബോദ്ധ്യത്തോടെ, പക്വതയോടെ, പരമാവധി സംയമനത്തോടെ മാത്രം ഇടപെടേണ്ട വിഷയമാണ് ശബരിമല പ്രശ്നം. ആക്ടിവിസ്റ്റുകൾ എന്ന അമൂർത്ത സംജ്ഞക്ക് ഈ ചുമതലകളൊന്നുമില്ല. പക്ഷേ സർക്കാരിനുണ്ട്, ഈ പ്രശ്നത്തെ നോക്കിക്കാണുന്ന എല്ലാ പൗരനുമുണ്ട്.
വിശ്വാസം തീക്കൊള്ളി കൊണ്ട് തലചൊറിയാനുള്ളതല്ല.

 ആര്‍ ബലറാം എഴുതുന്നു

'വൈകാരികതയെ മാത്രം പിൻബലമാക്കി നിയമ വ്യവസ്ഥ തകർക്കാൻ ശ്രമിക്കുന്നവരുടെ വൈകാരികത ആളിക്കത്തിക്കുന്നവരുടെ 'ആക്ടിവിസം' കൃഷ്ണപിള്ള ഉൾപ്പെടെയുള്ള മനുഷ്യ സ്നേഹികളുടെ ഇടപെടലുകളോട് സമീകരിക്കുന്നത് ചരിത്ര വിരുദ്ധമാണ്.'

ചിന്ത ടി കെ  എഴുതുന്നു

സുപ്രീം കോടതിവിധി വായിച്ചു മനസ്സിലാക്കിയ ശേഷം കടകംപള്ളിയെ വിമർശിച്ചിരുന്നെങ്കിൽ നന്നായിരുന്നു.

ഹിന്ദുമതഅനുഷ്ഠാനങ്ങൾ പാലിക്കുന്ന സ്ത്രീകൾക്കാണവിടെ പ്രവേശനം. ഇത് സുപ്രീം കോടതി എടുത്തു പറയുന്നുണ്ട്. ക്ഷേത്രം എന്നത് ഹിന്ദുവിശ്വാസികളുടെ ഇടമാണ് എന്നാണ് ക്ഷേത്രാരാധനാനിയമവും പറയുന്നത്. അതിൽ ശബരിമല ക്ഷേത്രവും വിശ്വാസവും സർവമതക്കാർക്കും പ്രവേശനം നൽകി വേറിട്ട ഒരു ഗ്രൂപ്പായി നിന്നു. ആ വേറിട്ടു നിൽപ്പാണ് സ്ത്രീപ്രവേശനത്തിനും തടസമായിരുന്നത്. എന്നാൽ അയ്യപ്പഭക്തർ എന്ന് ഒരു പ്രത്യേകസെക്റ്റ് ഇല്ല എന്ന് കോടതിവിധിച്ചതോടെ ക്ഷേത്രപ്രവേശനനിയമത്തിലെ വ്യവസ്ഥകൾ ശബരിമലയ്ക്കും ബാധകമായി.

കടകംപള്ളിയോട് യോജിക്കുന്നു.

സോമി സോളമന്‍ എഴുതുന്നു

ഒരു രാജ്യത്തിൻറെ നെഞ്ചകം കീറി ഒരു മുറിവുണ്ടാക്കി അതിൽ നിന്നും കത്തി പടർന്ന കലാപങ്ങൾ ഓരോ തെരുവിനെയും കീഴടക്കിയപ്പോഴും , അന്ന് വരെ പരിചിതമായിരുന്നവർ , സുഹൃത്തുക്കളായിരുന്നവർ , സഹപാഠികൾ ആയിരുന്നവർ മനുഷ്യ ജീവനെ ഇല്ലാതാക്കിയപ്പോളും , കുഞ്ഞുങ്ങളെയും സ്ത്രീകളെയും ദ്രോഹിച്ചപ്പോഴും , ശാന്തമായിരുന്നു ഒരു നാട് ,
രാഷ്ട്രീയതും സാമൂഹ്യവും മതപരവുമായ സമചിത്തത അതായിരുന്നു കേരളത്തിനെ ശാന്തമാക്കിയത് . വാവരും അയ്യപ്പനും ഒരു വിശ്വാസത്തിന്റെ ഭാഗമാണ് , അതാണ് അതായിരുന്നു കേരളത്തിന്റെ ഐഡന്റിറ്റി .

