26 April Friday
സോഷ്യല്‍ മീഡിയ ചോദിയ്ക്കുന്നു

ഇവര്‍ സവര്‍ക്കര്‍ പറഞ്ഞത് പാലിക്കുന്നോ അതോ തഗ്ഗുകളുടെ പിന്മുറക്കാരോ?

വെബ് ഡെസ്‌ക്‌Updated: Friday Apr 13, 2018

ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമാണെന്ന് പറഞ്ഞ ആര്‍എസ്എസിന്റെ രാഷ്ട്രീയാചാര്യന്മാരിലൊരാളായ വി ഡി സവര്‍ക്കരെ ഓര്‍മ്മിപ്പിച്ചും  രാമസീയണ എന്ന ഗൂഢഭാഷ ഉപയോഗിച്ചിരുന്ന കൊല്‍ക്കത്തയിലെ പോയകാല തഗ്ഗുകളോട് മോഡി ഭക്തരെ ഉപമിച്ചും സോഷ്യല്‍ മീഡിയ.

ജമ്മു കശ്മീരിലെ കത്വവയില്‍ ദിവസങ്ങളോളംകൂട്ട ബലാല്‍സംഗത്തിനിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ കേസിലും യുപിയില്‍ ഉന്നാവയില്‍ പെണ്‍കുട്ടിയെ എംഎല്‍എ ബലാല്‍സംഗം ചെയ്ത കേസിലും പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന സംഘപരിവാറിനെതിരെ ശക്തമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

കവിയും എഴുത്തുകാരിയുമായ ബിലു സി നാരായണന്‍, വിനീത് രാജന്‍ എന്നിവരുടെ ഫേസ്‌ബുക്ക് പോസ്റ്റുകള്‍ വായിക്കാം

ബിലു സി നാരായണന്‍ എഴുതുന്നു:

രാമസീയണ എന്നത് ഇന്ത്യയിൽ, കൽക്കട്ടയിൽ ഉണ്ടായിരുന്ന കുറ്റവാളി സമൂഹമായ തഗ്ഗുകളുടെ ഗൂഢഭാഷയാണ്‌. ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായ വില്യം ഹെൻറി സ്ളീമാൻ 1836 ൽ എഴുതിയ പുസ്തകത്തിലൂടെ അതിന്റെ വിശദരൂപം വെളിവാക്കപ്പെട്ടു.

1810 മുതൽ ബ്രിട്ടീഷ് അധികാരികൾ നിരീക്ഷിക്കുകയും എതിർക്കുകയും ചെയ്ത് സ്ളീമാന്റെ നേതൃത്വത്തിൽ തഗ്ഗുകൾ അമർച്ച ചെയ്യപ്പെട്ടു എന്നാണ് ചരിത്രം. കൊല്ലപ്പെടുകയോ ജയിലിൽ അടയ്ക്കപ്പെടുകയോ ചെയ്ത്.

കൊലയാളികളുമായുള്ള സംസാരത്തിൽ നിന്ന് രാമസീയണയുടെ ഡീകോഡിങ്ങിൽ നിന്ന് തലമുറകളായി തുടരുന്ന അവരുടെ ഹിംസാ മനോനിലയെക്കുറിച്ച് വില്യം സ്ളീമാൻ ഇങ്ങനെ പറയുന്നുബബബ
' കൊല്ലപ്പെടുന്ന ഇര ഇവരെ സംബന്ധിച്ച് ബലിവസ്തുവാണ്.'
ഇര = ബലി വസ്തു
കുറ്റവാളി = പുരോഹിതൻ
കുറ്റം = പൂജാകർമ്മം.

കാളീദേവിയ്ക്കുള്ള ബലിയുടെ മറ്റൊരു രൂപമായിട്ടാണ് കവർച്ചക്കായി, അതിനു ശേഷമുള്ള കൊലയ്ക്കായി തെരഞ്ഞെടുക്കുന്ന വ്യക്തിയെ അവർ കാണുന്നത്. കൊല ചെയ്യപ്പെടാനുള്ള 'യോഗം '' ഉള്ളവരാകുന്നു അവർ. അതിനായി നിയോഗമനുഷ്ഠിക്കുന്ന പുരോഹിതനാവുന്നു കൊലയിൽ പങ്കാളിയാവുന്ന ഓരോ തഗ്ഗും.

