19 April Friday

കേരളം ശാസ്ത്രം എഴുതാന്‍ ഒരുങ്ങുന്നു: ശാസ്ത്രദിനം ആഘോഷമാക്കാന്‍ സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Monday Feb 25, 2019

നവനീത് കൃഷ്ണന്‍

നവനീത് കൃഷ്ണന്‍

കൊച്ചി> ലോക ശാസ്ത്രദിനമായ ഫെബ്രുവരി 28 നു എല്ലാവരും ശാസ്ത്രമെഴുതുന്നു. സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന എല്ലാ മലയാളികളും അന്ന് എന്തെങ്കിലും ഒരു ശാസ്ത്രകാര്യം പോസ്റ്റ് ചെയ്യുക എന്ന അഭ്യര്‍ത്ഥനയുമായി നവനീത് കൃഷ്ണനാണ് ആദ്യമെത്തിയത്‌. പിന്നാലെ ഒട്ടേറെപ്പേര്‍ ഈ നിര്‍ദേശത്തെ പിന്തുണയ്ക്കുകയായിരുന്നു. കേരളത്തിലെ അന്ന് ഇറങ്ങുന്ന എല്ലാ പത്രങ്ങളുടെയും ഒന്നാംപേജില്‍ ഒരു ശാസ്ത്രവാര്‍ത്തയെങ്കിലും വരണമെന്ന നിര്‍ദേശവും നവനീത് മുന്നോട്ടുവെച്ചു. ശാസ്ത്ര ട്രോളുകളും ആകാം എന്ന് മാതൃകാ ട്രോള്‍ പോസ്റ്റ്‌ ചെയ്ത് ഡോ. നെല്‍സണ്‍ ജോസഫ് മുന്നോട്ടുവെച്ച നിര്‍ദേശവും സ്വീകരിയ്ക്കപ്പെട്ടു. 

നവനീത് കൃഷ്ണന്റെ പോസ്റ്റ് താഴെ:

ഒരു ചിന്ന ഐഡിയ!

ഇനി എല്ലാവര്‍ക്കും ശാസ്ത്രമെഴുതാം!

ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമാണ്. എന്തുകൊണ്ട് ഈ വര്‍ഷത്തെ ശാസ്ത്രദിനം നമുക്കൊരു ജനകീയോത്സവം ആക്കിക്കൂടാ?

മലയാളികളില്‍ വലിയൊരു വിഭാഗം സോഷ്യല്‍മീഡിയകള്‍ ഉപയോഗിക്കുന്നവരാണ്. എന്തെങ്കിലും ചിത്രമോ രാഷ്ട്രീയകാര്യമോ തമാശകളോ ട്രോളോ ഒക്കെയാവും മിക്കപ്പോഴും ടൈംലൈനുകളില്‍ എല്ലാവരും ഇടുന്നത്.

ഇത്തവണത്തെ ദേശീയശാസ്ത്രദിനത്തില്‍ ഈ രീതി നമുക്കൊന്ന് മാറ്റിപ്പിടിച്ചാലോ? അന്ന് സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന എല്ലാ മലയാളികളും എന്തെങ്കിലും ഒരു ശാസ്ത്രകാര്യം ഒന്ന് പോസ്റ്റ് ചെയ്യുക. ശാസ്ത്രകാര്യം എന്നു പറഞ്ഞാല്‍ വളരെ നീളമുള്ള ലേഖനങ്ങളൊന്നും വേണ്ട. ഒന്നോ രണ്ടോ വരികള്‍പോലും മതി. പക്ഷേ എഴുതുന്നത് ശാസ്ത്രവുമായി ബന്ധപ്പെട്ടാവണം എന്നു മാത്രം.

അതിന് എനിക്കെന്ത് ശാസ്ത്രമറിയാം എന്നാവും പെട്ടെന്നു നിങ്ങള്‍ ചിന്തിക്കുന്നത്. ആ ചിന്തയേ തെറ്റാണ്. ജനിച്ചനാള്‍ മുതല്‍ നാം ശാസ്ത്രം പഠിക്കുന്നുണ്ട്. സ്കൂളില്‍ എത്രയോ ക്ലാസുകളില്‍ ശാസ്ത്രം പഠിച്ചു. അവയില്‍ എന്തെങ്കിലും എഴുതിയാല്‍ മതി.
ന്യൂട്ടന്റെ ചലനനിയമം, ജലദോഷമുണ്ടാക്കുന്ന വൈറസിന്റെ പേര്, നാരങ്ങയിലെ ആസിഡ്, ചൊവ്വ ചുവന്നിരിക്കാനുള്ള കാരണം എന്നു തുടങ്ങി നാം പഠിച്ച എന്തും ആവാം.
പക്ഷേ ഈ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാന്‍വേണ്ടി ആരെങ്കിലും എഴുതിയത് ഷെയര്‍ ചെയ്ത് കൈയൊഴിയരുത്. മറിച്ച് സ്വന്തമായിത്തന്നെ എന്തെങ്കിലും എഴുതണം. ഒരു വരിയെങ്കിലും എഴുതണം.