അവിടെയാണ്, അതിനുമേലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കല്ലെറിഞ്ഞു കൊണ്ടിരിക്കുന്നത് ,ബലാത്സംഗ ഭീഷണികളും കൊല വിളികളും നടന്നു കൊണ്ടിരിക്കുന്നത് , ആ സമചിത്തത തകർക്കുവാനാണ് " ഞാൻ മതം പറയുകയല്ല " എന്ന് പറഞ്ഞു കൊണ്ട് നീതിപാലക സംവിധാനത്തിന്റെ ഐഡന്റിറ്റി പോലും " മതത്തിന്റെ " പേരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് .

പേര് അറിയാത്ത , പുറത്തു അറിയാത്ത എത്രെയോ വാട്സ്ആപ് , ഫേസ് ബുക്ക് സീക്രെട് ഗ്രൂപ്പുകൾ അവിടെ നടക്കുന്ന കലാപ അധ്വാനങ്ങൾ .ആലോചനകൾ . കാണുന്നതിനേക്കാൾ അപ്പുറം നടക്കുന്ന മുന്നൊരുക്കങ്ങൾ .

" സോഷ്യൽ നെറ്റ് വർക് " സ്‌പേസുകൾ ഏറ്റവും ക്രീയാത്മകമായി ഉപയോഗിച്ച " പ്രളയ " കാലത്തിനു കൃത്യം രണ്ടു മാസം ഇപ്പുറം , എങ്ങെനയാണോ യാതൊരു സൂചനയോ നിർദേഹശമോ ഇല്ലാതെ " ഓൺലൈൻ ഗ്രൂപ്പുകൾ ഫോം ചെയ്തു രക്ഷാപ്രവർത്തനത്തിലും ദുരിതശവസത്തിലും ഏർപ്പെട്ടത് പോലെ അതിലും ഏകീകൃതമായി അതിലും വേഗത്തിൽ " വെറുപ്പിന്റെ രാഷ്ട്രീയം " പകർന്നു പിടിക്കുന്നുണ്ട് .

അനുവദിക്കരുത് .

യാതൊരു കാരണവശാലും വെറുപ്പിന്റെ രാഷ്ട്രീയം അതിരുകൾ ഭേദിക്കാൻ അനുവദിക്കരുത് .

ജാഗ്രത ആവശ്യമാണ് .

വെള്ളം കേറിയതിനേക്കാൾ വേഗത്തിൽ , യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇരച്ചു കയറുന്ന വെറുപ്പിനെ വൈരാഗ്യത്തെ ഒരുമിച്ചു നിന്ന് പ്രതിരോധിക്കണം

ഒരു സ്റ്റാറ്റസിന്
ഒരു വിഷ്വലിനു
ഒരു വാക്കിന്
ഒരു ഇമേജിന്

കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ശേഷിയുണ്ട് .

നമ്മുടെ നാടാണ് , ഔചിത്യബോധത്തോടെ ജാഗ്രതയോടെ വിവേകത്തോടെ ഒരുമിച്ചു നിൽക്കണം.

ശ്രീകാന്ത് പി കെ
താരതമ്യം ചെയ്ത് ചെയ്ത് കൃഷ്ണപിള്ള വരെയൊക്കെ എത്തി..

ഇതൊക്കെ അന്നേ അറിഞ്ഞിരുന്നേല്‍ അന്നടിച്ച മണി എടുത്തു തലക്കടിച്ചു മരിച്ചേനെ അദ്ധേഹം .

കൃഷ്ണപിള്ള ആക്ടിവിസ്റ്റ് ആയിരുന്നില്ലേ എന്നാതാണ് മില്യന്‍ ഡോളര്‍ ചോദ്യം.ചോദ്യം കേട്ട എല്ലാരും ചമ്മിപ്പോയി.