പിടികൂടിയ ഒരാൾ പോലും ചെയ്ത കൊലകളെക്കുറിച്ച് ഖേദിച്ചില്ല എന്ന് സ്ളീമാൻ എടുത്തു പറയുന്നുണ്ട്. ഈശ്വര പൂജാകർമ്മത്തിൽ നിന്ന് തങ്ങളെ തടഞ്ഞല്ലോ എന്ന നിരാശയായിരുന്നു അവർക്ക്. കൊലയിൽ നേരിട്ടു പങ്കാളികളല്ലാത്ത അവരുടെ സ്ത്രീകളടക്കമുള്ള ബന്ധുക്കൾ പുറത്തു നിന്നു കൊണ്ട് ആ പ്രതിഷേധം അറിയിച്ചു കൊണ്ടിരുന്നു...

ആർ.എസ്.എസിന്റെ , ബി.ജെ.പി യുടെ സംഘപരിവാർ മാധ്യമങ്ങളുടെ അവർക്ക് ആളും അർത്ഥവുമായി നിലകൊള്ളുന്ന മോഡി ഭക്തരുടെ അടിസ്ഥാന മനോനിലയ്ക്ക് ഇന്ത്യൻ കുറ്റവാളി ചരിത്രത്തിൽ കണ്ടെത്താൻ കഴിയുന്ന ഏറ്റവും യോജിച്ച ഉദാഹരണമായിരിക്കും തഗ്ഗുകൾ.

പൂർണ്ണ ഹിന്ദു രാഷ്ട്രമെന്നതാണ് പുതിയ തഗ്ഗുകൾ രൂപീകരിച്ചെടുത്ത കാളി.

കാളിയുടെ പേരിൽ, കവർച്ചയെന്ന 'സ്വന്തം യഥാർത്ഥ ആവശ്യം' എങ്ങനെ പഴയ തഗ്ഗുകൾ നടത്തിയോ അതുപോലെ മുസ്ളിം ദളിത് ഹിംസയെന്ന തങ്ങളുടെ അജൻഡ സംഘപരിവാരങ്ങളും നടപ്പാക്കുന്നു.

കുറ്റമല്ല, തങ്ങളുടെ പൂജാകർമ്മമാണ് ഇത് എന്ന പുരോഹിത സാത്വികതയിൽ നിന്നു കൊണ്ട് അവർ കൊലകളെ ന്യായീകരിക്കുന്നു. അകത്തായാലും പുറത്തുള്ളവർ അവർക്കു വേണ്ടി കാളീ പ്രീതീ കർമ്മങ്ങൾ ചെയ്യും.... വിഘ്നം കൂടാതെ പൂജ തുടരണമെന്നതിനായി അവരുടെ മോചനത്തിനായി വേണ്ടതു ചെയ്യും.

കുഞ്ഞേ നീ, നിങ്ങൾ, നമ്മൾ ഒന്നും ഒരു ശരീരം പോലുമാവില്ല ചിലപ്പോൾ. അത് വെറുപ്പോടെ കൊന്നു കുഴിച്ചുമൂടേണ്ട ഒരു അപര ജനതയുടെ മൊത്തം ജീവനാകുന്നു. നിന്നോടവർ ചെയ്ത ഹിംസയിൽ ഉടനീളം ഒരു ആചാര ബലികർമ്മമുണ്ട്.. ഒരു അനുഷ്ഠാനഹത്യ.

തമിഴ് സഹോദരങ്ങൾക്കു നന്ദി.
നിങ്ങൾ ഗോബാക്ക് വിളിച്ചത് പുതിയ കാലത്തിന്റെ തഗ്ഗു നേതാവിനെയാണ്....

ഹിന്ദു രാഷ്ട്ര സംസ്ഥാനത്തിനായി പണിയെടുക്കുന്ന തന്റെ ഭക്തരെ വെറുപ്പിന്റെ ഹിംസയുടെ രാമസീയണ ചൊല്ലി ശീലിപ്പിക്കുന്ന, ഭാരത മാതാവിന്റെ സാരിത്തലപ്പിൽ പ്രസക്ത സന്ദർഭങ്ങളിൽ തലപൂഴ്ത്തി നിൽക്കുന്ന, കഴുതപ്പുലിയുടെ മുഖഭാവമുള്ള ഒരു കുറ്റവാളിയെ......

