27 April Saturday

'എന്റെ മകന്‍ ചെയ്‌ത തെറ്റ് പൊറുക്കണം, ആ പണം തിരികെ വെച്ചിട്ടുണ്ട്'; കത്ത് വൈറലാകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

കോട്ടയം > മകന്‍ വഴിയില്‍നിന്നും എടുത്ത പേഴ്‌സും രേഖകളും ഉടമസ്ഥന് തിരികെയെത്തിച്ച് മാതാപിതാക്കള്‍. പേഴ്‌സില്‍ നിന്നും മകനെടുത്ത 100 രൂപയും തിരികെ വെച്ചാണ് ഉടമസ്ഥനായ ചങ്ങനാശേരി സ്വദേശി സബീഷ് വര്‍ഗീസിന് തപാല്‍മാര്‍ഗം മടക്കിനല്‍കിയത്.

'എന്റെ മകന്‍ ചെയ്‌ത തെറ്റ് പൊറുക്കണം. സ്വീറ്റ്സ് വാങ്ങാന്‍ 100 രൂപ മാത്രമേ അവന്‍ പേഴ്‌സില്‍ നിന്ന് എടുത്തിട്ടുള്ളൂ എന്നാണ് പറഞ്ഞത്. ആ പണം തിരികെ വെച്ചിട്ടുണ്ട്. വഴിയില്‍ കിടക്കുന്നതും നമ്മുടെ അല്ലാത്തതുമായ ഒന്നും എടുക്കരുതെന്ന് ഞങ്ങള്‍ ഉപദേശിച്ചിട്ടുള്ളതാണ്. പക്ഷേ അവന്‍ തെറ്റ് ചെയ്‌തു അവന്റെ പ്രായത്തെ കരുതി ക്ഷമിക്കണം.'-സബീഷിന് ലഭിച്ച കത്തില്‍ പറയുന്നു.

കത്ത്കിട്ടിയ വിവരം സബീഷ് തന്നെയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. പേഴ്‌സ് കണ്ടെത്തിയ കുട്ടിയോടും തിരികെ നല്‍കാന്‍ മനസ് കാട്ടിയ മാതാപിതാക്കളോടും നന്ദിയുണ്ടെന്നും സബീഷ് പറഞ്ഞു. 'ആ കുഞ്ഞ് വലിയ തെറ്റാണ് ചെയ്‌തതെന്ന് ഓര്‍ത്ത് വിഷമിക്കരുത്. പ്രായത്തിന്റെ കുസൃതി കൊണ്ട് വഴിയില്‍ കിടന്ന പേഴ്‌സ് അവനെടുത്തു. ഇതിന്റെ പേരില്‍ അവനെ ശിക്ഷിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്.'-സബീഷ് തനിക്ക് കത്തെഴുതിയ മാതാപിതാക്കള്‍ക്ക് മറുപടിയായി പറഞ്ഞു. പേഴ്‌സ് കണ്ടെത്താന്‍ തന്നെ സഹായിച്ച കുഞ്ഞിനേയും മാതാപിതാക്കളേയും കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നും. അവര്‍ക്കായി സമ്മാനപ്പൊതികളും മധുരപലഹാരങ്ങളുമായി കാത്തിരിക്കുന്നതായും സബീഷ് ഫേസ്‌ബുക്ക് കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ 17ന് ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ചാണ് പേഴ്‌സും രേഖകളും നഷ്‌ടമായത്. പിഎച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പിഡിഎഫ് ഫയല്‍ ഉള്‍ക്കൊള്ളുന്ന പെന്‍ഡ്രൈവും നഷ്ടമായിരുന്നു. തുടര്‍ന്ന് സബീഷ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. നഷ്ടപ്പെട്ടവ തിരികെ ലഭിച്ചതോടെ പരാതി പിന്‍വലിക്കുകയാണെന്നും സബീഷ് വ്യക്തമാക്കി. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top