കൃഷ്ണപ്പിള്ള പൊളിറ്റീഷ്യനായിരുന്നു,അത് പക്ഷേ പ്ലഷര്‍ പൊളിറ്റിക്സ് അല്ലായിരുന്നു.താന്‍ മണി അടിക്കുന്ന പടത്തിനു കിട്ടുന്ന ലൈക്കും റീച്ചുമല്ലായിരുന്നു അദ്ധേഹത്തിന്റെ കണ്‍സേണ്‍.

പടിക്കലെത്തിയ മൂവ്മെന്റിന്‍റെ കടക്കല്‍ വെട്ടിയോടുന്ന ആക്ടിവിസാഭാസങ്ങളെ ഇമ്മാതിരി താരതമ്യം നടത്തുന്നത് ചരിത്ര പുസ്തകത്തിന്മേല്‍ തൂറി വെക്കുന്നതിനു സമമാണ്.

അവര്‍ക്ക് ആദ്യമാര് കേറുമെന്നതാണ് വിഷയം,നമുക്ക് എല്ലാവര്ക്കും കയറണം എന്നതാണ് വിഷയം.അവര്‍ക്ക് പബ്ലിസിറ്റിയാണ് വിഷയം,നമുക്ക് പോളിറ്റിയാണ്‌ വിഷയം.

സഖാവ് കടകംപള്ളിക്ക്,ആ യുക്തിബോധത്തിന്,തീരുമാനത്തിന് അഭിവാദ്യങ്ങള്‍.

 കെ ജെ ജേക്കബ്ബ്  (ഡെക്കാന്‍ ക്രോണിക്കിള്‍ എക്സിക്യുട്ടീവ്‌ എഡിറ്റര്‍)

ശബരിമല ഒരു ക്ഷേത്ര സന്നിധിയാണ്. കോടിക്കണക്കിനു മനുഷ്യർ ദൈവമായി കരുതുന്ന അയ്യപ്പൻ ഇരിക്കുന്ന സ്‌ഥലം.

നിയമമനുസരിച്ച് ഒരു ഹിന്ദു പൊതു ആരാധനാലയം. ദേവസവം ബോർഡാണ് അതിനു ചുമതലക്കാർ.

എന്നുവച്ചാൽ അതൊരു പൊതുസ്‌ഥലമല്ല, ആരാധനാലയമാണ്. വിശ്വാസികളുടെ സ്‌ഥലമാണ്‌.

ഇത്രയും മനസിലായെങ്കിൽ,

ആ ആരാധനാലയത്തിലെ ഒരു ആചാരം നമ്മുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്ന് നമ്മുടെ നാട്ടിലെ പരമോന്നത കോടതി കണ്ടു. അത് വേണ്ടെന്നു വയ്ക്കാൻ നിർദ്ദേശം നൽകി.

അതനുസരിച്ച് ഏതു ഹിന്ദു വിശ്വാസിയ്ക്കും (അതേന്ന്, ഹിന്ദുവിന് തന്നെ), പുരുഷനെന്നോ സ്ത്രീയെന്നോ ഭേദമില്ലാതെ, പ്രായഭേദമില്ലാതെ അവിടെ ആരാധന നടത്താനും പ്രാർത്ഥിക്കാനുമുള്ള അവകാശമുണ്ട് എന്നാണു കോടതി വിധിച്ചിരിക്കുന്നത്.

അതുമാത്രമേ കോടതി വിധിച്ചിട്ടുള്ളൂ. അത് ഉറപ്പ് വരുത്തേണ്ട ബാധ്യത മാത്രമേ സർക്കാരിനുള്ളൂ.

ഇവിടെ സുപ്രീം കോടതി വിധി നടപ്പിൽ വരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. വിശ്വാസിയായ ഒരു സ്ത്രീ --ഏതു പ്രായത്തിലുള്ള ആളും-- പോയാൽ അവർക്കു ദർശനം ഉറപ്പാക്കാൻ സർക്കാരിന് ബാധ്യത ഉണ്ട്. പക്ഷെ അതുറപ്പുവരുത്താൻ വിശ്വസികളല്ലാത്തവർ പോയാൽ അവർക്കു സുരക്ഷയൊരുക്കാൻ സർക്കാരിന് ബാധ്യതയൊന്നുമില്ല.