വിനീത് രാജന്‍ എഴുതുന്നു:

സംഘപരിവാറിന് ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമാണെന്ന് പറഞ്ഞിട്ടുള്ളത് അവരുടെ തന്നെ രാഷ്ട്രീയാചാര്യന്മാരിലൊരാളായ വിനായക് ദാമോദര്‍ സവര്‍ക്കറാണ്. 'ഇന്ത്യാ ചരിത്രത്തിലെ മഹത്തായ ആറ് കാലഘട്ടങ്ങള്‍' എന്ന പുസ്തകത്തിലാണ് സവര്‍ക്കര്‍ ബലാത്സംഗത്തെ ഹിന്ദു പിന്തുടരേണ്ട അവന്റെ ധര്‍മ്മത്തിലെ സദ്ഗുണങ്ങളില്‍ ഒന്നായി വാഴ്ത്തുന്നത്. സാങ്കല്പികമായ ചരിത്രകഥനങ്ങളാല്‍ ഒരു പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ ആഖ്യാനത്തോട് ചേരുന്ന രീതിയിലാണ് ആ പുസ്തകം മുന്നോട്ട് പോവുന്നത്. ഹിന്ദുവിന്റെ പ്രതിരോധമെന്നത് അവന്റെ സദ്ഗുണങ്ങളുടെ ചരിത്രം കൂടിയാണെന്ന് പറഞ്ഞ് സവര്‍ക്കര്‍ തുടങ്ങുന്നു. എതിരാളിയെ ഏത് രീതിയിലും കീഴ്പ്പെടുത്തുന്നത് പ്രതിരോധവിജയമാണെന്നൂന്നി പറയുന്ന ഈ പുസ്തകത്തിലെ എട്ടാമത്തെ അധ്യായത്തിലാണ് ബലാത്സംഗത്തെ സവര്‍ക്കര്‍ ഒരു രാഷ്ട്രീയ ആയുധമായി പ്രഖ്യാപിക്കുന്നത്. 'മുസ്ലിം രാജാക്കന്മാരെ ഹിന്ദു ചക്രവര്‍ത്തിമാര്‍ കീഴ്പ്പെടുത്തിയിരുന്ന കാലത്ത് അവരുടെ സ്ത്രീകളെ ഹിന്ദുക്കള്‍ ബലാത്സംഗം ചെയ്തിരുന്നില്ലേ?' എന്ന ഒരൊറ്റ ചോദ്യത്തിലൂടെ ഒരു ഹിന്ദുത്വ ഫോളോവറുടെ മറ്റെല്ലാ ചോദ്യങ്ങളെയും അദ്ദേഹം റദ്ദ് ചെയ്യുകയാണിവിടെ. വീണ്ടും സംശയിക്കുന്നവനെ നേരിടാന്‍ രാമായണത്തിലെ രാവണസീത ഭാഗത്തെ തന്റേതായ വ്യാഖ്യാനത്തോടെ ചമച്ച്  “What? To abduct and rape the womenfolk of the enemy, do you call it irreligious? It is Parodharmah, the greatest duty!” എന്ന ഒരൊറ്റ നിലപാടിലേക്ക് സവര്‍ക്കര്‍ എത്തുകയും, തന്നോടൊപ്പമുള്ളവരെ എത്തിക്കുകയും ചെയ്യുന്നുണ്ട്.

അതുകൊണ്ട് തന്നെയാണ് ഹിന്ദുത്വ അജണ്ടയില്‍ ബലാത്സംഗം ഒരു കാമപൂര്‍ത്തീകരണമല്ലെന്നും, അതൊരു വെറുപ്പിന്റെ പരകോടിയാണെന്ന് പറയുന്നതും. സംഘപരിവാറിന്റെ ഓരോ കലാപങ്ങളിലും കൂട്ടബലാത്സംഗങ്ങളുടെ വാര്‍ത്തകള്‍ വരുന്നതും മറ്റൊന്നും കൊണ്ടല്ല. അതവരുടെ ധര്‍മ്മമാണ്. അവരത് ചെയ്തുകൊണ്ടേയിരിക്കും. സ്വധര്‍മ്മമനുഷ്ഠിച്ചവനായി അവര്‍ തെരുവുകളിലിറങ്ങും, പതാകകളേന്തും, തെരുവുകള്‍ കത്തിക്കും.

അതെ ആസിഫ, നീ കൊല്ലപ്പെട്ടത് ഒരു മുസ്ലീമായതുകൊണ്ട് മാത്രമാണ്!!!

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top