കൂടുതല്‍ എഴുതാന്‍ കഴിയുന്നവര്‍ കൂടുതല്‍ എഴുതട്ടേ.
അവര്‍ ഒന്നോ രണ്ടോ വരികളില്‍ ഒതുക്കരുത്. പുതിയെ കണ്ടെത്തലുകളെക്കുറിച്ച്, ശാസ്ത്രജ്ഞരെക്കുറിച്ച്, ശാസ്ത്രലോകത്തിലെ കൗതുകങ്ങളെക്കുറിച്ച്... അങ്ങനെ എന്തുവേണമെങ്കിലും ആവാമല്ലോ. ഫെബ്രുവരി 28ന് എല്ലാവരും ശാസ്ത്രമെഴുതുകയും വായിക്കുകയും ചെയ്യുക എന്ന് ഉറപ്പാക്കുകയാവണം നമ്മുടെ ലക്ഷ്യം. അന്ന് മലയാളികളുടെ സോഷ്യല്‍മീഡിയ ടൈംലൈനുകള്‍ മുഴുവന്‍ ശാസ്ത്രംകൊണ്ടു നിറയണം.
#കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു എന്ന ഹാഷ്‍ടാഗ് കൂടി ഉപയോഗിച്ചാല്‍ ഏറെ ഭംഗിയായി.

സോഷ്യല്‍മീഡിയയില്‍ സജീവമല്ലാത്ത ലക്ഷക്കണക്കിനുപേരുണ്ട് കേരളത്തില്‍. പക്ഷേ അവര്‍ക്കും തങ്ങള്‍ പണ്ടുപഠിച്ച എന്തെങ്കിലും ശാസ്ത്രകാര്യങ്ങള്‍ മറ്റുള്ളവരോട് പറയാന്‍ കഴിയും. ചര്‍ച്ചകള്‍ നടത്താന്‍ കഴിയും. സ്വന്തം കുട്ടികളോടും പരിചയക്കാരോടും ശാസ്ത്രസംബന്ധമായ സംശയങ്ങള്‍ ചോദിക്കാന്‍ കഴിയും. അതിന് അങ്ങനെയുള്ളവരെ ഒരുക്കിയെടുക്കുക എന്നതുകൂടിയാവണം സോഷ്യല്‍മീഡിയയില്‍ ഇടപെടുന്നവരുടെ ലക്ഷ്യം.

ഒരുപക്ഷേ ലോകത്തുതന്നെ ആദ്യമായിട്ടാവും ഇത്തരം ഒരു സംഭവം നടക്കുക. അശാസ്ത്രീയതകളും അന്ധവിശ്വാസങ്ങളും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഈ കാലഘട്ടത്തില്‍ കേരളത്തിന്റെ ഒരു പ്രതിഷേധവും പ്രതിരോധവുമായി ഫെബ്രുവരി 28 മാറിയാല്‍ മലയാളികള്‍ക്ക് അത് എന്നെന്നും അഭിമാനിക്കാന്‍ വക നല്‍കും.

കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഇതില്‍ പങ്കാളികളാവണം. അന്നേ ദിവസം ഇറങ്ങുന്ന എല്ലാ പത്രങ്ങളുടെയും ഒന്നാംപേജില്‍ ഒരു ശാസ്ത്രവാര്‍ത്തയെങ്കിലും വരണം. കേരളത്തിലെ പത്രങ്ങള്‍ വിചാരിച്ചാല്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണത്.

കേരളത്തിലെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ക്ക് എന്തെങ്കിലും ഒരു ശാസ്ത്രവാര്‍ത്ത അന്നേ ദിവസം തയ്യാറാക്കാമല്ലോ. അതും എളുപ്പമാണ്. ഇന്റര്‍നെറ്റിലൂടെ ലോകം കൈപ്പിടിയില്‍ ഇരിക്കുമ്പോള്‍ ഒരു ശാസ്ത്രവാര്‍ത്ത കണ്ടെത്തുക എന്നത് ഒട്ടും ബുദ്ധിമുട്ടേ അല്ല.

കേരളത്തിലെ സാംസ്കാരിക-രാഷ്ട്രീയ-സാമൂഹികമേഖലകളിലെ എല്ലാവരും ഈ കാമ്പയിന്‍ ഏറ്റെടുത്താല്‍ ഉണ്ടാവുന്ന മാറ്റം വളരെ വലുതായിരിക്കും. കക്ഷിരാഷ്ട്രീയ ഭേദമന്യേ, ജാതിമതഭേദമന്യേ എല്ലാവരും സയന്‍സിനായി ഒന്നിക്കുന്നു.

സയന്‍സ് ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങള്‍ സയന്‍സിനുവേണ്ടി എന്നതാണ് ഇത്തവണത്തെ ശാസ്ത്രദിനസന്ദേശം. ഈ സന്ദേശത്തെ ഉയര്‍ത്തിപ്പിടാക്കാന്‍ കേരളത്തിലെ മൂന്നുകോടി ജനങ്ങള്‍ ഒരു ദിവസം ഒന്നിക്കുന്നതിന്റെ ആവേശം ഒന്നാലോചിച്ചുനോക്കൂ... അഞ്ചു പൈസപോലും ചിലവിടാതെ ശാസ്ത്രത്തിനായി ഒരു കൂട്ടായ്മ. ശാസ്ത്രത്തിനായി ഒരു ജനത മുഴുവന്‍ ഒരുമിക്കുന്നു. ഇതിലും ഭംഗിയായിട്ട് എങ്ങനെയാവും ഒരു ദിനാചരണം നടത്താനാവുക.

അപ്പോ ഇനി മൂന്നോ നാലോ ദിവസങ്ങള്‍ കൂടി മാത്രം. എന്താ എല്ലാരും തയ്യാറല്ലേ!

#കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top