***

അപ്പോൾ നിങ്ങൾ ചോദിക്കും കൃഷ്ണപിള്ള മണിയടിച്ചില്ലേ എന്ന്.

ഉവ്വ്, മണിയടിച്ചു. അത് സമരത്തിന്റെ ഭാഗമായാണ്. ക്ഷേത്രപ്രവേശനം അനുവദിച്ചശേഷം ഉദ്‌ഘാടന മണിയടിക്കാൻ കൃഷ്ണപിള്ള അവിടെ പോയതായി അറിയില്ല, ഫോട്ടോയെടുക്കാനും. ആ വിപ്ലവകാരിയെ സംബന്ധിച്ച് ആ അധ്യായം കഴിഞ്ഞു. അത് നടന്നില്ലെങ്കിൽ ആണ് ബാക്കി.

***
അപ്പോൾ നിങ്ങൾ ചോദിക്കും, വനിതാ റിപ്പോർട്ടർമാർക്കു അവിടെ പോകാൻ അനുവാദമില്ലേ, അവരെ തടയുന്നത് വിവേചനമല്ലേ എന്ന്.

ക്ഷമിക്കണം, ആദ്യമേ പറഞ്ഞല്ലോ, അതൊരു പൊതു സ്‌ഥലമല്ല, ക്ഷേത്രമാണ്, ആരാധനാലയമാണ്. അവിടത്തെ ആചാരങ്ങൾ നിശ്ചയിക്കാൻ ക്ഷേത്രം അധികാരികൾക്ക് അവകാശമുണ്ട്. അങ്ങിനെ നിശ്ചയിച്ച ആചാരങ്ങളിൽ ഒന്ന് ഭരണഘടനാ വിരുദ്ധം എന്നാണു കോടതി കണ്ടെത്തിയത്. അത് വിശ്വാസികളെ സംബന്ധിച്ചാണ്. വനിതാ റിപ്പോർട്ടർമാർക്കും കോടതിയിൽ പോകാവുന്നതേയുള്ളൂ. അനുകൂലമായ വിധി കിട്ടാൻ സാധ്യതയുണ്ട്. ഒന്നുകിൽ അതുവരെ കാത്തിരിക്കുക. അല്ലെങ്കിൽ സ്ത്രീകൾ നിർബാധം അവിടെ പോയിത്തുടങ്ങുമ്പോൾ ആരും കണക്കുനോക്കാൻ നിൽക്കില്ല. അപ്പോൾ പുരുഷ റിപ്പോർട്ടർമാർ പോകുന്നതുപോലെ സ്ത്രീ റിപ്പോർട്ടർമാർക്കും പോകാം.

***
അപ്പോൾ നിങ്ങൾ ഏറ്റവും അപകടകരമായ ആ ചോദ്യം ചോദിക്കും:

ഇപ്പോൾ അവിടെ മറ്റു മതസ്‌ഥരും, മതമില്ലാത്തവരുമായ പുരുഷന്മാർ പോകുന്നുണ്ടല്ലോ, പിന്നെന്താണ് അങ്ങിനെയുള്ള സ്ത്രീകൾക്കും പോയാൽ എന്ന്.

ശബരിമലയിൽ എല്ലാ മതസ്ഥരും പോകുന്നുണ്ട് എന്നത് ആ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. നിയമമനുസരിച്ച്
അതൊരു ഹിന്ദു ക്ഷേത്രമാണ്. ഹിന്ദുക്കൾക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചാൽ ആർക്കും ഒന്നും ചെയ്യാനില്ല. അത് നിയമമാണ്‌. അതിനായാണ് നിങ്ങളുടെ ശ്രമമെങ്കിൽ തുടരുക. ഇനി അതല്ല, വിശ്വാസികളായ സ്ത്രീകൾ കയറുകയും അതൊരു നടപ്പാകുകയും ചെയ്യുമ്പോൾ പുരുഷന്മാരെപ്പോലെ സ്ത്രീകളും വിശ്വാസിയാണോ എന്നന്വേഷിക്കാൻ അവിടെയാരും നിൽക്കില്ല.

കാരണം അത് ശബരിമലയാണ്.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top