29 March Friday

ശബരിമല: ഒന്നാം ദിനത്തില്‍ ചരിത്രവിധി, നൂറാം ദിനത്തില്‍ കൊടുംചതി; ജന്മഭൂമിയുടെ ചുവടുമാറ്റത്തെ കളിയാക്കി സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Thursday Jan 3, 2019

കൊച്ചി > ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ ജന്മഭൂമി ദിനപത്രത്തിന്റെ നിലപാടിനെയും മലക്കംമറിച്ചിലിനേയും  കളിയാക്കി സോഷ്യല്‍ മീഡിയ.  ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ 'ചരിത്രവിധി'യെന്നായിരുന്നു ജന്മഭൂമി വിധി വന്നദിവസം വിശേഷിപ്പിച്ചത്. എന്നാല്‍ വിധി വന്നശേഷം ആദ്യമായി യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയപ്പോള്‍ അതിന് 'കൊടുംചതി' എന്ന തലക്കെട്ടാണ് ജന്മഭൂമി നല്‍കിയത്. നൂറ് ദിവസത്തിനിടെ ബിജെപി മുഖപത്രത്തിന് വന്ന മലക്കം മറിച്ചിലിനെ തുറന്നുകാട്ടുകയാണ് സോഷ്യല്‍ മീഡിയ.
 

 

 ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി വന്നപ്പോള്‍ 2018 സെപ്തംബര്‍ 29 ന് 'സുപ്രീംകോടതിയുടെ ചരിത്രവിധി: എല്ലാ സ്ത്രീകള്‍ക്കും മലചവിട്ടാം' എന്ന തലക്കെട്ടോടെയാണ് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നത്. ആര്‍എസ്എസിന്റെ പ്രസ്താവനയും ഒപ്പം നല്‍കിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും വിധിയെ അനുകൂലിച്ചും വിശകലനംചെയ്തും ആര്‍എസ്എസ് സൈദ്ധാന്തികര്‍ ജന്മഭൂമിയില്‍ ലേഖനങ്ങളെഴുതി. ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍കൂടിയായ ആര്‍ സഞ്ജയന്റെ ലേഖനമായിരുന്നു ഇതില്‍ ഏറെ പ്രധാനം. 'ശബരിമല: അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല' എന്ന തലക്കെട്ടോടെയായിരുന്നു സഞ്ജയന്റെ  ലേഖനം.

എന്നാല്‍ വിധിയെ കേരളത്തില്‍ രാഷ്ട്രീയപരമായി മുതലെടുക്കാം എന്ന ചിന്തയെ തുടര്‍ന്ന് വിധിയെ എതിര്‍ത്തുകൊണ്ട് ബിജെപി രംഗത്തുവരികയായിരുന്നു. തുടര്‍ന്നായിരുന്നു പത്രത്തിന്റെയും നിറംമാറ്റം. ഇതിന്റെ ഭാഗമായി വിധി വന്ന് 97 ാം ദിനത്തില്‍  ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയപ്പോള്‍ 'ശബരിമലയെ തകര്‍ക്കാന്‍ ഇരുളിന്റെ മറവില്‍ കൊടുംചതി' എന്നാണ് തലക്കെട്ട് നല്‍കിയത്. കറുത്ത പ്രതലത്തില്‍ വെളുത്ത അക്ഷരത്തിലായിരുന്നു തലക്കെട്ടിന്റെ ലേ ഔട്ട്. സാധാരണ വന്‍ ദുരന്തങ്ങള്‍ നടക്കുന്ന വേളയില്‍ മാത്രം പത്രങ്ങള്‍  ഉപയോഗിക്കുന്ന ഒരു ശൈലിയാണിത്. ജന്മഭൂമിയുടെ ഈ മലക്കംമറിച്ചിലിനെയാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്. രണ്ടു ദിവസത്തേയും പത്രത്തിന്റെ തലക്കെട്ടുകളുടെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടാണ് ചോദ്യം ഉന്നയിക്കുന്നത്.
 




 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top